20 April Saturday

കുട്ടികൾ പഠിക്കട്ടെ ആഹ്ലാദത്തോടെ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023


കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേക്ക്‌ എത്തിക്കാനുള്ള ശ്രമം വൻ വിജയത്തിലേക്ക്‌ നീങ്ങുന്ന പശ്ചാത്തലത്തിലാണ്‌ ഈവർഷം സ്‌കൂളുകൾ വീണ്ടും തുറക്കുന്നത്‌. വികസിത രാജ്യങ്ങളോട്‌ കിടപിടിക്കാൻ കഴിയുന്ന തരത്തിൽ പൊതു വിദ്യാഭ്യാസത്തെ മാറ്റിയെടുക്കാനുള്ള പദ്ധതികൾ വലിയ മാറ്റമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. നിതി ആയോഗിന്റെ പുതിയ കണക്കുപ്രകാരം ഇന്ത്യയിൽ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം കിട്ടുന്ന സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാമതാണ്‌.  ഉന്നത നിലവാരത്തിൽ ആഹ്ലാദത്തോടെ പഠിക്കാനുള്ള സാഹചര്യമാണ്‌ സർക്കാർ കുട്ടികൾക്ക്‌ ഒരുക്കിക്കൊടുക്കുന്നത്‌.

ഉന്നതവിദ്യാഭ്യാസ രംഗത്തും ആശാവഹമായ മുന്നേറ്റമാണ്‌ ദൃശ്യമാകുന്നത്‌. കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച സിവിൽ സർവീസ്‌ ഫലം ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌. സിവിൽ സർവീസിൽ മലയാളി സാന്നിധ്യം തീരെ ഇല്ലാതിരുന്ന കാലം അതിവിദൂരമൊന്നുമല്ലെന്ന്‌ നമുക്ക്‌ അറിയാം. എന്നാൽ, അതിന്‌ മാറ്റംവന്നു. ആദ്യ റാങ്കുകളിൽത്തന്നെ ഒന്നിലധികം മലയാളികൾ. റാങ്ക്‌ പട്ടികയിൽ 39 കേരളീയർ ഉണ്ടെന്നത്‌ അഭിമാനകരമാണ്‌.നവകേരള മിഷനിലൂടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി എൽഡിഎഫ്‌ സർക്കാർ ആവിഷ്‌കരിച്ചതിന്റെ ഫലം കൂടിയാണ്‌ ഇത്‌.

