19 April Friday

വംശീയതയുടെ അമേരിക്കൻ മോഡൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020



കോവിഡ്‌ മഹാമാരി അമേരിക്കയിലെങ്ങും പടർന്നുപിടിക്കുന്നതിനിടയിൽ വംശീയവെറിക്കെതിരെയുള്ള പ്രക്ഷോഭവും ആ രാജ്യത്ത്‌ കത്തിപ്പടരുകയാണ്‌. മിനെസൊട്ടയിൽ ജോർജ്‌ ഫ്‌ളോയിഡ്‌ എന്ന കറുത്തവംശജൻ  പൊലീസുകാരുടെ വംശീയവെറിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്നാണ്‌ അമേരിക്കയിലെങ്ങും പ്രതിഷേധം ഇരമ്പുന്നത്‌. ഡെറിക്ക്‌ ഷോവിൻ എന്ന പൊലീസുകാരനും മറ്റ്‌ മൂന്നുപേരും ചേർന്ന്‌ ക്രൂരമായാണ്‌ നാൽപ്പത്താറുകാരനായ കറുത്തവംശജനെ‌ കൊന്നത്‌. മുട്ടുകാൽ കഴുത്തിലമർത്തി ശ്വാസം മുട്ടിച്ചാണ്‌ ഫ്‌ളോയിഡിനെ വധിച്ചത്‌. മരണവെപ്രാളത്തിനിടയിൽ ‘എനിക്ക്‌ ശ്വാസംമുട്ടുന്നു’ എന്ന ഫ്‌ളോയിഡിന്റെ രോദനം ഇന്ന്‌ അമേരിക്കയുടെ ശബ്‌ദമായി ഉയരുകയാണ്‌. വെള്ളമേധാവിത്വത്തിന്റെ പ്രതീകമായ ഡോണൾഡ്‌ ട്രംപിന്റെ ഭരണത്തിൽ ശ്വാസം മുട്ടുകയാണെന്ന്‌  ആർത്തുവിളിച്ചുകൊണ്ട്‌ ആയിരങ്ങൾ സർക്കാരിനെതിരെ പ്രക്ഷോഭത്തിന്റെ പാതയിലാണിന്ന്‌.

ജോർജ്‌ ഫ്‌ളോയിഡിന്റെ ഘാതകർക്കെതിരെ കൊലക്കുറ്റത്തിന്‌ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ്‌  ജനങ്ങൾ തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത്‌. അത്‌ലാന്റ, ലോസ്‌ ആഞ്ചലസ്‌ തുടങ്ങി ഇരുപത്തഞ്ചോളം നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ടെക്‌സാസ്‌ ഉൾപ്പെടെ അരഡസനോളം നഗരങ്ങളിൽ സമാധാനം സ്ഥാപിക്കുന്നതിനായി നാഷണൽ ഗാർഡുകളെ ഇറക്കേണ്ടിവന്നു. ഫ്‌ളോയിഡ്‌ കൊല്ലപ്പെട്ട മിനെസൊട്ടയിൽ മിലിട്ടറി പൊലീസിനെത്തന്നെ ഇറക്കിയിരിക്കുകയാണ്‌. വൈറ്റ്‌ഹൗസിലേക്കും ജനങ്ങൾ പ്രതിഷേധ മാർച്ച്‌ നടത്തുകയുണ്ടായി. ഒക്‌ലോഹാമ, ലിറ്റിൽ റോക്ക്‌ തുടങ്ങി ഒരു ഡസനോളം നഗരങ്ങളിൽ പൊലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലും റിപ്പോർട്ട്‌ ചെയ്‌തു. ഒരു വശത്ത്‌ അടച്ചുപൂട്ടൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ തീവ്ര വലതുപക്ഷം പ്രസിഡന്റിന്റെ പിന്തുണയോടെ സമരം നടത്തുന്ന വേളയിൽത്തന്നെയാണ്‌ മറുവശത്ത്‌ വംശീയവെറിക്കെതിരെയുള്ള പ്രതിഷേധവും ശക്തമായത്‌. അമേരിക്ക അക്ഷരാർഥത്തിൽ കത്തുകയാണെന്ന്‌ പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു.


 

