26 April Friday

ഇത് ദുരന്തമല്ല; കൂട്ടക്കൊല

വെബ് ഡെസ്‌ക്‌Updated: Monday Aug 14, 2017

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ പ്രധാന നഗരമായ ഗോരഖ്പുരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രാണവായു കിട്ടാതെ 63 കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത ഹൃദയഭേദകമാണെന്ന് മാത്രമല്ല ഞെട്ടിപ്പിക്കുന്നതുമാണ്. ജപ്പാന്‍ജ്വരവും മസ്തിഷ്കജ്വരവും ബാധിച്ച കുട്ടികള്‍ക്ക് ഓക്സിജന്‍ നല്‍കാന്‍ കഴിയാത്തതാണ് കൂട്ടക്കുരുതിക്ക് കാരണം. ആശുപത്രി അധികൃതര്‍ കുടിശ്ശിക വരുത്തിയ 63 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് പുഷ്പ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം നിര്‍ത്തിവച്ചത്. ആറുമാസമായി പണം ലഭിക്കാത്തതിനെ തുടര്‍ന്നാണത്രെ ഈ നടപടി. മനുഷ്യത്വരഹിതമാണ് സ്വകാര്യ കമ്പനിയുടെ നടപടിയെന്നതില്‍ തര്‍ക്കമില്ല. ഓക്സിജന്‍ വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ആശുപത്രി-സര്‍ക്കാര്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതിന് ശേഷമാണ് സ്വകാര്യ കമ്പനി ഈ നടപടി കൈക്കൊണ്ടത്. കുടിശ്ശിക ഉടന്‍ അടച്ചുതീര്‍ക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 30ന് തന്നെ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കുടിശ്ശിക അടച്ചുതീര്‍ക്കാതെ ഓക്സിജന്‍ നല്‍കാന്‍ കഴിയില്ലെന്ന് കമ്പനി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെയും അറിയിച്ചു.  ആശുപത്രിജീവനക്കാരും ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.  എന്നാല്‍, ആശുപത്രി അധികൃതരോ ജില്ലാ ഭരണാധികാരികളോ മുഖ്യമന്ത്രിതന്നെയോ ഇക്കാര്യത്തില്‍  ഒരു നടപടിയും സ്വീകരിച്ചില്ല. 

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് 20 വര്‍ഷം പ്രതിനിധാനംചെയ്ത ലോക്സഭാമണ്ഡലത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഈ ഗതിയെന്നോര്‍ക്കണം. കൂട്ടക്കുരുതിക്ക് ഒരുദിവസംമുമ്പ് യോഗി ആദിത്യനാഥ്തന്നെ ആശുപത്രി സന്ദര്‍ശിക്കുകയും സ്ഥിതിഗതി വിലയിരുത്തുകയും ചെയ്തിരുന്നു. എന്നിട്ടുപോലും ഓക്സിജന്‍ വിതരണപ്രതിസന്ധി പരിഹരിക്കാന്‍ നടപടി കൈക്കൊണ്ടില്ല. തന്റെ ശ്രദ്ധയില്‍ ഇക്കാര്യം ആരും പെടുത്തിയില്ലെന്നുപറഞ്ഞ് ഒഴിഞ്ഞുമാറാനാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ശ്രമം. മാത്രമല്ല, കൂട്ടക്കുരുതിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് രക്ഷപ്പെടാനായി ഓക്സിജന്‍ വിതരണം നിലച്ചതുമൂലമല്ല കുട്ടികള്‍ മരിക്കാനിടയായതെന്ന് വാര്‍ത്താസമ്മേളനം നടത്തി പറയാനും ഈ യോഗിക്ക് മടിയുണ്ടായില്ല. എല്ലാ ദിവസവും പത്തുപേരെങ്കിലും മരിക്കുന്നത് പതിവാണെന്നും അതിനാല്‍ അഞ്ച് ദിവസത്തിനകം 63 കുട്ടികള്‍ മരിച്ചതില്‍ അത്ഭുതത്തിന് അവകാശമില്ലെന്നുമുള്ള വാദം ഉയര്‍ത്താനും സര്‍ക്കാര്‍ തയ്യാറായി.  എന്നാല്‍, ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതാണ് കുട്ടികളുടെ കൂട്ടമരണത്തിന് വഴിവച്ചതെന്ന് രക്ഷിതാക്കളും സ്ഥലം എസ്പിയും വ്യക്തമാക്കി. അവസാനം സര്‍ക്കാര്‍ തന്നെയും ഓക്സിജന്‍ വിതരണം നിലച്ച കാര്യം സമ്മതിച്ചെങ്കിലും കുട്ടികള്‍ മരിച്ചത് അതുകൊണ്ടല്ലെന്ന നുണ ആവര്‍ത്തിക്കുകയാണ്. ഓക്സിജന്‍ വിതരണം നിലച്ച ആഗസ്ത് 10നും 11നുമാണ് 30 പേര്‍ മരിച്ചതെന്ന വസ്തുത നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. അതുകൊണ്ടു തന്നെ ഇതിനെ ഒരു ദുരന്തമായി കാണാനാകില്ല. സര്‍ക്കാരും ആശുപത്രി അധികൃതരും സ്വകാര്യ കമ്പനിയും കൂട്ടുപ്രതിയായ കൂട്ടക്കൊലയാണ് ഗോരഖ്പുരില്‍ നടന്നത്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്തതുകൊണ്ടുമാത്രം കാര്യമില്ല. കൂട്ടക്കൊലയ്ക്ക് ഉത്തരവാദികളായ രാഷ്ട്രീയനേതൃത്വത്തെയും നിയമത്തിനുമുമ്പില്‍ കൊണ്ടുവരണം. അതിനായി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണം. 

