28 September Thursday

പരിസ്ഥിതി വീണ്ടും ചർച്ചയാകുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019


കേരളത്തിന്റെ പരിസ്ഥിതി മുൻഗണനകൾ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞവർഷം പ്രളയത്തെതുടർന്ന്‌ സമാനമായ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോൾ കനത്തമഴയിൽ സംസ്ഥാനത്ത് വൻതോതിൽ നാശം ഉണ്ടായതോടെ മാധ്യമങ്ങളിൽ വീണ്ടും പരിസ്ഥിതി ചർച്ച ഇടംപിടിക്കുന്നു. തികച്ചും സ്വാഗതാർഹമാണ് ഈ ചർച്ചകൾ. പഴയപോലെ നമുക്കിനി മുന്നോട്ടുപോകാനാകില്ല എന്നത് സംശയരഹിതമായ കാര്യമാണ്. അതതിടത്തെ പരിസ്ഥിതികൂടി പരിഗണിച്ചുള്ള നിർമാണപ്രവർത്തനങ്ങളേ ഇനി അനുവദിക്കുകയുള്ളൂ  എന്നത് കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാന സർക്കാർതന്നെ വ്യക്തമാക്കിയതാണ്. റീബിൽഡ് കേരള പദ്ധതിയുടെ സമീപനവും ഇതുതന്നെ. പ്രളയത്തിന്‌ ഇടയാക്കിയത് അപ്രതീക്ഷിതവും അസാധാരണവുമായ മഴയാണെങ്കിലും ചിലയിടത്തെങ്കിലും അതിന്റെ ആഘാതം വർധിപ്പിച്ചത് പരിസ്ഥിതിക്കുമേലുള്ള അനിയന്ത്രിതമായ ഇടപെടലായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന പ്രശ്നങ്ങളും പ്രധാനമാണ്. സാന്ദ്രത കൂടിയ മഴയും കനത്ത മഴയും ഇതുമൂലം ഉണ്ടാകാമെന്ന‌് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇക്കുറി മലയിടിച്ചിലും ഉരുൾപൊട്ടലുമാണ്  കൂടുതൽ പേരുടെ ജീവൻ അപഹരിച്ചത്. ഇതിന്റെ കാരണത്തെപ്പറ്റിയും മുൻവിധികളില്ലാത്ത പഠനങ്ങൾ വേണ്ടിവരും. തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരും.എല്ലാത്തരം ഖനനങ്ങളും ഇന്നത്തെ തോതിൽ തുടരണമോ എന്ന്‌ തീരുമാനിക്കേണ്ടി വരും. പശ്ചിമഘട്ട സംരക്ഷണമെന്ന എൽഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാക്കാനുള്ള നടപടികൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുകയും വേണം. അതുപോലെ കുട്ടനാടിനെ സംരക്ഷിക്കാനുള്ള പാക്കേജും സമഗ്രമായി നടപ്പാക്കണം.

എന്നാൽ, നമ്മുടെ പരിസ്ഥിതി ചർച്ചകൾ ഏറെയും മുൻവിധികളിലും പിടിവാശികളിലും കുടുങ്ങിക്കിടക്കുന്നു. പശ്ചിമഘട്ടത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലി ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കുകയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. അവർ പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെമാത്രം വിഷയമായും കാണുന്നു. മറുഭാഗത്ത് കൈയേറ്റങ്ങളോ പ്രകൃതി നശീകരണങ്ങളോ അല്ല പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുന്നതെന്ന തീവ്ര നിലപാടുമായി മറ്റൊരു കൂട്ടരും നിൽക്കുന്നു.
ഈ ചർച്ച നമ്മളെ എങ്ങും എത്തിക്കുകയില്ല. അനുഭവങ്ങൾ നൽകുന്ന പാഠം ഉൾക്കൊള്ളുകയും അതിന്റെ അടിസ്ഥാനത്തിൽ അതേവരെ സ്വീകരിച്ച നിലപാട് സ്വയം വിമർശനാത്മകമായി  വിലയിരുത്തി  പുതുക്കുകയും വേണം. തുടർച്ചയായ രണ്ടു വർഷത്തെ പ്രകൃതി ദുരന്തങ്ങൾ  നൽകുന്ന പാഠം ഉൾക്കൊണ്ട്  സ്വയം വിലയിരുത്തൽ ഉണ്ടാകണം.  ഇന്നലെകളിൽ സ്വീകരിച്ച നിലപാടുകൾ ചിലത് തെറ്റായിരുന്നെന്നും ചില നിഗമനങ്ങൾ പാളിപ്പോയിരുന്നെന്നും അനുഭവം പഠിപ്പിച്ചെന്നു വരും. തിരിഞ്ഞു നോക്കി അവ തിരുത്തുക എന്നത് പ്രധാനമാണ്.

