29 March Friday

ഇനി ഒരുങ്ങുന്നത് ഒരു മാതൃകാ സ്കൂൾ വർഷം

വെബ് ഡെസ്‌ക്‌Updated: Thursday Mar 7, 2019


വിദ്യാഭ്യാസമേഖല എങ്ങനെ ആയിരിക്കരുത്‌ എന്നതിന്‌ മാതൃക സൃഷ്ടിച്ചായിരുന്നു കഴിഞ്ഞ യുഡിഎഫ്‌ സർക്കാരിന്റെ പടിയിറക്കം. ഇന്ന്‌ 1000 ദിനങ്ങൾ കൊണ്ടുതന്നെ എൽഡിഎഫ്‌ സർക്കാർ ഈ രംഗത്ത്‌ ബദൽ മാതൃക സൃഷ്ടിക്കുകയാണ്‌. പൊതുവിദ്യാഭ്യാസ മേഖലയിൽ ഈ സർക്കാർ കൈവരിച്ച നേട്ടങ്ങൾ കണക്കിലും രേഖകളിലുമല്ല; കൺമുന്നിലാണ്‌. വിദ്യാഭ്യാസ മികവിൽ എന്നും ഇന്ത്യക്ക‌് ഒരു ചുവടുമുന്നിൽ നടന്ന കേരളം ഇന്ന്‌ കൂടുതൽ ചുവടുകൾ മുന്നേറുന്ന കാഴ്‌ചയാണ്‌ കാണുന്നത്‌. സ്കൂൾ വിദ്യാഭ്യാസമേഖലയിലെ ഈ മാറ്റങ്ങളിൽ ഒടുവിലേത്തതാണ് അടുത്ത അധ്യയനവർഷത്തെ മുഴുവൻ വിദ്യാഭ്യാസപ്രവർത്തനങ്ങളും മുൻകൂട്ടി ആസൂത്രണം ചെയ്‌തുള്ള സർക്കാർ നീക്കം.

വിദ്യാഭ്യാസമേഖലയിലെ നേട്ടങ്ങളൊക്കെ മുങ്ങിത്താഴുന്നതായിട്ടാണ്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണത്തിൽ കേരളം കണ്ടത്‌. ആദായകരവും  അനാദായകരവുമെന്ന കച്ചവട ഭാഷയിൽ സ്‌കൂളുകൾ വേർതിരിക്കപ്പെട്ടു. ഭൗതിക സാഹചര്യം ഒരുക്കാതെയും അധ്യാപകരെ നിയമിക്കാതെയും സ്‌കൂൾ വിദ്യാഭ്യാസമേഖല തകർച്ചയിലെത്തി. പല പ്രൈമറി സ്‌കൂളുകളും അടച്ചുപൂട്ടി. പാഠപുസ്‌തകം കിട്ടാതെ കുട്ടികൾ തെരുവിൽ സമരത്തിനിറങ്ങേണ്ടിവന്ന വർഷങ്ങൾ. ഓണപ്പരീക്ഷയ്‌ക്കുശേഷം മാത്രമാണ്‌ ഒന്നുമുതൽ 10 വരെ വിദ്യാർഥികൾക്ക്‌ പുസ്‌തകം കിട്ടിയത്‌. എസ്‌എസ്‌എൽസി ഫലംപോലും അവതാളത്തിലായി. ഭരണത്തിന്റെ അവസാനവർഷം ഫലം വന്നത്‌ നാലു തവണയായാണ്‌. പരീക്ഷ എഴുതാത്തവർപോലും ജയിച്ചതായി വന്നു.

ഭരണത്തിന്റെ ആദ്യവർഷത്തിൽ പാഠപുസ്‌തകം അച്ചടിയിലും മറ്റും ചില പ്രശ്‌നങ്ങൾ എൽഡിഎഫ് സർക്കാരും നേരിട്ടു. മുൻഭരണം തകർത്തിട്ട ഔദ്യോഗിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നതിൽ ബുദ്ധിമുട്ടുണ്ടായി. എന്നാൽ, എല്ലാം  എത്രയുംപെട്ടെന്നു  തന്നെ പരിഹരിച്ച്‌ അതീവ ചിട്ടയോടെ കാര്യങ്ങൾ നീങ്ങിത്തുടങ്ങി. അടുത്ത അധ്യയന വർഷത്തേക്കാകട്ടെ എല്ലാ മുന്നൊരുക്കങ്ങളും ഇപ്പോഴേ പൂർത്തിയായി. പാഠപുസ്‌തകങ്ങൾ അച്ചടി പൂർത്തിയാക്കി സ്‌കൂളുകളിൽ എത്തിച്ചുകഴിഞ്ഞു. സ്‌കൂൾ അടയ്‌ക്കും മുമ്പുതന്നെ അടുത്തവർഷത്തെ പുസ്‌തകങ്ങൾ കുട്ടികളിലുമെത്തി. അധ്യാപകരുടെ പൊതുസ്ഥലംമാറ്റവും നേരത്തെ  നടപ്പാക്കി.

