19 April Friday

ജര്‍മനി വീണ്ടും തെരഞ്ഞെടുപ്പിലേക്കോ?

വെബ് ഡെസ്‌ക്‌Updated: Friday Nov 24, 2017

 

യൂറോപ്പിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ജര്‍മനിയില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസമായിട്ടും പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനാകാതെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പരുങ്ങുകയാണ്. സെപ്തംബര്‍ 24ന് നടന്ന തെരഞ്ഞെടുപ്പില്‍ മെര്‍ക്കലിന്റെ സഖ്യത്തിന് വ്യക്തമായ ഭൂരിപക്ഷം കിട്ടാത്തതാണ് പ്രതിസന്ധിക്ക് കാരണം. മുഖ്യധാര രാഷ്ട്രീയകക്ഷികള്‍ക്കെല്ലാം വോട്ടും സീറ്റും കുറഞ്ഞ തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് കക്ഷിയായ ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ഡ്യുഷ്ലാന്റിനും (എഎഫ്ഡി) ഇടതുപക്ഷ ഡൈ ലിങ്കേ പാര്‍ടിക്കുംമാത്രമാണ് വോട്ടും സീറ്റും വര്‍ധിപ്പിക്കാനായത്. ഈ രണ്ട് കക്ഷിയും നവ ഉദാരവല്‍ക്കരണനയത്തെ മുറുകെപ്പിടിക്കുന്ന മെര്‍ക്കലിനെ പിന്തുണയ്ക്കാന്‍ തയ്യാറുമല്ല.

മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള കഴിഞ്ഞ രണ്ട് സര്‍ക്കാരിലും മധ്യ വലതുപക്ഷ കക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് (എസ്പിഡി) പാര്‍ടി കക്ഷിയായിരുന്നു. എന്നാല്‍, ഇക്കുറി ചാന്‍സലര്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതോടെ മെര്‍ക്കലുമായുള്ള സഖ്യത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് പാര്‍ടി നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സ് അറിയിച്ചു. ഇതോടെയാണ് വന്‍കിട ബിസിനസുകാരുടെ പാര്‍ടിയായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ടി (എഫ്ഡിപി)യുമായി സഖ്യം സ്ഥാപിക്കാന്‍ മെര്‍ക്കല്‍ ശ്രമമാരംഭിച്ചത്.  ഇടതുപക്ഷ ഗ്രീന്‍ പാര്‍ടി, ബവേറിയയിലെ പ്രധാനകക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയന്‍ (സിഎസ്യു) എന്നീ കക്ഷികളും മെര്‍ക്കലിനെ പിന്തുണയ്ക്കാന്‍ തയ്യാറായി മുന്നോട്ടുവന്നു.  ആശയപരമായി വ്യത്യസ്ത കോണുകളില്‍നില്‍ക്കുന്ന പാര്‍ടിയാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ സഖ്യകക്ഷി സര്‍ക്കാര്‍ എളുപ്പമായിരിക്കില്ലെന്ന് നേരത്തെ വിലയിരുത്തലുണ്ടായിരുന്നു. അത് ശരിവയ്ക്കുന്ന സംഭവങ്ങളാണ് ബെര്‍ലിനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. മെര്‍ക്കലിന് പിന്തുണ പ്രഖ്യാപിച്ച എഫ്ഡിപി അതില്‍നിന്ന് പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്. 'മോശമായി ഭരിക്കുന്നതിനേക്കാള്‍ നല്ലത് ഭരിക്കാതിരിക്കുന്നതാണ്' എന്ന് പറഞ്ഞാണ് എഫ്ഡിപി നേതാവ് ക്രിസ്ത്യന്‍ ലിന്‍ഡ്നര്‍ സഖ്യസംഭാഷണത്തിന് വിരാമമിട്ടത്. കിഴക്കന്‍ ജര്‍മനിയുടെ വികസനം ലക്ഷ്യമിട്ട് ഫെഡറല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നികുതി പന്‍വലിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ മെര്‍ക്കലിന് കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് സന്ധിസംഭാഷണം പൊളിഞ്ഞത്. 

