19 April Friday

മികവാർന്ന അധ്യയന വർഷത്തിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023


അടിസ്ഥാനസൗകര്യങ്ങളുടെ അഭാവങ്ങൾ അലട്ടാതെ, സംഘർഷരഹിതമായ അന്തരീക്ഷത്തിൽ, ആത്മവിശ്വാസം നിറഞ്ഞ പുതു അധ്യയനവർഷം പ്രതീക്ഷയിൽ നിറച്ച്‌ സംസ്ഥാനത്തെ സകൂൾ വാർഷിക പരീക്ഷകൾക്ക്‌ വ്യാഴാഴ്‌ച വിരാമമായി. കൊട്ടിക്കലാശത്തിന്റെ അതിരുവിട്ട ആഹ്ലാദങ്ങൾ സംസ്ഥാനത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കഴിഞ്ഞവർഷം ഉണ്ടാക്കിയ ചില പ്രശ്‌നങ്ങൾപോലും ഇക്കുറി കണ്ടില്ലെന്നത്‌ എടുത്തുപറയേണ്ടതാണ്‌. അധ്യാപക–- രക്ഷാകർതൃ സമിതികളും പൊലീസും  വിദ്യാർഥി സംഘടനകളും അതീവ ജാഗ്രത പാലിച്ചതിനാലാണ്‌ ഇത്‌. തുടർന്ന്‌ സ്‌കൂളുകൾ വെള്ളിയാഴ്‌ച അടച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളാണ്‌ അവസാനം കഴിഞ്ഞത്‌. എസ്‌എസ്‌എൽസി പരീക്ഷ ബുധനാഴ്‌ച സമാപിച്ചു. വെള്ളിയാഴ്‌ചയും വിദ്യാർഥികൾ  കലാലയങ്ങളിൽ എത്തി.  ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽപ്പെട്ട ബാക്കിയുള്ള അഞ്ചുകിലോ അരി അവർ  കൈപ്പറ്റുകയും ചെയ്‌തു. അധ്യാപകരും ഹാജരാകുകയുണ്ടായി.

കുട്ടികൾ അധ്യാപകരുമായി പരീക്ഷാനുഭവങ്ങൾ വിമർശപരമായി പങ്കുവച്ചു. ഏറെക്കുറെ എല്ലാ വിഷയവും വിദ്യാർഥികൾക്ക്‌  മികച്ച ആത്മവിശ്വാസം നൽകിയതായാണ്‌ വിദഗ്‌ധരുടെ കണക്കുകൂട്ടൽ. ആ പശ്ചാത്തലത്തിൽ  മികവാർന്ന  ജയപ്രതീക്ഷയിലാണ്‌ വിദ്യാർഥികൾ.
എസ്‌എസ്‌എൽസി–- പ്ലസ്‌ടു പരിശോധനാ  ക്യാമ്പുകൾ സംസ്ഥാനത്തെ 70 കേന്ദ്രത്തിൽ ഏപ്രിൽ മൂന്നിന്‌ ആരംഭിക്കും. 26ന്‌ അവസാനിക്കും. മൂല്യനിർണയത്തിന്‌ 18,000 അധ്യാപകരെ നിയോഗിച്ചിട്ടുണ്ട്‌.  ക്യാമ്പുകൾക്ക് സമാന്തരമായി ടാബുലേഷൻ ഏപ്രിൽ അഞ്ചുമുതൽ പരീക്ഷാഭവനിൽ തുടങ്ങും. ഹയർ സെക്കൻഡറി മൂല്യനിർണയം ഏപ്രിൽ മൂന്നുമുതലാണ്‌. മെയ് ആദ്യവാരംവരെ തുടരും. 80 കേന്ദ്രത്തിലായി 25,000 അധ്യാപകരെയാണ്‌ ഒരുക്കിയിട്ടുള്ളത്‌. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് കേന്ദ്രത്തിൽ 3500 അധ്യാപകരെ നിയമിക്കുകയുംചെയ്‌തു. രണ്ടു വിഭാഗം ഫലവും മെയ്‌ ഇരുപതിനകം പുറത്തിറക്കും. തസ്‌തിക നിർണയത്തിൽ ജോലിക്ക്‌ പുറത്താകുന്ന 71 ഹയർ സെക്കൻഡറി  ജൂനിയർ ഇംഗ്ലീഷ്‌ അധ്യാപകരെ സംരക്ഷിച്ചുള്ള ഉത്തരവും വന്നുകഴിഞ്ഞു. അതിന്റെ ഭാഗമായി പരീക്ഷാ ചുമതലയുള്ള ഇടങ്ങളിൽനിന്ന്‌ അവരെ നിലവിലെ സ്‌കൂളുകളിലേക്ക്‌ അയച്ചിരുന്നു. അവധിവേളയിൽ എൽഎസ്‌എസ്‌, യുഎസ്‌എസ്‌ തുടങ്ങിയ പരീക്ഷകൾക്ക്‌ സ്‌കൂളുകൾ നിർബന്ധിത പരിശീലനം നൽകരുതെന്ന്‌ ബാലാവകാശ കമീഷൻ കർശനമായി നിർദേശിച്ചിട്ടുണ്ട്‌.

