24 April Wednesday

ജനാധിപത്യമുഖം നഷ്ടപ്പെടുന്ന ഇന്ത്യ

വെബ് ഡെസ്‌ക്‌Updated: Thursday Mar 9, 2023


ബിജെപിയുടെ  പ്രചാരണസംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ‘വിശ്വഗുരു’ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ജി–-20 കൂട്ടായ്‌മയുടെ അധ്യക്ഷപദവി ഇന്ത്യക്ക്‌ വന്നുചേർന്നതോടെ ഈ പ്രചാരണം അതിന്റെ പാരമ്യത്തിലെത്തി. അതേസമയം,  രാജ്യാന്തര സമൂഹം മോദിസർക്കാരിനെ എങ്ങനെയാണ്‌ നോക്കിക്കാണുന്നതെന്ന്‌ വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.  ഇന്ത്യയിൽ ഏറ്റവും വഷളായ ഏകാധിപത്യം പിടിമുറുക്കിയെന്ന്‌ പാശ്ചാത്യ രാജ്യങ്ങളിലെ  ഗവേഷണസ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടുന്നു. അങ്ങേയറ്റം മോശം ഏകാധിപത്യം നിലനിൽക്കുന്ന രാജ്യങ്ങളിലൊന്നായി 10 വർഷത്തിൽ  ഇന്ത്യ മാറിയെന്ന്‌ സ്വീഡൻ ഗോതെൻബർഗ്‌ സർവകലാശാലയിലെ  വി–-ഡെം ഇൻസ്റ്റിറ്റ്യൂട്ടിന്റെ  റിപ്പോർട്ടിൽ വ്യക്തമാക്കി. വോട്ടെടുപ്പിലൂടെ ഏകാധിപത്യം വന്ന രാജ്യമാണ്‌ ഇന്ത്യയെന്ന്‌ 2021ലെ റിപ്പോർട്ടിൽ വി–-ഡെം ഇന്ത്യയെ വിശേഷിപ്പിച്ചിരുന്നു.  ഇന്ത്യയിൽ സ്വാതന്ത്ര്യം ഭാഗികമാണെന്ന്‌ അക്കൊല്ലംതന്നെ വാഷിങ്‌ടൺ ഡിസി ആസ്ഥാനമായ ഫ്രീഡം ഹൗസ്‌ റിപ്പോർട്ടിൽ പറഞ്ഞു.  കഴിഞ്ഞവർഷം ലോക  മാധ്യമസ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ  142–-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി.

വ്യാജവാർത്താ പ്രചാരണം, ധ്രുവീകരണം, ഏകാധിപത്യവൽക്കരണം എന്നിവ പരസ്‌പരബന്ധിതമാണെന്ന്‌ വി–-ഡെം റിപ്പോർട്ടിൽ വിശദീകരിക്കുന്നത്‌ പ്രധാനമാണ്‌. രാജ്യത്ത്‌ ബിജെപി തെരഞ്ഞെടുപ്പുകളിൽ ജയിക്കുന്നത്‌ വർഗീയധ്രുവീകരണം സൃഷ്ടിച്ചാണ്‌. വ്യാജവാർത്തകൾ വിപുലമായി പ്രചരിപ്പിച്ചാണ്‌ ജനങ്ങളെ വർഗീയമായി വിഭജിക്കുന്നത്‌. ഇത്തരത്തിൽ ഭരണം നേടിയശേഷം ഏകാധിപത്യപരമായ നിലയിലാണ്‌ ബിജെപി സർക്കാരുകൾ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത്‌. രാഷ്‌ട്രീയ പ്രതിപക്ഷത്തെ ഇല്ലായ്‌മ ചെയ്യാൻ എല്ലാ മാർഗവും പ്രയോഗിക്കുന്നു.  പറ്റുന്നവരെ വിലകൊടുത്തുവാങ്ങും.  കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതിനു പുറമെ പല സംസ്ഥാനങ്ങളിലും ബിജെപിക്കാർ പ്രതിപക്ഷ പാർടി പ്രവർത്തകരെ ശാരീരികമായും  ആക്രമിക്കുന്നു.  രാജ്യത്ത്‌ ജനാധിപത്യം സ്വപ്‌നം മാത്രമായി മാറുകയാണ്‌.

