20 April Saturday

സ്ത്രീപീഡകർക്ക‌് തുറുങ്കുതന്നെ

വെബ് ഡെസ്‌ക്‌Updated: Saturday Sep 22, 2018


കന്യാസ്ത്രീയെ ബലാത്സംഗം ചെയ‌്ത കേസിൽ ജലന്ധർ ബിഷപ്പായിരുന്ന  ഫ്രാങ്കോയെ അറസ്റ്റ‌് ചെയ‌്തിരിക്കുന്നു. എത്ര വലിയവനായാലും ഏതു സ്വാധീനശേഷിയുള്ളവനായാലും കുറ്റംചെയ്‌താൽ പിടിച്ചുകെട്ടി നിയമത്തിനുമുന്നിലെത്തിക്കും എന്നാണ‌് പഴുതുകൾ അടച്ചുള്ള അറസ്റ്റിലൂടെ കേരള പൊലീസ‌് ഒരിക്കൽക്കൂടി തെളിയിച്ചത്. ബിഷപ‌് ഫ്രാങ്കോ 13 തവണ തന്നെ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ്  കന്യാസ‌്ത്രീയുടെ പരാതി. കുറുവിലങ്ങാടിനടുത്തുള്ള മഠത്തിൽവച്ച്  2014 മുതൽ 13 തവണ ഫ്രാങ്കോ ബലാത്സംഗം  ചെയ‌്തെന്ന പരാതിയിൽ  എല്ലാ സംശയങ്ങളും ദൂരീകരിക്കുംവിധം അന്വേഷണം ഉറപ്പാക്കിയാണ‌് അറസ്റ്റിലേക്ക്  നീങ്ങിയത്. മൂന്നുദിവസമായി പതിനേഴുമണിക്കൂർ ഇതിനായി ചോദ്യംചെയ‌്തു. നിയമവും നീതിബോധവുമാണ്, മറ്റൊരു സമ്മർദവും പ്രകോപനവുമല്ല തങ്ങളെ നയിക്കുന്നത് എന്ന് കേരള പൊലീസ‌്  തെളിയിച്ച സന്ദർഭംകൂടിയാണിത‌്.

നാലുവർഷം മുമ്പാരംഭിച്ച കുറ്റകൃത്യം സഹികെട്ട് ഇര പരാതിയായി പൊലീസിൽ നൽകിയപ്പോഴാണ് പൊതുജനശ്രദ്ധയിലേക്ക് വന്നത്.  കോട്ടയം ജില്ലാ പൊലീസ് ചീഫിന് കുറവിലങ്ങാട് മിഷണറീസ് ഓഫ് ചാരിറ്റീസ് സന്യാസിനി മഠത്തിലെ കന്യാസ‌്ത്രീ ജൂൺ 27 നാണ‌്  പരാതി നൽകിയത്. കന്യാസ‌്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്നുതന്നെ കേസ് രജിസ്റ്റർ ചെയ‌്തു.  ജൂലൈ അഞ്ചിന്  മജിസ്‌ട്രേട്ടിന് മുമ്പിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു.  ജൂലൈ 10ന് ബിഷപ‌് രാജ്യം വിടാതിരിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. കർദിനാൾ മാർ ആലഞ്ചേരി അടക്കമുള്ളവരുടെ മൊഴി  ശേഖരിച്ചു.  ആഗസ്ത് 13ന് അന്വേഷണസംഘം ജലന്ധറിലെത്തി ബിഷപ്പിനെ ഒമ്പതുമണിക്കൂർ  ചോദ്യംചെയ‌്തു.  സാക്ഷിമൊഴികളിലെ വൈരുധ്യവും നഷ്ടപ്പെട്ട തെളിവുകളും അന്വേഷണപുരോഗതിക്ക‌് തടസ്സമായെങ്കിലും സംശയ രഹിതമായ തെളിവുകൾ പൂർണതോതിൽ ശേഖരിച്ച് കുറ്റവാളിയെ നിയമത്തിനുമുമ്പിലെത്തിക്കാനുള്ള  നിശ്ചയദാർഢ്യമാണ് ഫ്രാങ്കോയുടെ അറസ്റ്റിലൂടെ കേരള പൊലീസ് പൂർത്തിയാക്കിയത്.

