29 March Friday

ഗ്രീസ്‌ തെരഞ്ഞെടുപ്പ്‌ നൽകുന്ന സൂചന

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


യൂറോപ്യൻ രാഷ്‌ട്രമായ ഗ്രീസിൽ ഞായറാഴ‌്ച നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ അലക‌്സി സിപ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുസ്വഭാവമുള്ള കക്ഷികളുടെ സഖ്യമായ സിറിസ എന്ന സോഷ്യൽ ഡെമോക്രാറ്റിക‌് പ്രസ്ഥാനത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മധ്യ വലതുപക്ഷ കക്ഷിയായ ന്യൂ ഡെമോക്രസിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 300 അംഗ പാലമെന്റിൽ 39.7 ശതമാനം വോട്ടും 158 സീറ്റും നേടിയ ന്യൂ ഡെമോക്രസിയുടെ നേതാവ് കെര്യാകോസ് മിറ്തോതാകിസ് തിങ്കളാഴ‌്ച പ്രധാനമന്ത്രിയായി അധികാരമേറ്റു. തനിച്ച് ഭൂരിപക്ഷമുള്ളതിനാൽ ന്യൂ ഡെമോക്രസി സർക്കാരിന് തൽക്കാലം ഭീഷണികളൊന്നുമില്ല. 300 അംഗ പാർലമെന്റിൽ 39.7 ശതമാനം വോട്ടും 158 സീറ്റും ന്യൂ ഡെമോക്രസി നേടിയിട്ടുണ്ട്. 
ത്രിമൂർത്തികളെന്ന് വിളിക്കപ്പെടുന്ന യൂറോപ്യൻ യൂണിയനും യൂറോപ്യൻ സെൻട്രൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും അടിച്ചേൽപ്പിക്കുന്ന ചെലവുചുരുക്കൽ നയം ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും നിക്ഷേപം ആകർഷിക്കാനായി സമ്പന്നർക്കുള്ള നികുതി കുറയ‌്ക്കുമെന്നുമാണ് പ്രധാനമന്ത്രിയായി അധികാരമേറ്റശേഷം കെര്യാകോസ് മിറ്തോതാകിസ് പ്രസ‌്താവിച്ചിട്ടുള്ളത്. അലക‌്സിസ‌് സിപ്രാസിന്റെ സർക്കാരിന്റെ പരാജയത്തിൽനിന്ന‌് ഒരു പാഠവും ഉൾക്കൊള്ളാൻ കെര്യാകോസ് മിറ്തോതാകിസിന്റെ ന്യൂ ഡെമോക്രസി തയ്യാറല്ലെന്ന് ഈ പ്രസ‌്താവന വ്യക്തമാക്കുന്നു.

ത്രിമൂർത്തികൾ മുന്നോട്ടുവച്ച ചെലവുചുരുക്കൽ നയത്തിന് അന്ത്യമിടുമെന്നും യൂറോപ്യൻ യൂണിയനെ ജനാധിപത്യവൽക്കരിക്കുമെന്നും വാഗ‌്ദാനംചെയ‌്താണ‌് സിറിസ നാലുവർഷംമുമ്പ് അധികാരത്തിൽ വന്നത്. ഇതേ വർഷം നടന്ന ഹിതപരിശോധനയിൽ യൂറോപ്യൻ യൂണിയന്റെ ചെലവുചുരുക്കൽ നയം ഉപേക്ഷിക്കുന്നതിന് അനുകൂലമായി 60 ശതമാനം പേർ വോട്ട‌് ചെയ്യുകയും ചെയ‌്തിരുന്നു. എന്നാൽ, അധികാരമേറ്റ് ഒരാഴ‌്ചയ‌്ക്കകംതന്നെ ഇതേ ചെലവുചുരുക്കൽ നയം സ്വീകരിക്കാനും നിയോലിബറൽ പാതയിലൂടെ ഗ്രീസിനെ നയിക്കാനും അലക‌്സി സിപ്രാസ് തയ്യാറായി. ഗ്രീസിലെ ജനങ്ങളെ വഞ്ചിക്കുന്നതിനു സമാനമായ നടപടിയായിരുന്നു ഇത്. ഈ വാഗ്ദാന ലംഘനത്തിനാണ് സിറിസ പ്രസ്ഥാനം ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. കുടിയേറ്റത്തെ എതിർത്തതും സൗദി അറേബ്യ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുമായി ആയുധ വിൽപ്പന നടത്തിയതും മറ്റും സിറിസയുടെ ജനപ്രീതി ഇടിയാൻ കാരണമായി. അലക‌്സി സിപ്രാസുമായി  ആശയപരമായ വിയോജിപ്പിനെത്തുടർന്ന് ധനമന്ത്രി വറൗഫാക്കിസ് പുതിയ പാർടിയുണ്ടാക്കിയതും സിറിസയ‌്ക്ക് ക്ഷീണമായി.  വറൗഫാക്കിസിന്റെ പ്രസ്ഥാനത്തിന് 3.4 ശതമാനം വോട്ടും ഒമ്പതു സീറ്റും ലഭിച്ചു. എന്നാൽ, പസോക‌് എന്ന സോഷ്യൽ ഡെമോക്രാറ്റിക‌് പ്രസ്ഥാനം തകർന്നതുപോലുള്ള ഒരു തകർച്ച സിറിസയ‌്ക്ക് നേരിടേണ്ടി വന്നിട്ടില്ല. കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന് പ്രവചിക്കപ്പെട്ടെങ്കിലും 31.5 ശതമാനം വോട്ടും 86 സീറ്റും സിറിസ നേടുകയുണ്ടായി. മാത്രമല്ല, മെയ് അവസാനം നടന്ന യൂറോപ്യൻ പാർലമെന്റിൽ ലഭിച്ച വോട്ടിനേക്കാൾ എട്ട‌് ശതമാനം വോട്ട് സിറിസ വർധിപ്പിക്കുകയും ചെയ‌്തു.

