27 April Saturday

പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ 
പുതിയ മാതൃക

വെബ് ഡെസ്‌ക്‌Updated: Thursday Nov 10, 2022


കേരളത്തിലെ വിദ്യാഭ്യാസമേഖല രാജ്യത്തിനാകെ മാതൃകയാണ്‌. പൊതു–- ഉന്നത വിദ്യാഭ്യാസമേഖലയിൽ  കൈവരിച്ച നേട്ടങ്ങളും പുരോഗതിയും അത്ഭുതാവഹവും. ഈ രംഗത്ത്‌ നാം നൽകുന്ന പരിഗണനയും ശ്രദ്ധയും സാമൂഹ്യ പുരോഗതിയിലേക്കുള്ള വലിയ ചുവടുകളാണ്‌.  സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും മികച്ച വിദ്യാഭ്യാസ സൗകര്യം ലഭ്യമാക്കുന്നതിന്‌ നമുക്ക്‌ കഴിഞ്ഞു.  വിജ്ഞാന സമ്പാദനം, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം നേടുന്നതിനുള്ള അവസരം, ജനപങ്കാളിത്തം, ഭരണപ്രക്രിയ എന്നിവയിലെല്ലാം കേരളം മുന്നിലാണ്‌. കഴിഞ്ഞ ആറു വർഷത്തിനിടെ പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടായ  അടിസ്ഥാനസൗകര്യ വികസനം റെക്കോഡാണ്‌. എൽഡിഎഫ്‌ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന ഈ പ്രവർത്തനങ്ങൾ വൻമാറ്റങ്ങളാണ്‌ സൃഷ്ടിച്ചത്‌.

കോവിഡ് മഹാമാരിക്കാലത്ത്‌  പ്രതിസന്ധികളെ അതിജീവിച്ച്‌ കേരളം നടത്തിയ  വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ലോകശ്രദ്ധ പിടിച്ചുപറ്റി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020 –-21ലെ പെർഫോമൻസ് ഗ്രേഡിങ് ഇൻഡക്സിൽ 928 സ്‌കോറോടെ കേരളം ഒന്നാമത്‌ എത്തിയത്‌ മികവ്‌ വ്യക്തമാക്കുന്നു.  2017 മുതൽ നമ്മൾ ഈ ഗ്രേഡിങ്ങിൽ മുന്നിലുണ്ട്‌. 

ബോധനരീതിയിലും പാഠ്യപദ്ധതിയിലും മാതൃകാപരവും ഗുണപരവുമായ മാറ്റങ്ങൾക്ക്‌  തുടക്കംകുറിച്ചിട്ടുള്ളത്‌ കേരളമാണ്‌. വിജ്ഞാന വിസ്‌ഫോടനത്തിന്റെയും അറിവിന്റെ കുത്തൊഴുക്കിന്റെയും കാലമാണ്‌ ഇത്‌.  ഇതിനൊപ്പം ശരിയായ വഴിക്ക്‌ നീങ്ങാനും പുതിയ കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും വിദ്യാർഥികളെ പ്രാപ്‌തരാക്കേണ്ടതുണ്ട്‌. പ്രത്യേകിച്ച്‌ കേരളം  വിജ്ഞാന സമ്പദ്‌‌വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക്‌  നീങ്ങുന്ന അവസരത്തിൽ. അതുകൊണ്ടുതന്നെ പാഠ്യപദ്ധതി പരിഷ്‌കരണം അനിവാര്യവും. സമഗ്രമായ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണം സമൂഹത്തിന്റെയാകെ പങ്കാളിത്തത്തോടെ തയ്യാറാക്കാൻ വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സർക്കാരും തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്‌. വിപുലമായ തയ്യാറെടുപ്പുകൾ ഇതിന്റെ ഭാഗമായി പൂർത്തിയാക്കി. അറിവിന്റെ  നാനാമേഖലകളിൽ ഉണ്ടായ വളർച്ചയും വികാസവും പരിഗണിച്ചാകും പുതിയ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുക. വിദ്യാർഥികളിൽ സാമൂഹ്യബോധവും നീതിബോധവും ശാസ്‌ത്രബോധവും മതനിരപേക്ഷതയും ലക്ഷ്യബോധവുമെല്ലാം കൂടുതൽ വളർത്തുന്നതാകും ഇത്‌.  തൊഴിൽ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ കഴിയുന്നരീതിയിൽ തൊഴിൽ വിദ്യാഭ്യാസത്തെ കൂടുതൽ  പാഠ്യപദ്ധതിയുമായി കോർത്തിണക്കാനുമാകണം.


