02 December Saturday

സാമൂഹ്യമാധ്യമങ്ങളിലെ കലിതുള്ളല്‍

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2017


കര്‍ണാടകത്തില്‍ ഗൌരി ലങ്കേഷിനെ കൊന്നശേഷം അവരെ വ്യക്തിപരമായി അധിക്ഷേപിക്കാനും കൊല്ലപ്പെടാന്‍ അര്‍ഹയാണ് എന്ന് ലജ്ജയില്ലാതെ പറയാനുമാണ് സംഘപരിവാര്‍ അനുഭാവിവൃന്ദം തയ്യാറായത്. 'ഗൌരി ലങ്കേഷ് പത്രിക എന്ന പ്രസിദ്ധീകരണത്തിലൂടെ ആര്‍എസ്എസിനെ വിമര്‍ശിച്ച് എഴുതിയില്ലായിരുന്നെങ്കില്‍ അവര്‍ ഇപ്പോഴും ജീവിക്കുമായിരുന്നു' എന്നാണ് കര്‍ണാടകത്തിലെ മുന്‍മന്ത്രികൂടിയായ  ബിജെപി നേതാവ് ശൃംഗേരി എംഎല്‍എ ജീവരാജ് പരസ്യമായി പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററില്‍ ഫോളോചെയ്യുന്ന പ്രമുഖനുള്‍പ്പെടെ   ഗൌരി ലങ്കേഷ്  കൊല്ലപ്പെടേണ്ടവരാണെന്നതടക്കം  മോശം പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ട് ബ്ളോക്ക് ചെയ്യുന്ന ക്യാമ്പയിന്‍ സാമൂഹ്യമാധ്യമരംഗത്ത് വന്‍ ചലനം സൃഷ്ടിക്കുകയാണ്. ഗൌരി ലങ്കേഷിനെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിനെതിരായ ശക്തമായ പ്രതികരണമോ പ്രതിഷേധമോ സംഘപരിവാറില്‍നിന്നുണ്ടായിട്ടില്ല എന്നതും ഗൌരിക്കെതിരായ പ്രചാരണത്തില്‍ ആര്‍എസ്എസുമായി അടുത്ത കേന്ദ്രങ്ങള്‍ ആസൂത്രിതമായി മുഴുകുന്നു എന്നതും ശ്രദ്ധിക്കേണ്ട വിഷയമാണ്. ഇതേ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് കേരളത്തിലും അവര്‍ തയ്യാറാകുന്നു എന്നതിന്റെ ഒടുവിലത്തെ സൂചനയാണ്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവായ നടി സുരഭി ലക്ഷ്മിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ത്തുന്ന ആക്രോശം.

