24 September Sunday

ദുരിതകാലത്തും മോഡിയുടെ ഇന്ധനക്കൊള്ള

വെബ് ഡെസ്‌ക്‌Updated: Saturday May 8, 2021

മഹാമാരിയുടെ സുനാമി എന്നറിയപ്പെടുന്ന കോവിഡ്‌ രണ്ടാം തരംഗത്തിന്റെ കെടുതികൾ രാജ്യത്തെ വീർപ്പുമുട്ടിക്കുകയാണ്‌. എല്ലാ വിഭാഗം ജനങ്ങളുടെയും സാധാരണ ജീവിതവും നിത്യചലനങ്ങളും അടിമുടി താറുമാറായിരിക്കുന്നു. ദരിദ്രരുടെ സ്ഥതി അതിദാരുണമാണ്‌. കോവിഡ്‌ കൈകാര്യം ചെയ്യുന്നതിൽ നരേന്ദ്ര മോഡി സർക്കാർ പുലർത്തുന്ന മെല്ലെപ്പോക്കും അലംഭാവവും കുത്തക പ്രീണനവും മുൻഗണന അട്ടിമറിയും പരമോന്നത നീതിപീഠത്തിനും ചില ഹൈക്കോടതികൾക്കുംപോലും ചൂണ്ടിക്കാണിക്കേണ്ടി വന്നു. വാക്‌സിൻ ക്ഷാമവും ഓക്‌സിജൻ സിലിൻഡറുകൾ ലഭ്യമാക്കുന്നതിലെ കാലതാമസവും കാരണം മരണം മുട്ടിവിളിക്കുന്ന അവസ്ഥയിൽ ഇരുട്ടടിയാകുകയാണ്‌ മോഡിയുടെ ഇന്ധനക്കൊള്ള. പെട്രോളിനും ഡീസലിനും തുടർച്ചയായ നാലാം ദിവസവും വില വർധിപ്പിച്ചത്‌ സാധാരണക്കാർക്കുമേലുള്ള താങ്ങാനാകാത്ത പ്രഹരവുമാണ്‌.

പൊതുഖജനാവ്‌ ചോർത്തി ധൂർത്തടിക്കുന്ന മോഡിയുടെ ചെയ്‌തികൾ എല്ലാ അതിരും ഭേദിച്ചിരിക്കുന്നു. പട്ടേൽ–-ശ്രീരാമ പ്രതിമ നിർമാണത്തിനു പിന്നാലെ പുതിയ പാർലമെന്റ്‌ മന്ദിരവും പ്രധാനമന്ത്രിയുടെ വസതിയും പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ഉയരുകയാണ്‌. ആകെ ഇരുപതിനായിരം കോടി രൂപയുടേതാണ്‌ ആ ധൂർത്ത്‌. സമ്പദ്‌‌വ്യവസ്ഥ നടുവൊടിഞ്ഞു കിടക്കുമ്പോഴാണ്‌ ഇത്തരം നടപടികൾ എന്നോർക്കണം. സമീപകാലത്ത്‌ പുറത്തുവന്ന അന്താരാഷ്‌ട്ര പഠനങ്ങളും സ്ഥിതിവിവര കണക്കുകളും മാധ്യമ വിശകലനങ്ങളും ഇന്ത്യയെ സംബന്ധിച്ച്‌ ഒട്ടും പ്രതീക്ഷാനിർഭരമല്ല. കാർഷിക വ്യാവസായിക സേവന മേഖലകളെല്ലാം അഗാധമായ പ്രതിസന്ധിയിലാണ്‌. സേവനതുറകളിൽ ഏപ്രിൽ വരെയുള്ള കണക്കുകളനുസരിച്ച്‌ കാര്യമായ ഇടിവുണ്ടായി. തുണി കയറ്റുമതിയിൽ രേഖപ്പെടുത്തപ്പെട്ട കുറവാകട്ടെ പതിമൂന്ന്‌ ശതമാനത്തിലധികമാണ്‌. ദരിദ്ര ജനകോടികളെ കുത്തുപാളയെടുപ്പിച്ച നയങ്ങൾക്കിടയിലും ബഹുരാഷ്‌ട്ര കുത്തകകളുടെയും കോർപറേറ്റുകളുടെയും ലാഭം മാനംമുട്ടെ ഉയരുകയായിരുന്നു. കോവിഡ്‌ പ്രതിസന്ധികൾക്കിടയിലും അവർക്ക്‌ പൂക്കാലമായിരുന്നല്ലോ. ലോക സമ്പന്നന്മാരുടെയും ലാഭവിഹിതത്തിന്റെയും പട്ടികയിൽ അദാനി–- അംബാനിമാർക്കും അവരുടെ സ്ഥാപനങ്ങളും കുതിക്കുകയായിരുന്നു. അത്‌ മോഡിയുടെ കൈപിടിച്ചുകൊണ്ടായിരുന്നു എന്നതാണ്‌ സത്യം.

