28 March Thursday

കാലാവസ്ഥ വ്യതിയാനം: ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Friday Aug 25, 2017

കാലാവസ്ഥ വ്യതിയാനം കേരളത്തിന്റെ നിത്യജീവിതത്തെ ബാധിക്കുന്നതരത്തില്‍ അനുദിനം രൂക്ഷമാവുകയാണ്. 'കാലാവസ്ഥ വ്യതിയാനം, അതുമൂലമുള്ള ആഘാതങ്ങള്‍, അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍' എന്ന വിഷയത്തെക്കുറിച്ചുള്ള സമഗ്രപഠനവും ഇടപെടലും പ്രസക്തമാകുന്ന ഘട്ടമാണിത്. ഈ വിഷയത്തില്‍ ആദ്യം ബോധവാന്മാരാകേണ്ടതും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതും ജനപ്രതിനിധികളും നിയമനിര്‍മാതാക്കളും ഭരണത്തിന്റെ മുഖ്യസ്ഥാനങ്ങളില്‍ ഇരിക്കുന്നവരുംതന്നെയാണ്. അത് മനസ്സിലാക്കിയുള്ള മുന്‍കൈയാണ് നിയമസഭാ സാമാജികരെ ബോധവല്‍ക്കരിക്കാനായി കഴിഞ്ഞദിവസം കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം സംഘടിപ്പിച്ച പരിശീലനപരിപാടി. ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമില്‍ ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനായ മലയാളി ഡോ. മുരളി തുമ്മാരുകുടി ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തിയ ആ പരിപാടി കേരളം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുകമാത്രമല്ല അതിന്റെ ഗൌരവം ഉള്‍ക്കൊണ്ടുള്ള പരിഹാരനിര്‍ദേശങ്ങള്‍ക്ക് വേദിയാവുകകൂടി ചെയ്തു.

കാലം തെറ്റിയുള്ള കാലാവസ്ഥ പ്രകൃതിയെയും പ്രകൃതിവിഭവങ്ങളെയും എങ്ങനെ ബാധിക്കുമെന്നും അവയെ എങ്ങനെയൊക്കെ നേരിടാമെന്നുമുള്ള സമഗ്രചര്‍ച്ചയ്ക്ക് തുടക്കമിടുന്നതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടനപ്രസംഗം. കഴിഞ്ഞവര്‍ഷം ഇന്ത്യയുടെ പലഭാഗങ്ങളിലും നല്ല മഴ ലഭിച്ചപ്പോള്‍ കേരളത്തില്‍ രൂക്ഷമായ വരള്‍ച്ച അനുഭവപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കുറഞ്ഞതിനാലാണ് ഈ അവസ്ഥ ഉണ്ടായത്. ജലസമൃദ്ധികൊണ്ടും പച്ചപ്പുകൊണ്ടും സമ്പന്നമെന്ന് അഭിമാനിക്കുന്ന നമ്മുടെ നാട്ടിലാണ് ഇത് അനുഭവപ്പെട്ടതെന്ന് ഓര്‍ക്കണം. കഴിഞ്ഞ 115 വര്‍ഷത്തിനിടയിലുള്ള ഏറ്റവും വലിയ വരള്‍ച്ചയാണ് ഉണ്ടായത്. 2003ല്‍ ഏഴു താലൂക്കുമാത്രമാണ് വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിരുന്നതെങ്കില്‍ ഇന്നത് ഏതാണ്ട് മുഴുവന്‍ ജില്ലയിലേക്കും വ്യാപിച്ചിരിക്കുന്നു. കാലാവസ്ഥ വ്യതിയാനം തടയാന്‍ ദീര്‍ഘകാല, ഹ്രസ്വകാല പദ്ധതികള്‍ അനിവാര്യമാകുന്നതിന്റെ പശ്ചാത്തലം എത്ര തീവ്രമാണെന്ന് ഉദാഹരണസഹിതമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്.