ഓണത്തിന് ചാനല്‍ പരിപാടിക്കിടയില്‍  പൊറോട്ടയും ബീഫും  കഴിച്ചതിന്  സംഘപരിവാറിന്റെ സൈബര്‍ ഗ്രൂപ്പുകള്‍ നികൃഷ്ടമായ ആക്രമണം അഴിച്ചുവിടുകയാണ്. 'സുരഭിയുടെ ഓണം' എന്നപേരില്‍ കോഴിക്കോട്ടെ റസ്റ്റോറന്റില്‍ ഇരുന്ന് വിശേഷങ്ങള്‍ പങ്കുവച്ച് ഇഷ്ടഭക്ഷണം കഴിക്കുന്ന പരിപാടിക്കെതിരായാണ് അസഹിഷ്ണുതയുടെ നിലവിട്ട പ്രകടനം. ഓണപ്പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നും ഓണപ്പരിപാടിക്ക് ബീഫ് കഴിക്കുന്നതിലൂടെ സുരഭി ഹിന്ദുക്കളെ അപമാനിച്ചെന്നും ആക്ഷേപിക്കുന്ന സംഘപരിവാര്‍ അനുകൂലികള്‍, ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് സുരഭി മാംസം കഴിക്കുന്നതെന്നും ചോദിക്കുന്നു.  മുസ്ളിം ചാനലില്‍പോയി  ഹിന്ദുക്കളെ അപമാനിക്കുകയാണെന്നുപറയാനും ചിലര്‍ മടിച്ചില്ല.  ധൈര്യമുണ്ടെങ്കില്‍ അടുത്ത പെരുന്നാളിന് ചാനലില്‍ വന്നിരുന്ന് പന്നിയിറച്ചി കഴിക്കാനാണ് ചിലരുടെ വെല്ലുവിളി. മലയാളിയുടെ ഓണോത്സവത്തില്‍ വിഷംകലര്‍ത്താന്‍ 'വാമനജയന്തി' ആചരണാഹ്വാനവുമായി വന്നവര്‍, ഭക്ഷണശീലത്തെക്കുറിച്ചുപോലും തെറ്റായ ധാരണ സൃഷ്ടിച്ച് വര്‍ഗീയതയ്ക്ക് മരുന്നിടാനാണ് മുതിരുന്നത്. കര്‍ക്കടകത്തില്‍ രാമായണത്തെക്കുറിച്ച് ലേഖനപരമ്പര എഴുതിയതിന് അധ്യാപകനും പണ്ഡിതനുമായ ഡോ. എം എം ബഷീറിനെതിരെ കൊലവിളിമുഴക്കിയതിന്റെയും  സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറിനെ വിമര്‍ശിച്ച അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരെ അസഭ്യവര്‍ഷം ചൊരിഞ്ഞതിന്റെയും തുടര്‍ച്ചയാണ് സുരഭിക്കെതിരായ ഈ നീക്കം. ഇതാകട്ടെ, കര്‍ണാടകത്തില്‍ചെയ്ത ക്രൂരകൃത്യം കേരള അതിര്‍ത്തി കടത്തിക്കൊണ്ടുവരാനും തങ്ങള്‍ക്ക് മടിയില്ല എന്ന ഭീഷണികൂടിയാണ്.

സാമൂഹ്യമാധ്യമങ്ങളിലൂടെ വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും അജന്‍ഡയാണ് സംഘപരിവാര്‍ നട്ടുവളര്‍ത്തുന്നത്. അത് നിയന്ത്രണമില്ലാത്ത ഏതെങ്കിലും അണികളുടെ സ്വേച്ഛാനുസൃതമുള്ള നീക്കമല്ല. കൃത്യമായ ആസൂത്രണം അതിനുപിന്നിലുണ്ട്. കേരളത്തിലെ ബിജെപി 'ബൌദ്ധിക' വിഭാഗത്തെ നയിക്കുന്ന വ്യക്തി ഗൌരി ലങ്കേഷിന്റെ വധത്തിനുശേഷം പ്രതികരിച്ചത് അവരെ ആര്‍ക്കറിയാം എന്ന നിസ്സാരപ്പെടുത്തലോടെയാണ്.  സ്വതന്ത്രചിന്ത എഴുത്തിലൂടെ പ്രസരിപ്പിച്ച  നരേന്ദ്ര ധാബോല്‍ക്കര്‍, ഗോവിന്ദ് പന്‍സാരെ, എം എം കലബുര്‍ഗി, ഏറ്റവുമൊടുവില്‍ ഗൌരി ലങ്കേഷ് എന്നിവരെ നിഷ്കരുണം കൊന്നുതള്ളാന്‍ മടിയില്ലാത്ത രാഷ്ട്രീയപദ്ധതി അപായകരമായി വളരുന്നത് ഇത്തരം സമീപനങ്ങളില്‍നിന്നാണ് തിരിച്ചറിയാനാകുക.  കൊലചെയ്യപ്പെട്ട ഈ നാലുപേരും തങ്ങളുടെ നിലപാടുകള്‍ സംഘപരിവാറിന്റെ നിലപാടുകള്‍ക്കനുസരിച്ച് മാറ്റിക്കൊടുക്കാന്‍ തയ്യാറായിരുന്നില്ല.  യു  ആര്‍ അനന്തമൂര്‍ത്തിക്ക് മരണക്കിടക്കയില്‍പോലും  ഭീഷണി നേരിടേണ്ടിവന്നതും  എം ടി വാസുദേവന്‍നായരുടെനേരെ  അക്രമോത്സുകമായ ശബ്ദമുയര്‍ത്തിയതും കേരളത്തിന്റെ പലഭാഗങ്ങളിലും  ഗ്രന്ഥശാലകള്‍ക്ക് തീവച്ചതും മറന്നുപോകേണ്ട അനുഭവങ്ങളല്ല.  അതെല്ലാം ചേര്‍ത്തുവയ്ക്കുമ്പോഴാണ്, ഓണത്തിന് സംപ്രേഷണംചെയ്യാന്‍ മുന്‍കൂട്ടി ചിത്രീകരിച്ച പരിപാടിയില്‍ ബീഫ് കാണുമ്പോള്‍ സംഘപരിവാറിന്റെ സൈബര്‍ സേന ചാടിവീഴുന്നതിനുപിന്നിലെ ആസൂത്രണം വ്യക്തമാകുക.

