26 April Friday

വനാവകാശ നിയമം ഓർഡിനൻസ്‌ ഇറക്കണം

വെബ് ഡെസ്‌ക്‌Updated: Friday Feb 22, 2019


രാജ്യത്ത‌് ഏറ്റവും കൂടുതൽ  അവഗണനയ‌്ക്ക‌് വിധേയമായ ജനവിഭാഗങ്ങളാണ‌്  ആദിവാസികളും ഗോത്രജനതയും. സ്വാതന്ത്ര്യം നേടി 71 വർഷം പിന്നിട്ടിട്ടും ഇവരുടെ സ്ഥിതി ശോചനീയമായി തുടരുകയാണ‌്. അതിന‌് ഒരു മാറ്റംവരുത്തുക ലക്ഷ്യമാക്കിയായിരുന്നു ഒന്നാം  യുപിഎ സർക്കാർ 2005ൽ വനാവകാശ നിയമം കൊണ്ടുവന്നത‌്. ഇടതുപക്ഷ പാർടികളുടെ കടുത്ത സമ്മർദത്തിന്റെ ഫലമായാണ‌് തൊഴിലുറപ്പ‌ു പദ്ധതിയോടൊപ്പം വനാവകാശ നിയമവും പാർലമെന്റ‌് പാസാക്കിയത‌്. വനമേഖലകളിൽ പരമ്പരാഗതമായി താമസിക്കുന്ന ആദിവാസികൾക്കും ഗോത്രജനതയ‌്ക്കും വനഭൂമിയിൽ  അവകാശം നൽകുന്നതോടൊപ്പം വനവിഭഗങ്ങൾ അനുഭവിക്കാനും കൃഷി നടത്താനും അനുവാദം നൽകുന്നതായിരുന്നു ഈ നിയമം.

എന്നാൽ, ബ്യൂറോക്രസിയും  വന്യജീവി സംരക്ഷണ സംഘടനകളും മറ്റും തുടക്കംമുതൽ തന്നെ ഇതിന‌് എതിരായിരുന്നു. വന നശീകരണത്തിനും വന്യജീവികളുടെ ജീവനാശത്തിനും ഇത‌് കാരണമാകുമെന്നായിരുന്നു അവരുടെ വാദം. വനത്തെ ആശ്രയിച്ച‌ു ജീവിക്കുന്ന ആദിവാസികളും ഗോത്രജനതയുമാണ‌് വനത്തിന്റെ യഥാർഥ സംരക്ഷകരെന്ന വസ‌്തുത കണക്കിലെടുക്കാൻ ഇവർ കൂട്ടാക്കിയിരുന്നില്ല. വനവിഭവങ്ങൾ കൊള്ളയടിക്കുന്നതിനും വനഭൂമി കോർപറേറ്റുകൾക്ക‌് പതിച്ചുനൽകുന്നതിനും ആദിവാസികൾ വനത്തിൽ താമസിക്കുന്നത‌് തടസ്സമാകുമെന്ന‌ത‌ായിരുന്നു യാഥാർഥ്യം. അതുകൊണ്ടു തന്നെ ഈവിഭാഗം ജനങ്ങളെ വനത്തിൽനിന്നും ആട്ടിയോടിക്കേണ്ടത‌് പലരുടെയും താൽപ്പര്യമായിരുന്നു.

മോഡി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ   ഈ നീക്കത്തിന‌് ആക്കംകൂടി. അതിന്റെ ഭാഗമായി നിയമം നടപ്പാക്കുന്നതിൽ കുറ്റകരമായ അനാസ്ഥ തന്നെ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായി. വനഭൂമിയിൽ അവകാശം ഉന്നയിച്ച‌് സമർപ്പിച്ച ഹർജികളും മറ്റും തീർപ്പാക്കുന്നതിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരുത്തരവാദപരമായി പെരുമാറുന്നുവെന്ന പരാതി പല സംസ്ഥാനങ്ങളിൽനിന്നും ഉയർന്നു.  42.19 ലക്ഷം അപേക്ഷകളാണ‌് ഇതിനകം സമർപ്പിക്കപ്പെട്ടത‌്. അതിൽ 18.89 ലക്ഷം പേർക്ക‌ു മാത്രമാണ‌് വനഭൂമിയിൽ അവകാശം ലഭിച്ചത‌്. പല കാരണങ്ങളും ചൂണ്ടിക്കാട്ടി വനമേഖലയിൽ വസിക്കുന്ന 23.30 ലക്ഷം പേർക്ക‌് വനാവകാശം നിഷേധിക്കപ്പെട്ടിരിക്കുകയാണ‌്.  ഇതിൽ 11 ലക്ഷം കുടുംബങ്ങളെയാണ‌് ജൂലായ‌് 27നകം ഒഴിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ളത‌്.  സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ കാരണമാണ‌് ഈ ദുർഗതിയുണ്ടായിട്ടുള്ളത‌്.  ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന  വൈൽഡ് ലൈഫ് ഫസ‌്റ്റ‌് തുടങ്ങിയ സംഘടനകളും ചില പരിസ്ഥിതി സംഘടനകളുമാണ‌് വനാവകാശ നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മറ്റും പറഞ്ഞ‌് സുപ്രീംകോടതിയെ സമീപിച്ചത‌്.  ഇവരെ പരോക്ഷമായി പിന്തുണയ‌്ക്കുന്ന സമീപനമാണ‌് കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത‌്.

