26 April Friday

ജനറൽ ഇൻഷുറൻസിന്റെ കഥ കഴിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


രാജ്യം കോവിഡ് മഹാമാരിക്കു നടുവിൽ നട്ടംതിരിയുകയാണ്. കോവിഡ് എന്ന്, എങ്ങനെ അവസാനിക്കുമെന്ന്‌ ഒരിടത്തും ഇനിയും വ്യക്തതയായിട്ടില്ല. ഇന്ത്യയുടെ സാമ്പത്തിക ജീവിതത്തിന്റെ എല്ലാ മേഖലയും തളർന്നു, തകർന്നു. അതിനിടെയാണ്, പെഗാസസ് ചാരവൃത്തി നാടിനെ ഞെട്ടിച്ചത്. രാജ്യത്തിന്റെ സുരക്ഷയിൽപ്പോലും ഗുരുതര പ്രത്യാഘാതമുണ്ടാകുന്ന ഈ ചാരവൃത്തിക്കെതിരെ പാർലമെന്റിന്റെ ഇരു സഭയിലും പ്രതിപക്ഷ പ്രതിഷേധത്തിന്റെ അഗ്നിജ്വാലകൾ ആളിക്കത്തുന്നു. ഇതിനിടെ, നിയമവിരുദ്ധമായി നിരന്തരം ബില്ലുകൾ പാസാക്കിയെടുക്കുന്ന തിരക്കിലാണ് കേന്ദ്ര സർക്കാർ. ജനാധിപത്യത്തിന്റെ പ്രാരംഭ ബിന്ദുക്കളായ ചർച്ചയ്‌ക്കോ മറുപടിക്കോ ഒന്നും സർക്കാർ തയ്യാറല്ല. പത്തിലേറെ ബിൽ ഇത്തരത്തിൽ പാസാക്കിയെടുത്തു. അതിൽ, ദേശതാൽപ്പര്യത്തെ അങ്ങേയറ്റം ഹനിക്കുന്ന ഒന്നാണ് ലോക്‌സഭയിൽ തിങ്കളാഴ്ച പാസാക്കിയതായി പ്രഖ്യാപിച്ച ജനറൽ ഇൻഷുറൻസ് ഭേദഗതി ബിൽ.

1972ലെ ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശസാൽക്കരണം) നിയമം ഭേദഗതി ചെയ്യുന്ന ഈ ബിൽ ജനറൽ ഇൻഷുറൻസ് മേഖല സ്വകാര്യ- വിദേശ കുത്തകകൾക്ക് തീറെഴുതുന്നതിനുവേണ്ടി ഉള്ളതാണ്. രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും ജീവനക്കാരുടെയുമെല്ലാം താൽപ്പര്യങ്ങളെ അവഗണിച്ചാണ് സർക്കാരിന്റെ നീക്കം.

1972ലെ ജനറൽ ഇൻഷുറൻസ് നിയമപ്രകാരം ജനറൽ ഇൻഷുറൻസ് കമ്പനികളിൽ സർക്കാരിന് ഭൂരിപക്ഷ ഓഹരി ഉടമസ്ഥാവകാശം നിർബന്ധം. അപ്പോൾ, ഈ കമ്പനികൾ സ്വകാര്യമേഖലയ്‌ക്ക് കൈമാറണമെങ്കിൽ നിലവിലുള്ള നിയമത്തിലെ വ്യവസ്ഥ തടസ്സമാണ്. അതൊഴിവാക്കാനാണ്, മഹാമാരിയെപ്പോലും അവഗണിച്ച് തിരക്കിട്ട് ബിൽ കൊണ്ടുവന്നത്. കോവിഡ് കാലത്ത് പ്രഖ്യാപിച്ച സർക്കാരിന്റെ ‘ആത്മനിർഭർ' പാക്കേജുതന്നെ പൊതുമേഖലയുടെ വില്പനയ്‌ക്ക് വേണ്ടിയായിരുന്നല്ലോ.

നിർമല സീതാരാമന്റെ 2021-–-22 ബജറ്റിലും ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നിന്റെ സ്വകാര്യവൽക്കരണം നടപ്പു സാമ്പത്തികവർഷംതന്നെ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വകാര്യവൽക്കരണം എന്നൊക്കെ പറഞ്ഞാൽ വിൽപ്പനതന്നെ. നാല്‌ ജനറൽ ഇൻഷുറൻസ് കമ്പനിയിലൊന്നായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി വിറ്റഴിക്കാനാണ് തിരക്കിട്ട നീക്കം. 2019–--20ലെ ബജറ്റിൽ നാല് ജനറൽ ഇൻഷുറൻസ് കമ്പനിയെയും ലയിപ്പിച്ച് എൽഐസിപോലെ വലിയ സ്ഥാപനമാക്കുമെന്നാണ് പറഞ്ഞിരുന്നത്. പിറ്റേ വർഷമായപ്പോഴേക്കും അത് സ്വകാര്യവൽക്കരണമെന്ന് മാറ്റി പ്രഖ്യാപിച്ചു. തുടർന്ന് ശുപാർശ നൽകാൻ നിതി ആയോഗിനെ ചുമതലപ്പെടുത്തി. അവരുടെ ആദ്യപരിഗണനതന്നെ സ്വകാര്യവൽക്കരണവും വിൽപ്പനയുമായിരുന്നു.