ജൂണ്‍മുതല്‍ ആഗസ്ത് 16 വരെയുള്ള കണക്കുപ്രകാരം കാലവര്‍ഷത്തില്‍ 29.1 ശതമാനത്തിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായത്. ജലക്ഷാമത്തോടൊപ്പം വൈദ്യുതിക്ഷാമവും ഉണ്ടാകുന്നു. പ്രധാന ജലവൈദ്യുതപദ്ധതികളുള്ള ഇടുക്കിയില്‍ 36 ശതമാനവും വയനാട്ടില്‍ 59 ശതമാനവും തിരുവനന്തപുരത്ത് 35 ശതമാനവും മഴക്കുറവുണ്ടായി. ഇങ്ങനെ മഴ കുറയുന്നതും ചൂട് കൂടുന്നതും കാലം മാറിമറിയുന്നതും മറ്റും മലയാളിയെ ആശങ്കപ്പെടുത്തുന്നു. കേരളം മരുഭൂമിയാകുമോ എന്ന ആശങ്ക വളര്‍ത്തുംവിധം കള്ളിമുള്‍ച്ചെടികള്‍ അസാധാരണനിലയില്‍ വളരുന്ന വാര്‍ത്തയും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രകൃതിയെ സംരക്ഷിച്ചുമാത്രമേ അതിന്റെ ഭാഗമായ മനുഷ്യനും നിലനില്‍ക്കാനാകൂ എന്ന കാഴ്ചപ്പാടാണ് ബോധപൂര്‍വം വളര്‍ത്തിയെടുക്കേണ്ടത്. അതിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഹരിതകേരളം മിഷന്‍ അക്ഷരാര്‍ഥത്തില്‍ മലയാളിയുടെ പുതിയ കാഴ്ചപ്പാടിന്റെ പ്രതീകമായി വിജയത്തിലെത്തേണ്ടതുണ്ട്. നാടിനെ മാലിന്യമുക്തമാക്കുക, ജലസ്രോതസ്സുകള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായി വലിയ മുന്നേറ്റമാണ് ഹരിതകേരളത്തിന് ചുരുങ്ങിയ നാളുകളില്‍ നടത്താനായത്. 3931 പൊതുകിണറും 3855 പുതിയ കുളവും നിര്‍മിക്കാന്‍ സാധിച്ചു. ഇതോടൊപ്പം 2467 കിലോമീറ്റര്‍ തോടുകളും 1481 കിലോമീറ്റര്‍ കനാലുകളും വൃത്തിയാക്കി മിഷന്‍ ഇതിനകം ചരിത്രം സൃഷ്ടിച്ചുകഴിഞ്ഞു. ജനങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തമാണ് ഈ പദ്ധതിയില്‍ ഉണ്ടാകുന്നത്.

സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിന്റെ സാക്ഷാല്‍ക്കാരത്തിന് മുന്‍കൈയെടുക്കുകയും ചെയ്തതുകൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല നമുക്കുമുന്നിലുള്ളത്. പരിസ്ഥിതിസംരക്ഷണം സമൂഹത്തിന്റെയാകെ ഉത്തരവാദിത്തമായി മാറേണ്ടതുണ്ട്. 2020ഓടെ ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തില്‍ ആഗോളവ്യാപകമായി വന്‍ ഇടിവ് വരുമെന്ന ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ് ഏറെ ആശങ്കപ്പെടുത്തേണ്ടത് മലയാളികളെയാണ്. ഓരോ ചെറുചലനത്തിലും പാലിക്കേണ്ട സൂക്ഷ്മതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്. ഒരു മഴക്കാലം ചതിച്ചാല്‍ വറ്റിവരളുന്ന നാടാണ് നമ്മുടേതെന്ന് മനസ്സിലാക്കി, വെള്ളം സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന ഒരു പ്രതിഭാസത്തിനും മുതല്‍ക്കൂട്ടാതിരിക്കാനും നിതാന്തജാഗ്രത ഉണ്ടാകേണ്ടതുണ്ട്. പ്രകൃതിയെ സ്വജീവിതത്തിനായി ഉപയോഗിക്കുകയും അതിനനുസൃതം പരുവപ്പെടുകയും ചെയ്യുന്ന ജീവിയാണ് മനുഷ്യന്‍. ആ പരുവപ്പെടുത്തല്‍ പ്രകൃതിയുടെ നാശത്തിനാകരുത്. പുതിയ  രീതികള്‍ അവലംബിച്ച് കാര്‍ഷികവൃത്തിയെ വിപുലപ്പെടുത്തിയും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി സ്വയം ഉല്‍പ്പാദിപ്പിക്കുന്നത് നിഷ്ഠയായി എടുത്തും ജൈവകൃഷിയില്‍ മുഴുകിയും മണ്ണും ജലവും ശുദ്ധമാക്കിനിര്‍ത്തിയും മാലിന്യങ്ങള്‍ ശാസ്ത്രീയമായി നിര്‍മാര്‍ജനംചെയ്തും മലയാളിക്ക് ഈ കടമ ഏറ്റെടുക്കാനും പ്രകൃതി സംരക്ഷണത്തിന് വിലപ്പെട്ട സംഭാവന നല്‍കാനും കഴിയും. അത്തരം അവബോധം ജനതയിലാകെ വളര്‍ത്തിയെടുക്കാന്‍ ജനപ്രതിനിധികളാണ് നേതൃത്വത്തില്‍ ഉണ്ടാകേണ്ടതെന്ന് തിരിച്ചറിഞ്ഞ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സുശക്തമായ ജനപിന്തുണ ഉണ്ടാകേണ്ടതുണ്ട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top