07 December Thursday

ജനമനസ്സ് തൊട്ട് മൂന്ന് ഓര്‍ഡിനന്‍സ്

വെബ് ഡെസ്‌ക്‌Updated: Thursday Apr 13, 2017


ഐക്യകേരളം ജനാധിപത്യഭരണത്തിന്റെ 60-ാംവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നടപ്പാക്കുന്ന ഒട്ടേറെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍, ഏറെ ശ്രദ്ധേയമായ മൂന്നു നടപടി പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. സ്കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കല്‍, സ്വകാര്യസ്ഥാപനങ്ങളിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കര്‍ശന നിയന്ത്രണം, സഹകരണ പണമിടപാട് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തല്‍ ഇവ മൂന്നുമാണ് അടിയന്തരപ്രാധാന്യത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍. ഇത് ഉടന്‍ പ്രാബല്യത്തോടെ നടപ്പാക്കാന്‍ ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചു. കേരളീയ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്നതും ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതുമായ ഈ തീരുമാനങ്ങളോട് വിയോജിപ്പുള്ളവര്‍ ആരുമുണ്ടാകില്ല. സമൂഹത്തിനാകെ ഗുണകരമാണ് ഈ നടപടികള്‍ എന്നതുതന്നെയാണ് ഈ പൊതുസ്വീകാര്യതയ്ക്ക് കാരണം. ഭിന്നാഭിപ്രായമുണ്ടെങ്കില്‍, അത് ഓരോ മേഖലയിലെയും വാണിജ്യതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടുമാത്രമായിരിക്കും. നിയന്ത്രിക്കാനും തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും ഈ ലാഭതാല്‍പ്പര്യംതന്നെ.

മാതൃഭാഷാ പഠനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞവരില്‍ പ്രഥമ ഗണനീയന്‍ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നയിച്ച ഇ എം എസ് തന്നെ. അദ്ദേഹത്തിന്റെ ബഹുമുഖപ്രവര്‍ത്തന മണ്ഡലങ്ങളില്‍ സുപ്രധാനമായിരുന്നു മലയാളത്തിനുവേണ്ടിയുള്ള സമര്‍പ്പണം. ഇ എം എസിന്റെ ജീവിതകാലത്തും ഐക്യകേരളത്തിന്റെ 60 വര്‍ഷങ്ങളിലും മാതൃഭാഷ അവഗണിക്കപ്പെടുന്നതിനെതിരെ ഒട്ടേറെ പരിശ്രമങ്ങള്‍ നടന്നുവെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഭരണഭാഷ മലയാളമാക്കാനുള്ള തീരുമാനം പലഘട്ടങ്ങളിലായി കൈക്കൊണ്ടുവെങ്കിലും ഇനിയും പൂര്‍ണത കൈവരിച്ചിട്ടില്ല. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും അപ്രാപ്യമായ ഇംഗ്ളീഷ് ഭാഷയില്‍ ഇപ്പോഴും ഭരണനടപടികള്‍ തുടരുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ഈയൊരു സാഹചര്യത്തിലാണ് അടുത്ത മെയ് ഒന്നുമുതല്‍ ഭരണഭാഷ പൂര്‍ണമായും മലയാളമായിരിക്കണമെന്ന തീരുമാനം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഔദ്യോഗികഭാഷാ ഉന്നതതല സമിതി യോഗത്തിന്റെ തീരുമാനപ്രകാരം സെക്രട്ടറിയറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കി.

മാതൃഭാഷയുടെ അന്യവല്‍ക്കരണം ഏറ്റവും അസഹനീയമാകുന്നത് വിദ്യാലയങ്ങളിലാണ്. കഴിഞ്ഞ രണ്ടുമൂന്ന് പതിറ്റാണ്ടിനുള്ളില്‍ സംസ്ഥാനത്ത് സമാന്തരപ്രസ്ഥാനമായി കേന്ദ്ര പരീക്ഷാ ബോര്‍ഡുകളുടെ സിലബസ് പിന്തുടരുന്ന സ്കൂളുകള്‍ വളര്‍ന്നുവന്നതാണ് മലയാളഭാഷയുടെ പതനത്തിന് പ്രധാന കാരണമായത്. ഇംഗ്ളീഷ് ബോധനഭാഷയായി പഠിക്കുന്ന കുട്ടികള്‍ക്കുമാത്രമേ ഉന്നതവിദ്യാഭ്യാസ രംഗത്തും മത്സരപരീക്ഷകളിലും അതിജീവനമുള്ളൂ എന്ന മിഥ്യാധാരണ ബഹുഭൂരിപക്ഷം രക്ഷിതാക്കളിലും രൂഢമൂലമായി. ഇത് മലയാളത്തില്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍- എയ്ഡഡ് സ്കൂളുകളില്‍നിന്ന് കുട്ടികളെ അകറ്റാന്‍ കാരണമായി. മാതൃഭാഷയില്‍ ബോധനം നടത്തുമ്പോള്‍ത്തന്നെ കുട്ടികള്‍ക്ക് ഇംഗ്ളീഷ് പ്രവീണ്യം കരഗതമാക്കാനുള്ള നല്ല അവസരം പ്രദാനം ചെയ്യേണ്ടത് അനിവാര്യംതന്നെ. ഈ നിലയിലേക്ക് കേരളത്തിലെ ഭൂരിഭാഗം പൊതുവിദ്യാലയങ്ങളും ഉയര്‍ന്ന സാഹചര്യത്തില്‍ സമീപവര്‍ഷങ്ങളില്‍ ഇംഗ്ളീഷ് മീഡിയം സ്കൂളുകളിലേക്കുള്ള കുത്തൊഴുക്കിന് ശമനം വന്നിട്ടുണ്ട്. എന്നാല്‍ സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകളില്‍ മലയാളം പടിക്കുപുറത്തുതന്നെ. എന്നാല്‍, മക്കള്‍ക്ക് മലയാളം അറിയില്ലെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളുന്ന തലമുറയുടെ കാലം കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെ മലയാളം പഠിക്കാനുള്ള അവസരം കുട്ടികള്‍ക്ക് ലഭ്യമാക്കുകയാണ് അടിയന്തരകടമ. അതാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഓര്‍ഡിനന്‍സിലൂടെ പ്രാവര്‍ത്തികമാക്കിയതും. ഇതുവരെ നടന്നതുപോലെ ബോധവല്‍ക്കരണവും പ്രേരിപ്പിക്കലുമല്ല, മാതൃഭാഷയെ അവഗണിക്കുന്നതിനെതിരെ ശക്തമായ നടപടിയാണ് ഇനിയുള്ള നാളുകളില്‍. സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം സംസാരിക്കുന്നതിന് പ്രത്യക്ഷമായോ പരോക്ഷമായോ വിലക്ക് ഏര്‍പ്പെടുത്താന്‍ പാടില്ല. പത്താംക്ളാസ് വരെ എല്ലാ സ്കൂളിലും മലയാളഭാഷാ പഠനം നിര്‍ബന്ധമാണെന്നും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.