സ‌്ത്രീസുരക്ഷ എൽഡിഎഫ‌് സർക്കാർ ജനങ്ങൾക്ക് നൽകിയ ഉറപ്പാണ്. പിണറായി വിജയൻ മന്ത്രിസഭയുടെ  ആദ്യതീരുമാനം ജിഷ കേസിൽ അന്വേഷണം ഊർജിതപ്പെടുത്താനുള്ളതായിരുന്നു. ജിഷയെ കൊന്ന കുറ്റവാളിക്ക് വധശിക്ഷ വിധിച്ചാണ്‌ ആ കേസിൽ തീർപ്പുണ്ടായത്. തുടർന്നിങ്ങോട്ട്, സ‌്ത്രീകൾ ആക്രമിക്കപ്പെട്ട ഓരോ കേസിലും ഇരയ്‌ക്കൊപ്പമാണ് സർക്കാർ നിന്നത‌് എന്നത‌് മലയാളിയുടെ അനുഭവം. 

ചലച്ചിത്രനടിയെ പീഡിപ്പിച്ച കേസിൽ സിനിമാലോകത്തെ പ്രമുഖൻ പ്രതിയായപ്പോൾ അയാളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന് ആരോപിച്ചവരുണ്ട്. അറസ്റ്റ‌് നടക്കില്ല, അന്വേഷണം അട്ടിമറിക്കുന്നു എന്ന് ആക്ഷേപിച്ചവരുമുണ്ട്. അക്കൂട്ടരൊന്നും ആ കാര്യം പിന്നെ മിണ്ടേണ്ടിവന്നിട്ടില്ല. കൊട്ടിയൂരിലെ വൈദികന്റെ പീഡനം, കുമ്പസാര രഹസ്യംവച്ച് ബ്ലാക്ക‌് മെയിൽ ചെയ‌്ത‌് വൈദികർ നടത്തിയ പീഡനം, വിദേശവനിതയെ പീഡിപ്പിച്ചുകൊന്ന സംഭവം ഇങ്ങനെ എല്ലാ കേസിലും പൊലീസ് ആരുടേയും മുഖം നോക്കിയില്ല. കുറ്റവാളികൾ ഏതു വേഷമിട്ടവരായാലും എത്ര ഉന്നതരായാലും നയിക്കപ്പെട്ടത് നിയമത്തിനു മുന്നിലേക്കാണ്.

ഫ്രാങ്കോ കേസിൽ പൊലീസ‌് സ്വതന്ത്രമായും നീതിപൂർവകമായും അവധാനതയോടെയുമാണ് നീങ്ങിയത്. കേരള ഹൈക്കോടതി അത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. അറസ്റ്റ് വൈകുന്നു എന്നുപറഞ്ഞ‌് സർക്കാരിനെതിരെ തിരിഞ്ഞവർക്കുള്ള മറുപടിയാണ്, അറസ്റ്റാണോ കുറ്റവാളികൾ ശിക്ഷിക്കപ്പെടലാണോ പ്രധാനം എന്ന ചോദ്യം. അന്വേഷണത്തിൽ ഹൈക്കോടതി പരിപൂർണ തൃപ്തിയാണ് പ്രകടിപ്പിച്ചത്. ഈ സംഭവം മറയാക്കി സർക്കാരിനെയും സിപിഐ എമ്മിനെയും ആക്രമിക്കാൻ ചില കേന്ദ്രങ്ങൾ മുതിർന്നു.

പ്ര‌ക്ഷോഭ വേദിയിലെത്തിയ കന്യാസ്ത്രീകളെ  പരിചയാക്കി എൽഡിഎഫ് സർക്കാരിനെ ആക്രമിക്കാൻ ചില സങ്കുചിതകേന്ദ്രങ്ങൾ ദുർമന്ത്രവാദ സമാനമായ ഇടപെടൽ നടത്തി.   ഈ സമരത്തെ സർക്കാർ വിരുദ്ധ വഴിയിലെത്തിക്കാൻ, കന്യാസ്ത്രീകളുടെ അഭിപ്രായംപോലും അവഗണിച്ച‌് അത്തരക്കാർ കിണഞ്ഞുശ്രമിച്ചപ്പോൾ, അത് ചൂണ്ടിക്കാട്ടിയ സിപിഐ എം സംസ്ഥാന സെക്രട്ടറിയെ വളഞ്ഞിട്ടധിക്ഷേപിക്കാനായി അടുത്ത നീക്കം. അത്തരം എല്ലാ കുതന്ത്രങ്ങൾക്കുമുള്ള മറുപടിയാണ് ഫ്രാങ്കോയുടെ അറസ്റ്റ്. സങ്കുചിത മുദ്രാവാക്യങ്ങളും അധിക്ഷേപങ്ങളുമല്ല, നീതിയും നിയമവുമാണ്,  സർക്കാരിന്റെ സ്ത്രീ സുരക്ഷ എന്ന നയമാണ് നടപ്പാകുക എന്നാണ‌് തെളിഞ്ഞത്.

