27 April Saturday

ഏകാധിപതിയുടെ ആക്രോശങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 8, 2022

കൈരളി, മീഡിയ വൺ ചാനലുകളിലെ മാധ്യമ പ്രവർത്തകരെ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാൻ ആക്ഷേപിച്ചു പുറത്താക്കിയത്‌ അഭിപ്രായസ്വാതന്ത്ര്യത്തിനും  ജനാധിപത്യത്തിനും നേരെയുള്ള നിന്ദ്യമായ കടന്നാക്രമണമാണ്‌. സാമാന്യമര്യാദയും  പദവിയുടെ മഹത്വവും മറന്ന അത്യന്തം ഹീനമായ നടപടി. ഭരണഘടന എല്ലാ പൗരന്മാർക്കും  ഉറപ്പുനൽകുന്ന ആവിഷ്‌കാര സ്വാതന്ത്ര്യമാണ്‌ മാധ്യമ പ്രവർത്തനത്തിനും ആധാരമെന്നിരിക്കെ, ഗവർണർ നിഷേധിക്കുന്നത്‌ ജനാധിപത്യസംവിധാനത്തെ തന്നെയാണ്‌. ഭരണഘടനാപരമായ ചുമതലകളും കടമകളും നിർവഹിക്കാതെ, അതിരുവിട്ട അമിതാധികാര പ്രയോഗങ്ങളാണ്‌ ഗവർണർ തുടർന്നുകൊണ്ടിരിക്കുന്നത്‌. ഇതിന്‌ അലോസരമുണ്ടാക്കുന്നതൊന്നും പൊറുപ്പിക്കില്ലെന്ന ഏകാധിപതിയുടെ ശബ്ദമാണ്‌ മുഴങ്ങുന്നത്‌.

സംസ്ഥാനത്തിന്റെ ഭരണഘടനാതലവനെന്ന പദവിക്ക്‌ ചേരാത്തവിധം മാധ്യമങ്ങൾക്കു മുന്നിൽ ക്ഷോഭപ്രകടനം നടത്തുന്ന ആരിഫ്‌ മൊഹമ്മദ്‌ഖാൻ മറുവശത്ത്‌ മാധ്യമങ്ങളെ ഭയപ്പെടുന്നത്‌ വിരോധാഭാസമാണ്‌. ജനങ്ങൾ ഭരണാധികാരം ഏൽപ്പിച്ച സംസ്ഥാന സർക്കാരിനെയും  നിയമസഭയെയും മൂലയ്‌ക്കിരുത്തി അധികാരകേന്ദ്രമായി വാഴാനുള്ള മൗഢ്യം ഗവർണർക്ക്‌ എങ്ങനെയുണ്ടായി? ആർഎസ്‌എസിന്റെ താൽപ്പര്യങ്ങളും പ്രവർത്തനരീതിയുമാണ്‌ ആരിഫ്‌ മൊഹമ്മദ്‌ഖാൻ പിൻപറ്റുന്നത്‌ എന്നാണ്‌ ഇതിന്റെ ഉത്തരം. ഓർഡിനൻസും ബില്ലുകളും തടഞ്ഞുവച്ചും സർവകലാശാലകളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയും രാജ്യത്തെ നിയമവ്യവസ്ഥയെ തന്നെയാണ്‌ അട്ടിമറിക്കുന്നത്‌. ഇതിനെതിരായ ചോദ്യങ്ങൾ മാധ്യമങ്ങളിൽനിന്ന്‌ ഉയരുമ്പോഴാണ്‌ ഗവർണർക്ക്‌ നിയന്ത്രണം നഷ്ടപ്പെടുന്നത്‌.

സംസ്ഥാന സർക്കാരിനെതിരെ തെളിവുകൾ നിരത്താനെന്ന പേരിൽ രാജ്‌ഭവനിൽ വിളിച്ച വാർത്താസമ്മേളനം പാളിയതോടെയാണ്‌ ഗവർണർ മാധ്യമങ്ങൾക്കു നേരെ തിരിഞ്ഞത്‌. അവിടെ കാണിച്ച ദൃശ്യങ്ങളും രേഖകളും തിരിഞ്ഞുകൊത്തിയതും ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയതും  പ്രകോപിതനാക്കി. ഡൽഹിയിലെത്തിയ ഖാൻ മലയാള മാധ്യമങ്ങളെ ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചു. തിരിച്ച്‌ കേരളത്തിലെത്തിയത്‌ പുതിയൊരു സിദ്ധാന്തവുമായാണ്‌. ബഹിഷ്‌കരണത്തിൽ വെള്ളം ചേർത്തു. കേഡർ മാധ്യമങ്ങളെ കാണില്ലെന്നായി. ‘ശരിയായ ജേർണലിസ്റ്റുകൾ ’രാജ്‌ഭവനിൽ അപേക്ഷ കൊടുക്കണം. ഇങ്ങനെ ചില മാധ്യമങ്ങളെ ഒറ്റതിരിച്ച്‌ ഒഴിവാക്കിയാണ്‌ ഗവർണർ പിന്നീട്‌ സംസാരിച്ചത്‌.

