19 April Friday

സമരച്ചൂടിലേക്ക് വീണ്ടും ഫ്രാന്‍സ്

വെബ് ഡെസ്‌ക്‌Updated: Friday Sep 15, 2017


ഫ്രാന്‍സ് വീണ്ടും പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ പരിഷ്കാരങ്ങളില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സ് വീണ്ടും പ്രക്ഷോഭ പതാകയേന്തുന്നത്. സെപ്തംബര്‍ 12നുതന്നെ ഫ്രാന്‍സിലെ പ്രധാന നഗരങ്ങളിലെല്ലാം മാക്രോണ്‍വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ലക്ഷക്കണക്കിനു തൊഴിലാളികളാണ് പണിമുടക്കിലും പ്രതിഷേധങ്ങളിലും പങ്കെടുത്തത്. അഞ്ചുലക്ഷത്തോളം പേര്‍ പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തെന്നാണ് മാധ്യമ റിപ്പോര്‍ട്ട്. തലസ്ഥാനമായ പാരീസില്‍മാത്രം അരലക്ഷത്തിലധികം പേര്‍ പ്രതിഷേധറാലിയില്‍ അണിചേര്‍ന്നു. മാഴ്സിലെയിലും നാന്റേസിലും ലയോണിലും ലി ഹാവ്രേയിലും മറ്റും ആയിരങ്ങളാണ് പങ്കെടുത്തത്. തൊഴില്‍ചട്ടങ്ങളില്‍ മാക്രോണ്‍ സര്‍ക്കാര്‍ വരുത്താനിരിക്കുന്ന മാറ്റങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

തൊഴില്‍ചട്ടങ്ങളില്‍ മാറ്റംവരുത്തുമെന്നും നവ ഉദാരവല്‍ക്കരണ നടപടികള്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നുമുള്ള പ്രഖ്യാപനമാണ് തൊഴിലാളികളെ മാക്രോണിനെതിരെ തിരിച്ചുവിട്ടത്.  ശമ്പളത്തിലും ആനുകൂല്യങ്ങളിലും കുറവുവരുത്താനും ലേ ഓഫ് യഥേഷ്ടം പ്രഖ്യാപിക്കാനും മുതലാളിമാര്‍ക്ക് അനുവാദം നല്‍കുന്നതാണ് മാക്രോണിന്റെ തൊഴില്‍പരിഷ്കാരം. അതോടൊപ്പംതന്നെ പെന്‍ഷനില്‍ കുറവുവരുത്തുമെന്നും മാക്രോണ്‍ പ്രഖ്യാപിച്ചു. ഫ്രഞ്ച് തൊഴിലാളികള്‍ അവരുടെ അന്തസ്സിന്റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടുന്ന തൊഴില്‍ചട്ടങ്ങളിലാണ് മാക്രോണ്‍ കൈവച്ചത്. തൊഴിലില്ലായ്മ ഇന്‍ഷുറന്‍സും തൊഴില്‍പരിശീലനവും ഭവനനിര്‍മാണ സഹായവും മെഡിക്കല്‍ ഇന്‍ഷുറന്‍സും   തൊഴിലാളികള്‍ക്ക് നിഷേധിക്കുമെന്നും പ്രഖ്യാപനമുണ്ടായി. അടുത്ത ഘട്ടത്തില്‍ മിനിമംകൂലിയും പെന്‍ഷനും ഇല്ലാതാക്കുമെന്നും മാക്രോണ്‍ പറഞ്ഞു. സ്വാഭാവികമായും തൊഴിലാളികള്‍ മാക്രോണിനെതിരായി. പ്രതിഷേധങ്ങള്‍ ഇരമ്പി. പ്രധാന ട്രേഡ് യൂണിയന്‍ സംഘടനകളായ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറും (സിജിടി), നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ്സ് ഓഫ് ഫ്രാന്‍സും(യുഎന്‍ഇഎഫ്) രണ്ടുദിവസത്തെ പണിമുടക്കിനും പ്രതിഷേധത്തിനും ആഹ്വാനംചെയ്തു. സെപ്തംബര്‍ 12നും 21നും. ഇടതുപക്ഷ രാഷ്ട്രീയകക്ഷിയായ മെലന്‍ഷോണിന്റെ അണ്‍ബൌണ്ട് ഫ്രാന്‍സ് ഈ മാസം 23ന് പണിമുടക്കിന് ആഹ്വാനംചെയ്തു. എഡ്വാര്‍ഡ് ഫിലിപ്പോയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് മന്ത്രിസഭ അന്നേ ദിവസമാണ് തൊഴില്‍ചട്ടങ്ങളിലെ മാറ്റങ്ങള്‍ പ്രഖ്യാപിക്കുന്നത്. പാര്‍ലമെന്റില്‍ വയ്ക്കാതെ എക്സിക്യൂട്ടീവ് ഉത്തരവിലൂടെ തൊഴില്‍പരിഷ്കാരങ്ങള്‍ വരുത്താനാണ് മാക്രോണ്‍ ഒരുങ്ങുന്നത്. പാര്‍ലമെന്റിനെ മറികടന്നുള്ള ജനാധിപത്യവിരുദ്ധമായ ഈ നീക്കവും വന്‍ പ്രതിഷേധത്തിന് വഴിവച്ചിട്ടുണ്ട്.  

