20 May Monday

ഫ്രാൻസിലെ പ്രക്ഷോഭം നൽകുന്ന സൂചന

വെബ് ഡെസ്‌ക്‌Updated: Saturday Nov 24, 2018

ഫ്രാൻസ് പ്രക്ഷുബ്‌ധമാണ്‌.  ഡീസിലിന്റെയും പെട്രോളിന്റെയും വിലവർധനയ‌്ക്കെതിരെ ജനങ്ങൾ രാജ്യമെങ്ങും സമരത്തിലാണ്.  ഇമ്മാനുവൽ മാക്രോൺ സർക്കാരിന്റെ ചെലവുചുരുക്കൽ നയത്തിനെതിരെ അമർഷം പുകയുന്നതിനിടെയാണ് ഇന്ധനവിലയും കുത്തനെ കൂട്ടിയത്. ഡീസലിന് 7.6 സെന്റും പെട്രോളിന് 3.9 സെന്റുമാണ് വർധിപ്പിച്ചത്. അടുത്ത ജനുവരിയിൽ വീണ്ടും ഡീസൽ വില 6.5 സെന്റും പെട്രോൾ വില 2.9 സെന്റുമായും വർധിപ്പിക്കുമെന്ന് മാക്രോൺ സർക്കാർ പ്രഖ്യാപിച്ചതോടെ ക്ഷുഭിതരായ ജനക്കൂട്ടം അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് തെരുവിലിറങ്ങി. സമ്പന്നരുടെ പ്രസിഡന്റാണ് മാക്രോണെന്നും ജനങ്ങൾ കുറ്റപ്പെടുത്തി. നവംബർ 18 ന് ഞായറാഴ‌്ച മാത്രം  രണ്ടായിരം ഇടങ്ങളിലാണ് പ്രതിഷേധപ്രകടനങ്ങൾ നടന്നത്. മൂന്നുലക്ഷത്തോളം പേർ ഇതിൽ പങ്കാളികളായി. ഇന്ധനവില വർധിപ്പിച്ചത് മാക്രോണിന്റെ ജനസമ്മതിയിലും വൻ ഇടിവ് വരുത്തി.

റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ഫ്രാൻസിൽ മാസങ്ങൾ നീണ്ട സമരം നടന്നിരുന്നു. റെയിൽവേയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി തൊഴിൽസുരക്ഷ ഇല്ലാതാക്കുന്ന നടപടികൾ സ്വീകരിച്ചതിനെതിരെയായിരുന്നു റെയിൽവേ ജീവനക്കാരുടെ പ്രക്ഷോഭം.  എന്നാലിപ്പോൾ ജനങ്ങളാകെത്തന്നെ പ്രക്ഷോഭ പതാക ഏന്തിയിരിക്കുകയാണ്. ഇന്ധനവിലവർധനയ‌്ക്കെതിരെ ട്രക്ക് ഡ്രൈവർമാരാണ് ആദ്യം സമര രംഗത്തേക്ക‌് ഇറങ്ങിയത്. 

നവംബർ മൂന്നാംവാരം ഫ്രാൻസിലെ 2034 ഇടങ്ങളിൽ ജനങ്ങൾ വാഹനങ്ങൾ തടഞ്ഞു. ‘മഞ്ഞ ഓവർകോട്ടുമിട്ട്' ലക്ഷങ്ങളാണ് പ്രക്ഷോഭത്തിൽ അണിനിരന്നത്. ആയിരത്തിലധികംപേരെ പൊലീസ് അറസ്റ്റ് ചെയ‌്തു.  പ്രക്ഷോഭത്തിൽ പങ്കെടുത്ത ഒരു സ്ത്രീ കൊല്ലപ്പെടുകയുംചെയ‌്തു. കഴിഞ്ഞ വർഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ സ്ഥാനാർഥിയായ 'അൺബോവ്ഡ് ഫ്രാൻസ' എന്ന ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ നേതാവ് മെലൻഷോണും ഫ്രഞ്ച് കമ്യുണിസ്റ്റ് പാർടിയുമാണ് ഇന്ധന വിലവർധനയ‌്ക്കെതിരെ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ‌്തത്. 

