23 February Friday

ജനങ്ങളെ പട്ടിണിയിലേക്ക്‌ തള്ളിവിട്ട്‌ കേന്ദ്രഭരണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 17, 2023

ലോകത്ത്‌ ഏറ്റവും കൂടുതൽ മനുഷ്യർ പട്ടിണികിടക്കുന്ന രാജ്യമായി ഇന്ത്യയെ മാറ്റിയതാണ്‌ ഒമ്പതുവർഷത്തെ ബിജെപി ഭരണത്തിന്റെ പ്രധാന നേട്ടം. ആഗോള പട്ടിണിസൂചികയിൽ 125 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണെന്ന കണക്ക്‌ പുറത്തുവന്നത്‌ കഴിഞ്ഞദിവസമാണ്‌. അയൽരാജ്യങ്ങളായ പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്‌, നേപ്പാൾ, മ്യാന്മർ തുടങ്ങിയ രാജ്യങ്ങളുടെ പിന്നിലാണ്‌ ഇന്ത്യയുടെ സ്ഥാനം. ഏഷ്യൻ രാജ്യങ്ങളിൽ അഫ്‌ഗാനിസ്ഥാൻ മാത്രമാണ്‌ നമുക്ക്‌ പിന്നിലുള്ളത്‌.

ആഗോള, ദേശീയ, പ്രാദേശിക തലങ്ങളിലെ പട്ടിണി വസ്‌തുനിഷ്‌ഠമായി വിശകലനം ചെയ്‌താണ്‌ സൂചിക തയ്യാറാക്കുന്നത്‌. പോഷകാഹാരക്കുറവ്‌, ശിശുമരണനിരക്ക്‌, വളർച്ച മുരടിപ്പ്‌ എന്നീ സൂചകങ്ങൾ അടിസ്ഥാനമാക്കിയാണ്‌ ഇത്‌. ദേശീയ കുടുംബാരോഗ്യ സർവേയിൽനിന്നുള്ള കണക്കുകളാണ്‌ ആഗോള പട്ടിണിസൂചികയ്‌ക്ക്‌ ഉപയോഗിച്ചിട്ടുള്ളത്‌. വനിത–- ശിശുക്ഷേമ മന്ത്രാലയം സൂചികയെ വിമർശിച്ച്‌ രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത്‌ വികൃതമായ കേന്ദ്ര സർക്കാരിന്റെ മുഖംമിനുക്കാനുള്ള ചെപ്പടിവിദ്യ മാത്രമാണ്‌. ഇന്ത്യ പുറത്തുവിട്ടിട്ടുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ  തയ്യാറാക്കിയ പട്ടിണിസൂചിക കേന്ദ്ര സർക്കാരിന്റെ മുഖത്തിനുനേരെ പിടിച്ച കണ്ണാടിയാണെന്നതിൽ സംശയമില്ല.

കഴിഞ്ഞവർഷം 107 ആയിരുന്നതാണ്‌ ഈവർഷം 111 ലേക്ക്‌ എത്തിയത്‌. 2021ൽ 101ഉം 2019ൽ 94ഉം ആയിരുന്നു. ബിജെപി ഭരണത്തിൽ ഇന്ത്യയിൽ പട്ടിണി വർഷംതോറും വർധിച്ചുവരുന്നുവെന്നാണ്‌ ഈ കണക്ക്‌ വ്യക്തമാക്കുന്നത്‌. പട്ടിണി ഏറ്റവും കുറഞ്ഞ രാജ്യമാണ്‌ തൊട്ടടുത്ത രാജ്യമായ ചൈന. ഇന്ത്യയോട്‌ ചേർന്നുകിടക്കുന്ന ശ്രീലങ്ക –-60, നേപ്പാൾ–-69, ബംഗ്ലാദേശ്‌–-81, പാകിസ്ഥാൻ–-102 എന്നീ രാജ്യങ്ങളെല്ലാം പട്ടിണി നിർമാർജനത്തിൽ ഇന്ത്യയേക്കാൾ വളരെ മുന്നിലാണ്‌.

