26 April Friday

മൂർച്ഛിക്കുന്ന പ്രതിസന്ധി പടരുന്ന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday Feb 3, 2023


ആഗോള സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുന്നതിന്റെ പ്രതിഫലനങ്ങൾ വ്യവസായത്തൊഴിലാളികളുടെയും അധ്വാനിക്കുന്ന മറ്റു ജനവിഭാഗങ്ങളുടെയും പ്രക്ഷോഭങ്ങളായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയരുകയാണ്‌. ബ്രിട്ടനിൽ പണപ്പെരുപ്പംമൂലം ജീവിതച്ചെലവ്‌ താങ്ങാനാകാതെ അധ്യാപകരും സർക്കാർ ജീവനക്കാരുമടക്കം അഞ്ച്‌ ലക്ഷത്തിലധികം ആളുകളാണ്‌ കഴിഞ്ഞദിവസം പണിമുടക്കി തെരുവിലിറങ്ങിയത്‌. ഫ്രാൻസിൽ പെൻഷൻപ്രായം 64 ആയി ഉയർത്തുന്നതിനെതിരെയാണ്‌ 11 ലക്ഷത്തിൽപ്പരം തൊഴിലാളികൾ രണ്ടാഴ്‌ചയ്‌ക്കിടെ രണ്ടാംതവണയും പ്രതിഷേധിച്ചത്‌. ഓസ്‌ട്രേലിയയിൽ ബഹുരാഷ്‌ട്ര ഗതാഗത കമ്പനിയിലെ തൊഴിലാളികൾ ആരംഭിച്ച സമരവും മുതലാളിത്തത്തിലെ നഗ്നമായ ചൂഷണത്തിനെതിരെയാണ്‌. 94 ലക്ഷത്തോളംമാത്രം ജനസംഖ്യയുള്ള ഇസ്രയേലിൽ ഒരുലക്ഷത്തിൽപ്പരം തൊഴിലാളികൾ ടെൽ അവീവിൽമാത്രം ചൊവ്വാഴ്‌ച പ്രതിഷേധപ്രകടനം നടത്തി. ശ്രീലങ്കയ്‌ക്ക്‌ പിന്നാലെ പാകിസ്ഥാനിലും രൂക്ഷമാകുന്ന സാമ്പത്തികക്കുഴപ്പം ഏഷ്യൻ രാജ്യങ്ങൾ പലതും അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയുടെ സൂചന മാത്രമാണ്‌. ഇന്ത്യയും രൂക്ഷമായ കുഴപ്പത്തിലാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ കേന്ദ്ര സർക്കാരിന്റെ പല നടപടിയും.

ലോകമെങ്ങും മുതലാളിത്ത രാജ്യങ്ങളെ ബാധിച്ച ഈ കൂട്ടക്കുഴപ്പത്തിന്റെ വേരുകൾ സർക്കാരുകൾ നടപ്പാക്കുന്ന ജനവിരുദ്ധ നവ ഉദാരവാദ നയങ്ങളിലാണെന്ന്‌ കാണാൻ പ്രയാസമില്ല. ചാക്രിക സ്വഭാവമുള്ള സാമ്പത്തിക പ്രതിസന്ധി മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയ്‌ക്ക്‌ സഹജമായിട്ടുള്ളതാണ്‌. രണ്ടാം ലോകയുദ്ധാനന്തരം മൂന്ന്‌ പതിറ്റാണ്ടോളം പ്രധാന മുതലാളിത്ത രാജ്യങ്ങൾ കാര്യമായ കുഴപ്പങ്ങൾ ഒഴിവാക്കിയത്‌ യുദ്ധത്തിൽ തകർന്ന സമ്പദ്‌വ്യവസ്ഥകളെ കരകയറ്റാൻ സ്വീകരിച്ച പ്രത്യേക നടപടികളിലൂടെയും ക്ഷേമരാഷ്‌ട്ര നയങ്ങളിലൂടെയുമായിരുന്നു. നാലു പതിറ്റാണ്ടുമുമ്പ്‌ താച്ചർ–- റീഗൻ കൂട്ടുകെട്ടിലാണ്‌ സർക്കാരുകൾ ഉത്തരവാദിത്വങ്ങളിൽനിന്ന്‌ പിൻവാങ്ങി എല്ലാം കമ്പോള താൽപ്പര്യത്തിന്‌ വിട്ടുകൊടുക്കുന്ന നവ ഉദാരനയങ്ങൾ വ്യാപകമാകുന്നത്‌. രാജ്യങ്ങളെ രക്ഷിക്കാനെന്നപേരിൽ ഐഎംഎഫും ലോകബാങ്കും വായ്‌പകൾക്കും സഹായങ്ങൾക്കും ഉപാധികളായി നിർദേശിച്ച പലതും തൊഴിലാളികൾക്കും കർഷകർക്കും ദോഷകരമായിരുന്നു. സ്വതന്ത്രവ്യാപാരമെന്നപേരിൽ സർവരംഗത്തും മുതലാളിത്ത കുത്തകകൾക്ക്‌ എല്ലാ സ്വാതന്ത്ര്യവും അനുവദിക്കുന്ന ആ നയങ്ങൾ ലോകത്ത്‌ അസമത്വവും സാമ്പത്തികക്കുഴപ്പങ്ങളും മൂർച്ഛിപ്പിക്കുകയാണ്‌ ചെയ്‌തത്‌ എന്നാണ്‌ അനുഭവം. അത്‌ ഉളവാക്കിയ പൊട്ടിത്തെറികളാണ്‌ എല്ലായിടത്തും കണ്ടുവരുന്നത്‌.

