09 December Saturday

ജി 20 ഉച്ചകോടി : പുറത്തുവന്ന കാപട്യങ്ങൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 12, 2023


രാജ്യതലസ്ഥാനം അടച്ചിട്ട്‌ അത്യാഡംബരപൂർവം നടത്തിയ ജി20 ഉച്ചകോടിക്ക്‌ തിരശ്ശീല വീണപ്പോൾ ശേഷിക്കുന്നത്‌ കാപട്യങ്ങൾ. 1999ലെ ഏഷ്യൻ സാമ്പത്തികത്തകർച്ചയ്‌ക്കു പിന്നാലെയാണ്‌ ധനമന്ത്രിമാരുടെയും കേന്ദ്രബാങ്ക്‌ ഗവർണർമാരുടെയും പൊതുവേദിയായി ജി-20 രൂപീകരിച്ചത്‌. 2007–-2008ൽ ആഗോളസാമ്പത്തികമാന്ദ്യം വികസിതമുതലാളിത്ത രാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചതോടെ ഇതിനെ രാഷ്‌ട്രത്തലവന്മാരുടെയും ഭരണത്തലവന്മാരുടെയും കൂട്ടായ്‌മയായി ഉയർത്തി.  പൊതുവെ സമ്പന്നരാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള  ഉപകരണമായി ജി20 മാറി. ഇന്ത്യക്ക്‌ ഈ കൂട്ടായ്‌മയുടെ അധ്യക്ഷപദവി ലഭിച്ചത്‌ ഊഴമനുസരിച്ചാണല്ലോ? എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിശ്വഗുരു’വായി ലോകരാജ്യങ്ങൾ അംഗീകരിച്ചതിന്റെ തെളിവായാണ്‌ ഇതിനെ കേന്ദ്രസർക്കാരും ബിജെപിയും വിശേഷിപ്പിച്ചത്‌. നയതന്ത്രനീക്കങ്ങളും രാജ്യാന്തരസഹകരണവും സ്വാഗതാർഹമാണെങ്കിലും ഇതൊക്കെ വ്യക്തിഗത നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നത്‌ അഭിലഷണീയമല്ലെന്ന്‌  ജി20 പ്രസ്ഥാനത്തിൽ ആദ്യകാലംമുതൽ പ്രധാന പങ്കുവഹിച്ച മുൻപ്രധാനമന്ത്രി മൻമോഹൻസിങ്‌ പ്രതികരിച്ചിട്ടുണ്ട്‌.

സാമ്പത്തികസഹകരണമാണ്‌ ജി-20യുടെ മുഖ്യപരിഗണനാ വിഷയമെങ്കിലും ഇത്തവണ ഉച്ചകോടി ചേരുന്നതിനുമുമ്പേ റഷ്യ– -ഉക്രയ്‌ൻ സംഘർഷം ഉയർത്തിക്കാട്ടിയുള്ള പ്രചാരണമാണ്‌ നടന്നത്‌. റഷ്യയെ അപലപിച്ച്‌ ഉച്ചകോടിയിൽ പ്രഖ്യാപനം ഉണ്ടാകുമോ എന്നതായിരുന്നു പ്രചാരണത്തിന്റെ കാതൽ. റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിനും ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങും ഉച്ചകോടിയിൽ പങ്കെടുക്കാതിരുന്നത്‌ ഈ പ്രചാരണത്തിന്‌ ശക്തി പകർന്നു. ഇന്ത്യൻ മാധ്യമങ്ങളും ഇതേറ്റുപിടിച്ചതോടെ  ഉച്ചകോടി ചേരുന്നത്‌ റഷ്യ– -ഉക്രയ്‌ൻ സംഘർഷം ചർച്ച ചെയ്യാൻ മാത്രമാണെന്ന പ്രതീതിയായി. എങ്ങും തൊടാതെ നയതന്ത്രഭാഷയുടെ സമൃദ്ധിയിൽ ഉച്ചകോടി പ്രഖ്യാപനം വന്നതോടെ കെട്ടിപ്പൊക്കിയതെല്ലാം ആവിയായി.

