18 April Thursday

വെല്ലുവിളികൾ കാണാതെ ജി 20 ഉച്ചകോടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 3, 2021



ലോക രാജ്യങ്ങൾ അസാധാരണമായ പ്രതിസന്ധികൾ നേരിടുന്ന നിർണായകമായ ഒരു ഘട്ടത്തിലാണ് ജി-20 രാജ്യങ്ങളുടെ ഉച്ചകോടി കഴിഞ്ഞ ദിവസം റോമിൽ ചേർന്നത്. വിവിധ രാഷ്‌ട്ര നേതാക്കൾ പങ്കെടുത്ത ഈ യോഗത്തിൽ സുപ്രധാന തീരുമാനങ്ങളും നിർദേശങ്ങളുമുണ്ടാകുമെന്ന് ലോകം പ്രതീക്ഷിച്ചു. പക്ഷേ, ഒന്നുമുണ്ടായില്ല. കോവിഡ് മഹാമാരിയുടെയും അടച്ചുപൂട്ടലുകളുടെയും പ്രത്യാഘാതമായി തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥകൾ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിലെ അസമത്വം എന്നീ പ്രശ്നങ്ങളിൽ ചില അഭിപ്രായപ്രകടനങ്ങളുണ്ടായതല്ലാതെ ഗൗരവമായ ചർച്ചകൾപോലുമുണ്ടായില്ല. 

ഗ്ലാസ്ഗോയിൽ കാലാവസ്ഥ ഉച്ചകോടി തുടങ്ങുന്നതിന് തൊട്ടുമുന്നേ ചേർന്ന ജി20 സമ്മേളനത്തിൽ ഗ്ലാസ്ഗോയിലേക്കുള്ള നിരവധി നേതാക്കളുണ്ടായിരുന്നു. എന്നാൽ, ആഗോളതാപനം കുറയ്ക്കുന്നതിനെ മുൻനിർത്തി ജി20 പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പൊതുധാരണയും രൂപപ്പെടുത്തിയില്ല.  താപനം 1.5 ഡിഗ്രി സെൽഷ്യസായി കുറയ്ക്കണമെന്ന പാരീസ് ഉടമ്പടിയിലെ പ്രഖ്യാപനം ഉച്ചകോടി ആവർത്തിച്ചുവെന്നത് കാണാതെ പോകുന്നില്ല. ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതാണ് താപനം വർധിക്കാൻ കാരണം. ഇക്കൂട്ടത്തിൽ,  അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്ന കാർബണിന്റെ  അളവ് വലിയ തോതിൽ വർധിക്കുന്നു. അതാണ് വലിയ പ്രശ്നവും.  ഇത് കുറയ്ക്കാൻ എന്തുചെയ്തു, ഇനി എന്തു ചെയ്യും എന്നീ കാര്യങ്ങളിലൊന്നും ഉച്ചകോടിയിൽ ഒരു പരിശോധനയുണ്ടായില്ല. കാർബൺ പുറന്തള്ളുന്നതിൽ  അമേരിക്കയടക്കമുള്ള വൻകിട ധനികരാജ്യങ്ങളാണ് പ്രധാന പ്രതികൾ. ഇവർ പുറന്തള്ളുന്ന കാർബൺ കാര്യമായി കുറയ്ക്കേണ്ടതുണ്ട്. അതിലൊന്നും ജി20 തീരുമാനം കൈക്കൊണ്ടില്ല. പ്രധാനമന്ത്രി മോദി കാലാവസ്ഥാവ്യതിയാനം–-പരിസ്ഥിതി വിഷയത്തിൽ  പ്രസംഗിച്ചുവെങ്കിലും മറ്റു രാഷ്‌ട്രനേതാക്കളിൽനിന്ന്‌ കാര്യമായ പ്രതികരണമുണ്ടായില്ല.അമേരിക്കയുടെയും മറ്റും സമ്മർദത്തിനു വഴങ്ങി 2070ൽ കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുമെന്ന മോദിയുടെ പ്രഖ്യാപനം പരിസ്ഥിതിമന്ത്രാലയത്തെപ്പോലും വിശ്വാസത്തിലെടുക്കാതെയാണെന്ന സംശയമുണർന്നിട്ടുണ്ട്‌. ഉച്ചകോടിക്ക്‌ തൊട്ടുമുമ്പുപോലും ഇത്തരമൊരു പ്രഖ്യാപനം നടത്താൻ ഇന്ത്യ തയ്യാറല്ലെന്നായിരുന്നു പരിസ്ഥിതിമന്ത്രാലയം അറിയിച്ചിരുന്നത്‌.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ വികസ്വര രാജ്യങ്ങൾക്ക് പ്രതിവർഷം 10,000 കോടി ഡോളർ നൽകുമെന്ന പഴയ പ്രഖ്യാപനം വീണ്ടുമുണ്ടായെങ്കിലും ഇതു നടപ്പാക്കാത്ത നിരവധി സമ്പന്ന രാജ്യങ്ങളുണ്ടെന്ന വസ്തുത ഉച്ചകോടി അവഗണിച്ചു.  ഈ തുക വർധിപ്പിക്കണമെന്ന വികസ്വര രാജ്യങ്ങളുടെ ആവശ്യം പരിഗണിച്ചില്ല. അതേസമയം, സഹായം നൽകുന്നതിനെച്ചൊല്ലി ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നത  മറനീക്കുകയും ചെയ്തു. കോവിഡ് പ്രതിരോധ വാക്സിൻ വിതരണത്തിലെ അസമത്വം അവസാനിപ്പിക്കുന്നതിനും  ജി 20 ഉച്ചകോടി എന്തെങ്കിലും മുൻകൈ എടുത്തതായി പറയാനാകില്ല. വാക്സിൻ ലഭ്യതയിൽ സമ്പന്ന-–-ദരിദ്ര രാജ്യങ്ങൾ തമ്മിലുള്ള അന്തരത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.