കുട്ടികൾ കൊടിയ പട്ടിണി അനുഭവിക്കുന്ന രാജ്യമാണ്‌ ഇന്ത്യയെന്നാണ്‌ റിപ്പോർട്ട്‌ പറയുന്നത്‌. ഉയരത്തിന്‌ അനുസരിച്ച്‌ ഭാരമില്ലാത്ത കുട്ടികൾ ഏറ്റവും കൂടുതലുള്ള രാജ്യമാണ്‌ ഇന്ത്യ. രൂക്ഷമായ പോഷകാഹാരക്കുറവാണ്‌ ഇതിനു കാരണം. കുട്ടികളുടെ വളർച്ച മുരടിപ്പ്‌ നിരക്ക്‌ 35.5 ശതമാനമാണ്‌. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ മരണനിരക്കും ഉയർന്നതാണ്‌–- 3.1 ശതമാനം. 15–-24 വയസ്സിനിടയിലുള്ള സ്‌ത്രീകളുടെ വളർച്ച മുരടിപ്പ്‌ നിരക്ക്‌ 58.1 ശതമാനമാണെന്നത്‌ ഇന്ത്യ നേരിടുന്ന കടുത്ത വെല്ലുവിളിയുടെ തെളിവാണ്‌.

ഭക്ഷ്യ ഉൽപ്പാദനം കൂടിയിട്ടും സാധാരണക്കാർക്ക്‌ പ്രയോജനമില്ലെന്നാണ്‌ ഈ കണക്കുകൾ സൂചിപ്പിക്കുന്നത്‌. ഇല്ലാത്തവർ കൂടുതൽ ഇല്ലാത്തവരായി മാറുമ്പോൾ ശതകോടീശ്വരന്മാർ അവരുടെ ആസ്‌തി നാൾതോറും വർധിപ്പിക്കുകയാണ്‌. രാജ്യം വലിയ മുന്നേറ്റത്തിലാണെന്ന്‌ പെരുമ്പറ കൊട്ടുന്നവർക്ക്‌ ജനങ്ങളുടെ പട്ടിണിയെക്കുറിച്ച്‌ മിണ്ടാട്ടമില്ല. കോർപറേറ്റ്‌ മൂലധനശക്തികൾക്ക്‌ കൂടുതൽ ലാഭമുണ്ടാക്കാനുള്ള നടപടികളിൽമാത്രമാണ്‌ കേന്ദ്ര സർക്കാർ അഭിരമിക്കുന്നത്‌. കർഷകരും തൊഴിലാളികളും കൂടുതൽ ദരിദ്രരായി മാറുകയാണ്‌. രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഴിയാത്തവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്‌. അപ്പോഴും പൗരത്വനിയമവും ഏക സിവിൽകോഡുമെല്ലാം നടപ്പാക്കി ഇന്ത്യയെ കൂടുതൽ വർഗീയവൽക്കരിക്കാനുള്ള  കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌ കേന്ദ്ര ഭരണാധികാരികൾ.

പട്ടിണിയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിനുമുന്നിൽ നാണംകെട്ട്‌ നിൽക്കുമ്പോൾത്തന്നെയാണ്‌ ഈ രാജ്യത്തെ കൊച്ചു സംസ്ഥാനമായ കേരളം അഭിമാനത്തോടെ തലയുയർത്തിനിൽക്കുന്നത്‌. പട്ടിണിയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ്‌ കേരളം. അതിദാരിദ്ര്യം അടുത്തവർഷത്തോടെ തുടച്ചുനീക്കപ്പെടും. ശിശുമരണനിരക്ക്‌ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്‌ നമ്മുടേത്‌.  അഞ്ചുവയസ്സിനു താഴെയുള്ള 1000 കുട്ടികളിൽ 32 പേർ മരിക്കുന്നുവെന്നാണ്‌ ഇന്ത്യയുടെ ദേശീയാടിസ്‌ഥാനത്തിലുള്ള കണക്കെങ്കിൽ  കേരളത്തിൽ അത്‌ ഏഴാണ്‌.  പ്രസവത്തോട്‌ അനുബന്ധിച്ച്‌ അമ്മമാരുടെ മരണനിരക്ക്‌ കേരളത്തിൽ 0.00043 ശതമാനം മാത്രമാണെന്ന്‌ ഓർക്കണം. മികച്ച ആരോഗ്യസംവിധാനവും ഭക്ഷ്യലഭ്യതയുമാണ്‌ കേരളത്തിന്‌ ഈ നേട്ടം കൈവരിക്കാൻ കാരണം. ഇന്ത്യയിലെ പട്ടിണി ഇല്ലാതാക്കാൻ കേരളത്തെ മാതൃകയാക്കുക മാത്രമാണ്‌ മാർഗം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top