കിഴക്കന്‍ ഉത്തര്‍പ്രദേശ്, പശ്ചിമ ബിഹാര്‍, നേപ്പാളിലെ തെറായ് മേഖല എന്നിവിടങ്ങളില്‍ മസ്തിഷ്കജ്വരവും ജപ്പാന്‍ജ്വരവും കുട്ടികളുടെ ജീവന്‍ അപഹരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 1978ന് ശേഷം 25000 കുട്ടികളെങ്കിലും ഈ രോഗങ്ങള്‍ ബാധിച്ച് മരിച്ചു. ക്യൂലക്സ് കൊതുകുകള്‍ പരത്തുന്ന രോഗം മണ്‍സൂണ്‍ കാലത്താണ് വര്‍ധിക്കുക. വിശാലമായ വയലുകളില്‍ മഴക്കാലം തുടങ്ങുന്നതോടെ വെള്ളം കെട്ടിക്കിടക്കാന്‍ തുടങ്ങുകയും ഇത് കൊതുകുകള്‍ വളരാന്‍ സാഹചര്യമൊരുക്കുകയുംചെയ്യുന്നു.  മോഡി സ്വച്ഛ്ഭാരത് പദ്ധതി ആരംഭിച്ചതിനുശേഷവും ഇതില്‍ മാറ്റമൊന്നുമുണ്ടായില്ല.  തലച്ചോറിനെ ബാധിക്കുന്ന അസുഖമായതുകൊണ്ടുതന്നെ രോഗംബാധിച്ചവരെ 24 മണിക്കൂറിനകം ഐസിയു വിലേക്ക് മാറ്റിയില്ലെങ്കില്‍ മരണമോ അംഗവൈകല്യങ്ങളോ സംഭവിക്കും. അതുകൊണ്ടുതന്നെ അടിയന്തരശുശ്രൂഷ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണ്.  എന്നാല്‍, വിശാലമായ ഈ മേഖലയില്‍ (300 കിലോമീറ്റര്‍ ചുറ്റളവില്‍) പാവപ്പെട്ട ജനങ്ങള്‍ക്ക് ചികിത്സയ്ക്കുള്ള  ഏക ആശുപത്രി 'പൂര്‍വാഞ്ചലിന്റെ ഗാന്ധി' എന്ന പേരിലറിയപ്പെടുന്ന ബാബാ രാഘവ് ദാസിന്റെ പേരിലുള്ള ഗോരഖ്പുരിലെ മെഡിക്കല്‍ കോളേജ് മാത്രമാണ്.  ആരോഗ്യമേഖലയിലെ സ്വകാര്യവല്‍ക്കരണം ചികിത്സ പണച്ചെലവേറിയതാക്കിയതോടെ സാധാരണക്കാര്‍ക്ക് ഏക ആശ്രയം ഈ ആശുപത്രി മാത്രമായി. 950 പേരെ കിടത്തി ചികിത്സിക്കാവുന്ന ആശുപത്രിയില്‍ 300 കിടക്കമാത്രമാണ് മസ്തിഷ്കജ്വരത്തിനായി നീക്കിവച്ചിട്ടുള്ളത്.  എന്നാല്‍, മണ്‍സൂണ്‍ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ആയിരവും അതിലുമധികവുമാകും. 

ദിനംപ്രതി 70-80 കുട്ടികളെയാണ് ഇവിടെ പ്രവേശിപ്പിക്കേണ്ടിവരുന്നത്. ഇതനുസരിച്ച് ആശുപത്രിയിലെ സൌകര്യം വികസിപ്പിക്കാനോ ഈ രോഗം ചികിത്സിക്കാനായി മേഖലയുടെ മറ്റ് ഭാഗങ്ങളില്‍ ആശുപത്രികള്‍ ആരംഭിക്കാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മാത്രമല്ല, രോഗപ്പകര്‍ച്ച തടയുന്നതിന് ബോധവല്‍ക്കരണവുംമറ്റും നടത്താനും സ്ഥലം എംപിയും ഗോരഖ്നാഥ് പീഠത്തിന്റെ മേധാവിയുമായ ആദിത്യനാഥ് തയ്യാറായിട്ടുമില്ല. 1989 മുതല്‍ ഇതുവരെയും ഗോരഖ്പുര്‍ മണ്ഡലത്തെ തുടര്‍ച്ചയായി പ്രതിനിധാനംചെയ്യുന്നത് ബിജെപിയാണ്. 1989 മുതല്‍ 98 വരെ മഹന്ത് അവൈദ്യനാഥും അതിനുശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ യോഗി ആദിത്യനാഥും. എന്നിട്ടും പ്രദേശം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഈ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല. ലൌ ജിഹാദും മാട്ടിറച്ചി വിഷയങ്ങളുമുയര്‍ത്തി കലാപത്തിന് മുന്നിട്ടിറങ്ങുന്ന യോഗി ആദിത്യനാഥിന് കുട്ടികള്‍ പിടഞ്ഞുവീണ് മരിക്കുന്നത് കാണാനുള്ള കണ്ണില്ലേ?


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top