ഇതോടെ, സാമ്പത്തിക മേഖലയിൽ പൊളിച്ചെഴുത്ത് നടത്തുമെന്നും പുതുജീവൻ നൽകുമെന്നും പറഞ്ഞ് ഒന്നരവർഷംമുമ്പ് അധികാരത്തിൽ വന്ന മാക്രോൺ സർക്കാരിന്റെ പ്രതിച്ഛായ മങ്ങി. തൊഴിൽസുരക്ഷ പോലും ഇല്ലാതാക്കുംവിധം ലേബർ കോഡിൽ മാറ്റം വരുത്തിയതും മാക്രോണിന്റെ ജനപ്രീതി കുറയാൻ കാരണമായി. ഒക്ടോബറിൽ 29 ശതമാനം ജനങ്ങളുടെ പിന്തുണയുണ്ടായിരുന്ന മാക്രോണിന് നവംബറിൽ അത് 25 ശതമാനമായി കുറഞ്ഞു. 70 ശതമാനം പേരുടെ പിന്തുണയോടെ അധികാരത്തിലേറിയ മാക്രോൺ സർക്കാരിന്റെ പ്രതിച്ഛായ കഴിഞ്ഞ ഒന്നരവർഷത്തിനകം മൂന്നിലൊന്നായാണ് കുറഞ്ഞത്.  മാക്രോണിന്റെ ചെലവുചുരുക്കൽ നയത്തിനെതിരെയും പെൻഷൻ സ്വകാര്യവൽക്കരണത്തിനെതിരെയും വൻ പ്രതിഷേധമാണ് ഫ്രാൻസിലെങ്ങും ഉയർന്നത്. ഇന്ധവിലവർധനയ‌്ക്കെതിരെ നടക്കുന്ന സമരത്തെ ഫ്രാൻസിലെ 70 ശതമാനം ജനങ്ങളും പിന്തുണയ‌്ക്കുന്നുവെന്നതിൽ നിന്ന‌് ജനങ്ങൾ എത്രമാത്രം മാക്രോണുമായി അകന്നുകഴിഞ്ഞിരിക്കുന്നുവെന്ന് മനസ്സിലാക്കാം.

ഫ്രാൻസിൽ മാത്രമല്ല, യൂറോപ്പിലെങ്ങും ഇന്ധനവിലവർധനയ‌്ക്കെതിരെ പ്രക്ഷോഭം പടരുകയാണ്.  ഫ്രാൻസിലെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബെൽജിയത്തിൽ വൻ തൊഴിലാളി റാലി നടന്നു.  ഇന്ധനവിലവർധനയ‌്ക്കെതിരെ ബൾഗേറിയയിലും സെർബിയയിലും ജനങ്ങൾ സമരത്തിലാണ്.  ബുക്കാറസ്റ്റ് മെട്രോയിലും സമരം നടന്നുവരികയാണ്. യുറോപ്പിലെങ്ങും പടരുന്ന സമരങ്ങളുടെ അച്ചുതണ്ടായി പ്രവർത്തിക്കുന്നത് യുവജനങ്ങളും വിദ്യാർഥികളുമാണ്. യൂറോപ്പിലെ 50 ശതമാനം യുവാക്കളും ഫ്രാൻസിലെ നാലിൽ മൂന്ന് ശതമാനം യുവാക്കളും സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരക്കാൻ സന്നദ്ധരാണെന്ന് യുറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ‌്തു. 
സമരസജ്ജരായ ഈ യുവജനങ്ങളെ നിർവീര്യമാക്കാൻ ലക്ഷ്യമിട്ട് സാർവത്രിക സൈനിക സേവനം നിർബന്ധമാക്കുന്ന ബിൽ പൊടിതട്ടിയെടുത്തിരിക്കുകയാണിപ്പോൾ ഇമ്മാനുവൽ മാക്രോൺ. 15 ദിവസം മുതൽ മൂന്ന് മാസംവരെ സൈനികസേവനം യുവജനങ്ങൾക്ക് നിർബന്ധമാക്കുന്നതാണ് ഈ ബിൽ.

1997 ൽ ഫ്രാൻസ് ഉപേക്ഷിച്ചതാണ് നിർബന്ധിത സൈനികസേവനം. എന്നാൽ, യുവജനങ്ങളിൽ  ഭരണവിരുദ്ധവികാരം ആളിപ്പടരുമ്പോൾ അത് കെടുത്താൻ മാക്രോണിനുമുമ്പിൽ മറ്റ് വഴികളില്ല. വിദ്യാഭ്യാസം ചെലവേറിയതും തൊഴിലവസരങ്ങൾ കുറയുന്നതുമാണ‌് യുവജനങ്ങളെ അസ്വസ്ഥമാക്കുന്നത്. സൈനികസേവനംവഴി യുവാക്കളെ അച്ചടക്കമുള്ളവരാക്കി മാറ്റാൻ കഴിയുമെന്നാണ് മാക്രോണിന്റെ പ്രതീക്ഷ. എന്നാൽ, വിപ്ലവങ്ങളുടെ നാടായ ഫ്രാൻസിൽ മാക്രോണിന്റെ പൊടിക്കൈകൾ ഫലിക്കാനുള്ള സാധ്യത വിരളമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top