ഗ്രീസിലെ തെരഞ്ഞെടുപ്പ് നൽകുന്ന മറ്റൊരു പ്രധാന സൂചന തീവ്രവലതുപക്ഷത്തെ ക്രമേണയാണെങ്കിലും യൂറോപ്പിലെ ജനങ്ങൾ വെറുക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്. യൂറോപ്പിലെതന്നെ ഏറ്റവും പ്രധാന നവനാസി പ്രസ്ഥാനങ്ങളിലൊന്നാണ് ഗോൾഡൻ ഡോൺ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 18 സീറ്റുണ്ടായിരുന്ന ഈ പ്രസ്ഥാനത്തിന് ഇക്കുറി പാർലമെന്റിൽ ഒരു സീറ്റുപോലും നേടാനായില്ല. പാർലമെന്റിൽ അംഗത്വം ലഭിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ശതമാനം വോട്ടെങ്കിലും ലഭിക്കണം. എന്നാൽ, ഗോൾഡൻ ഡോണിന് ഇക്കുറി ലഭിച്ചത് 2.9 ശതമാനം വോട്ട് മാത്രമാണ്. മെയ് മാസം നടന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽപ്പോലും 4.88 ശതമാനം വോട്ടും രണ്ട് സീറ്റും നേടിയ പാർടിക്കാണ് ഗ്രീക്ക് പാർലമെന്റിൽ അംഗത്വംപോലും ലഭിക്കാതായത്. തീവ്രവലതുപക്ഷ നയങ്ങളിലേക്ക് ന്യൂ ഡെമോക്രസി തിരിഞ്ഞതും ഗ്രീക്ക് സൊലൂഷൻ എന്ന തീവ്രവലതുപക്ഷപാർടിയുടെ ഉദയവുമാണ് ഗോൾഡൻ ഡോണിന്റെ തകർച്ചയ‌്ക്ക് കാരണം. 

ഗ്രീസിലെ ഇടതുപക്ഷ ശബ്ദമായ ഗ്രീക്ക് കമ്യൂണിസ്റ്റ‌് പാർടിയാകട്ടെ (കെകെഇ) കടുത്ത വലതുപക്ഷ ആക്രമണങ്ങൾക്കിടയിലും പിടിച്ചുനിന്നു. 5.4 ശതമാനം വോട്ടും 15 സീറ്റും നേടി ഗ്രീക്ക് പാർലമെന്റിലെ ഏറ്റവും വലിയ നാലാമത്തെ കക്ഷിയായി. കഴിഞ്ഞ പാർലമെന്റിലും പാർടിക്ക് 15 സീറ്റാണ് ലഭിച്ചിരുന്നത്. പ്രാദേശിക സഭകളിലേക്കും മറ്റും നടന്ന തെരഞ്ഞെടുപ്പിൽ വോട്ടും സീറ്റും കുറഞ്ഞിരുന്നെങ്കിലും യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ വോട്ട് വർധിപ്പിച്ചാണ് കമ്യൂണിസ്റ്റ് പാർടി സീറ്റ് നിലനിർത്തിയത്. സിറിസയുടെ വലത്തോട്ടുള്ള ചായ‌്‌വിനെ അതിനിശിതമായി വിമർശിക്കുന്നതിനോടൊപ്പം തീവ്രവലതുപക്ഷമായ ഗോൾഡൻ ഡോണിനെതിരെയും പ്രചാരണം നടത്തിയാണ് കമ്യൂണിസ്റ്റ‌് പാർടി വിജയം ആവർത്തിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവരുടെ വിജയത്തിന് തിളക്കം കൂടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top