29 March Friday

പുതുക്കിപ്പണിയുന്ന പൊതുവിദ്യാഭ്യാസം

വെബ് ഡെസ്‌ക്‌Updated: Thursday Sep 10, 2020


സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസമേഖലയെ സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് എൽഡിഎഫ് സർക്കാർ ഏറ്റവും പ്രാധാന്യം നൽകി നടപ്പാക്കുന്ന പദ്ധതികളിൽ ഒന്നാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഈ ലക്ഷ്യത്തോടെയാണ് പ്രഖ്യാപിച്ചത്. പതിറ്റാണ്ടുകളായി പൊതുവിദ്യാഭ്യാസമേഖല തകർച്ചയിലാണ്. ഒന്നിടവിട്ട്‌ വന്ന യുഡിഎഫ് സർക്കാരുകൾ ഈ തകർച്ചയ്ക്ക് ആക്കം കൂട്ടി. സ്കൂളുകളെ ലാഭനഷ്ട അടിസ്ഥാനത്തിൽ വിഭജിച്ച്‌ ‘നഷ്ടമായവ’ പൂട്ടി. കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ ചേർക്കാത്ത സ്ഥിതി വന്നു. ഈ അവസ്ഥയെപ്പറ്റി പരിതപിച്ച് വെറുതെ ഇരിക്കുക എന്ന നയമല്ല എൽഡിഎഫ് സർക്കാർ സ്വീകരിച്ചത്. പകരം വിദ്യാർഥികളും അധ്യാപകരും തേടിയെത്തുന്ന വിധം പൊതുവിദ്യാലയങ്ങളെ നവീകരിക്കുക എന്ന ദൗത്യം ഏറ്റെടുത്തു. ജനങ്ങൾ ഈ സ്കൂളുകളിൽ കാണുന്ന അപര്യാപ്തത എന്തെന്ന് വിലയിരുത്തി. സൗകര്യങ്ങളും അക്കാദമിക് നിലവാരവും ഉയർത്തി സർക്കാർ, എയ്ഡഡ് മേഖലയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനാണ് ശ്രമിച്ചുവരുന്നത്.

ഇതിന്റെ തുടർച്ചയായാണ് ഹയർ സെക്കൻഡറി സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുക എന്ന ലക്ഷ്യം സർക്കാർ ഏറ്റെടുത്തത്. സർക്കാർ സ്കൂളുകളിൽ കിഫ്ബി ഫണ്ട് ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഓരോ സ്കൂളിലും അഞ്ചുകോടി രൂപവീതം ചെലവഴിച്ചാണ് ഭൗതിക സൗകര്യങ്ങൾ വികസിപ്പിച്ചിരിക്കുന്നത്. 22 പൊതു വിദ്യാലയത്തെ നേരത്തേതന്നെ ഈ പദ്ധതിയുടെ ഭാഗമായി ഉയർത്തിയിരുന്നു. അതിനു പുറമെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി 34 സ്കൂളിന്റെകൂടി അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതിന്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയത്. ഇതിനുപുറമെ മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 സ്കൂൾകെട്ടിടത്തിന്റെ നിർമാണവും 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 250 പുതിയ സ്കൂൾകെട്ടിട നിർമാണവും ഉടൻ ആരംഭിക്കുകയാണ്. 


 

അഞ്ഞൂറ്‌ കുട്ടികളിൽ കൂടുതൽ പഠിക്കുന്ന എല്ലാ സർക്കാർ സ്കൂളിലും കിഫ്ബിയുടെ സഹായത്തോടെ ഇതുപോലെ അടിസ്ഥാന സൗകര്യ വികസനം നടക്കുന്നുണ്ട്. 3129 കോടി രൂപയാണ് അതിനായി മാറ്റിവച്ചിരിക്കുന്നത്. 350ൽ അധികം വിദ്യാലയത്തിന്‌ പ്ലാൻ ഫണ്ട് ഉപയോഗപ്പെടുത്തിയും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയാണ്. ഈ 34 സ്കൂൾ കെട്ടിടത്തിനു പുറമെ മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന 14 സ്കൂൾകെട്ടിടത്തിന്റെ നിർമാണവും 100 ദിന കർമപദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. 250 പുതിയ സ്കൂൾകെട്ടിട നിർമാണവും ഉടൻ ആരംഭിക്കുകയാണ്. ഇത്തരത്തിൽ മികച്ച വിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാകുന്നതുകൊണ്ടാണ് നിതി ആയോഗ് നടത്തിയ സ്കൂൾ എഡ്യൂക്കേഷൻ ക്വാളിറ്റി ഇൻഡക്സിൽ നമുക്ക്  ഒന്നാമതെത്താൻ സാധിച്ചത്.