എൽഐസി നിലവിൽ വന്ന് 15 വർഷത്തിനുശേഷം 1971ലാണ് രാജ്യത്ത് നിലവിലുണ്ടായിരുന്ന ജനറൽ ഇൻഷുറൻസ് ബിസിനസ് ദേശസാൽക്കരിച്ചത്. ആദ്യം ഓർഡിനൻസ്, തുടർന്ന് 1972ൽ ജനറൽ ഇൻഷുറൻസ് ബിസിനസ് ആക്ട് നിലവിൽ വന്നു. 107 ഇൻഷുറൻസ് കമ്പനിയാണ് ദേശസാൽക്കരിക്കപ്പട്ടത്. ജനറൽ ഇൻഷുറൻസ് കോർപറേഷനും അതിനു കീഴിൽ നാല് ജനറൽ ഇൻഷുറൻസ് കമ്പനിയും ഉണ്ടായത് അങ്ങനെയാണ്. നവലിബറൽ സാമ്പത്തിക നയങ്ങൾക്ക് തുടക്കംകുറിച്ച തൊണ്ണൂറുകൾമുതൽ ഈ ഇൻഷുറൻസ് സ്ഥാപനങ്ങളെ വിൽക്കാനും സ്വകാര്യവൽക്കരിക്കാനും തുടർച്ചയായ ശ്രമം നടന്നു. അതിന്റെ മറ്റൊരു ഘട്ടമാണ് ഇപ്പോൾ അരങ്ങേറുന്നത്.

ഇന്ത്യയിലെ ജനറൽ ഇൻഷുറൻസ് ബിസിനസിൽ വലിയ പങ്കാളിത്തമുള്ള നാല്‌ സ്ഥാപനവും സർക്കാരിൽനിന്ന് ഒരു ഫണ്ടും വാങ്ങാതെയാണ് മികച്ച നിലയിൽ പ്രവർത്തിക്കുന്നത്. നല്ല ലാഭവിഹിതമുണ്ടാക്കുകയും ചെയ്യുന്നു. നാല്‌ ഇൻഷുറൻസ് കമ്പനിയുടെ പ്രീമിയം വരുമാനം 2019–-20ൽ 73,263 കോടി രൂപയും 2020–--21ൽ 71,826 കോടി രൂപയുമാണ്. ഇവയെ സ്വകാര്യവൽക്കരിക്കുന്നത് സമ്പദ് വ്യവസ്ഥയ്‌ക്കും രാജ്യത്തിനും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ക്ലെയിമുകൾ എങ്ങനെയും നൽകാതിരിക്കാനും പ്രീമിയം തുക കൂട്ടാനുമാണ് സ്വകാര്യകമ്പനികൾ എപ്പോഴും ശ്രമിക്കുന്നത്. ദേശസാൽക്കരണത്തെതുടർന്ന് ജനറൽ ഇൻഷുറൻസ് കമ്പനികൾ വ്യാപകമായി ഒരുക്കിയ സുരക്ഷാ കവചങ്ങളും ഇല്ലാതാകും.

ഇതിനൊപ്പംതന്നെ, പൊതുമേഖലയിൽ രാജ്യത്തെ വൻകിട ധനസേവന സ്ഥാപനമായ എൽഐസിയെയും തകർക്കാൻ നീക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 13 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകുന്ന, 31 ലക്ഷം കോടിയിലേറെ രൂപയുടെ ആസ്തിയുള്ള, 2500 കോടിയിലേറെ രൂപ വാർഷിക ലാഭവിഹിതം നൽകുന്ന എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപ്പനയ്‌ക്ക് അതിവേഗ നടപടി മുന്നേറുകയാണ്. പ്രാഥമിക ഓഹരിവിൽപ്പന നടപ്പ്‌ ധനവർഷത്തിന്റെ അവസാനപാദത്തിൽ തുടങ്ങാൻ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നൽകിയിട്ടുണ്ട്‌. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ ധനസേവന സ്ഥാപനമാണ് എൽഐസി. അതും സ്വകാര്യമേഖലയ്‌ക്ക് കൊടുക്കുന്നു.

എൽഐസി വെറും ഇൻഷുറൻസ് സ്ഥാപനമല്ല. ജനങ്ങളുടെ പണം നാടിന്റെ സാമ്പത്തിക പുരോഗതിക്കായി ഉപയോഗിക്കാൻ മുന്നിൽ നിൽക്കുന്നൊരു സ്ഥാപനമാണ്‌ അത്. സർക്കാരിന് കോടിക്കണക്കിനു രൂപ നൽകുന്ന എൽഐസി ഒട്ടേറെ സ്ഥാപനത്തെ നിലനിർത്താനും പണം നൽകിയിട്ടുണ്ട്. ഇതിനെയും സ്വകാര്യവൽക്കരിക്കുകയെന്നാൽ പൊൻമുട്ടയിടുന്ന താറാവിനെ കൊല്ലുകയെന്നാണർഥം. ഇൻഷുറൻസ് മേഖലയിൽ 74 ശതമാനം വിദേശ നിക്ഷേപം നേരത്തേ അനുവദിച്ചിരുന്നു. അതിന്റെ തുടർച്ചയാണ് ശക്തമായ സ്വകാര്യവൽക്കരണ നീക്കം. ഫലത്തിൽ, ജനറൽ ഇൻഷുറൻസ് അടക്കം പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥ കഴിക്കാനാണ് കേന്ദ്ര സർക്കാർ ഒരുമ്പെടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top