20 April Saturday

മഹാപുരോഹിതൻ വീണ്ടും പറയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 7, 2020


മനുഷ്യസ്നേഹിയായ ആ മഹാ പുരോഹിതൻ വീണ്ടും ലോകത്തോട്‌ വിളിച്ചു പറയുന്നു: “കമ്പോള മുതലാളിത്തത്തിന്റെ ഇന്ദ്രജാല സിദ്ധാന്തങ്ങൾ പരാജയപ്പെട്ടിരിക്കുന്നു. വീണുപോയവരും വേദന അനുഭവിക്കുന്നവരുമായ മനുഷ്യരെ ഉൾക്കൊള്ളാനും കൈപിടിച്ചുയർത്താനും കഴിയുന്ന ഒരു ലോകം പടുത്തുയർത്താനാകണം. അതിന് നമുക്ക് ഓരോരുത്തർക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ട്’. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുടെ ഈ വാക്കുകൾ ലോകത്തിന്റെ മിഴികൾ തുറപ്പിക്കേണ്ടതാണ്. മുതലാളിത്ത ആഗോളവൽക്കരണത്തിനു കീഴിൽ ലോകത്ത് പെരുകുന്ന അതിഭീകരമായ അസമത്വവും അനീതിയും കണ്ട് പൊറുതിമുട്ടിയാണ് ഫ്രാൻസിസ് മാർപാപ്പ ഇക്കാര്യം വീണ്ടും പറയുന്നത്.

കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘ഫ്രത്തേത്തി തൂത്തി’ (ഏവരും സഹോദരർ) എന്ന ചാക്രിക ലേഖനത്തിൽ അദ്ദേഹം തുടർന്നു പറഞ്ഞു. “മുറിവേറ്റ ലോകത്തെ മികച്ചതാക്കാൻ ബൈബിളിലെ നല്ല ശമര്യക്കാരന്റെ ഉപദേശംപോലെ ജീവകാരുണ്യം, ദയ, അപരിചിതരോടുള്ള കനിവ് എന്നിവ ആവശ്യമാണ്’. പട്ടിണിയും തൊഴിലില്ലായ്മയും അധർമവും ക്രൂരതയും കൊടികുത്തിവാഴുന്ന മുതലാളിത്ത ആഗോളവൽക്കരണ നയത്തോടുള്ള വെറുപ്പ് വ്യക്തമാക്കിക്കൊണ്ടുതന്നെയാണ് ലോകത്തിന് വേണ്ടത് എന്താണെന്ന് അദ്ദേഹം പറയുന്നത്.

വാങ്ങുക, വിൽക്കുക, ലാഭമുണ്ടാക്കുക എന്നതിനപ്പുറം മുതലാളിത്തത്തിൽ മനുഷ്യത്വത്തിന് ഒരു സ്ഥാനവുമില്ലെന്ന് മാർപാപ്പ ഇതിനു മുന്നേ പറഞ്ഞുവച്ചിട്ടുണ്ട്. എന്നും പാവപ്പെട്ട മനുഷ്യരുടെ മോചനത്തിനായി നിലകൊള്ളുന്ന ഫ്രാൻസിസ് മാർപാപ്പ 2014ലെ ചാക്രിക ലേഖനത്തിലും ആഗോളവൽക്കരണ മുതലാളിത്ത സാമ്പത്തികനയമാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളിയെന്ന് കൃത്യവും വ്യക്തവുമായി പറഞ്ഞിരുന്നു. ഈ സമ്പദ് വ്യവസ്ഥ നമുക്ക് വേണ്ട, അത് ഉപേക്ഷിച്ചേ പറ്റൂ എന്ന് അദ്ദേഹം അന്ന് പറഞ്ഞു. 


 

ഇപ്പോൾ, കോവിഡ് മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ജീവിതവും ജീവനും അപകടത്തിലാകുന്നതു കണ്ടാണ് കമ്പോള മുതലാളിത്തത്തിന്റെ ഇന്ദ്രജാല സിദ്ധാന്തങ്ങളുടെ പരാജയം ഈ മഹാപുരോഹിതൻ പിന്നെയും ചൂണ്ടിക്കാട്ടുന്നത്. മഹാമാരിമൂലം വിഷമിക്കുന്നവരുടെ ആവശ്യങ്ങൾ പരിഹരിക്കാൻ നിലവിലുള്ള സാമ്പത്തിക, രാഷ്ട്രീയ സ്ഥാപനങ്ങൾ പരിഷ്കരിക്കണം.

ആയിരത്തി നാനൂറിലേറെ വർഷത്തിന്റെ ചരിത്രം പേറുന്ന കത്തോലിക്കാസഭയുടെ പരമാധ്യക്ഷൻ ലോകം മുതലാളിത്തം ഉപേക്ഷിക്കണമെന്ന് 2014ൽ ഉറക്കെ വിളിച്ചുപറഞ്ഞപ്പോൾ മുതലാളിത്ത ലോകം ഞെട്ടി. ബ്രിട്ടനിലെ പ്രമുഖ ധനകാര്യ വാരിക  ‘ഇക്കണോമിസ്റ്റ്’ അന്നെഴുതി “മാർപാപ്പ പൊട്ടിച്ചത് ബോംബു ഷെൽ’. ഒരു നേരത്തെ വിശപ്പടക്കാൻ ജനകോടികൾ പരക്കം പായുമ്പോൾ  പണക്കൊതിയന്മാരുടെ, അതിസമ്പന്നരുടെ മറ്റൊരു ലോകം തഴച്ചുവളരുകയാണെന്ന് അന്ന് അദ്ദേഹം പറഞ്ഞു.