കൂന‌് ബാധിച്ച‌് നേരെനിൽക്കാനാകാതെ വളഞ്ഞുപോയ സ്ത്രീയെ കാണുകയും അടുത്തുവിളിക്കുകയും സംസാരിക്കുകയും കൈക്കു പിടിക്കുകയും സുഖപ്പെടുത്തുകയുമാണ് യേശു ചെയ്തതെന്ന് വിശദീകരിച്ച‌്, ഒരു നല്ല പുരോഹിതന്റെ അഞ്ചു സവിശേഷതകൾ എന്ന്  ഫ്രാൻസിസ് മാർപാപ്പ വ്യക്തമാക്കുന്നുണ്ട്. സാന്താ മരിയയിലെ അനുദിനസന്ദേശത്തിൽ മാർപാപ്പ  വിശദീകരിച്ച നല്ല ഇടയനായി ഉയർന്നുപ്രവർത്തിക്കേണ്ട ഒരാളാണ്, സഭയ്ക്കായി   സ്വയം സമർപ്പിതയായ വനിതയെ ബലാത്സംഗംചെയ്ത കേസിൽ അറസ്റ്റിലായിരിക്കുന്നത്. കന്യാവ്രതത്തോടെ കന്യാമഠത്തിൽ കഴിയുന്നവളാണ് കന്യാസ്ത്രീ. കർത്താവിന്റെ തിരുമണവാട്ടിയായി ജീവിതം സമർപ്പിച്ച വനിതയെ, തന്റെ അധികാരമുപയോഗിച്ച് കീഴ‌്പ്പെടുത്തി കാമവെറി തീർത്തു എന്ന   കുറ്റകൃത്യമാണ് ഫ്രാങ്കോയ്ക്കെതിരെ ആരോപിക്കപ്പെട്ടത്. അത് സ്ത്രീകൾക്കെതിരായ  ലൈംഗിക അതിക്രമം എന്ന നിയമത്തിന്റെ കേവലമായ വിശേഷണത്തിനപ്പുറം ഗുരുതരമാണ്.

ഈ കേസ് കോടതിയിൽ അതിന്റെ എല്ലാ തീവ്രതയോടെയും തെളിയിക്കപ്പെടുകയും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുകയുമാണ് അടുത്ത പടി. അതിന‌് കേരള പൊലീസിന് പ്രാപ്തിയുണ്ട്; സർക്കാരിന് പ്രതിബദ്ധതയുണ്ട്. സഭയ്ക്കുള്ളിൽ ഉയർന്ന വികാരവും കന്യാസ്ത്രീകളുടെ അരക്ഷിതത്വവും തുടർന്നും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കേരളീയസമൂഹത്തിന്റെ  ജനാധിപത്യപരമായ ആന്തരികശക്തി അത്തരം ചർച്ചകളെ നേരായ ദിശയിൽ നയിക്കും എന്ന് ഉറപ്പിക്കാം. സ്ത്രീപീഡകർ ഏതു വേഷമിട്ടാലും അവരുടെ സ്ഥാനം ജയിലിലാണ്. അതേ ഗതിതന്നെയാകും ജനങ്ങൾക്കിടയിൽ അപവാദ പ്രചാരകർക്കും കുത്തിത്തിരിപ്പുകാർക്കും എന്ന് അത്തരക്കാരും തിരിച്ചറിയേണ്ടതുണ്ട്. വിവാദം കുഴിച്ചെടുത്തു ഭക്ഷിക്കാൻ ദേശാന്തരം നടത്തുന്ന കുബുദ്ധികൾ സമൂഹത്തിൽ പരിഹാസ്യരാകുന്ന ദൃശ്യം കൂടിയാണ്, ഫ്രാങ്കോയുടെ അറസ്റ്റോടെ കണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top