വിദ്യാഭ്യാസരംഗത്ത് വളര്‍ന്നുവന്ന സ്വാശ്രയമേഖല അനാരോഗ്യപ്രവണതകള്‍ ഏറ്റവുമേറെ സൃഷ്ടിച്ചത് ആരോഗ്യരംഗത്താണ്. പണമുണ്ടെങ്കില്‍ ഏത് അല്‍പ്പബുദ്ധിക്കും ഡോക്ടറാകാമെന്ന സ്ഥിതിയാണ് കുറെ കാലമായി നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ഇതിന്റെ ദുരന്തഫലങ്ങള്‍ പേറുന്നത് സമൂഹവും. സുപ്രീംകോടതി വിധിയിലൂടെ രൂപപ്പെട്ട അനുകൂലസാഹചര്യം പ്രയോജനപ്പെടുത്തി മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ണമായി സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുന്ന ഓര്‍ഡിനന്‍സാണ് കഴിഞ്ഞദിവസം പുറപ്പെടുവിച്ചത്. സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനവും ഫീസും ഇനി നിയന്ത്രിതമായിരിക്കും. നീറ്റ് റാങ്ക് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയും ഫീസ്ഏകീകരിക്കണമെന്ന നിര്‍ദേശവും അംഗീകരിച്ചാണ്് നിയമനിര്‍മാണം. റിട്ടയേര്‍ഡ് ജഡ്ജി ചെയര്‍മാനായി അഡ്മിഷന്‍ ആന്‍ഡ് ഫീ റഗുലേറ്ററി കമ്മിറ്റി രൂപീകരിക്കും. സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഫീസ് നിശ്ചയിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്വകാര്യ മാനേജ്മെന്റുകളുമായി ഇതുസംബന്ധിച്ച് കരാറില്‍ ഏര്‍പ്പെടാനും ഓര്‍ഡിനന്‍സ് വ്യവസ്ഥ ചെയ്യുന്നു.

സഹകരണമേഖല സംസ്ഥാനത്തിന്റെ ജീവനാഡിയാണ്. ഈ പ്രാധാന്യം കണക്കിലെടുത്താണ് സംസ്ഥാന- ജില്ലാ സഹകരണ ബാങ്കുകള്‍ സംയോജിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കുമെന്ന വാഗ്ദാനം ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചത്. യുഡിഎഫ് അധികാരത്തില്‍ വരുമ്പോഴെല്ലാം അഴിമതിനിയമനങ്ങള്‍വഴിയും ക്രമക്കേടുകള്‍വഴിയും സംസ്ഥാന- ജില്ലാ ബാങ്കുകളെ കറവപ്പശുക്കളാക്കുകയാണ് പതിവ്. ഇതില്‍നിന്ന് സഹകരണ ബാങ്കുകളെ മോചിപ്പിക്കുന്നതിനുള്ള സുപ്രധാന ഓര്‍ഡിനന്‍സാണ് മൂന്നാമത്തേത്. ജില്ലാ സഹകരണ ബാങ്കുകളിലെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തി. ബാങ്കിങ് മേഖലയില്‍ കേരളത്തിന്റെ തനത് വ്യക്തിത്വം വളര്‍ത്തിയെടുക്കാനുള്ള സുപ്രധാന കാല്‍വയ്പാണിത്. മൂന്ന് മേഖലയിലും സമഗ്ര നിയമനിര്‍മാണം വൈകാതെതന്നെ സാധ്യമാകേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
-----
-----
 Top