പണപ്പെരുപ്പവും വിലക്കയറ്റവുമടക്കം ഇപ്പോഴത്തെ പ്രതിസന്ധിക്ക്‌ കാരണം റഷ്യ– -ഉക്രയ്‌ൻ സംഘർഷമാണ്‌ എന്നാണ്‌ നവഉദാര നയങ്ങളുടെ വക്താക്കൾ അവകാശപ്പെടുന്നതെങ്കിലും 2008ൽ അമേരിക്കയിൽ തുടക്കമിട്ട ആഗോളക്കുഴപ്പത്തിന്റെ തുടർച്ചയാണ്‌ ഇതെന്ന്‌ കാണാതിരിക്കാനാകില്ല. ഗൂഗിൾ, ഫെയ്‌സ്‌ബുക്ക്‌, മൈക്രോസോഫ്‌റ്റ്‌, ആമസോൺ തുടങ്ങിയ വമ്പൻ നവസാങ്കേതികവിദ്യാ കമ്പനികളെല്ലാം കൂട്ടത്തോടെ തൊഴിലാളികളെ പുറന്തള്ളുന്നത്‌ തീവ്രമാക്കിയിരിക്കുകയാണ്‌. കഴിഞ്ഞവർഷം ടെക്‌ കമ്പനികൾ ഒന്നരലക്ഷത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടതായാണ്‌ ഏകദേശ കണക്ക്‌. 18,000 തൊഴിലാളികളെ പുറത്താക്കാൻ ആമസോൺ കഴിഞ്ഞമാസം നടപടികൾ ആരംഭിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ ആമസോൺ തൊഴിലാളികൾ ആദ്യമായി ഒരു സമരം നടത്തിയത്‌ കഴിഞ്ഞയാഴ്‌ച മധ്യ ഇംഗ്ലണ്ടിലെ കമ്പനി വെയർഹൗസിലാണ്‌. റോബോട്ടുകളെ പരിഗണിക്കുന്നതിലും മോശമായാണ്‌ കമ്പനി തങ്ങളെ കണക്കാക്കുന്നത്‌ എന്നാണ്‌ തൊഴിലാളികൾ പറയുന്നത്‌. ഇത്‌ ഒരു കമ്പനിയുടെ മാത്രം മനോഭാവമല്ല. ആവശ്യത്തിന്‌ വിശ്രമംപോലും അനുവദിക്കാതെ, ആരോഗ്യപരിരക്ഷാ സൗകര്യങ്ങളില്ലാതെ തൊഴിലാളികളെ ചൂഷണം ചെയ്‌തിരുന്ന പഴയ കാലത്തേക്കുള്ള തിരിച്ചുപോക്കാണ്‌ പല കമ്പനിയും നടപ്പാക്കുന്നതെന്ന്‌ വിമർശമുണ്ട്‌. ഇത്‌ തിരുത്താൻ പ്രക്ഷോഭമല്ലാതെ തൊഴിലാളികൾക്ക്‌ മറ്റു മാർഗമില്ല.

ലോക സമ്പദ്‌ഘടന ഈവർഷവും മാന്ദ്യാവസ്ഥയിൽ ആയിരിക്കുമെന്നും മൂന്നിലൊന്ന്‌ രാജ്യങ്ങളിലും ജിഡിപി ചുരുങ്ങുമെന്നും ഐഎംഎഫ്‌ മാനേജിങ് ഡയറക്ടർ ക്രിസ്‌റ്റലീന ജ്യോർജിയേവ സമ്മതിക്കുന്നുണ്ട്‌. ലോകബാങ്കിന്റെ വിലയിരുത്തലും അത്ര ആശാവഹമല്ലെന്നാണ്‌ കഴിഞ്ഞ സെപ്‌തംബറിൽ അവർ പുറത്തിറക്കിയ റിപ്പോർട്ടിലെ പ്രവചനം. ഇന്ത്യയും സാമ്പത്തികക്കുഴപ്പങ്ങളിൽനിന്ന്‌ മുക്തമല്ലെങ്കിലും ഭൂരിപക്ഷത്തിന്റെ മതഭ്രാന്തിളക്കി വർഗീയ ധ്രുവീകരണത്തിലൂടെ ജനങ്ങളുടെ ഐക്യം തടഞ്ഞാണ്‌ ഇവിടെ കേന്ദ്ര സർക്കാർ കോർപറേറ്റുസേവ നടപ്പാക്കുന്നത്‌. ഇവിടെ തൊഴിലില്ലായ്‌മ എത്ര ഭീകരമാണ്‌ എന്നതിന്റെ സാക്ഷ്യപത്രമാണ്‌ പ്രധാനമന്ത്രി നേരിട്ട്‌ നിയമന ഉത്തരവുകൾ കൈമാറുന്ന പുതിയ നാടകം. ഈ സാഹചര്യത്തിൽ ഇസ്രയേലിൽ ചൊവ്വാഴ്‌ച നടന്ന പ്രക്ഷോഭം ഇന്ത്യൻ ജനതയ്‌ക്കും മാതൃകയാണ്‌. ആ പ്രക്ഷോഭത്തിനു കാരണമായ സർക്കാർ നീക്കത്തിന്‌ മോദി സർക്കാരിന്റെ സ്വേച്ഛാധിപത്യനീക്കങ്ങളുമായി സമാനതയുണ്ട്‌. കോടതികളെ ദുർബലമാക്കാൻ നെതന്യാഹു സർക്കാർ നടത്തുന്ന നീക്കത്തിന്‌ എതിരെയായിരുന്നു തൊഴിലാളിസമരം.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top