അവിടെ പണം കുന്നുകൂട്ടുന്നു, കവിഞ്ഞൊഴുകുന്നു. പണ്ട് സ്വർണക്കാളയെ ആരാധിച്ചെങ്കിൽ ഇന്ന് പണത്തിന്റെ വിഗ്രഹത്തെയാണ് ആരാധിക്കുന്നത്. എവിടെയും പണത്തിന്റെ ദേവന് പൂജ. എവിടെയും ധനമൂലധനത്തിന്റെ ഊഹക്കച്ചവടം. പണത്തിനുവേണ്ടി എന്തും ചെയ്യുന്നു. ലോകത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ ലാഭാർത്തിയാണ്. യുദ്ധങ്ങളും ആയുധക്കച്ചവടങ്ങളുമെല്ലാം ഈ ലാഭാർത്തിയുടെ മറുപുറം. കയറിക്കിടക്കാനിടമില്ലാതെ ഒരു വൃദ്ധൻ തെരുവിൽ മരിച്ചുവീണാൽ അത് വാർത്തയല്ല. ഓഹരിക്കമ്പോളത്തിൽ സൂചിക രണ്ടു പോയന്റ് പിന്നോട്ടു പോയാൽ അത് വലിയ വാർത്ത. ആറു വർഷംമുമ്പ് മാർപാപ്പ ഉയർത്തിയ കടുത്ത വിമർശം ഇതൊക്കെയായിരുന്നു. മുതലാളിത്ത മാധ്യമങ്ങളാകെ അന്ന് പാപ്പയ്‌ക്കെതിരെ രംഗത്തുവന്നു. അതെന്തുകൊണ്ടെന്ന് ‘ഇക്കണോമിസ്റ്റ്’ വാരികതന്നെ ഉത്തരം നൽകി. മാർപാപ്പ പൊട്ടിച്ചത് മുതലാളിത്തത്തിനെതിരായ ബോംബുഷെൽ.

ആഗോളവൽക്കരണത്തിൽ സംഭവിക്കുന്ന അതിഭീകരമായ അസമത്വത്തിനെതിരെതന്നെയാണ് മാർപാപ്പയുടെ രൂക്ഷ വിമർശം. ഇന്ത്യയടക്കം ലോകം ഏതാനും കോർപറേറ്റ് ഭീമന്മാരുടെ കൈപ്പിടിയിലായിക്കഴിഞ്ഞു. ‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടിൽ’ എന്ന കൃതിയിൽ വിഖ്യാത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമാ പിക്കറ്റി ഈ വമ്പൻ അസമത്വം വസ്തുതകളുടെ വെളിച്ചത്തിൽ സമർഥിക്കുന്നുണ്ട്. 

ആദ്യകാലത്ത് ആഗോളവൽക്കരണനയത്തിന്റെ ശക്തനായ വക്താവും ലോക ബാങ്കിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധനുമായിരുന്ന ജോസഫ് സ്റ്റിഗ്ലിസ് പിന്നീട് ഈ നയത്തിന്റെ കടുത്ത വിമർശകനായി മാറിയതും ഫ്രാൻസിസ് മാർപാപ്പ പറയുന്ന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ആഗോളവൽക്കരണനയം ലോകത്തെ സമ്പദ് വ്യവസ്ഥകളെയും ജനാധിപത്യത്തെയും തകർത്തതായി സ്റ്റിഗ്ലിസ് തുടർച്ചയായി പറയുന്നുണ്ട്. ‘നവലിബറൽ നയങ്ങളുടെ അന്ത്യം’ എന്ന് അടുത്തിടെ അദ്ദേഹം എഴുതി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ ‘ചരിത്രത്തിന്റെ അന്ത്യം’ എഴുതിയ ഫ്രാൻസിസ് ഫുക്കുയാമ പ്രവചനം തിരുത്തിയതും അടുത്തകാലത്ത് ലോകം കണ്ടു. ഇനി കമ്പോളത്തിന്റെ തടസ്സമില്ലാത്ത പ്രയാണം എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്.

മുതലാളിത്തത്തിന് മനുഷ്യജീവിതത്തിലെ പ്രശ്നങ്ങളൊന്നും പരിഹരിക്കാനാകില്ലെന്നാണ് ഇവരെല്ലാം പറയുന്നതിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ മൂലധനത്തെ അടിസ്ഥാനമാക്കുന്ന രാഷ്ട്രീയത്തിനു പകരം മനുഷ്യത്വ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ് വേണ്ടതെന്ന ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾക്ക് വലിയ പ്രസക്തിയുണ്ട്. ഈ മഹാമാരിക്കാലം ഒരിക്കൽക്കൂടി ലോകത്തെ അത് ബോധ്യപ്പെടുത്തുന്നുമുണ്ട്. ശക്തമായ പൊതുജനാരോഗ്യ സംവിധാനവും സാമൂഹ്യ സംവിധാനങ്ങളുമുള്ള ചൈനയും കൊച്ചു ക്യൂബയും ഏതാനും സോഷ്യലിസ്റ്റ്‌ രാജ്യങ്ങളും കോവിഡിനെ പിടിച്ചുകെട്ടുന്നത് ഈ മനുഷ്യത്വത്തിന്റെ വഴിയിലൂടെയാണ്. മുതലാളിത്ത രാജ്യങ്ങളിലാകട്ടെ കോവിഡും ലാഭക്കച്ചവടം. കമ്പോളം ‘ദൈവദത്തമായ സ്ഥാപനമാണെന്നും അദൃശ്യകരങ്ങൾ അതിനെ ഉയരത്തിലേക്ക് നയിക്കുമെന്നുമുള്ള സങ്കല്പത്തിൽ അർമാദിക്കുന്ന സാമ്പത്തിക വിദഗ്ധരും ഭരണാധികാരികളും ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ കേൾക്കട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top