മാസങ്ങളായി തുടരുന്ന വംശീയകലാപം ശമിപ്പിക്കാൻ മണിപ്പുരിൽ ഇടപെടാത്ത പ്രധാനമന്ത്രിയാണ്‌ ലോകരാജ്യങ്ങൾക്കിടയിലെ വിശ്വാസക്കുറവ്‌ ഇല്ലാതാക്കണമെന്ന്‌ ആഹ്വാനം ചെയ്‌തത്‌. മാധ്യമസ്വാതന്ത്ര്യവും മതസൗഹാർദവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യം ഉച്ചകോടി പ്രഖ്യാപനത്തിൽ പരാമർശിക്കുന്നുവെങ്കിലും ഇതുസംബന്ധിച്ച്‌ ഗൗരവതരമായ ഇടപെടലൊന്നും ഉണ്ടായില്ല. വൈറ്റ്‌ഹൗസ്‌ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും പ്രധാനമന്ത്രി മോദിയോടും അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡനോടും ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അവസരം അമേരിക്കയിൽനിന്നെത്തിയ മാധ്യമപ്രവർത്തകർക്ക്‌ നിഷേധിക്കപ്പെട്ടു. ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തിയെന്ന്‌ സംയുക്ത പ്രസ്‌താവനമാത്രം വന്നു. തന്ത്രപ്രധാനമായ മുംബൈയിൽ അമേരിക്കയുടെ പടക്കപ്പലുകൾക്കും വിമാനവാഹിനികൾക്കും താവളമടിച്ച്‌ അറ്റകുറ്റപ്പണി നടത്താൻ സഹായിക്കുന്ന രണ്ടാം മാസ്റ്റർ ഷിപ്‌ റിപ്പയർ കരാറിനെ (എംഎസ്‌ആർഎ) പ്രസ്‌താവനയിൽ പുകഴ്‌ത്തുന്നു. ഉച്ചകോടിക്ക്‌ തൊട്ടുമുമ്പ്‌ അമേരിക്കൻ നാവികസേനയും കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മസഗോവ്‌ ഡോക്ക്ഷിപ്‌ ബിൽഡേഴ്സ് ലിമിറ്റഡും തമ്മിലാണ്‌ രാജ്യത്തിന്റെ പരമാധികാരം അടിയറ വയ്‌ക്കുന്ന കരാറിൽ ഒപ്പിട്ടത്‌. കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഇരു രാഷ്‌ട്രങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാരുടെ സംഭാഷണത്തിൽ ഇന്ത്യ മുന്നോട്ടുവച്ച ആശയത്തിന്റെ ഭാഗമായുള്ള പ്രഥമ എംഎസ്‌ആർഎ കരാർ ജൂലൈയിൽ നടപ്പാക്കിയിരുന്നു. മോദി കഴിഞ്ഞ ജൂണിൽ നടത്തിയ യുഎസ്‌ സന്ദർശനത്തിൽ ഒപ്പിട്ട കരാർ പ്രകാരമാണ്‌ തന്ത്രപ്രധാന നാവികകേന്ദ്രങ്ങളിൽ അമേരിക്കയ്‌ക്ക്‌ കടന്നുകയറാൻ രണ്ടാം കരാറിനും വഴിതുറന്നത്‌. ഇന്തോ– -പസഫിക്‌ മേഖലയിൽ വർധിച്ചുവരുന്ന ചൈനീസ്‌ സ്വാധീനം അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക്‌ വിഘാതമായതോടെയാണ്‌ ഇന്ത്യയെ കൂട്ടുപിടിച്ച്‌ ‘തന്ത്രപരമായ സൈനിക സഹകരണം’ വർധിപ്പിക്കുന്നത്‌. ഇതിന്‌ ഗതിവേഗം കൂട്ടാൻ ഉച്ചകോടിയെ ഉപയോഗിക്കുകയാണ്‌ ചെയ്‌തത്‌. ചൈനയുടെ ‘വൺ ബെൽറ്റ് വൺ റോഡ്' പദ്ധതിക്ക്‌  ബദലായി യുഎസ്‌ സമ്മർദത്തിൽ ഇന്ത്യ– -മധ്യേഷ്യ–-യൂറോപ്പ്‌ സാമ്പത്തിക ഇടനാഴിയും ഉച്ചകോടിയിൽ  പ്രഖ്യാപിച്ചു.

അംഗരാജ്യങ്ങളിലെ ബഹുഭൂരിപക്ഷം സാധാരണക്കാരുടെയും ദരിദ്രരുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ തേടുന്നതിൽ ഉച്ചകോടി പരാജയപ്പെട്ടു. ഡൽഹിയിലെ ദരിദ്രരെ കുടിയൊഴിപ്പിക്കുകയും ചേരികൾക്ക്‌ മറകെട്ടിയും യാഥാർഥ്യം മറച്ച മോദിസർക്കാരിന്‌ ഇതിൽ പ്രധാന ഉത്തരവാദിത്വമുണ്ട്‌. നവഉദാര സാമ്പത്തികനയങ്ങൾ ശക്തിയായി മുന്നോട്ടുനീക്കാനുള്ള സംവിധാനങ്ങൾ ആവിഷ്‌കരിക്കുകയാണ്‌ ഉച്ചകോടിയിലും ഉഭയകക്ഷി ചർച്ചകളിലും ചെയ്‌തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top