20 April Saturday

ദുർബല ജനാധിപത്യം മുറിവേറ്റ സ്വാതന്ത്ര്യം

വെബ് ഡെസ്‌ക്‌Updated: Saturday Mar 6, 2021


പൊതുപട്ടിണി‐ വ്യക്തികളുടെ ദാരിദ്ര്യ, വിശപ്പ്‌ സൂചികകളിൽ ഇന്ത്യ പരിതാപകരമായ സ്ഥിതിയിൽ എത്തിയിരിക്കുന്നു. ഏറ്റവും പുതിയ അന്താരാഷ്ട്ര പഠനങ്ങളിലും സ്ഥിതിവിവരക്കണക്കുകളിലും ഞെട്ടിപ്പിക്കുന്ന ഭയാശങ്കകളാണ്‌ നിറയുന്നത്‌. അതിദരിദ്ര രാജ്യങ്ങളോടും പിന്നോക്ക സമ്പദ്‌‌വ്യവസ്ഥകളോടുമാണ്‌ നമ്മുടെ മത്സരം. തൊഴിലും ഭക്ഷണവും ശുദ്ധജലവും വാസയോഗ്യമായ പാർപ്പിടവുമില്ലാതെ ജനകോടികളാണ്‌ അനാഥത്വം അനുഭവിക്കുന്നത്‌. ജനങ്ങളുടെ വിവരണാതീതങ്ങളായ കഷ്ടപ്പാടുകൾക്കും പട്ടിണിക്കുമൊപ്പം ജനാധിപത്യാവകാശത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യത്തിന്റെയും കാര്യത്തിലും അതീവ ദുർബലവും പരിക്ഷീണവുമാണ്‌ ഇന്ത്യ. അമേരിക്കൻ ഏജൻസിയായ ‘ഫ്രീഡം ഹൗസി’ന്റെ വർഷാന്ത്യ റിപ്പോർട്ടിൽ തീർത്തും അശുഭകരങ്ങളായ കണ്ടെത്തലുകളാണുള്ളത്‌. ജനാധിപത്യ രാജ്യങ്ങളുടെ പട്ടികയിൽ ഭാഗിക സ്വാതന്ത്ര്യം മാത്രമുള്ള ഇടമായാണ്‌ ഇന്ത്യയെ ഉൾക്കൊള്ളിച്ചിരിക്കുന്നത്‌. നാലു ദശാബ്ദത്തിനടുത്തായി ഫ്രീഡം ഹൗസ്‌ ലോകത്തെ സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മുൻനിർത്തി സ്ഥിരമായി പഠനങ്ങൾ നടത്തി പ്രസിദ്ധീകരിച്ചുവരുന്നുണ്ട്‌. ആഗോള ജനാധിപത്യത്തിലെ മുൻനിരക്കാരനെന്ന നാട്യം ഇന്ത്യ കൈമോശം വരുത്തിയതായി റിപ്പോർട്ട്‌ സംശയരഹിതമായി അടിവരയിടുകയാണ്‌. 2018‐20 കാലയളവിൽ സ്വാതന്ത്ര്യമെന്ന വിഭാഗത്തിലായിരുന്നെങ്കിലും അടിസ്ഥാന പോയിന്റായ 100ൽനിന്ന്‌ ഏറെ ഇടിഞ്ഞു. മേൽപ്പറഞ്ഞ വർഷങ്ങളിൽ 77, 71 ആയി കുറയുകയും ചെയ്‌തു. ഇക്കുറി അത്‌ ‌67 മാത്രവും.