മാക്രോണ്‍ ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ വിജയിച്ചത് 67 ശതമാനം വോട്ട് നേടിയായിരുന്നു. പേരിന് ഒരു രാഷ്ട്രീയ പാര്‍ടി തട്ടിക്കൂട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട ഈ മുന്‍ ധനമന്ത്രി കണ്ണഞ്ചിപ്പിക്കുന്ന വിജയമാണ് നേടിയത്. നവ ലിബറല്‍ പരിഷ്കാരത്തിലൂടെ ഓളന്ദ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്ത ഈ ധനമന്ത്രി പ്രസിഡന്റായപ്പോള്‍ അതേ ജനവിരുദ്ധ പരിഷ്കാരങ്ങള്‍ ആവര്‍ത്തിച്ചു. സ്വാഭാവികമായും ഓളന്ദിനെപ്പോലെ മാക്രോണിന്റെ ജനപിന്തുണയും കുത്തനെ ഇടിയാനാരംഭിച്ചു. മെയ് മാസം 67 ശതമാനമായിരുന്ന ജനപ്രീതി ജൂണില്‍ 64 ആയും ജൂലൈയില്‍ 54 ശതമാനമായും ആഗസ്തില്‍ 40 ശതമാനമായും കുറഞ്ഞു. മൂന്നു മാസത്തിനകം ജനപ്രീതിയില്‍ 27 ശതമാനത്തിന്റെ കുറവാണുണ്ടായത്. ഓളന്ദിനുപോലും ആദ്യ മൂന്നുമാസത്തില്‍ ഇത്രയും ജനപ്രീതി കുറഞ്ഞിരുന്നില്ല. മാക്രോണിനോട് ഫ്രഞ്ച് ജനതയുടെ പ്രേമം അവസാനിച്ചെന്നാണ് അഭിപ്രായവോട്ടെടുപ്പ് നടത്തിയ വലതുപക്ഷ ലെ ഫിഗാരോ പത്രത്തിന്റെ വിലയിരുത്തല്‍. മാകോണും ഫ്രഞ്ച് ജനതയും തമ്മിലുള്ള ഹണിമൂണ്‍കാലം കഴിഞ്ഞെന്ന് ന്യൂയോര്‍ക്ക് ടൈംസും എഴുതി. മാക്രോണിന്റെ തൊഴിലാളിവിരുദ്ധ പരിഷ്കാരങ്ങള്‍ ലോകത്തിന് മാതൃകയാണെന്നു പറഞ്ഞ് ഉദ്ഘോഷിച്ചതും ഇതേ പത്രമായിരുന്നെന്ന് ഓര്‍ക്കുക.

അതിനിടെയാണ് മുഖംമിനുക്കാനായി മാക്രോണ്‍ ലക്ഷങ്ങള്‍ ചെലവിട്ട വാര്‍ത്ത പുറത്തുവന്നത്. ആദ്യ മൂന്നുമാസം സൌന്ദര്യവര്‍ധനയ്ക്കായി പ്രസിഡന്റിന്റെ ചെലവ് 30,000 ഡോളറാണ്. എലീസി കൊട്ടാര അധികൃതര്‍തന്നെയാണ് ഈ വിവരവും പുറത്തുവിട്ടത്. മുന്‍ പ്രസിഡന്റുമാരായ ഓളന്ദും സര്‍ക്കോസിയും ഇതിലും കൂടുതല്‍ ചെലവിട്ടെന്നു പറഞ്ഞ് ഈ നടപടിയെ ന്യായീകരിക്കാന്‍ മാക്രോണ്‍ ശ്രമിച്ചങ്കിലും ജനം അത് സ്വീകരിച്ചില്ലെന്ന് അഭിപ്രായവോട്ടെടുപ്പു ഫലം തെളിയിച്ചു. നെപ്പോളിയനുശേഷം ഫ്രാന്‍സിന്റെ ഭരണചക്രം തിരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ (39 വയസ്സ്) മാക്രോണിനെതിരെ ശക്തമായ ജനവികാരം ഉയരുകയാണ് ഇപ്പോള്‍. ഭീകരാക്രമണത്തിന്റെ സമയത്ത് ഓളന്ദ് സര്‍ക്കാര്‍ നടപ്പാക്കിയ അടിയന്തരാവസ്ഥയ്ക്ക് നിയമസാധുത നല്‍കാനുള്ള മാക്രോണിന്റെ നീക്കവും അദ്ദേഹത്തെ ജനങ്ങളില്‍നിന്ന് ഒറ്റപ്പെടുത്തി. ഫ്രാന്‍സ് ശക്തമായ പ്രക്ഷോഭത്തിലേക്ക്, സമരങ്ങളിലേക്ക് നീങ്ങുകയാണെന്ന് ഉറപ്പിച്ചുപറയാം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top