28 May Tuesday

ഇൻഷുറൻസിലെ വിദേശ നിക്ഷേപം

വെബ് ഡെസ്‌ക്‌Updated: Saturday May 22, 2021വിലക്കയറ്റം, പണപ്പെരുപ്പം, അടിസ്ഥാന മേഖലയുടെ തകർച്ച, സ്വകാര്യ കുത്തക പ്രീണനം, കോർപറേറ്റ്‌ അടിമത്തം തുടങ്ങി നരേന്ദ്ര മോഡി ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ അത്യഗാധമായ പ്രതിസന്ധിയിലേക്കാണ്‌ തള്ളിയിട്ടിരിക്കുന്നത്‌. വേഗം കരകയറാനാകാത്ത അതിന്റെ ആഴം ധനകാര്യ വിദഗ്‌ധരും ചില പഠനങ്ങളും വ്യക്തമായി ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്‌. കോവിഡ്‌ മഹാമാരിയും രണ്ടാംതരംഗവും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കിയിരിക്കുന്നു. അസംഘടിതമേഖലയിലെ പ്രശ്‌നങ്ങളും അതിഥിത്തൊഴിലാളികളുടെ കൂട്ടപ്പലായനവും മറ്റൊരു കെടുതി. രാജ്യം കീഴ്‌മേൽ മറിയുന്ന അവസ്ഥയിലും ഇന്ധനങ്ങളുടെയും അവശ്യവസ്‌തുക്കളുടെയും വില മാനംമുട്ടുകയാണ്‌. പെട്രോൾ–- ഡീസൽ വില ലിറ്ററിന്‌ നൂറു രൂപയിലേക്ക്‌ കുതിക്കുന്നു. അത്‌ മറ്റ്‌ മേഖലയിലും സാധനങ്ങൾക്ക്‌ തീപിടിപ്പിക്കുകയാണ്‌.

പണപ്പെരുപ്പവും കാർഷിക വ്യാവസായികമേഖലകളിലെ തകർച്ചയും കോർപറേറ്റ്‌ ഭീമന്മാരോടുള്ള അമിത വിധേയത്വവും മോഡിയുടെ പ്രധാന അജൻഡ ആയിരിക്കുന്നു. ഏറെ ലാഭം ചുരത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിദേശ കമ്പനികളുടെ കാൽക്കൽ വയ്‌ക്കുകയുമാണ്‌. റെയിൽവേയിലും വ്യോമയാനരംഗത്തും മറ്റും ഈ പ്രക്രിയ രണ്ടാംഘട്ടത്തിൽ എത്തിയിട്ടുണ്ട്‌. ഏറ്റവും പുതിയ വാർത്ത ഇൻഷുറൻസ്‌ മേഖലയിൽനിന്നാണ്‌. അവിടെ 74 ശതമാനം വിദേശ നിക്ഷേപത്തിന്‌ അനുമതി നൽകുന്നതിനുള്ള അന്തിമ ചട്ടങ്ങൾക്ക്‌ ധനമന്ത്രാലയം പച്ചക്കൊടി വീശിക്കഴിഞ്ഞു. സ്വകാര്യമേഖലയിലെ 23 കമ്പനിക്കും 21 ജനറൽ ഇൻഷുറൻസ്‌ സ്ഥാപനത്തിനും ഏഴ്‌ ആരോഗ്യ ഇൻഷുറൻസ്‌ സംരംഭങ്ങൾക്കുമാണ്‌ കേന്ദ്രത്തിന്റെ സമ്മതിപത്രം.

സുനാമികണക്കുള്ള കൊറോണ വ്യാപനത്തിന്റെയും അതേത്തുടർന്നുള്ള മൂലധനാവശ്യത്തിന്റെയും മറപിടിച്ചാണ്‌ വാതിൽ മലർക്കെ തുറന്നിടൽ നയത്തിനുള്ള അന്തിമ അനുമതി. രാജ്യത്ത്‌ 2000 ജനുവരിതൊട്ട്‌ ഇൻഷുറൻസ്‌ മേഖലയിൽ 26 ശതമാനം വിദേശ നിക്ഷേപത്തിന്‌ അനുമതിയുണ്ട്‌. അഞ്ചുവർഷത്തിനുശേഷം കൂടിയാലോചന ഇല്ലാതെ അത്‌ 49 ശതമാനത്തിലേക്ക്‌ ഉയർത്തി. ആരോഗ്യ ഇൻഷുറൻസ്‌ കമ്പനികളിലെ വിദേശ നിക്ഷേപം 31.7 ശതമാനമാണ്‌. വൻകിട മുതലാളിത്ത രാജ്യങ്ങളിലടക്കം കനത്ത ചൂതാട്ടമാണ്‌ ഈ രംഗത്ത്‌. അതിനെതിരെ ജനങ്ങൾ തുടർച്ചയായ പ്രക്ഷോഭങ്ങളും നടത്തിവരുന്നു. അമേരിക്കയിലും ബ്രിട്ടനിലുമടക്കം ആരോഗ്യമേഖലയുടെ സ്വകാര്യവൽക്കരണവും ചികിത്സ സാധാരണക്കാർക്കും ഒരു പരിധിവരെ മധ്യവർഗങ്ങൾക്കും അപ്രാപ്യമാകുന്നതും മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്‌. ലാഭക്കൊതിയന്മാരായ കമ്പനികൾ സാമൂഹ്യ ഉത്തരവാദിത്തം മറന്ന്‌ വൻ തുക പ്രീമിയമായി അടിച്ചേൽപ്പിക്കുന്നതും അമിതഭാരമാണ്‌.

കോവിഡ്‌ പ്രതിരോധ കുത്തിവയ്‌പ്‌ വാക്‌സിൻ നിർമാണംവഴി ലോകത്ത്‌ പുതുതായി ഒമ്പതു പേർക്ക്‌ സഹസ്ര കോടീശ്വരന്മാരുടെ പട്ടികയിലേക്ക്‌ സ്ഥാനക്കയറ്റം ലഭിച്ചതും ഇതോട്‌ ചേർത്താണ്‌ കാണേണ്ടത്‌. ജി–-20 കൂട്ടായ്‌മയിലെ നേതാക്കളുടെ ആരോഗ്യ ഉച്ചകോടിക്കു മുന്നോടിയായി പീപ്പിൾസ്‌ വാക്‌സിൻ അലൈൻസ്‌ സമർപ്പിച്ച രേഖയിലാണ്‌ ഈ പട്ടിക. വാക്‌സിൻ നിർമാണം കുത്തകയായി കൈയടക്കിയ സ്ഥാപന ഉടമകളോ ഓഹരി ഉടമകളോ ആണ്‌ പൊടുന്നനെ സഹസ്ര കോടീശ്വരന്മാരായതെന്നതും ശ്രദ്ധേയം. ആരോഗ്യമേഖലയിലേതടക്കം ഇൻഷുറൻസ്‌ രംഗത്ത്‌ 74 ശതമാനം വിദേശ നിക്ഷേപം എന്നത്‌ മരുന്നിന്റെ കടക്കെണിയിലേക്കും അതിദരിദ്രരുടെ കൂട്ടമരണത്തിലേക്കും നയിക്കുമെന്നുറപ്പ്‌. പുര കത്തുമ്പോൾ വാഴ വെട്ടുന്ന മോഡിയുടെ നയസമീപനങ്ങൾ രാജ്യത്തെ ശ്‌മശാനമാക്കുന്ന അവസ്ഥയിൽ പ്രത്യേകിച്ചും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top