19 April Friday

രാഷ്‌ട്രപിതാവിന്റെ ഓർമകളിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2019


രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150–-ാം ജന്മവാർഷികം ആഘോഷിക്കുന്ന വേളയാണിത്. ഏതൊക്കെ മൂല്യങ്ങൾക്ക് വേണ്ടിയാണോ ഗാന്ധിജി നിലകൊണ്ടത് അതെല്ലാം അക്രമിക്കപ്പെടുന്ന കാലംകൂടിയാണിത്. സാമ്രാജ്യത്വത്തിനെതിരായ ഗാന്ധിയുടെ സുസ്ഥിരമായ നിലപാടും അവസാനശ്വാസംവരെയും അദ്ദേഹം ഉയർത്തിപ്പിടിച്ച മതനിരപേക്ഷതയും അയിത്തത്തിനും സാമൂഹ്യനീതിക്കുംവേണ്ടിയുള്ള പോരാട്ടവും ഖാദിയിലൂടെയും ചർക്കയിലൂടെയും അദ്ദേഹം പ്രചരിപ്പിച്ച സാമ്പത്തിക സ്വയംപര്യാപ്തത എന്ന ആശയവും സംഘടിതമായ ആക്രമണത്തിന് വിധേയമാക്കപ്പെടുന്ന ഭീഷണമായ കാലമാണിത്. ഗാന്ധിജി ഉയർത്തിക്കൊണ്ടുവന്ന ഈ മൂല്യങ്ങൾതന്നെയാണ് ഇന്ത്യൻ ഭരണഘടനയിലും പ്രതിഫലിച്ചത്. ആദ്യം ഗാന്ധിയെ വധിച്ചവർ ഇപ്പോൾ ഈ ഭരണഘടനയെയും തകർക്കാനുള്ള ശ്രമത്തിലാണ്.

കലണ്ടറുകളിൽനിന്നും ഡയറികളിൽനിന്നുപോലും ഗാന്ധിജിയുടെ ചിത്രങ്ങൾ അപ്രത്യക്ഷമാകുകയാണ്. ഗാന്ധിജിയെക്കാൾ വലിയ ബ്രാൻഡ് ഗുജറാത്തുകാരനായ നരേന്ദ്ര മോഡിയാണെന്ന വാദവും ഉയർന്നുകഴിഞ്ഞു. കറൻസി നോട്ടുകളിൽനിന്നുപോലും ഗാന്ധിജിയെ ഒഴിവാക്കാനാണ് നീക്കം. രാഷ്ട്രപിതാവിനെ നിശ്ശബ്ദമാക്കിയവർ ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമകൾ പോലും തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ ആശയങ്ങൾ തിരിച്ചുപിടിക്കുക എന്നതിനർഥം ഭരണഘടനയെയും അന്തിമമായി ഇന്ത്യ എന്ന ആശയത്തെയും തിരിച്ചുപിടിക്കുക എന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനകീയപ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യസമരം. തുടക്കത്തിൽ മധ്യവർഗത്തിന്റെ തടവറയിലായിരുന്ന കോൺഗ്രസിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റിയത് ഗാന്ധിജിയായിരുന്നു. ദക്ഷിണാഫ്രിക്കയിൽനിന്ന്‌ സത്യഗ്രഹസമരത്തിന്റെ ആദ്യപാഠങ്ങളുമായി ഇന്ത്യയിലെത്തിയ ഗാന്ധിജി അഹമ്മദാബാദിലെ മിൽതൊഴിൽ സമരത്തിന് നേതൃത്വം നൽകിയായിരുന്നു പൊതുപ്രവർത്തനത്തിന് തുടക്കമിട്ടത്. ചമ്പാരനിലും ബർദോളിയിലും നടന്ന കർഷകസമരത്തിന് നേതൃത്വം നൽകുകവഴി ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന കർഷകരുമായി അദ്ദേഹം അടുത്ത ബന്ധം സ്ഥാപിച്ചു. പാവങ്ങളോടും അടിച്ചമർത്തപ്പെടുന്നവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും സഹാനുഭൂതി പ്രകടിപ്പിച്ച ഗാന്ധിജി അവരിലൊരാളായി ജീവിക്കുകയുംചെയ്‌തു. രാജ്യത്തെ ബഹുഭൂരിപക്ഷമെന്നപോലെ നാണം മറയ്‌ക്കാനുള്ള വസ്ത്രംമാത്രം ഉപയോഗിക്കുകയും ലളിതജീവിതം നയിക്കുകയുംചെയ്‌തു.

