25 May Saturday

ലോകത്തിന്‌ ചിലിയുടെ സന്ദേശം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 22, 2021തെക്കേ അമേരിക്കയിലെ ചിലിയിൽ ദീർഘകാലത്തെ ഇടവേളയ്‌ക്കുശേഷം ഒരു ഇടതുപക്ഷ പ്രസിഡന്റ്‌ അധികാരമേൽക്കുകയാണ്‌. പതിനാലാം വയസ്സിൽ ചിലിയുടെ തെക്കൻ പ്രവിശ്യയായ പുന്റ അരിനാസിൽ സ്‌റ്റുഡന്റ്‌സ്‌ യൂണിയൻ രൂപീകരിച്ച്‌ വിദ്യാർഥി രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിച്ച ക്രൊയേഷ്യൻ കുടിയേറ്റ കുടുംബത്തിലെ അംഗമായ ബൊറീക് ‌ 35–-ാംവയസ്സിൽ പ്രസിഡന്റ്‌ പദവിയിൽ എത്തിയിരിക്കുന്നു. തൊട്ടടുത്ത എതിരാളിയും ചിലിയൻ ഏകാധിപതി പിനോഷെയുടെ ആരാധകനുമായ തീവ്രവലതുപക്ഷ സ്ഥാനാർഥി ഹൊസെ അന്റോണിയോ കാസ്‌റ്റിനെ 12 ശതമാനം വോട്ടിന്‌ തോൽപ്പിച്ചാണ്‌ ചിലിയൻ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായി ബൊറീക് അധികാരമേറുന്നത്‌. ലാറ്റിനമേരിക്കയുടെ ഇടത്തോട്ടുള്ള പ്രയാണത്തിന്‌ ആക്കം കൂട്ടുന്നതായിരിക്കും ചിലിയിലെ വിജയം. അടുത്ത വർഷം നടക്കാനിരിക്കുന്ന ബ്രസീൽ, കൊളംബിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പുകളിൽ യഥാക്രമം ലുലയും ഗുസ്‌താവോ പെട്രോയും ജയിക്കുമെന്നാണ്‌ പ്രവചനം. ഇതോടെ ലാറ്റിനമേരിക്കയുടെ നിറം ചുവപ്പാകും.

ചിലിയിൽ ബൊറീക്കിന്റെ വിജയം നിയോലിബറൽ പദ്ധതിക്കെതിരായ വിജയംകൂടിയാണ്‌. കാരണം, ലോകത്ത്‌ നവ ഉദാരവൽക്കരണനയങ്ങളുടെ ജന്മഭൂമിയാണ്‌ ചിലി. 1973ൽ പോപ്പുലർ യൂണിറ്റി പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായി സാൽവദോർ അലൻഡെ ചിലിയിൽ അധികാരമേറിയത്‌ ഭൂപരിഷ്‌കരണം, ദേശസാൽക്കരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടായിരുന്നു. ഇതിൽ ദേശസാൽക്കരണമെന്ന മുദ്രാവാക്യമാണ്‌ അമേരിക്കയെ ചൊടിപ്പിച്ചത്‌. ചെമ്പുഖനികളുടെ നാടായ ചിലിയെ യഥേഷ്‌ടം ചൂഷണം ചെയ്യാനുള്ള അവസരമാണ്‌ അലൻഡെ ഇതുവഴി നിഷേധിച്ചത്‌. അതിനാലാണ്‌ അമേരിക്കൻ കമ്പനിയായ ഐടിടിയും സിഐയും നിക്‌സൺ ഭരണകൂടവും ചേർന്ന്‌ അലൻഡെയെയും പാബ്ലോ നെരൂദയെയും കൊന്നുതള്ളി പിനോഷെയെ അധികാരം ഏൽപ്പിച്ചത്‌.