പൗരാവകാശപ്രവർത്തകരും സംഘടനകളും അക്കാദമീഷ്യന്മാർ, മാധ്യമപ്രവർത്തകർ, ആക്ടിവിസ്റ്റുകൾ തുടങ്ങിയവർക്കുമേൽ 2014 തൊട്ട്‌ ശത്രുതാപരമായ സമ്മർദങ്ങൾ കനക്കുകയാണ്‌. ഗവൺമെന്റിനെ വിമർശിക്കുന്ന എല്ലാ മേഖലയിൽപ്പെട്ടവരും തുടർച്ചയായ അടിച്ചമർത്തലുകൾക്ക്‌ ഇരയാകുന്നു. നിയമ സ്വാതന്ത്ര്യത്തിനുമേലും ശക്തമായ വിലങ്ങുകളും വിലക്കുകളുമാണ്‌. കേന്ദ്രത്തിന്റെ കീഴിലുള്ള ഡൽഹി പൊലീസിനെ വിമർശിച്ചത്‌ മറയാക്കി ഡൽഹി ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ്‌ എസ്‌ മുരളീധറിനെ ഫെബ്രുവരി 24നു പഞ്ചാബ്‌‐ഹരിയാന ഹൈക്കോടതിയിലേക്ക്‌ സ്ഥലംമാറ്റിയത്‌ റിപ്പോർട്ടിൽ പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്‌. തൊഴിൽമുഖത്തുനിന്ന്‌ ദയയില്ലാതെ പറിച്ചെറിയപ്പെട്ട അതിഥിത്തൊഴിലാളികൾ അടച്ചുപൂട്ടൽ കാലത്ത്‌ അഭിമുഖീകരിച്ച മനുഷ്യാവകാശലംഘനങ്ങളും പഠനം എടുത്തുകാട്ടുന്നു.

മുസ്ലിങ്ങളെ ശരവ്യയമാക്കിയുള്ള അതിക്രമങ്ങൾ സംഘടിതമായ നിലയിൽ ഏറി. പൗരത്വ നിയമഭേദഗതിക്കെതിരെ ഐക്യരാഷ്ട്രസംഘടനാ മനുഷ്യാവകാശസമിതി രംഗത്തെത്തിയതും ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌. ഇന്ത്യൻ ഭരണഘടനയിൽ നിക്ഷിപ്തമായ തുല്യതയെ ഹനിക്കുന്നതാണ്‌ നിയമമെന്ന്‌ വ്യക്തമാണ്. വംശീയ വിവേചനത്തിനെതിരെ ലോകരാജ്യങ്ങൾ ഒപ്പുവച്ച കരാറിന് വിപരീതമാണത്‌. അത്തരം ഉടമ്പടികളിൽ ഇന്ത്യകൂടി ഭാഗഭാക്കാണെന്നിരിക്കെ, വംശ, മതാടിസ്ഥാനങ്ങളിൽ വിവേചനം ഏർപ്പെടുത്തുന്ന ഒരു നിയമവും പാർലമെന്റിൽ ഒരു അംഗരാജ്യവും പാസാക്കാൻ പാടില്ല. മാത്രവുമല്ല, ഇന്ത്യൻ പൗരത്വം നേടുന്നതിൽ ആ നിയമം വിവേചനപരമായ സമീപനവും സ്വീകരിക്കുന്നുവെന്നാണ്‌ സമിതി വക്താവ്‌ -ജെറമി ലോറൻസ് വിശദീകരിച്ചത്‌.