 

സ്‌കൂൾ വിദ്യാഭ്യാസ സമീപനം, ഉള്ളടക്കം, ബോധനരീതി, വിനിമയം, മൂല്യനിർണയം തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്ന സാമൂഹ്യരേഖയാണ്‌ പാഠ്യപദ്ധതി. പൊതുസമൂഹത്തിന്റെ നിർദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കാൻ വിപുലമായ ജനകീയ ചർച്ചകളാണ്‌ പരിഷ്‌കരണത്തിന്റെ ഭാഗമായി  സംഘടിപ്പിക്കുന്നത്‌.  സ്കൂൾതലംമുതൽ സംസ്ഥാനതലംവരെയുള്ള സമഗ്ര ചർച്ചകളുണ്ടാകും.  സ്കൂൾ തലത്തിൽ  രക്ഷാകർത്താക്കൾ, അധ്യാപകർ, ജനപ്രതിനിധികൾ, സന്നദ്ധസംഘടനകൾ, വിദ്യാർഥി–- -യുവജന സംഘടനാ പ്രതിനിധികൾ, വിദ്യാർഥികൾ  തുടങ്ങി സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചർച്ചകൾക്ക്‌ തുടക്കമിട്ടുകഴിഞ്ഞു.  ക്ലാസ്‌ റൂം മുതൽ മുഴുവൻ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക്‌, മുനിസിപ്പൽ, കോർപറേഷൻ തലത്തിലും  ചർച്ച നടക്കും.

പാഠ്യപദ്ധതിക്കായുള്ള ഇത്തരത്തിലുള്ള വിപുലമായ അഭിപ്രായരൂപീകരണം രാജ്യത്ത്‌ ആദ്യമാണ്‌. വിദ്യാഭ്യാസത്തെപ്പറ്റിയുള്ള  പൊതുവായ കാര്യങ്ങളും 26 ഫോക്കസ്‌ മേഖലകളെപ്പറ്റിയുള്ള വിശദാംശങ്ങളുമാണ്‌ ചർച്ചയ്‌ക്ക്‌ വിധേയമാക്കുക. കൂടാതെ നേരിട്ട്‌ നിർദേശങ്ങൾ സമർപ്പിക്കുന്നതിന്‌ ഒരു ടെക്പ്ലാറ്റ്ഫോം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുണ്ട്.  പാഠ്യപദ്ധതി പരിഷ്കരണത്തെപ്പറ്റിയുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും എവിടെനിന്നും ഓൺലൈനായി ഈ പ്ലാറ്റ്ഫോമിലൂടെ പങ്കുവയ്‌ക്കാം. ലഭിക്കുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ചാകും  അടിസ്ഥാന നയരേഖ തയ്യാറാക്കുക. തുടർന്ന്‌ ശൈശവകാല വിദ്യാഭ്യാസം,  സ്‌കൂൾ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിർന്നവരുടെ വിദ്യാഭ്യാസം എന്നീ നാല്‌ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളുടെ കരട്‌ തയ്യാറാക്കും. വിദഗ്‌ധ ചർച്ചയ്‌ക്കുശേഷം   ഇവ അന്തിമ പാഠ്യപദ്ധതിയാകും. ഇതിന്റെ അടിസ്ഥാനത്തിലാണ്‌ പാഠപുസ്‌തക രചനയിലേക്കും അനുബന്ധ പ്രവർത്തനങ്ങളിലേക്കും നീങ്ങുക.

അടുത്ത  ഫെബ്രുവരിയിൽ പാഠ്യപദ്ധതി ചട്ടക്കൂടുകൾ പൂർത്തിയാക്കാനും മാർച്ചുമുതൽ പാഠപുസ്തകരചനാ   പ്രവർത്തനങ്ങൾ ആരംഭിക്കാനുമാണ്‌ തീരുമാനം.  ഒന്നാംഘട്ടം പാഠപുസ്തകരചന  ഒക്ടോബറിൽ പൂർത്തിയാക്കും. 2024-–-25 അധ്യയനവർഷം ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയ പാഠപുസ്തകങ്ങൾ നിലവിൽവരും.  തൊട്ടടുത്ത വർഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങൾ നിലവിൽവരികയും ചെയ്യും. കേരളത്തിൽ 2013ലാണ്‌ അവസാനം പാഠ്യപദ്ധതിയും പാഠപുസ്‌തകങ്ങളും പരിഷ്‌കരിച്ചത്‌. വിപുലമായ ജനപങ്കാളിത്തത്തോടെ ആദ്യമായി നടക്കുന്ന പാഠ്യപദ്ധതി പരിഷ്കരണവും മികവിന്റെ കേരളം മറ്റൊരു മാതൃക സൃഷ്ടിക്കാൻ പോകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top