അലൻഡെയുടെ സാമ്പത്തികനയങ്ങൾക്ക്‌ ബദലെന്ന രീതിയിലാണ്‌ വൻകിടക്കാർക്കും ഖനി ഉടമകൾക്കും അനുകൂലമായ സാമ്പത്തിക ഉദാരവൽക്കരണനയം നടപ്പാക്കിയത്‌. മിൽട്ടൺ ഫ്രീഡ്‌മാന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ സ്‌കൂൾ ആയിരുന്നു ഈ സാമ്പത്തികനയത്തിന്റെ പിന്നിൽ. ബൊറീക്  പരാജയപ്പെടുത്തിയ റിപ്പബ്ലിക്കൻ പാർടി സ്ഥാനാർഥി കാസ്‌റ്റിന്റെ മൂത്ത സഹോദരൻ മിഗ്വൽ കാസ്‌റ്റായിരുന്നു ചിക്കാഗോ സ്‌കൂളിലെ ചിലിയൻ പ്രതിനിധി. പിനോഷെയുടെ തൊഴിൽമന്ത്രി, കേന്ദ്ര ബാങ്ക്‌ തലവൻ എന്നീ പദവികളിൽ പ്രവർത്തിച്ച മിഗ്വൽ ഉദാരവൽക്കരണ നടപടികൾക്ക്‌ ഗതിവേഗം നൽകി. 1990ൽ പിനോഷെ ഭരണം അവസാനിച്ചെങ്കിലും പിന്നീട്‌ വന്ന ഭരണാധികാരികളും ഈ നയം ഉപേക്ഷിക്കാൻ തയ്യാറായില്ല.

നവ ഉദാരവൽക്കരണം ജനജീവിതത്തെ ദുസ്സഹമാക്കിയപ്പോഴാണ്‌ അവർ തെരുവിലിറങ്ങാൻ ആരംഭിച്ചത്‌. വിദ്യാഭ്യാസവും ആരോഗ്യവും പാർപ്പിടവും ഗതാഗതവും ചെലവേറിയതായി. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ 2006ലും 2011ലും ചിലിയൻ വിദ്യാർഥികൾ പ്രക്ഷോഭം നടത്തി. 2017ൽ പെൻഷൻ സ്വകാര്യവൽക്കരണത്തിനെതിരെ സമരം നടന്നു. 2019ൽ മെട്രോ ചാർജ്‌ 30 ശതമാനം വർധിപ്പിച്ചപ്പോൾ ചിലി പ്രക്ഷുബ്‌ധമായി. ഇതോടെ ജനങ്ങൾ ഒരു കാര്യംകൂടി തീരുമാനിച്ചു. ഉദാരവൽക്കരണത്തിന്‌ അനുകൂലമായി നിലകൊള്ളുന്ന പിനോഷെക്കാലത്തെ ഭരണഘടനതന്നെ മാറ്റിയെഴുതണമെന്ന്‌. 2020ൽ നടന്ന ഹിതപരിശോധനയിൽ ഭരണഘടന മാറ്റുന്നതിന്‌ അനുകൂലമായി ജനങ്ങൾ വിധിയെഴുതി. 2021ൽ 155 അംഗ ഭരണഘടനാ അസംബ്ലിയിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ 155 സീറ്റിൽ 117ലും ഇടതുപക്ഷക്കാരെ വിജയിപ്പിച്ച്‌ ഉദാരവൽക്കരണത്തോട്‌ വിടപറയാൻ നേരമായെന്ന്‌ ചിലി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ്‌ മേൽപ്പറഞ്ഞ സമരങ്ങളുടെ നേതൃത്വത്തിലുണ്ടായിരുന്ന ഇടതുപക്ഷക്കാരനായ ബൊറീക്കിനെയും ചിലിയൻജനത വിജയിപ്പിച്ചിട്ടുള്ളത്‌. ബൊറീക് പറഞ്ഞതുപോലെ നിയോലിബറലിസത്തിന്റെ ജന്മദേശമായ ചിലിതന്നെ അതിന്റെ ശ്മശാനഭൂമിയും ആകുകയാണ്‌. അധികാരവികേന്ദ്രീകരണം, ക്ഷേമരാഷ്ട്രം, പൊതുചെലവ്‌ വർധിപ്പിക്കൽ, പെൻഷൻ സ്വകാര്യവൽക്കരണം അവസാനിപ്പിക്കൽ എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ്‌ കമ്യൂണിസ്‌റ്റ്‌ പാർടികൂടി ഉൾപ്പെട്ട ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനം ചിലിയിൽ അധികാരമേറിയിട്ടുള്ളത്‌. ചിലിയുടെ ഭൂതകാലം സാൽവദോർ അലൻഡെയുടെ നാമത്തിലായിരിക്കും ജീവിക്കുകയെന്ന പാബ്ലോ നെരൂദയുടെ നിരീക്ഷണം അക്ഷരാർഥത്തിൽ ശരിയാകുകയാണ്‌. സോവിയറ്റ്‌ യൂണിയന്റെ തകർച്ചയോടെ സോഷ്യലിസം മരിച്ചെന്ന വലതുപക്ഷത്തിന്റെ ആഖ്യാനവും ലാറ്റിനമേരിക്ക മാറ്റിയെഴുതുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top