18 April Thursday

ദുരിതാശ്വാസത്തിന‌് കൈകോർക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


ഓർത്തെടുക്കാൻ താരതമ്യങ്ങളില്ലാത്ത പ്രളയദുരന്തമാണ് കേരളം നേരിടുന്നത്. ഉരുൾപൊട്ടലിന്റെയും മറ്റപകടങ്ങളുടെയും ഫലമായി  ഒറ്റദിവസം മാത്രം 22 പേരാണ് മരിച്ചത‌്. അവസാന രണ്ടുദിവസത്തിൽ മരണസംഖ്യ ഇരുപത്തേഴിലെത്തി. എല്ലാ  നദികളും കരകവിഞ്ഞൊഴുകുന്നു; എല്ലാ അണക്കെട്ടുകളും തുറന്നുവിടേണ്ടി വന്നിരിക്കുന്നു. ഇത്തരമൊരു അസാധാരണമായ സാഹചര്യം സമീപകാലത്തൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. കാൽനൂറ്റാണ്ടിനുശേഷമാണ് ഇടുക്കി ജലസംഭരണി നിറഞ്ഞുകവിയുന്നത്. ചെറുതോണി ഡാം സാധ്യമായത്ര തുറന്നുവിട്ടാലും  ജലനിരപ്പ് പിടിച്ചുനിർത്താൻ കഴിയുമോ എന്ന ആശങ്കയിലാണ് അധികൃതർ. പല ജില്ലകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾ ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്.

ദുരിതാശ്വാസപ്രവർത്തനത്തിന് നേതൃത്വം നൽകാൻ മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ പൊതുപരിപാടികളും മാറ്റിവച്ച് തലസ്ഥാനത്ത‌് കേന്ദ്രീകരിച്ചുനിൽക്കുന്നതിൽനിന്ന‌് സാഹചര്യത്തിന്റെ ഗൗരവം വായിച്ചെടുക്കാം. പ്രധാനമന്ത്രിയുടെയും കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരുടെയും സഹായവാഗ്ദാനം വന്നിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾക്കുപുറമെ കര‐നാവിക‐വ്യോമ സേനകളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിരിക്കുന്നു.

ഇടുക്കി ഡാമിൽ ജലനിരപ്പ് കുതിച്ചുയരുകയാണ്. ഇപ്പോഴുള്ളതിനേക്കാൾ മൂന്നിരട്ടി കൂടുതൽ തുറന്നുവിടേണ്ടിവരുമെന്നാണ് ഒടുവിൽ വന്ന വാർത്ത. അതിനർഥം ഡാമിൽനിന്ന് ഒഴുകുന്ന വെള്ളം താഴ്ന്നപ്രദേശങ്ങളിൽ പ്രളയം തീർക്കുമെന്നുതന്നെയാണ്. കുട്ടനാട്ടിലെ പ്രളയദുരന്തം അവസാനിച്ചിട്ടില്ല. ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കാണ് ജലസംഭരണികളിലേക്കും ഉണ്ടാകുന്നത്. തുടർച്ചയായി മഴ ലഭിച്ചതിനാൽ, പെട്ടെന്നുള്ള ശക്തമായ മഴ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ ഇനിയും ഉണ്ടായേക്കാമെന്നാണ് ദുരന്തനിവാരണ അതോറിറ്റി നൽകുന്ന മുന്നറിയിപ്പ്. മഴ ശമിച്ചിട്ടില്ല. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം  അറിയിച്ചിട്ടുമുണ്ട്.

മലയോരമേഖലയിൽ ഗതാഗതസൗകര്യം താറുമാറായി. റോഡുകളും പാലങ്ങളും  വെള്ളപ്പാച്ചിലിൽ കണ്മുന്നിൽ ഇല്ലാതാകുന്നതാണവസ്ഥ.  പ്രളയം പല ശുദ്ധജല പദ്ധതികളെയും ബാധിച്ചു. പമ്പിങ്  ഉപകരണങ്ങൾ കേടായി. നദികളിൽ കലക്കവെള്ളം അറ്റകുറ്റപ്പണികളെയും പമ്പിങ്ങിനെയും ബാധിക്കുന്നു. പലയിടത്തും ശുദ്ധജലവിതരണം മുടങ്ങിയതായി വിവരമുണ്ട്. കടലോരത്ത് ജീവിതം ദുസ്സഹമാക്കുംവിധം മഴയും കടൽക്ഷോഭവും തുടരുന്നു.