ഇതിനെല്ലാം പുറമെയാണ് 2019-–-20 അധ്യയനവർഷത്തെ വിദ്യാഭ്യാസ പ്രവർത്തനത്തിനാകെ മുൻകൂട്ടി രൂപംനൽകിയിരിക്കുന്നത്. ഗുണനിലവാരം മെച്ചപ്പെടുത്തൽ സമിതി  ഇതിനുവേണ്ട നിർദേശങ്ങൾ നൽകി കഴിഞ്ഞു. വിദ്യാഭ്യാസ കലണ്ടർ അംഗീകരിക്കപ്പെട്ടു. എത്ര അധ്യയനദിനങ്ങൾ എന്നതിൽ തീരുമാനമായി. ഓണാവധിയും ക്രിസ്‌മസ്‌ അവധിയും മാത്രമല്ല ഓണപ്പരീക്ഷയും ക്രിസ്‌മസ്‌ പരീക്ഷയും എന്നുമുതൽ എന്നുവരെ എന്ന്‌  അടയാളപ്പെടുത്തി കഴിഞ്ഞു. ഒപ്പം കലോത്സവങ്ങൾക്കും കായികോത്സവങ്ങൾക്കും തീയതികളായി. മികച്ച ആസൂത്രണത്തോടെ തികഞ്ഞ ചിട്ടയോടെ ഒരു അധ്യയനവർഷത്തെ നേരിടാനുള്ള ഒരുക്കങ്ങളാണ്‌ പൂർത്തിയാകുന്നത്‌.

സ്‌കൂളുകളുടെ ആഭ്യന്തരസൗകര്യം മെച്ചപ്പെടുത്തലും മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്തവിധം മുന്നേറുന്നു. പഴയ സ്‌കൂൾ കെട്ടിടങ്ങൾ അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയെന്ന പതിവുരീതിയല്ല ഇക്കാര്യത്തിൽ  സർക്കാർ സ്വീകരിച്ചത്‌. അത്യാധുനിക രീതിയിൽ തന്നെ പല സ്‌കൂളുകളും പുതുക്കിപ്പണിതു.  ഈ സ്‌കൂളുകളിലൊക്കെ വിദ്യാർഥിനി സൗഹൃദ മുറികൾ പണിത്‌ ഈ മേഖലയിലും സ്‌ത്രീപക്ഷ  നിലപാട്‌ സർക്കാർ പിന്തുടരുന്നു. പൂർവ വിദ്യാർഥികളുടെയും വിദ്യാലയത്തിനു ചുറ്റുമുള്ള സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹായത്തോടെയാണ് ഇതെല്ലാം നടപ്പായത്.  സാങ്കേതിക വിദ്യയുടെ മികവ്‌ പ്രയോജനപ്പെടുത്തി ക്ലാസ്‌മുറികൾ ഹൈടെക്‌ ആക്കുന്ന നടപടികളും അതിവേഗം നീങ്ങുന്നു. 45,000 ക്ലാസ്‌ മുറികൾ ഇതിനകംതന്നെ ഡിജിറ്റലാക്കി കഴിഞ്ഞു. അടുത്ത അധ്യയനവർഷത്തോടെ മുഴുവൻ സ്‌കൂളുകളും ഹൈടെക്‌ ആക്കാനുള്ള പരിശ്രമത്തിലാണ്‌ സർക്കാരെന്ന്‌ വിദ്യാഭ്യാസ മന്ത്രി  സി രവീന്ദ്രനാഥ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അധ്യാപക പരിശീലനത്തിനെതിരെ ചില അധ്യാപക സംഘടനകൾ എതിർപ്പുയർത്തിയെങ്കിലും ഭൂരിപക്ഷം അധ്യാപകരും സഹകരിക്കുന്നു.

മൂന്നുകൊല്ലം മുമ്പത്തെ ഇരുളിന്റെ നാളുകൾ കേരളത്തിലെ സ്‌കൂൾ വിദ്യാഭ്യാസമേഖല മറന്നുതുടങ്ങുകയാണ്‌. സർക്കാർ സ്‌കൂളുകളും എയ്ഡഡ്‌ സ്‌കൂളുകളും കൂടുതൽ സ്വീകാര്യത നേടുകയാണ്‌. അധ്യയനത്തിന്റെ നിലവാരം ഉയർത്താനുള്ള ശ്രമങ്ങളും സജീവമാണ്‌. ഒരേസമയം ഭൗതിക സാഹചര്യങ്ങൾ ഉൾപ്പെടുത്തുകയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അധ്യയന നിലവാരം ഉയർത്തുകയും ചെയ്യാനുള്ള സർക്കാർ ശ്രമങ്ങൾ നമ്മുടെ സ്‌കൂൾ വിദ്യാഭ്യാസമേഖലയെ ഇനിയും ഉയരത്തിലേക്ക്‌ നയിക്കുമെന്ന്‌ പ്രതീക്ഷിക്കാം. അധ്യയനദിനങ്ങളും അവധി ദിനങ്ങളും കലോത്സവ തീയതികളും മുൻകൂട്ടി പ്രഖ്യാപിച്ചുകൊണ്ട്‌ ആരംഭിക്കുന്ന അടുത്ത അധ്യയനവർഷം ഒരു മാതൃകാ സ്‌കൂൾ വർഷമാകുമെന്ന്‌ കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top