01 June Thursday

ഈ ഏറ്റെടുക്കൽ അപകടകരം

വെബ് ഡെസ്‌ക്‌Updated: Saturday May 12, 2018മുഗൾഭരണകാലത്തിന്റെ നിത്യസ്മാരകവും  സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ സ്തംഭവും സ്വതന്ത്ര ഇന്ത്യയുടെ പ്രതീകങ്ങളിലൊന്നുമായ ഡൽഹിയിലെ ചെങ്കോട്ട കോർപറേറ്റ് ഗ്രൂപ്പിന‌് കൈമാറാനുള്ള തീരുമാനം ഒറ്റപ്പെട്ടതല്ല. ബ്രിട്ടീഷ് വാഴ്ചയിൽനിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുള്ള പ്രഥമ വിജ്ഞാപനം 1857ൽ ബഹദൂർ ഷാ സഫർ വായിച്ച വേദികൂടിയായ ചെങ്കോട്ടയിലാണ്  സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത‌്. ആ ചെങ്കോട്ട അഞ്ചുവർഷത്തേക്ക് 25 കോടി രൂപ വാങ്ങി ഡാൽമിയ ഗ്രൂപ്പിന് പാട്ടത്തിന‌് കൊടുത്തവരിൽനിന്ന് രാജ്യസ്നേഹപരമായ ഒന്നും പ്രതീക്ഷിക്കാനാകില്ല. ഇന്ത്യ രാജ്യത്തെ ചരിത്രസ്മാരകങ്ങളുടെയും പൈതൃകകേന്ദ്രങ്ങളുടെയും കണക്കെടുത്ത‌് കോർപറേറ്റ്  ഇടനിലക്കാരുമായി   വിലപേശുകയാണ‌് അവർ. വ്യാപകമായ എതിർപ്പുയർന്നിട്ടും അതിൽനിന്ന് പിന്നോക്കംപോകുന്നില്ല. ഇനിയും വിൽക്കും എന്ന വാശിയോടെ മറ്റ‌് പൈതൃകസ്മാരകങ്ങളെ ആർത്തിയോടെ നോക്കുന്നു.

നരേന്ദ്ര മോഡി അധികാരത്തിലേറിയശേഷം ആഘോഷപൂർവം പ്രഖ്യാപിച്ച  സുപ്രധാന  വികസനപദ്ധതികളിലൊന്നാണ്  മേക‌് ഇൻ ഇന്ത്യ. ഉൽപ്പാദനകേന്ദ്രീകൃതമായ സമ്പദ് വ്യവസ്ഥയിലേക്ക് ഇന്ത്യയെ മാറ്റുകയെന്ന ഉദ്ദേശ്യത്തിലാണ് ഈ പദ്ധതിയെന്ന്‌ മോഡിയും സംഘവും ആവർത്തിച്ച‌് ഘോഷിച്ചു.  അത് ഫലത്തിൽവരുന്നത്, ഇന്ത്യയുടെ അഹങ്കാരങ്ങളായി തല ഉയർത്തിനിൽക്കുന്ന ചരിത്രസ്മാരകങ്ങളെ വിറ്റുതുലച്ചാണെന്ന‌് ചെങ്കോട്ടയുടെ ഉദാഹരണത്തിൽ തെളിയുകയാണ്. അവിടെയും നിർത്തുന്നില്ല. 

ഓൺലൈൻ ചില്ലറവ്യാപാരമേഖലയിൽ അഭൂതപൂർവമായ വളർച്ചനേടിയ  ഇന്ത്യൻ കമ്പനിയായ ഫ്‌ളിപ്കാർട്ട് 1600 കോടി ഡോളറിന‌് രാജ്യാന്തര ഓൺലൈൻ വ്യാപാരഭീമൻ വാൾമാർട്ടിന‌് ഏറ്റെടുക്കാൻ സൗകര്യം ലഭിച്ചത്, മോഡി സർക്കാരിന്റെ പരിപൂർണ പിന്തുണകൊണ്ടുമാത്രമാണ്. സിപിഐ എം പൊളിറ്റ്ബ്യൂറോ ചൂണ്ടിക്കാട്ടിയതുപോലെ, മേക‌് ഇൻ ഇന്ത്യയുടെ പേരിൽ നടത്തിയ എല്ലാ വാഗ്ദാനങ്ങളും നഗ്നമായ വഞ്ചനയാണെന്ന്  തെളിഞ്ഞിരിക്കുന്നു. ശതകോടികളുടെ വ്യാപാരം നടക്കുന്ന ഇന്ത്യൻ ചെറുകിട വിൽപ്പനമേഖലയിൽ പിൻവാതിൽവഴി കടന്നുവരാൻ വിദേശമൂലധനത്തിന‌് സൗകര്യം  ഒരുക്കിക്കൊടുക്കുന്ന ഏജൻസിജോലിയാണ് കേന്ദ്ര സർക്കാർ നിർവഹിക്കുന്നത്.

ബിജെപി  അവസരവാദത്തിന്റെ വിളനിലമാണെന്നും വ്യക്തമാവുകയാണ‌് ഇവിടെ. ബഹുബ്രാൻഡ് ചില്ലറവ്യാപാരമേഖലയിൽ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കുന്നതിനെ  ഇടതുപാർടികൾ എക്കാലത്തും എതിർത്തതാണ്. യുപിഎ ഭരണത്തിൽ അത്തരം നീക്കമുണ്ടായപ്പോൾ  പ്രതിപക്ഷത്തായിരുന്ന  ബിജെപി പ്രത്യക്ഷത്തിൽത്തന്നെ എതിർപ്പുയർത്തി. അതേ ബിജെപിയാണ്  നാലുകോടിയിലേറെ കുടുംബത്തിന്റെ ഉപജീവനമാർഗമായ ചില്ലറവ്യാപാരരംഗത്തെ വളഞ്ഞവഴിയിലൂടെ വിദേശമൂലധനത്തിന് അടിയറവയ‌്ക്കുന്നതിന‌് കാർമികത്വം വഹിക്കുന്നത്.

രണ്ട‌് ഇന്ത്യൻ യുവാക്കളുടെ ശ്രമഫലമായി വളർന്ന ഫ്ലിപ‌്കാർട്ട‌് ഇപ്പോൾ അന്താരാഷ്ട്ര ഭീമനായ വാൾമാർട്ടാണ് കൈക്കലാക്കിയത്. ഈ അമേരിക്കൻ കമ്പനി   ഇന്ത്യയിൽ വേരുറപ്പിക്കാൻ  കോടികൾ കൈക്കൂലി നൽകി നേരത്തെതന്നെ കുപ്രസിദ്ധി നേടിയിട്ടുണ്ട്.   ഇന്ത്യയിൽ ചെറുകിട വ്യാപാര ലൈസൻസുകൾ തരപ്പെടുത്തുന്നതിനും കെട്ടിടനിർമാണ അനുമതിക്കും മറ്റുമായി  323 രൂപമുതൽ 12,95,460 രൂപവരെ കൈക്കൂലി നