19 April Friday

മീനിലെ വിഷം കലര്‍ത്തലിനെ നേരിടുമ്പോള്‍

വെബ് ഡെസ്‌ക്‌Updated: Thursday Jun 28, 2018


ലോകത്ത് മത്സ്യ ഉൽപ്പാദനത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. മലയാളിയുടെ ഭക്ഷണശീലത്തിലാകട്ടെ  മത്സ്യം  ഒഴിവാക്കാനുമാകില്ല. ആ മത്സ്യത്തിലേക്കാണ് വിഷം  കലർത്തലിന്റെ കടുത്ത ആക്രമണം നടക്കുന്നത്. ജനം മീൻ വാങ്ങാൻതന്നെ മടിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തുന്ന മത്സ്യത്തിലാണ് വിഷം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ നാട്ടിലെ മത്സ്യത്തിലേക്ക് തിരിയുക എന്നതാണ് പെട്ടെന്ന് കാണാവുന്ന പോംവഴി. ഇവിടത്തെ മത്സ്യം പിടിച്ചാൽ അധികം വൈകാതെ വിപണിയിലെത്തും. കേടാകാതിരിക്കാൻ ഐസ് ഒഴികെയുള്ള കരുതലുകൾ വേണ്ടിവരില്ല. അത് നാട്ടിലെ മത്സ്യത്തിലെ വിഷംചേർക്കൽ സാധ്യത കുറയ്ക്കുന്നു. എന്നാൽ, ആവശ്യത്തിന‌് മത്സ്യം നമ്മുടെ കടലിൽനിന്നും പുഴകൾ അടക്കമുള്ള മറ്റിടങ്ങളിൽനിന്നുമായി കിട്ടുന്നുമില്ല.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ കഴിയുന്നത്‌ രണ്ടുവിധത്തിലാണ്. ഒരുവശത്ത് വിഷം കലർന്ന മത്സ്യം അയൽ സംസ്ഥാനങ്ങളിൽനിന്നെത്തുന്നത്‌ തടയുക; മറുവശത്ത് നമ്മുടെ മത്സ്യ ഉൽപ്പാദനം കൂട്ടുക. ഈ രണ്ടു വഴിക്കുള്ള നീക്കങ്ങളിലും എൽഡിഎഫ് സർക്കാർ സജീവ ഇടപെടൽ നടത്തുന്നു എന്നത് തികച്ചും ആശാവഹമാണ്‌.

സംസ്ഥാനത്ത‌് വിൽപ്പനയ‌്ക്കെത്തിക്കുന്ന മത്സ്യത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ നിയമം നിർമിക്കുമെന്ന‌് ഫിഷറീസ‌് മന്ത്രി ജെ മേഴ‌്സിക്കുട്ടിഅമ്മ വ്യക്തമാക്കിക്കഴിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യം പരിശോധിക്കാൻ ഭക്ഷ്യസുരക്ഷാ വിഭാഗം ശക്തമായ നടപടിയും സ്വീകരിക്കുന്നു.

നിലവിലുള്ള ഭക്ഷ്യസുരക്ഷാനിയമ പ്രകാരമുള്ള നടപടികളും കർശനമായി നീങ്ങുന്നു. എല്ലാ ചെക‌്പോസ്റ്റുകളിലും പരിശോധന കർശനമാക്കിയും മാർക്കറ്റുകളിൽ പരിശോധന നടത്തിയുമാണ് ആരോഗ്യവകുപ്പ് നീങ്ങുന്നത്. ഇത് നിയമപരമായി ചെയ്യാവുന്ന കാര്യങ്ങളാണ്. രണ്ടാമത്തെ നടപടികൾക്കാണ് നയപരമായ വ്യക്തതയും ഇച്ഛാശക്തിയും വേണ്ടത്. കടലിലും ഉൾനാടൻ ജലാശയങ്ങളിലും വളർത്തുകുളങ്ങളിലുംനിന്ന് കൂടുതൽ മത്സ്യലഭ്യത ഉറപ്പുവരുത്തണം.ഇതിൽ കടലിൽനിന്നുള്ള മത്സ്യലഭ്യതയ്ക്ക് ഓഖി വൻ തിരിച്ചടിയായി. കാറ്റിനെ തുടർന്ന‌് ഡിസംബറിൽ സംസ്ഥാനത്തെ മത്സ്യലഭ്യതയിൽ ഏകദേശം 35,000 ടൺ കുറവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) കണക്കുകൾ പറയുന്നു. എന്നാൽ, കേരളത്തിൽ മത്തിയുടെ ലഭ്യത മുൻവർഷത്തേക്കാൾ മൂന്നുമടങ്ങ് വർധിച്ചതായും സിഎംഎഫ്ആർഐ  പറയുന്നു. ഇതുകൊണ്ട് ആകെ മത്സ്യലഭ്യതയും പന്ത്രണ്ട് ശതമാനം കൂടിയിട്ടുണ്ട്.കേരളത്തിൽ പിടിക്കുന്ന ഈ  മീൻ ഗുണമേന്മ നഷ്ടപ്പെടാതെ വിപണിയിലെത്തിക്കാൻ സർക്കാർ ശ്രമിക്കുന്നു.

