27 April Saturday

കോവിഡിലും മികവോടെ പൊതുവിദ്യാഭ്യാസ മേഖല

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021


കോവിഡ് കാലത്ത് വിദ്യാർഥികളും വിദ്യാഭ്യാസവുമായുള്ള അകലം ഡിജിറ്റൽ പഠനത്തിലൂടെ ഇല്ലാതാക്കിയ ഏക സംസ്ഥാനം കേരളമാണ്‌. സ്‌കൂളുകളിൽ ദൈനംദിന പഠനം സാധ്യമായിരുന്നില്ലെങ്കിലും ഡിജിറ്റൽ പഠനത്തിലും പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നതിലും കോവിഡ്‌ കാലത്ത്‌ വിദ്യാഭ്യാസവകുപ്പ്‌ രാജ്യത്തിനാകെ മാതൃകയായി. കേരളത്തിലെ ഓൺലൈൻ വിദ്യാഭ്യാസം ഏറ്റവും മികച്ചതാണെന്ന്‌ കേന്ദ്ര സർക്കാരിന്റെയും നിതി ആയോഗിന്റെയും അംഗീകാരവും സാർവത്രികമായ അഭിനന്ദനവും നേടി. ഡിജിറ്റൽ പഠനത്തിന്‌ സംസ്ഥാന സർക്കാരും വിവിധ ഏജൻസിയും സന്നദ്ധസംഘടനകളും സഹകരിച്ചതോടെ എല്ലാ കുട്ടികൾക്കും ടിവി, മൊബൈൽ ഫോൺ എന്നിവയുൾപ്പെടെയുള്ള പഠനോപകരണങ്ങൾ ലഭ്യമാക്കാനായി. ഗുണനിലവാരം കുറഞ്ഞ പഠനോപകരണങ്ങളുള്ള നാലേമുക്കാൽ ലക്ഷത്തോളം വിദ്യാർഥികൾക്ക്‌ ലാപ്‌ടോപ്‌, ക്രോംബുക്ക്‌, ടാബ്‌ലെറ്റ്‌ എന്നിവ നൽകാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്‌. വിദ്യാകിരണം പദ്ധതിവഴി പഠനോപകരണം വാങ്ങാനുള്ള ഓർഡർ രണ്ടാഴ്‌ചയ്‌ക്കകം നൽകും. 1000 കോടിയോളം ചെലവുവരുന്ന പദ്ധതിയാണ്‌ ഇത്‌.

സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണവും സ്‌കൂളുകൾ ഹൈടെക്‌ ആക്കുന്നതിനുള്ള പ്രവർത്തനങ്ങളും കോവിഡ്‌ കാലത്ത്‌ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ സാധിച്ചു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ 5000 കോടിയിലേറെ രൂപയാണ്‌ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾക്കായി ചെലവഴിച്ചത്‌. രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി 92 സ്കൂൾ കെട്ടിടം, 48 ഹയർ സെക്കൻഡറി ലാബ്‌, മൂന്ന്‌ ലൈബ്രറി എന്നിവ പൂർത്തിയാക്കി. ഇവയുടെ ഉദ്‌ഘാടനം ചൊവ്വാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇത്രയും കെട്ടിടങ്ങൾ ഒരുമിച്ച് ഉദ്ഘാടനം ചെയ്യുന്നത്‌ ആദ്യമാണ്‌. 107 സ്കൂൾ കെട്ടിടത്തിന്റെ നിർമാണവും ആരംഭിക്കും.

കോവിഡ്‌ കാലത്തും അതിനുമുമ്പും എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ സമാനതകളില്ലാത്ത നൂതനപദ്ധതികളും സ്‌കൂളുകളെ ഹൈടെക്‌ ആക്കിയത്‌ ഉൾപ്പെടെയുള്ള നടപടികളും പൊതുവിദ്യാഭ്യാസ സംവിധാനത്തിൽ കാതലായ മാറ്റംവരുത്തി. മറ്റൊരു സംസ്ഥാനത്തും കാണാനാകാത്തവിധത്തിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയത്‌ കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ആകർഷകമാക്കി. താഴ്‌ന്ന വരുമാനക്കാരുടെ മക്കൾ മാത്രമല്ല, എല്ലാ തട്ടിലുമുള്ളവരുടെ കുട്ടികളും ഇന്ന്‌ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നു. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച വിദ്യാഭ്യാസം ലഭിക്കുമെന്ന ഉറപ്പ്‌ എല്ലാവരുടെ മനസ്സിലും പതിഞ്ഞു. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ 10 വരെയുള്ള ക്ലാസിൽ ഈ അധ്യയനവർഷം പുതുതായി 2,24,642 വിദ്യാർഥികൾ എത്തിയെന്നത്‌ എടുത്തുപറയേണ്ടതാണ്‌. 2017–-18 മുതൽ 20–-21 വരെ നാലു വർഷത്തിനിടയിൽ വിവിധ ക്ലാസിലായി 6.8 ലക്ഷം വിദ്യാർഥികളാണ്‌ അധികമായി എത്തിയിരുന്നത്‌. കഴിഞ്ഞവർഷം ഒന്നാം ക്ലാസിൽ 2,76,932 കുട്ടികൾ ആയിരുന്നെങ്കിൽ ഈവർഷം 3,05,414 ആയി. റെക്കോഡ്‌ വർധനയാണ്‌ ഇത്‌. കോവിഡ്‌ കാലത്തും മികച്ച അടിസ്ഥാനസൗകര്യം ഏർപ്പെടുത്തിയതും എല്ലാവർക്കും ഡിജിറ്റൽ പഠനം ഉറപ്പുവരുത്തിയതുമാണ്‌ നേട്ടത്തിനു പിന്നിൽ.

ഒന്നരവർഷമായി സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്‌. അനുകൂല സാഹചര്യം വന്നാൽ സ്‌കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ്‌ സർക്കാർ തുടങ്ങി. അതിന്റെ ഭാഗമായി അധ്യാപക നിയമനങ്ങൾ പൂർത്തിയാക്കി. വാക്‌സിൻ എടുക്കാത്ത അധ്യാപകർക്ക് വാക്സിൻ നൽകുന്നതിൽ മുൻഗണനയുണ്ട്‌. വിദഗ്‌ധരുടെ അഭിപ്രായംകൂടി പരിഗണിച്ച്‌ സ്‌കൂൾ തുറക്കുന്ന തീയതി തീരുമാനിക്കും. സാധാരണ ക്ലാസുകൾ ഇല്ലാത്തിനാൽ കുട്ടികളിൽ ഉണ്ടാകാനിടയുള്ള പഠനവിടവ് പരിഹരിക്കുന്നതിനാവശ്യമായ പിന്തുണ വിദ്യാഭ്യാസ വകുപ്പിലെ ഏജൻസികളുടെ കൂട്ടായ്മ നൽകും. ഇതിനാവശ്യമായ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകുന്നു. കോവിഡ്‌ കാലത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ അനുഭവങ്ങൾ ഭാവിയിലേക്ക്‌ വഴികാട്ടിയാകും. കോവിഡ്‌ പടരുന്നതിനിടയിലും പൊതുപരീക്ഷകളും ബോർഡ് പരീക്ഷകളും നടത്തി കൃത്യസമയത്ത്‌ ഫലം പ്രഖ്യാപിച്ച ഏക സംസ്ഥാനവും കേരളമാണ്‌ എന്നതിൽ അഭിമാനിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top