ഗൌരി ലങ്കേഷിന്റെ കൊലപാതകം സ്വത്തുതര്‍ക്കത്തിന്റെ ഫലമാണ് എന്ന പ്രചാരണം സംഘപരിവാറിന്റെ ഉച്ചഭാഷിണിയായ റിപ്പബ്ളിക് ചാനല്‍ ഏറ്റെടുത്തിരുന്നു. കൊലയാളികള്‍ക്ക് മാവോയിസ്റ്റ് മുഖം നല്‍കാനുള്ള തീവ്രശ്രമവും സംഘപരിവാര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തുന്നു. വ്യാജ വാര്‍ത്താപ്രളയം സൃഷ്ടിക്കുകയാണവര്‍. അതിന്റെ ഭാഗമായാണ് സോഷ്യല്‍ മീഡിയയുടെ ആസൂത്രിതമായ ദുരുപയോഗമുണ്ടാകുന്നത്്. അതില്‍ ഗൌരി ലങ്കേഷ്മുതല്‍ സുരഭിവരെയുള്ളവര്‍ ഇരകളാക്കപ്പെടുന്നു. ഗാന്ധിവധത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ആണയിട്ടുപറയുന്നവര്‍ ഏതു സാങ്കേതിക ന്യായവാദങ്ങളുയര്‍ത്തി നിരപരാധിക്കുപ്പായമിട്ടാലും യഥാര്‍ഥ കുറ്റവാളികള്‍ ആരെന്നും അവരുടെ ലക്ഷ്യമെന്തെന്നുമുള്ള കൃത്യമായ സൂചനകളാണ് നമുക്കുമുന്നിലുള്ളത്. അതുകൊണ്ടുതന്നെ, ഇടതുപക്ഷപ്രസ്ഥാനത്തിനുനേരെ മാത്രമല്ല, തങ്ങള്‍ക്ക് ഹിതകരമല്ലാത്ത ഏതു പ്രവൃത്തിചെയ്യുന്നവര്‍ക്കെതിരെയും തോക്കുകള്‍ ചൂണ്ടപ്പെട്ടിരിക്കുന്നു. ഇന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്ന ആക്രമണം നാളെ വാളിന്റെയും വെടിയുണ്ടയുടെയും രൂപത്തില്‍ വരാം എന്ന് തിരിച്ചറിഞ്ഞ് സുശക്തമായ പ്രതിരോധനിര തീര്‍ക്കാനാണ് ഈ അനുഭവം നമ്മളോരോരുത്തരോടും ആഹ്വാനംചെയ്യുന്നത്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top