 

സ്വാതന്ത്ര്യസമരത്തിന്റെ അടിത്തറ ഹിന്ദു, മുസ്ലിം ഐക്യമായിരിക്കുമെന്നും ഗാന്ധിജി മനസ്സിലാക്കിയിരുന്നു. ‘ഹിന്ദുസ്ഥാൻ എന്നപേരിലുള്ള സുന്ദരിയായ വധുവിന്റെ ഇരു കണ്ണുകളാണ് ഹിന്ദുക്കളും മുസ്ലിങ്ങളുമെന്ന’തായിരുന്നു ഗാന്ധിജിയുടെ സമീപനം. മതത്തിന്റെ അടിസ്ഥാനത്തിൽ രാജ്യം വിഭജിക്കപ്പെട്ടതിൽ ദുഃഖിതനായിരുന്നു ഗാന്ധിജി. അതുകൊണ്ടാണ് സ്വാതന്ത്ര്യദിന ആഘോഷങ്ങളിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുനിന്നത്. കൊൽക്കത്തയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയലഹള ശമിപ്പിക്കുന്നതിന്‌ ഗാന്ധിജി തയ്യാറായി. 1948 ജനുവരി 12നുള്ള അവസാന സത്യഗ്രഹംപോലും മതനിരപേക്ഷ ആശയം ഉയർത്തിയായിരുന്നു. ഗാന്ധിയൻ വീക്ഷണങ്ങളിലെ ഈ മതനിരപേക്ഷ ആശയത്തെ പിഴുതുമാറ്റി മതപരമായ ലോകവീക്ഷണത്തെ ഹിന്ദുത്വത്തിന്റെ ഭാഗമാക്കാനുള്ള നീക്കമാണ് സംഘപരിവാർ ഇപ്പോൾ നടത്തുന്നത്.

വഞ്ചകനെന്ന് ആക്ഷേപിച്ചാണ് ഗാന്ധിജിയെ നാഥുറാം ഗോഡ്സെ വെടിവച്ചുകൊന്നത്. ഗോഡ്സെയ്‌ക്കും സംഘപരിവാറിനും ഗാന്ധിജി വഞ്ചകനാകുന്നത് മതനിരപേക്ഷതയ്‌ക്കും സ്വാശ്രയത്വത്തിനും ദരിദ്രനാരായണന്മാരുടെ ശാക്തീകരണത്തിനും നിലകൊണ്ടതിനാലായിരുന്നു. സംഘപരിവാറിന് ഇന്ന് യഥാർഥ രാജ്യസ്‌നേഹി ഗോഡ്സെയാണ്. സ്വാതന്ത്ര്യസമരത്തിലൂടെ ഉരുത്തിരിഞ്ഞ നാനാത്വത്തിലെ ഏകത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യ എന്ന ആശയത്തിനു നേരെ ഉയരുന്ന വെല്ലുവിളിയെ പരാജയപ്പെടുത്തണമെങ്കിൽ ഗാന്ധിജി നിലകൊണ്ട മുല്യങ്ങളെ സ്‌മരിക്കേണ്ടതും അറിയേണ്ടതും അനിവാര്യമാണ്. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ തകർക്കുന്ന ഫാസിസ്റ്റ് അജൻഡയെ ചെറുത്തു തോൽപ്പിക്കാൻ ഗാന്ധിസ്‌മരണ നമുക്ക് കരുത്ത് നൽകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top