കോവിഡിന്റെ പിടിയിലാണ് ഈ അധ്യയനവർഷം. ഈ പ്രതിസന്ധിക്കിടയിലും ഓൺലൈൻ ക്ലാസുകളിലൂടെ കുട്ടികളെ വിദ്യാഭ്യാസധാരയിൽ പിടിച്ചുനിർത്താൻ നമുക്ക് കഴിഞ്ഞു. ക്ലാസ് മുറിയിലെ അധ്യയനത്തിനു പകരമല്ല എന്ന തിരിച്ചറിവോടെതന്നെയാണ് ഓൺലൈൻ ക്ലാസുകൾ നടത്തുന്നത്. നടക്കുന്ന ക്ലാസുകൾ കുട്ടികളിലെത്തിക്കാൻ കഴിവുള്ളതെല്ലാം ചെയ്യുന്നു. സാങ്കേതിക സൗകര്യം ലഭ്യമല്ലാത്ത കുട്ടികൾക്ക് അത് ഒരുക്കിക്കൊടുക്കാൻ പൊതുസമൂഹത്തിന്റെ സഹായത്തോടെ സർക്കാരിനു കഴിഞ്ഞു.



 

അക്കാദമിക് നിലവാരം മികച്ചതാകാൻ അധ്യാപകരുടെ നിലവാരവും ഉയരണം. സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള പരിശീലനം അധ്യാപകർക്ക് നൽകിയിട്ടുണ്ട്. അർപ്പണബോധത്തോടെയുള്ള സമീപനം അധ്യാപകരിൽനിന്ന് കേരളസമൂഹം പ്രതീക്ഷിക്കുന്നു. അധ്യയനത്തിന് സഹായമായി സമഗ്ര പോർട്ടലും തയ്യാറാക്കിയിട്ടുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, മലയാളത്തിളക്കം, ശ്രദ്ധ, പ്രതിഭാതീരം തുടങ്ങിയ പരിപാടികളും നടപ്പാക്കിയിട്ടുണ്ട്. പാഠപുസ്തകത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക്‌ ഭാവനയും താൽപ്പര്യവും വളർത്തുന്ന രീതിയിൽ സ്കൂൾ വിദ്യാഭ്യാസത്തെയാകെ പരിഷ്കരിക്കുകയാണ്.

ഈ നടപടികളിലൂടെ പൊതുവിദ്യാലങ്ങളെപ്പറ്റിയുള്ള സമൂഹത്തിന്റെ സങ്കൽപ്പംതന്നെ മാറിയിരിക്കുന്നു. ഹൈടെക്‌ ക്ലാസ് മുറികളും  ഇന്റർനെറ്റ് സൗകര്യവും ലൈബ്രറിയും കോൺഫറൻസ് ഹാളും ഒക്കെയുള്ള സ്കൂൾകെട്ടിടങ്ങൾ ഇന്ന് കേരളത്തിലുണ്ട്. ഈ മാറ്റം ഫലം കണ്ടുതുടങ്ങി. അഞ്ചുലക്ഷത്തിലധികം കുട്ടികൾ മൂന്നു വർഷത്തിനിടെ പൊതുവിദ്യാലയങ്ങളിൽ കൂടുതലായെത്തിയെന്ന്‌ കണക്കുകൾ വ്യക്തമാക്കുന്നു. 

പറയുന്നതൊന്നും പാഴ്‌വാക്കുകൾ അല്ലെന്ന്‌ ഈ സർക്കാർ വീണ്ടും തെളിയിക്കുകയാണ്. വാഗ്ദാനങ്ങൾ ഒന്നൊന്നായി പാലിക്കുകയാണ്. തീവ്രമായ കർമപരിപാടികളാണ് വിദ്യാഭ്യാസമേഖലയിലും നടപ്പാക്കുന്നത്. തീർച്ചയായും ഇനിയുള്ള കാലം  തകർക്കാനാകാത്ത കരുത്തോടെ പൊതുവിദ്യാഭ്യാസമേഖലയെ നിലനിർത്താൻ കഴിയുന്നതാകും ഈ നടപടികൾ എന്ന് നമുക്ക് പ്രതീക്ഷിക്കാം.