2020ൽ ലോകത്തുതന്നെ ഏറ്റവും കൂടുതൽ ഇന്റർനെറ്റ്‌ വിച്ഛേദങ്ങൾ നടന്നതും ഇന്ത്യയിലാണെന്ന്‌ അമേരിക്കൻ ഡിജിറ്റൽ അവകാശ കൂട്ടായ്‌മയായ ‘ആക്‌സസ്‌ നൗ’ കണ്ടെത്തിയിരിക്കുന്നു. 29 രാജ്യത്തിലായി 155 വിച്ഛേദങ്ങളിൽ 109 ഉം ഇന്ത്യയിലാണ്‌. കൊറോണ വൈറസ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകം ഓൺലൈൻ അവസരങ്ങളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങിയപ്പോൾ പൗരന്മാരുടെ വിദ്യാഭ്യാസ‐ ആരോഗ്യ മേഖല, വ്യാപാര രംഗം, ജീവനോപാധി തുടങ്ങിയവയിലെല്ലാം അസഹ്യമായ കൈകടത്തൽ നടന്നതായും ‘ആക്‌സസ്‌ നൗ’ നിരീക്ഷിച്ചു. പൗരത്വനിയമ ഭേദഗതിക്കെതിരായ ചെറുത്തുനിൽപ്പ്‌, ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി നീക്കിയതിനെതിരായ സമരം, കർഷകപ്രക്ഷോഭം തുടങ്ങിയ ഘട്ടത്തിലെല്ലാം അടിച്ചമർത്തൽ നടപടിയും അവകാശലംഘനവും അഭിപ്രായപ്രകടന വേദിയുമെന്ന നിലയിൽ ഇന്റർനെറ്റും മുടക്കി. കശ്‌മീരിൽ 2019 ആഗസ്‌തിൽ അടിച്ചേൽപ്പിച്ച നിയന്ത്രണത്തിന്‌ 2021 ഫെബ്രുവരിയിലാണ്‌ അന്ത്യമായത്‌.

മോഡി ഭരണം പോഷിപ്പിക്കുന്ന, കൊട്ടിഘോഷിക്കുന്ന ജനാധിപത്യം എത്ര ദുർബലവും പെരുമ്പറ മുഴക്കുന്ന സ്വാതന്ത്ര്യം എത്രമാത്രം മുറിവേറ്റതുമാണെന്ന്‌ രാജ്യതലസ്ഥാനത്ത്‌ ഇന്ന്‌ 100–-ാം ദിവസം എത്തിനിൽക്കുന്ന ഐതിഹാസിക കർഷകപ്രക്ഷോഭം തെളിയിക്കുകയാണ്‌. കാര്യക്ഷമമായ ഒരുവിധ ചർച്ചയ്‌ക്കും മുതിരാതെ പ്രധാനമന്ത്രിയും സഹപ്രവർത്തകരും സംഘപരിവാര സംഘടനകളും മണ്ണിന്റെ മക്കളെ പരിഹസിക്കുകയായിരുന്നു. ശനിയാഴ്‌ച ഡൽഹിക്കു ചുറ്റുമുള്ള പാതകൾ ഉപരോധിക്കാനാണ്‌ കിസാൻ സംയുക്ത സമരസമിതിയുടെ തീരുമാനം. ദേശീയ തലത്തിൽ കരിദിനവും ആചരിക്കും. മഹാരാഷ്ട്രയിലേതിനു സമാനമായി കിസാൻ സഭ ഹരിയാനയിലെ ഹിസാറിൽനിന്ന്‌ ഡൽഹിയിലേക്ക്‌ മാർച്ച്‌ നടത്തുമെന്നും പ്രഖ്യാപിച്ചിരിക്കയാണ്‌. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമബംഗാളിലും അസമിലും ബിജെപിക്ക്‌ കനത്ത തിരിച്ചടി നൽകാനുള്ള പ്രചാരണപരിപാടികളും ഏറ്റെടുക്കും. പാർലമെന്റിനെപ്പോലും വിശ്വാസത്തിലെടുക്കാതെ അടിച്ചേൽപ്പിച്ച വിവാദ കാർഷികനിയമങ്ങൾ മോഡി ഗവൺമെന്റ്‌ പിൻവലിക്കാതിരിക്കുന്നതിനു പിന്നിലെ കോർപറേറ്റ്‌ പ്രീണന നയങ്ങൾ സമ്മതിദായകർക്കു മുന്നിൽ തുറന്നുകാട്ടും.12ന്‌ കൊൽക്കത്തയിലാണ്‌ പ്രചാരണത്തിന്റെ കേന്ദ്രീകൃത തുടക്കം. പലവിധ തകർച്ചകളിൽനിന്ന്‌ രാജ്യത്തെയും ജനങ്ങളെയും ജനാധിപത്യത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും രക്ഷിക്കാൻ ഈ കർഷകപ്രക്ഷോഭം വിജയിച്ചേ മതിയാകൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top