രാജ്‌ഭവനിൽനിന്ന്‌ അനുമതി നേടി വന്ന കൈരളി, മീഡിയ വൺ ചാനലുകളെ പേരെടുത്തു ചോദിച്ച്‌ ആക്ഷേപിച്ച്‌ പുറത്താക്കുന്ന കാഴ്‌ചയാണ്‌ ഒടുവിൽ ഞെട്ടലോടെ കേരളം കണ്ടത്‌. ഗവർണർ സൃഷ്ടിക്കുന്ന ഭരണപ്രതിസന്ധി ജനങ്ങളെയും വിദ്യാർഥികളെയും ഗുരുതരമായി ബാധിക്കുന്നതാണെങ്കിൽ മാധ്യമവിലക്ക്‌  കടുത്ത പ്രത്യാഘാതമുണ്ടാക്കുന്ന ഭരണഘടനാ ലംഘനം തന്നെയാണ്‌. പതിവ്‌ ആർഎസ്‌എസ്‌ ശൈലിയായ ശത്രുവിനെ സൃഷ്ടിക്കുക, വിദ്വേഷപ്രചാരണം നടത്തുക, കടന്നാക്രമിക്കുക  എന്നതാണ്‌ ഇവിടെയും  കാണാനാകുക. ഇതൊരു ഒറ്റപ്പെട്ട സംഭവല്ല.  മീഡിയ വൺ ചാനലിന്റെ സംപ്രേഷണം കേന്ദ്രം തടഞ്ഞതും കോഴിക്കോട്ട്‌ കേന്ദ്ര ഇൻഫർമേഷൻ മന്ത്രി ഒരുവിഭാഗം മാധ്യമങ്ങളെ മാറ്റിനിർത്തി യോഗം വിളിച്ചതും പുതിയ സാഹചര്യങ്ങളുമായി ചേർത്തുവായിക്കണം.

മുഖ്യമന്ത്രിക്കെതിരെ തിരിയാൻ  മാധ്യമങ്ങളെ നിരന്തരം പ്രേരിപ്പിക്കുന്ന ആരിഫ്‌ മൊഹമ്മദ്‌ ഖാൻ സംവാദാത്മകമായ സാമൂഹ്യ അന്തരീക്ഷത്തെയാണ്‌ കൊഞ്ഞനം കുത്തുന്നത്‌. വ്യവസ്ഥാപിത മാർഗത്തിൽ ആർക്കും ആരോടും ചോദ്യം ഉന്നയിക്കാനും ഉത്തരം തേടാനും  അവകാശമുള്ള നാടാണ്‌ ഇന്ത്യ. അത്‌ നിയമം മൂലം സ്ഥാപിക്കപ്പെടുന്നുമുണ്ട്‌. ചോദ്യം പാടില്ലെന്നും ഉത്തരം തനിക്ക്‌ ഹിതകരമാംവിധം റിപ്പോർട്ട്‌ ചെയ്‌തില്ലെങ്കിൽ പുറത്താക്കുമെന്നും ആക്രോശിക്കുന്ന ഫാസിസ്റ്റ്‌ശൈലി ഈ നാടിന്‌ പുതിയൊരു അനുഭവമാണ്‌. അത്‌ വകവച്ചു കൊടുക്കാനോ സമരസപ്പെടാനോ തയ്യാറല്ലെന്ന പ്രഖ്യാപനമാണ്‌ എങ്ങും  ഉയരുന്നത്‌. ഗവർണർക്കെതിരെ മാധ്യമ പ്രവർത്തകരുടെയും ചാനൽ ഉടമകളുടെയും സംഘടനകൾ ഉയർത്തുന്ന പ്രതിഷേധം സ്വാഗതാർഹമാണ്‌. ഗവർണർക്ക്‌ മുഖ്യമന്ത്രിയുമായോ എൽഡിഎഫ്‌ സർക്കാരുമായോ ഉള്ള അലോഹ്യമായി ഈ പ്രശ്‌നത്തെ ചുരുക്കിക്കാണുന്ന മാധ്യമങ്ങൾ ഇനിയെങ്കിലും പുനർചിന്തനത്തിനു തയ്യാറാകണം. ഇന്ത്യയുടെ മതനിരപേക്ഷ ബഹുസ്വര  ഫെഡറൽ ഘടനയ്‌ക്ക്‌ നേരെ സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയാണ്‌ പല രൂപത്തിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രത്യക്ഷമാകുന്നതെന്ന യാഥാർഥ്യം ഉൾക്കൊള്ളണം.  മത–- വംശ വിഭാഗീയതകളിൽ അധിഷ്‌ഠിതമായ രാഷ്ട്രീയം ഈ നാടിന്‌ ചേർന്നതല്ലെന്ന തിരിച്ചറിവോടെ ഒറ്റക്കെട്ടായി ചെറുക്കണം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top