ബിജെപിയെയും സംഘപരിവാറിനെയും  വിമർശിക്കുന്ന ധൈഷണികരെയും സാംസ്‌കാരിക പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും കേസുകളിൽ  കുടുക്കി കൽത്തുറുങ്കിൽ അടയ്‌ക്കുന്നു. വന്ദ്യവയോധികനായ പുരോഹിതൻ സ്‌റ്റാൻ സ്വാമി ജുഡീഷ്യൽ  കസ്‌റ്റഡിയിൽ മരിച്ചത്‌ ഇതിന്റെ ഭാഗമായാണ്‌. മോദിസർക്കാരിന്റെ ശിങ്കിടി മുതലാളിത്തം തുറന്നുകാട്ടുന്ന മാധ്യമപ്രവർത്തകരെ വേട്ടയാടുന്നു. മാധ്യമസ്ഥാപനങ്ങളെ കോർപറേറ്റുകൾ വിഴുങ്ങുകയാണ്‌.  കോവിഡ്‌ കാലത്തെ മനുഷ്യാവകാശ ലംഘനങ്ങളും സർക്കാരിന്റെ പിടിപ്പുകേടും തുറന്നുകാട്ടിയ ആംനെസ്‌റ്റി ഇന്റർനാഷണലിനെതിരെ ഇഡി  നടപടിയെടുത്തു. രാജ്യത്തെ ബാങ്ക്‌ അക്കൗണ്ടുകൾ മരവിപ്പിച്ചതിനെ തുടർന്ന്‌ 2020 സെപ്‌തംബർ മുതൽ ആംനെസ്‌റ്റി ഇന്റർനാഷണൽ ഇന്ത്യയിൽ പ്രവർത്തനം നിർത്തി. വംശഹത്യകളിൽ ബിജെപിയുടെ പങ്ക്‌ വെളിച്ചത്തുകൊണ്ടുവന്ന ടീസ്‌റ്റ സെതൽവാദ്‌, റാണ അയൂബ്‌ എന്നിവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്‌തു.

രാജ്യത്തിന്റെ ഫെഡറൽ സംവിധാനം ദുർബലപ്പെടുത്താനാണ്‌ കേന്ദ്രം ശ്രമിക്കുന്നത്‌. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ച്‌ അട്ടിമറിക്ക്‌ പദ്ധതിയിടുന്നു. വിദ്യാഭ്യാസം, കൃഷി, വനം, തുറമുഖങ്ങൾ എന്നീ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുകയാണ്‌. കൊളീജിയം വിഷയത്തിൽ കേന്ദ്രസർക്കാർ നിലപാട്‌ സ്വതന്ത്ര ജുഡീഷ്യറി എന്ന ആശയത്തിനുപോലും എതിരായതാണ്‌. സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന വിധത്തിലാണ്‌ കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു സംസാരിക്കുന്നത്‌. തെരഞ്ഞെടുപ്പുകമീഷൻ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെയും കേന്ദ്രസർക്കാരിന്റെ രാഷ്‌ട്രീയ താൽപ്പര്യം സംരക്ഷിക്കാനുള്ള ഉപകരണങ്ങളാക്കി മാറ്റിയെന്ന്‌ ആക്ഷേപമുയർന്നിട്ടുണ്ട്‌.

ഹിന്ദിഭാഷ രാജ്യമെമ്പാടും അടിച്ചേൽപ്പിക്കാനുള്ള നീക്കം, വസ്‌ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിലുള്ള വിലക്കുകളും അടിച്ചമർത്തലുകളും  ന്യൂനപക്ഷങ്ങൾക്കെതിരായ കടന്നാക്രമണം എന്നിവയും രാജ്യത്ത്‌ ഏകാധിപത്യം നിലനിൽക്കുന്നതിന്റെ ലക്ഷണങ്ങളാണ്‌. രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരായി നടക്കുന്ന വേട്ടയിൽ  യൂറോപ്പിലെയും അമേരിക്കയിലെയും പാർലമെന്ററി ഗ്രൂപ്പുകൾ ഉൽക്കണ്‌ഠ പ്രകടിപ്പിച്ചിട്ടുണ്ട്‌. ബിജെപിയുടെ അവകാശവാദത്തിൽനിന്ന്‌ നേർവിപരീതമാണ്‌ രാജ്യാന്തരതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ. പ്രതിപക്ഷത്തെയും വിമർശകരെയും വീണ്ടും അപഹസിക്കാനും അടിച്ചമർത്താനും ശ്രമിച്ചാൽ മോദിസർക്കാരിന്‌ ഈ നാണക്കേടിൽനിന്ന്‌ രാജ്യത്തെ കരകയറ്റാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top