ജോർജ്‌ ഫ്‌ളോയിഡ്‌ സംഭവത്തിൽ നീതി ഉറപ്പാക്കുന്നതിനുപകരം വംശീയവൈരം ആളിക്കത്തിക്കുന്ന നടപടിയാണ്‌ പ്രസിഡന്റ്‌ ട്രംപിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായിട്ടുള്ളത്‌. പ്രക്ഷോഭത്തിന്റെ പേരിൽ അരാജകത്വമാണ്‌ സൃഷ്ടിക്കപ്പെട്ടതെന്നും അവർ  കൊള്ളയാരംഭിക്കുമ്പോൾ വെടിവയ്‌പിനും തുടക്കമാകുമെന്നും ട്രംപ്‌ ഭീഷണി മുഴക്കി. കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ രാഷ്ട്രസംവിധാനത്തെ മുഴുവൻ ഉപയോഗിക്കുന്ന ട്രംപാണ്‌ നീതിക്കുവേണ്ടി അണിനിരന്നവരെ കൊള്ളക്കാരായി ചിത്രീകരിച്ചത്‌. സ്വാഭാവികമായും ജനരോഷം ആളിക്കത്തി. ട്രംപ്‌ പ്രതിനിധീകരിക്കുന്ന വെള്ളമേധാവിത്വത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി അത്‌ മാറി. കോവിഡ്‌ മഹാമാരി നേരിടുന്നതിൽ സമ്പൂർണമായി പരാജയപ്പെട്ട ട്രംപിനെതിരെയുള്ള ജനരോഷമാണ്‌ പ്രതിഷേധത്തിൽ നിഴലിക്കുന്നത്‌. കോവിഡ്‌–-19 പിടിപെട്ട്‌ ഒരു ലക്ഷത്തിലധികം പേർ മരിച്ചതിലും വർധിച്ച തൊഴിലില്ലായ്‌മയിലും ജനങ്ങൾക്കുള്ള ദുഃഖവും രോഷവും  ഈ പ്രതിഷേധത്തിൽനിന്ന്‌ വായിച്ചെടുക്കാം. നവംബറിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനെ നേരിടുന്ന ട്രംപിനെ അസ്വസ്ഥമാക്കുന്ന കാര്യങ്ങളാണ്‌ ഇതൊക്കെ. അതിനാൽ പ്രക്ഷോഭത്തെ കറുത്തവംശജരുടെ കൊള്ളയായി ചിത്രീകരിച്ച്‌ വെള്ളക്കാരുടെ വോട്ട്‌ പെട്ടിയിലാക്കാനുള്ള ശ്രമമാണ്‌ ട്രംപ്‌ നടത്തുന്നത്‌.

ജോർജ്‌ ഫ്‌ളോയിഡ്‌

ജോർജ്‌ ഫ്‌ളോയിഡ്‌


 

സൈനികമായും സാമ്പത്തികമായും ലോകത്തിലെ വൻ ശക്തിയാണ്‌ അമേരിക്കയിന്ന്‌. എന്നാൽ, അവിടത്തെ കറുത്തവംശജരും ലാറ്റിനോകളും ഇന്നും ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കയ്‌പുനീരു കുടിച്ചാണ്‌ ജീവിക്കുന്നത്‌. ഇതിനെതിരെ എണ്ണമറ്റ പ്രക്ഷോഭങ്ങൾ, സമരങ്ങൾ അമേരിക്കൻ ചരിത്രത്തിലുടനീളം കാണാൻ കഴിയും. 13 ശതമാനം വരുന്ന കറുത്തവംശജരുടെയും മറ്റ്‌ ന്യൂനപക്ഷ വിഭാഗങ്ങളുടെയും പൗരാവകാശങ്ങൾക്കും നീതിക്കും‌വേണ്ടി മാർട്ടിൻ ലൂഥർ കിങ്ങും മാൽക്കം എക്‌സും മറ്റും നടത്തിയ പോരാട്ടങ്ങൾതന്നെ ഉദാഹരണം. എന്നാൽ, ഇത്തരം പോരാട്ടങ്ങളോട്‌ അമേരിക്കൻ ഭരണാധികാരികൾ എന്നും ക്രൂരമായാണ്‌ പ്രതികരിച്ചിട്ടുള്ളത്‌. മാർട്ടിൻ ലൂഥർ കിങ്ങും മാൽക്കം എക്‌സും കൊല്ലപ്പെട്ടതുതന്നെ ഉദാഹരണം.  നഗരസൗന്ദര്യവൽക്കരണത്തിന്റെയും പശ്‌ചാത്തല സൗകര്യങ്ങളുടെയും പേരിൽ ഈ വിഭാഗം ജനങ്ങളെ ചേരികളിലേക്ക്‌ തള്ളിനീക്കുന്നതിനെതിരെയും ക്രിമിനലുകളായി മുദ്രകുത്തി ജയിലിൽ അടയ്‌ക്കുന്നതിനെതിരെയും പല ഘട്ടങ്ങളിലും പ്രക്ഷോഭങ്ങൾ ഉയർന്നുവന്നിട്ടുണ്ട്‌. റോഡ്‌നി കിങ്ങുമാരും തുർമാൻ ബെൽവിസുമാരും അതിൽ ചിലർമാത്രം.

അമേരിക്കയിൽ മാറിമാറിവന്ന ഭരണാധികാരികളൊന്നുംതന്നെ ഈ വിഭാഗം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നില്ല. അമേരിക്കൻ മുതലാളിത്തം സ്വരൂപിച്ചുകൂട്ടിയ സമ്പത്ത്‌ അടിത്തട്ടിൽ കിടക്കുന്ന ഈ ജനവിഭാഗങ്ങളുടെകൂടി ഉന്നമനത്തിനായി പങ്കുവയ്‌ക്കാൻ തയ്യാറല്ലെന്ന്‌ മാത്രമല്ല, രണ്ടാംതരം പൗരന്മാരായാണ്‌ അവർ എന്നും വീക്ഷിക്കപ്പെടുന്നത്‌. അബ്രഹാം ലിങ്കൺ ഒന്നര നൂറ്റാണ്ടുമുമ്പ്‌ നിയമപരമായി അടിമത്തം നിരോധിച്ചുവെങ്കിലും സാമൂഹ്യ–-രാഷ്ട്രീയ മണ്ഡലങ്ങളിൽ കറുത്തവംശജരോടുള്ള സമീപനത്തിൽ വലിയ മാറ്റമൊന്നും ഇന്നും ഉണ്ടായിട്ടില്ലെന്ന്‌ ജോർജ്‌ ഫ്‌ളോയിഡിന്റെ ദാരുണമായ കൊലപാതകം സാക്ഷ്യപ്പെടുത്തുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top