ഇന്ധനവിലവർധന തെറ്റായ നയങ്ങളുടെ തുടർച്ചയാണ്‌. എണ്ണയുടെ വിലനിർണയ അവകാശം കമ്പനികൾക്ക്‌ അടിയറ വച്ചതിന്റെ ഫലം. അന്താരാഷ്‌ട്ര കമ്പോളത്തിൽ അസംസ്‌കൃത എണ്ണകളുടെ വില കുറഞ്ഞപ്പോഴും ഇന്ത്യയിൽ ഉയർത്താൻ ഈ മേഖലയിലെ ഷൈലോക്കുമാർക്ക്‌ മോഡി അനുമതി നൽകി. പാചക വാതക സിലിൻഡറുകൾക്ക്‌ കഴിഞ്ഞ മാസം കൂട്ടിയത്‌ നൂറു രൂപയിലധികമാണ്‌. 2020ൽ പെട്രോൾ ഡീസൽ വിലവർധന ദിനചര്യയെന്നവണ്ണം ആയിരുന്നു അടിച്ചേൽപ്പിച്ചത്‌. എന്നാൽ, 2021 ഏപ്രിലിൽ കേരളം, പശ്‌ചിമ ബംഗാൾ, തമിഴ്‌നാട്‌, അസം, പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കപ്പെട്ടതിനാൽ പ്രഹരം ഏൽപ്പിക്കുന്നതിൽനിന്ന്‌ തൽക്കാലം പിൻമാറി. മെയ്‌ രണ്ടിന്‌ വോട്ടെണ്ണൽ കഴിയാൻ കാത്തിരിക്കുകയായിരുന്നു. ചെറിയ ഇടവേളയ്‌ക്കുശേഷം മെയ്‌ നാലിന്‌ ഡീസൽവില 18 പൈസയും പെട്രോൾ വില 15 പൈസവും കൂട്ടി. തുടർച്ചയായ ദിവസങ്ങളിലും വർധനതന്നെ. കണ്ണടച്ചുള്ള ഈ കുത്തക പ്രീണനം സമ്പദ്‌‌വ്യവസ്ഥയുടെ സർവമേഖലയെയും ബാധിക്കും. കേരളംപോലുള്ള ഉപഭോക്‌തൃ സംസ്ഥാനങ്ങൾക്കാണ്‌ കൂടുതൽ ഭാരം.

കോവിഡിന്റെ സംഹാരാത്മകതയിൽ വിറങ്ങലിച്ച പൗരൻമാർക്ക്‌ ഏറ്റവും ദരിദ്രരാജ്യങ്ങൾപോലും കൈത്താങ്ങ്‌ നൽകുമ്പോൾ മോഡിയും കൂട്ടരും പലവിധത്തിലുള്ള അമിതഭാരം അടിച്ചേൽപ്പിക്കുകയാണ്‌. നിസ്സഹായരായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനുപകരം ഈ ‘രാജ്യസ്‌നേഹികൾ’ അവരെ അനാഥത്വത്തിന്റെ ഇരുട്ടിൽ തള്ളുകയുമാണ്‌. ദുരിതകാലത്തും തുടരുന്ന ഇന്ധനക്കൊള്ളയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുവരേണ്ടതുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top