വെള്ളിയാഴ്‌ച അവസാനിച്ച  സാമ്പത്തികവർഷത്തിൽ പൊതുവിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാനസൗകര്യ വിപുലീകരണത്തിന്‌ സർക്കാർ 246 കോടി രൂപയുടെ ഭരണാനുമതി നൽകിയതും ശ്രദ്ധേയമാണ്‌. 174 സ്കൂളിൽ കെട്ടിടം പണിക്ക്‌ 206 കോടിയും ഹൈസ്‌കൂൾതലംവരെ 130 കെട്ടിടത്തിന്‌ 152 കോടിയും ചെലവിട്ടു. ഹയർ സെക്കൻഡറിയിൽ 41 കോടി മുടക്കി 32 കെട്ടിടത്തിനും വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിൽ 13 കോടി മുടക്കി 12 കെട്ടിടത്തിനും അനുമതി നൽകി. 159 സ്കൂൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് 15 കോടിയാണ്‌ നീക്കിവച്ചത്‌.

അടിസ്ഥാനസൗകര്യം ഉറപ്പിക്കാൻ 163 സ്കൂളിന്‌ 25 കോടിയുടെ ഭരണാനുമതിയും  നൽകി. അവധിക്കാലം ആരംഭിക്കുംമുമ്പേ പുതിയ അധ്യയനവർഷത്തെ പാഠപുസ്‌തകങ്ങളും യൂണിഫോമും എത്തിച്ചത്‌ വൻനേട്ടമാണ്‌. ഒന്നാം ക്ലാസുമുതൽ എട്ടുവരെയുള്ള  38 ലക്ഷം വിദ്യാർഥികൾക്ക്‌ അതിന്റെ പ്രയോജനം ലഭിക്കും. പാഠപുസ്തക വിതരണം സൗജന്യമാണ്‌. 100 കോടി രൂപയിലധികമാണ്‌ അതിന്റെ ചെലവ്‌.
വീർപ്പുമുട്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വിദ്യാഭ്യാസരംഗത്ത്‌ വിവിധ സഹായ പദ്ധതികളാണ്‌ എൽഡിഎഫ്‌ നടപ്പാക്കിയത്‌. എന്നാൽ, അറിവിൻമേഖലയിലും മോദി ഭരണം പലവിധ പ്രതിബന്ധങ്ങൾ സൃഷ്‌ടിച്ചു. സ്‌കൂൾ  ഉച്ചഭക്ഷണ പാചകക്കാരുടെ ഓണറേറിയം കൂട്ടണമെന്ന കേരളത്തിന്റെ ആവശ്യം തീർത്തും നിരാകരിക്കുകയായിരുന്നു. മാർഗരേഖ അനുസരിച്ച്‌ മാസം 1000 രൂപ നിരക്കിൽ കൊല്ലത്തിൽ 10 മാസം ഓണറേറിയം അനുവദിക്കാനാണ് ചട്ടമെന്ന സാങ്കേതികത ആവർത്തിക്കുകമാത്രമാണ്‌ കേന്ദ്രം. അതിൽ 600 രൂപ കേന്ദ്രവും 400 സംസ്ഥാനവും വഹിക്കണമെന്നാണ്‌ വ്യവസ്ഥ. മാസം 23 അധ്യയന ദിവസമാണെങ്കിൽ കേന്ദ്രംവക ദിവസം 26 രൂപമാത്രം. എൽഡിഎഫ്‌ സർക്കാർ അഞ്ചുവട്ടം വിഹിതം ഗണ്യമായി വർധിപ്പിച്ചതടക്കം ബദൽ നയത്തിന്റെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top