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എഎഫ്ഡി മൂന്നാംകക്ഷിയായി ഉയര്‍ന്ന സാഹചര്യത്തില്‍ അവരുമായി ഭാവിയില്‍ ബന്ധമുണ്ടാക്കാമെന്നതാണ് എഫ്ഡിപിയെ മെര്‍ക്കലിന്റെ സഖ്യത്തില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരിപ്പിച്ചത്. ജര്‍മനിയിലെ എഫ്ഡിപിയുടെ സഹോദരപാര്‍ടിയായ ആസ്ട്രിയന്‍ ഫാസിസ്റ്റ് കക്ഷി ഫ്രീഡം പാര്‍ടിയുമായി ചേര്‍ന്നാണ് പീപ്പിള്‍സ് പാര്‍ടി നേതാവ് സെബാസ്റ്റ്യന്‍ കര്‍സ് സര്‍ക്കാരിന് രൂപം നല്‍കുന്നത്. അത് ജര്‍മനിയിലും ആവര്‍ത്തിക്കുകയാണ് ക്രിസ്ത്യന്‍ ലിന്‍ഡ്നറുടെ ലക്ഷ്യം. 2015ല്‍ കൂട്ടുകക്ഷി സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സ്വീകരിച്ച സിറിയന്‍ അഭയാര്‍ഥികളുടെ കുടുംബങ്ങളെയും സ്വീകരിക്കാനുള്ള നടപടിയില്‍നിന്ന് മെര്‍ക്കലിന് പിന്‍വാങ്ങേണ്ടി വന്നു. ബവേറിയന്‍ സഖ്യ കക്ഷിയായ ക്രിസ്ത്യന്‍ സോഷ്യല്‍ യൂണിയനുവേണ്ടിയായിരുന്നു ഈ കീഴടങ്ങല്‍. എന്നിട്ടും സഖ്യത്തെ രക്ഷിക്കാന്‍ മെര്‍ക്കലിനായില്ല.

മെര്‍ക്കലിനു മുമ്പില്‍ ഇനി മൂന്ന് വഴിമാത്രമാണ് അവശേഷിക്കുന്നത്. കഴിഞ്ഞ രണ്ട് സര്‍ക്കാരിലും കൂട്ടുകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടിയുമായി സഖ്യമുണ്ടാക്കുക എന്നതാണ് ഒരു മാര്‍ഗം. എന്നാല്‍, മഹാസഖ്യത്തിലേക്കില്ലെന്ന കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മാര്‍ടിന്‍ ഷൂള്‍സ്. വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം ഫാസിസ്റ്റ് എഎഫ്ഡി വന്‍ മുന്നേറ്റം നടത്താനിടയുള്ള പശ്ചാത്തലത്തില്‍ സഖ്യം എന്ന മെര്‍ക്കലിന്റെ സിദ്ധാന്തം എസ്പിഡി അംഗീകരിക്കുമോ എന്ന് വ്യക്തമല്ല.  ഏതായാലും എസ്പിഡിയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ മെര്‍ക്കല്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ സാധ്യത മെര്‍ക്കലിന്റെ നേതൃത്വത്തിലുള്ള ത്രികക്ഷി സഖ്യം (സിഡിയു, സിഎസ്യു, ഗ്രീന്‍സ്) എന്നിവ ചേര്‍ന്നുള്ള ന്യൂനപക്ഷ സര്‍ക്കാരിന് രൂപം നല്‍കുകയെന്നതാണ്. കുടിയേറ്റവിരുദ്ധ നയം സ്വീകരിക്കുകയും മെര്‍ക്കലിനെ ചാന്‍സലര്‍സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്യുന്നപക്ഷം ഇത്തരമൊരു സര്‍ക്കാരിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കുമെന്ന സൂചന എഎഫ്ഡി ഇതിനകം നല്‍കിയിട്ടുണ്ട്. എന്നാല്‍, സുസ്ഥിരഭരണം ഉറപ്പുവരുത്താന്‍  ഇത്തരമൊരു സംവിധാനത്തിന് കഴിയില്ല. മൂന്നാമത്തെ സാധ്യത വീണ്ടും ഒരു തെരഞ്ഞെടുപ്പാണ്. എന്നാല്‍, എഎഫ്ഡി മാത്രമാണ് മറ്റൊരു തെരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നത്. മാത്രമല്ല, വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്ന പക്ഷം സിഡിയുവിന്റെ നേതാവ് മെര്‍ക്കലായിരിക്കുമെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല. സെപ്തംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച സീറ്റുപോലും മറ്റ് പാര്‍ടികള്‍ക്ക് ഉറപ്പിക്കാനാകാത്ത സാഹചര്യമാണ് എന്നതിനാലാണ് ഇത്. 

ഏതായാലും ജര്‍മനി കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്കാണ് നീങ്ങുന്നത്. ഈ അനിശ്ചിതാവസ്ഥ യൂറോപ്യന്‍ യൂണിയനും പ്രതിസന്ധി സൃഷ്ടിക്കും. മെര്‍ക്കല്‍ വീണാല്‍ ജര്‍മനിയിലും ശക്തി പ്രാപിക്കുക യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരായിരിക്കും. ബ്രെക്സിറ്റിനുശേഷം ലഭിക്കുന്ന ഏറ്റവും വലിയ തിരിച്ചടിയും അതായിരിക്കും. ഫ്രാന്‍സിലെന്നപോലെ യൂറോപ്യന്‍ അനുകൂല ഭരണം ജര്‍മനിയിലും സ്ഥാപിക്കുകയെന്ന യൂറോപ്യന്‍ പദ്ധതി ജര്‍മനിയില്‍ വിജയിക്കുമെന്ന് പറയുക വിഷമമാണ്  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top