അസാധാരണമായ സാഹചര്യം അസാധാരണ സന്നാഹങ്ങളോടെ നേരിടാൻ എല്ലാ സംവിധാനങ്ങളും ജാഗരൂകമായതുകൊണ്ടാണ്, ദുരന്തത്തിന്റെ കാഠിന്യം പിടിച്ചുനിർത്താനാകുന്നത്.  കേന്ദ്രസേനകളുടെയും ദുരന്തനിവാരണസേനകളുടെയും പൊലീസിന്റെയും ഫയർ ഫോഴ്‌സിന്റെയും നേതൃത്വത്തിൽ കുറ്റമറ്റ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മുഖ്യമന്ത്രി  തലസ്ഥാനത്ത‌് ഏകോപനച്ചുമതല നിർവഹിക്കുമ്പോൾ, മന്ത്രിമാർ വിവിധ ജില്ലകളിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.

എംഎൽഎമാർ അടക്കമുള്ള ജനപ്രതിനിധികളും സന്നദ്ധപ്രവർത്തകരും  രാഷ്ട്രീയപാർടികളും ദുരിതാശ്വാസപ്രവർത്തനം ഏറ്റെടുത്ത് ഇടപെടുന്നു. പതിനായിരത്തിലേറെ പേർ ദുരിതാശ്വാസക്യാമ്പുകളിലാണുള്ളത്. പ്രായമായവർ, രോഗമുള്ളവർ, അംഗപരിമിതർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകാൻ  മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകളിൽ ഡോക്ടർമാരുടെ സേവനം, ഭക്ഷണം, വെള്ളം, വസ്ത്രം, ശുചിമുറികൾ തുടങ്ങിയവ ഒരുക്കാൻ പ്രത്യേകമായ ഇടപെടലുമുണ്ടായി.

എത്രതന്നെ ദുരിതാശ്വാസ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഉണ്ടായാലും പ്രളയജലത്തെയോ പെരുംമഴയെയോ തടഞ്ഞുനിർത്താനാകില്ല. അപകടം കുറയ്ക്കാൻ ജനങ്ങളുടെ സമ്പൂർണമായ പിന്തുണ വേണം. ദുരന്തനിവാരണ അധികൃതരുടെ മുന്നറിയിപ്പുകളും നിർദേശങ്ങളും ജനങ്ങളാകെ ഉൾക്കൊള്ളാൻ തയ്യാറാകണം. 

ഒരു മഴ പെയ്തുതോരുമ്പോൾ ഉറ്റവരെയും കിടപ്പാടവും കൃഷിഭൂമിയും നഷ്ടപ്പെടുന്നവരുടെ ദയനീയ മുഖങ്ങളാണ് ഇന്ന് നമുക്കുമുന്നിൽ. ദുരന്തബാധിതർക്ക് സംരക്ഷണവും നഷ്ടപരിഹാരവും ലഭ്യമാകണം. അതിന‌് കേന്ദ്ര സർക്കാർ യാഥാർഥ്യബോധത്തോടെയുള്ള സഹായങ്ങൾ ഉടനെ സംസ്ഥാനത്തിന് നൽകണം. യുദ്ധം കഴിഞ്ഞതിനുസമാനമായ അവസ്ഥയിൽ സർവം തകർന്നുകിടക്കുന്ന മേഖലകളെ പൂർവസ്ഥിതിയിലാക്കുന്നത‌് നിസ്സാരമായ പ്രവൃത്തിയല്ല. അത് വിജയിപ്പിക്കാൻ കേന്ദ്രവും സംസ്ഥാനവും സർക്കാരും രാഷ്ട്രീയകക്ഷികളും വർഗബഹുജനസംഘടനകളും ജനങ്ങളാകെയും ഒരേമനസ്സോടെ  തയ്യാറാകണം.

ഭീതിപരത്തുന്ന പ്രചാരണങ്ങളിൽനിന്ന‌് ഒഴിഞ്ഞുനിന്ന്, യഥാർഥ ബോധത്തോടെ സമൂഹത്തിൽ ഇടപെടാനും ജനങ്ങളെ ബോധവൽക്കരിക്കാനും യഥാസമയം വാർത്തകൾ എത്തിക്കാനുമുള്ള ചുമതല മാധ്യമങ്ങൾ ഏറ്റെടുക്കണം. ഉചിതമായ സഹായം ഉടൻ നൽകാൻ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണം. മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട്, ദുരിതാശ്വാസനിധിയിലേക്ക് കേരളത്തിനകത്തുനിന്നും പുറത്തുനിന്നും സംഭാവന എത്തിക്കണം. ഇത് കേരളത്തിന്റെയാകെ ഊർജം ചെലവിടേണ്ട വേളയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top