പശ്ചിമഘട്ടത്തിന്റെ തകർച്ചയ്‌ക്ക്‌ ഇടയാക്കുന്ന വിഷയങ്ങളെപ്പറ്റി കാര്യമായ പരിശോധനവേണം. എല്ലാം ഗാഡ്ഗിൽ റിപ്പോർട്ടിലുണ്ട് എന്ന സമീപനം പരിഹാരമല്ല. പശ്ചിമഘട്ടത്തിന്റെ പല ഭാഗങ്ങളിലായി താമസിക്കുന്നവരിൽ ഗാഡ്ഗിൽ റിപ്പോർട്ട് കടുത്ത ആശങ്കകൾ ഉണ്ടാക്കിയിരുന്നു. അതുകൊണ്ടുതന്നെയാണ്, റിപ്പോർട്ട്‌ നടപ്പാക്കുന്നതിനെതിരെ സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയത്. ഈ സാഹചര്യത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടുമാത്രം മുൻനിർത്തിയുള്ള പരിസ്ഥിതി ചർച്ച ദോഷകരമാകുകയേ ഉള്ളൂ. എന്നാൽ, ഇതിനർഥം ആ റിപ്പോർട്ടിലുള്ള ഒന്നും തിരിഞ്ഞുനോക്കിക്കൂടെന്നല്ല. അതിലുള്ള പ്രായോഗിക നിർദേശങ്ങളും പരിശോധിക്കപ്പെടണം.

അതുപോലെതന്നെ പരിസ്ഥിതി സംരക്ഷണം സർക്കാരിന്റെമാത്രം ഉത്തരവാദിത്തമാണെന്ന പൊതുബോധത്തിലും മാറ്റം വരണം. സ്വന്തംനിലയിൽ ജീവിതസൗകര്യങ്ങൾക്കായി പ്രകൃതിയെ പരമാവധി അപകടപ്പെടുത്തുകയും ഒപ്പം പരിസ്ഥിതി സംരക്ഷണം വേണമെന്ന്‌ മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്നതിൽ അർഥമില്ല. സ്വന്തം വീടിന്റെ നിർമാണംമുതലുള്ള കാര്യങ്ങളിൽ പരിസ്ഥിതി സംരക്ഷണം വ്യക്തികളുടെ പരിഗണനാ വിഷയമാകണം. വീട്‌ പണിയാൻ കരിങ്കല്ലും പുഴമണലും വേണം, എന്നാൽ പരിസ്ഥിതി സംരക്ഷിക്കുകയും വേണം എന്ന സമീപനം ഇരട്ടത്താപ്പാണ്.

കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഐ എം സംസ്ഥാന കമ്മിറ്റി ഇക്കാര്യങ്ങളിൽ വളരെ സ്വാഗതാർഹമായ നിർദേശങ്ങൾ മുന്നോട്ടുവച്ചിട്ടുണ്ട്. കേരളത്തിലെ കെട്ടിടനിർമാണരീതിയിൽ മാറ്റം വരേണ്ടതുണ്ടെന്ന്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വ്യക്തമാക്കിയിരുന്നു. കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കി കെട്ടിടനിർമാണം എന്ന ആശയം സർക്കാർതന്നെ മുന്നോട്ടുവച്ചിട്ടുള്ള കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഇക്കാര്യങ്ങളിൽ എങ്ങനെ നീങ്ങണം എന്നതിൽ ജനങ്ങൾക്ക്‌ മാർഗനിർദേശം വേണ്ടിവരും, സാങ്കേതിക വിദ്യയും ലഭ്യമാക്കണം. അതിന്‌ സർക്കാരിന്റെ  ഇടപെടൽ വേണമെന്ന്‌ സിപിഐ എം ആവശ്യപ്പെടുന്നു. സർക്കാർ ഇതിന്‌ മാതൃകയാകുകയും വേണം. ഇനിയുണ്ടാക്കുന്ന സർക്കാർ കെട്ടിടങ്ങൾ ഈ കാഴ്‌ചപ്പാടോടെ നിർമിക്കണം.

സഹകരണ സ്ഥാപനങ്ങൾ നിർമിക്കുന്ന കെട്ടിടങ്ങളും ഈ വിധത്തിലാക്കാൻ സഹകരണമേഖല ഇടപെടണമെന്നും പാർടി നിർദേശിക്കുന്നു. സിപിഐ എമ്മിന്റെ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ കരിങ്കല്ലും മണലും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുമെന്ന ഉറപ്പും കോടിയേരി നൽകുന്നു.ഇത് സ്വാഗതാർഹമായ സമീപനമാണ്. മറ്റ് രാഷ്ട്രീയ പാർടികളും അനുകൂല നിലപാട്  സ്വീകരിച്ചാൽ ഭാവി കേരളത്തിന് അത് ഗുണകരമാകും. രാഷ്ട്രീയഭിന്നതകൾ മാറ്റിവച്ചുതന്നെ പരിസ്ഥിതിവിഷയത്തിൽ  സമവായത്തിന് വഴിതെളിയും. സിപിഐ എം സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ ഒരു തുറന്ന ചർച്ചയ്‌ക്ക്‌ മുൻകൈ എടുത്തിരിക്കുകയാണ്. അത് ആ നിലയ്‌ക്ക്‌ സ്വീകരിക്കപ്പെടും എന്ന് പ്രത്യാശിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top