ആഫ്രിക്കൻ രാജ്യങ്ങളടക്കം പല ദരിദ്ര രാജ്യങ്ങളിലും   പ്രതിരോധ കുത്തിവയ്പ് കാര്യമായി നടന്നിട്ടേയില്ല. കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഇനിയും വ്യാപകമായേക്കാമെന്ന ഭീതി നിലനിൽക്കേ എല്ലാവർക്കും അതിവേഗം വാക്സിൻ ലഭിക്കേണ്ടതുണ്ട്.  വാക്സിൻ ഉൽപ്പാദനം വർധിപ്പിക്കണം. വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കണം. പേറ്റന്റ് നിയന്ത്രണങ്ങൾ ഒഴിവാക്കി എവിടെയും വാക്സിൻ ഉൽപ്പാദിപ്പിക്കാൻ കഴിയണം. കൂടുതൽ വാക്സിൻ നിർമാണ കേന്ദ്രങ്ങൾ തുടങ്ങണം. പിന്നാക്ക രാജ്യങ്ങളിൽ വാക്സിൻ എത്തിക്കാൻ സമ്പന്നരാജ്യങ്ങൾ സഹായിക്കണം. അടുത്ത വർഷമെങ്കിലും ലോകത്തെ 70 ശതമാനം ജനങ്ങളുടെ കുത്തിവയ്‌പ്‌ പൂർത്തിയാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. വാക്സിൻ വിതരണത്തിലെ അസമത്വം പരിഹരിക്കാൻ ജി20 രാജ്യങ്ങൾക്ക് വളരെയധികം കാര്യങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ, അങ്ങനെയൊരു  നിർദേശവും ഉച്ചകോടിയിൽ വന്നില്ല.

മഹാമാരിയിൽ തകർന്ന സമ്പദ്‌വ്യവസ്ഥകളെ കരകയറ്റാനും സാമ്പത്തികവളർച്ച കൈവരിക്കാനും ക്രിയാത്മകമായ നിർദേശങ്ങളും എല്ലാവരും പ്രതീക്ഷിച്ചു. അതുമുണ്ടായില്ല.  ദേശീയതലത്തിൽ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകൾ ഉടൻ പിൻവലിക്കരുതെന്ന അവ്യക്തമായ പ്രഖ്യാപനം മാത്രമാണുണ്ടായത്. ഇന്ത്യയിലാകട്ടെ, പ്രഖ്യാപിച്ച പാക്കേജുകൾ പലതും കോർപറേറ്റുകളെ സഹായിക്കുന്നതായിരുന്നുവെന്നത് മറ്റൊരു കാര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top