പ്രതിപക്ഷനേതാവിന്റെ സ്ത്രീവിരുദ്ധത
രമേശ്‌ ചെന്നിത്തല സാക്ഷര കേരളത്തിന്റെ പ്രതിപക്ഷനേതാവാണ്‌. ആ നിലവാരമാണ് സമൂഹം അദ്ദേഹത്തിൽനിന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ, ചൊവ്വാഴ്ചത്തെ സ്ത്രീവിരുദ്ധവും മനുഷ്യത്വവിരുദ്ധവുമായ പരാമർശത്തിലൂടെ ജീർണതയുടെ ഏത് ആഴംവരെ താനെത്തി എന്ന് ചെന്നിത്തല തെളിയിച്ചു. സ്ത്രീവിരുദ്ധത സമൂഹത്തിൽ രൂഢമൂലമാണ്. അത് ഏറിയും കുറഞ്ഞും മിക്കപ്പോഴും പലരുടെയും വാക്കുകളിൽ പ്രകടമാകാറുമുണ്ട്. അപ്പോഴെല്ലാം അതിനെതിരെ പ്രതിഷേധം ഉയരാറുമുണ്ട് . ഇവിടെ പക്ഷേ സമാനതകളില്ലാത്ത ഒരു പീഡനമായിരുന്നു പരാമർശവിഷയമായത്. ക്വാറന്റൈനിൽ ആയിരുന്ന യുവതി കോവിഡ്മുക്ത സർട്ടിഫിക്കറ്റ്  തേടിയെത്തിയപ്പോൾ കെട്ടിയിട്ട്‌ ബലാത്സംഗം ചെയ്ത കേസാണ്. അതിൽ ഉൾപ്പെട്ട പ്രതിയുടെ കോൺഗ്രസ് സംഘടനാബന്ധം ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേപ്പറ്റിയായിരുന്നു ചോദ്യം. അപ്പോഴാണ്‌ കോൺഗ്രസുകാർക്കും പീഡിപ്പിക്കണ്ടേ എന്ന മട്ടിൽ അത്യന്തം ഹീനമായ പരാമർശം പ്രതിപക്ഷ നേതാവിൽനിന്ന് ഉണ്ടായത്.


 

ശക്തമായ വിമർശവും പ്രതിഷേധവും ഉയർന്നപ്പോൾ പറഞ്ഞത് പിൻവലിക്കാനോ മാപ്പ് പറയാനോ ചെന്നിത്തല തയ്യാറായില്ല. പറഞ്ഞതിനെ ന്യായീകരിക്കാൻ കൂടുതൽ നീചമായ വാദങ്ങളുമായി രംഗത്തുവരികയാണ് ചെയ്തത്. ഭരണപക്ഷ സംഘടനക്കാരും പീഡിപ്പിക്കുന്നുണ്ട് എന്നാണ്  ഉദ്ദേശിച്ചത് എന്നായിരുന്നു വിശദീകരണം. അതീവ ഗുരുതരമായ ഒരു കുറ്റകൃത്യത്തെ മറയ്ക്കാൻ കൂടുതൽ അധിക്ഷേപകരമായ പ്രതികരണങ്ങളിലേക്ക് നീങ്ങുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. ഇപ്പോൾ ‘നിർവ്യാജമായ ഖേദ’പ്രകടനം വന്നിട്ടുണ്ട്.

യുഡിഎഫ് ആകെ പരിഭ്രാന്തിയിലാണ്. മുന്നണിയിൽ ഒരു പ്രമുഖ ഘടകകക്ഷി രണ്ടായി പിളർന്ന്‌ ഒരു ഭാഗം മുന്നണി വിടുന്നു. കെട്ടിപ്പൊക്കുന്ന ആരോപണ നുണക്കൊട്ടാരങ്ങൾ ഒന്നൊന്നായി തകരുന്നു. ചെന്നിത്തലയാകട്ടെ മുന്നണിക്കുള്ളിലും പാർടിക്കുള്ളിലും പുതിയ എതിർപ്പുകൾ നേരിടുന്നു. ഇതൊക്കെ ഒളിപ്പിക്കാൻ അപ്രസക്തമായ വിഷയങ്ങളുമായി ദിവസവും പത്രസമ്മേളനം നടത്തി കൂടുതൽ അപഹാസ്യനാകുന്നു. ഒരുവിഭാഗം മാധ്യമങ്ങളുടെ പരിലാളനംമാത്രമാണ് ചെന്നിത്തലയുടെ നിലനിൽപ്പിന്റെ ആണി. ഇത്രയും സ്ത്രീവിരുദ്ധമായ പ്രതികരണം വന്നപ്പോഴും ചെന്നിത്തലയെ സംരക്ഷിക്കാൻ അവർ ഉണ്ടായി. പക്ഷേ, ഈ മാധ്യമങ്ങളുടെ മാന്ത്രികവലയങ്ങൾ മുറിച്ചുകടന്നവരാണ് ഇന്ന് മലയാളികൾ. അവർ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. മാപ്പ് പറയുന്നതിൽ കുറഞ്ഞ ഒന്നും അവർക്ക് സ്വീകാര്യമാകില്ല എന്നത് പല മേഖലയിൽനിന്നുമുയർന്ന പ്രതിഷേധം വ്യക്തമാക്കി. നിലപാട് തിരുത്തിയില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പോടെ പ്രതിപക്ഷ നേതൃസ്ഥാനംകൂടി നഷ്ടപ്പെടുന്ന അവസ്ഥയിൽ എത്തുമെന്ന്‌ ചെന്നിത്തലയ്ക്കും ബോധ്യം വന്നിരിക്കാം. ഇപ്പോഴത്തെ ഖേദപ്രകടനം അങ്ങനെയൊരു വീണ്ടുവിചാരത്തിൽനിന്ന് ഉണ്ടായതാകാം എന്ന് കരുതാം.


 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top