മോഡി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വനാവകാശ നിയമം നടപ്പാക്കുന്നത‌് തടയാനുള്ള ആസൂത്രിതമായ ശ്രമംതന്നെ നടക്കുന്നുണ്ടായിരുന്നു. വനാവകാശ നിയമം നടപ്പാക്കുന്നതിന‌് ചുമതലപ്പെട്ട മന്ത്രാലയം ട്രൈബൽ അഫയേഴ‌്സ‌് ആയിരുന്നു. എന്നാൽ, സുപ്രീംകോടതിയിലെ കേസ‌് നടത്താൻ മോഡി സർക്കാർ ഏൽപ്പിച്ചതാകട്ടെ വനം മന്ത്രാലയത്തെയും. തുടക്കംമുതൽ വനാവകാശ നിയമത്തിന‌് എതിരായിരുന്നു വനം മന്ത്രാലയം. പാർലമെന്റ് പാസാക്കിയ വനാവകാശ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആദിവാസികൾക്ക് വനത്തിൽ താമസിക്കാനുള്ള അവകാശത്തെ സുപ്രീംകോടതിയിൽ പ്രതിരോധിക്കാൻ മോഡി സർക്കാർ  തയ്യാറാകാത്തതും ഒഴിപ്പിക്കലിന‌് ഉത്തരവിടാൻ കാരണമായി.  ഏറ്റവും ഒടുവിലായി കേസ് ഈമാസം 13നു പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിന്റെ അഭിഭാഷകരാരും ഹാജരാകാതെ ഒളിച്ചുകളിച്ചതാണ് 11,27,446 ആദിവാസി കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതിലേക്ക് നയിച്ചത്. കോടതി വിധി കർശനമായി നടപ്പിലാക്കപ്പെടുന്നപക്ഷം കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇനിയും വർധിക്കാനാണിട. മാത്രമല്ല, വനാവകാശ നിയമത്തെ ദുർബലമാക്കുക ലക്ഷ്യമാക്കി ഖനന നിയമം ഉൾപ്പെടെ അര ഡസനോളം നിയമങ്ങളിൽ കഴിഞ്ഞ അഞ്ച‌ു വർഷത്തിനിടയ‌്ക്ക‌് ഭേദഗതി കൊണ്ടുവരാനും  മോഡി സർക്കാർ തയ്യാറായി.

വാജ്പേയി സർക്കാരിന്റെ കാലത്തും 2002–-04ലും സമാനമായ സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ ആദിവാസികളെ വനഭൂമിയിൽനിന്ന് കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നു. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് അത് മാറ്റിവയ‌്ക്കേണ്ടി വരികയായിരുന്നു.ആദിവാസി–-ഗോത്രജനവിഭാഗങ്ങളെ കൂട്ട കുടിയൊഴിപ്പിക്കലിൽനിന്നും രക്ഷിക്കാൻ കേന്ദ്രം അടിയന്തരനടപടി സ്വീകരിക്കണം. അതിനായി വനാവകാശ അപേക്ഷകളിന്മേൽ തീർപ്പ‌ുകൽപ്പിക്കുന്നതിന‌് മന്ത്രാലയങ്ങൾക്ക‌ു പുറത്ത‌് ഒരു നിഷ‌്പക്ഷ സമിതിക്ക‌് രൂപംനൽകണം. അതോടൊപ്പം സുപ്രീംകോടതി വിധി മറികടക്കാൻ കേന്ദ്രം ഓർഡിനൻസ‌് ഇറക്കാൻ തയ്യാറാകണം.  അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭംതന്നെ രാജ്യത്ത‌് ഉയർന്നുവരും. അതിനെ അതിജീവിക്കാൻ മോഡി സർക്കാരിന‌് കഴിയാതെ വരും.വനാവകാശ നിയമവുമായി ബന്ധപ്പെട്ട‌് അർഹരായ ഒരാളെപോലും ഭൂമിയിൽനിന്ന‌് ഇറക്കിവിടാതിരിക്കാനുള്ള സാധ്യത സംസ്ഥാന സർക്കാരും പരിശോധിക്കണം.  നിയമ നടപടികൾക്കുള്ള സാധ്യതയും ആരായണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top