സ്കൂൾ വർഷം ആരംഭിക്കുന്നതിന്‌ വളരെ മുമ്പേ പുതിയ വർഷത്തേക്കുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചാണ്‌ നാം മുന്നോട്ടുപോകുന്നത്‌. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും നേതൃത്വത്തിൽ  ഒരുക്കങ്ങൾ വിലയിരുത്തി ആവശ്യമായ നിർദേശം നൽകുന്നുവെന്നത്‌  വിദ്യാഭ്യാസമേഖലയിൽ സർക്കാരിനുള്ള പ്രത്യേക ശ്രദ്ധയുടെ തെളിവാണ്‌. പാഠപുസ്‌തകങ്ങൾ വേനലവധിക്കു  മുമ്പേ സ്‌കൂളിലെത്തിച്ച്‌ വിതരണംചെയ്യാൻ കഴിഞ്ഞുവെന്നത്‌ ചെറിയ നേട്ടമല്ല.  ദ്രവിച്ച്‌ വീഴാറായ സ്കൂളുകളുടെ സ്ഥാനത്ത്‌ ആഡംബരസൗധങ്ങളെ വെല്ലുന്ന പ്രൗഢിയോടെയാണ്‌ പുതിയ കെട്ടിടങ്ങൾ ഉയർന്നുവന്നത്‌. കഴിഞ്ഞദിവസം 97 സ്‌മാർട്ട്‌ സ്‌കൂൾകൂടി മുഖ്യമന്ത്രി നാടിന്‌ സമർപ്പിച്ചതോടെ സംസ്ഥാനത്ത്‌ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക്‌ ഉയർന്ന സ്‌കൂളിന്റെ എണ്ണം 2300 ആയി. 12 സ്‌കൂളിന്റെ നിർമാണവും  അന്നുതന്നെ തുടക്കംകുറിച്ചിട്ടുണ്ട്‌. അടുത്ത മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ മുഴുവൻ പൊതുവിദ്യാലയവും മികവിന്റെ കേന്ദ്രങ്ങളാകുമെന്നതിൽ തർക്കമില്ല. 3800 കോടി രൂപയാണ്‌ ഇതിനകം സർക്കാർ ഇതിനായി ചെലവഴിച്ചത്‌. ഇതിൽ 2300 കോടി രൂപയും കിഫ്‌ബി വഴിയാണ്‌. 1500 കോടി പ്ലാൻ ഫണ്ടിൽനിന്നും ചെലവഴിച്ചു. കെട്ടിടങ്ങളുടെ കാര്യത്തിൽ മാത്രമല്ല, വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിലും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നു. നാലാം ക്ലാസ്‌ പൂർത്തിയാകുമ്പോൾ കുട്ടികൾ എഴുത്തിലും കണക്കിലും മികവ്‌ പുലർത്തുന്നുണ്ടെന്ന്‌ ഉറപ്പുവരുത്താൻ സമഗ്രശിക്ഷാ കേരളം മുൻകൈയെടുക്കണമെന്ന്‌ മുഖ്യമന്ത്രി നിർദേശിച്ചത്‌ ഇതിന്റെ ഭാഗമാണ്‌. പ്രാദേശിക പ്രതിഭാകേന്ദ്രങ്ങൾ കാര്യക്ഷമമാക്കി കുട്ടികൾക്ക് പഠനപിന്തുണ ഉറപ്പുവരുത്താനും വിദ്യാഭ്യാസരംഗത്ത്‌ പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ എത്തിക്കുന്നതിനും സർക്കാർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്‌. കുട്ടികൾ കുറവായ വിദ്യാലയങ്ങൾക്ക്‌ പ്രത്യേക പ്രവർത്തന പാക്കേജ്‌ വികസിപ്പിക്കാനും പദ്ധതിയുണ്ട്‌.

കുട്ടികളുടെ സുരക്ഷയിലും പ്രത്യേക ഊന്നലുണ്ട്‌. സ്‌കൂൾ കെട്ടിടങ്ങൾക്ക്‌ ഫിറ്റ്‌നസ്‌ സർട്ടിഫിക്കറ്റ്‌ സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ ഉറപ്പാക്കണമെന്നും വാടക കെട്ടിടത്തിലോ മറ്റ്‌ കെട്ടിടങ്ങളിലോ ആണെങ്കിലും ഫിറ്റ്‌നസ്‌ നിർബന്ധമാണെന്നും മുഖ്യമന്ത്രി അവലോകന യോഗത്തിൽ വ്യക്തമാക്കിയത്‌ ഇതിന്റെ ഭാഗമാണ്‌. ഉപയോഗശൂന്യമായ വാഹനങ്ങൾ, ഫർണിച്ചറുകൾ, അപകടകരമായ മരങ്ങൾ, ബോർഡുകൾ, വൈദ്യുത ലൈനുകൾ, പോസ്റ്റുകൾ എന്നിവയെല്ലാം നീക്കംചെയ്യണം. കേടായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും നന്നാക്കിവയ്‌ക്കുക, സ്‌കൂളും പരിസരവും ശുചിയാക്കുക തുടങ്ങിയ ജോലികൾ അടിയന്തരമായി പൂർത്തിയാക്കണം. തദ്ദേശസ്ഥാപനങ്ങളും പിടിഎകളുമാണ്‌ ഇതിന്‌ മുൻകൈയെടുക്കേണ്ടത്‌. സർക്കാർ കാണിക്കുന്ന താൽപ്പര്യം താഴെത്തട്ടിലും ഉണ്ടാകുന്നില്ലെങ്കിൽ ലക്ഷ്യപ്രാപ്‌തിക്ക്‌ തടസ്സമാകും. നല്ല കെട്ടിടം ഉണ്ടാക്കിയിട്ട്‌ അത്‌ കൃത്യമായി പരിപാലിക്കുന്നില്ലെങ്കിൽ പഴയപടിയിലാകാൻ അധികം താമസംവേണ്ടെന്ന്‌ ബന്ധപ്പെട്ടവർ മനസ്സിലാക്കി പ്രവർത്തിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top