ഇതിനായും നിയമ നിർമാണം പരിഗണിക്കുന്നു. തൊഴിലാളികൾക്ക‌് ന്യായവിലയും മത്സ്യത്തിന‌് ഉയർന്ന നിലവാരവും ഉറപ്പാക്കുന്ന ഓക‌്ഷൻ ആൻഡ‌് മാർക്കറ്റിങ്‌ ബില്ലാണിത്. പിടിക്കുന്ന മത്സ്യത്തിന്റെ വില നിർണയിക്കാനുള്ള അവകാശം  മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും.  കടലിൽനിന്ന‌് പിടിക്കുന്ന മത്സ്യം നേരിട്ട‌് വിപണിയിലെത്തിക്കാനുള്ള സംവിധാനവും സർക്കാർ  ആലോചിക്കുന്നു.ഇന്ത്യയിൽ മൊത്തം എടുത്താൽ കടൽമത്സ്യത്തേക്കാൾ കൂടുതലായി ഉൾനാടൻ മേഖലയിൽനിന്നുള്ള മത്സ്യമാണ് ഉൽപ്പാദിപ്പിക്കുന്നത്. എന്നാൽ, കേരളത്തിൽ തിരിച്ചാണ് സ്ഥിതി എന്ന് 2016‐17 ലെ ഇക്കണോമിക് റിവ്യു വ്യക്തമാക്കുന്നു.ആ വർഷം കേരളത്തിൽ ലഭിച്ച  ആകെയുള്ള 6.76  ലക്ഷം ടണ്ണിൽ 4.88 ലക്ഷവും കടലിൽനിന്നാണ്. 1.88 ലക്ഷം മാത്രമേ ഉൾനാടൻമത്സ്യമുള്ളൂ. ഈ രംഗത്ത് ഇടപെടാൻ സർക്കാർ കാര്യമായ ശ്രമം തുടങ്ങിക്കഴിഞ്ഞു. നിലവിലുള്ള മത്സ്യവിത്ത് ഫാമുകളുടെയും ഹാച്ചറികളുടെയും ഉല്പാദനശേഷി വർധിപ്പിക്കുന്നതിനും  പുതിയ മത്സ്യവിത്ത് ഫാമുകൾ സ്ഥാപിക്കുന്നതിനും  സംസ്ഥാനത്തെ മത്സ്യവിത്തുല്പാദനത്തിൽ സ്വയം പര്യാപ്തമാക്കാനും ശ്രമമുണ്ട്. ഉൾനാടൻ മത്സ്യബന്ധനമേഖലയുടെ സാധ്യതകളെ പൂർണമായും പ്രയോജനപ്പെടുത്തുന്നതിനായുള്ള പദ്ധതികളും നടപ്പാക്കുന്നു.മത്സ്യത്തൊഴിലാളികൾ സംസ്ഥാന ജനസംഖ്യയുടെ 3.1 ശതമാനമാണ്. അവരുടെ ജീവിതത്തെ മറന്ന‌് സർക്കാരിനു നീങ്ങാനാകില്ല.  മായം കണ്ടത് പുറത്തുനിന്നുള്ള മത്സ്യത്തിലാണെങ്കിലും നാട്ടിലെ മത്സ്യ വിൽപ്പനകൂടി നിലച്ചിരിക്കുന്നു.

പുതുമാധ്യമമായ വാട‌്സാപ‌്‌ തുടങ്ങിയവ വഴിയുള്ള വ്യജപ്രചാരണങ്ങൾകൂടി ആകുമ്പോൾ മീൻ വാങ്ങുന്നവർ വല്ലാത്ത ഭീതിയിലാകുകയും മത്സ്യമേഖലയാകെ പ്രതിസന്ധിയിലാകുകയും ചെയ്യാം.മായം കണ്ടെത്താൻ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട‌് ഓഫ‌് ഫിഷറീസ് ടെക്‌നോളജി വികസിപ്പിച്ച പേപ്പർ സ്ട്രിപ്  വിപണിയിലെത്തുന്നുണ്ട്. ഇത് ഒരു പരിധിവരെ വിഷമത്സ്യം തടയാൻ ഉപകരിക്കും. അതിനൊപ്പം നിപാ വൈറസ് കാലത്ത് വ്യാജപ്രചാരണങ്ങളെ നേരിടാൻ ആരോഗ്യവകുപ്പ് സ്വീകരിച്ച നടപടികളുടെ മാതൃകയിൽ ബോധവൽക്കരണവും വേണ്ടിവന്നേക്കാം.ഇപ്പോൾ മത്സ്യത്തിൽ കലർത്തുന്ന വിഷത്തിന്റെ പ്രശ്നമാണ് ഉയർന്നുവന്നിരിക്കുന്നതെങ്കിലും അത് നേരിടാൻ മത്സ്യമേഖലയുടെ അടിസ്ഥാനപ്രശ്നങ്ങളെയൊക്കെ നേരിടാനുതകുന്ന നടപടികളുമായാണ് സംസ്ഥാന സർക്കാർ നീങ്ങുന്നത് എന്നത് പ്രതീക്ഷ നൽകുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top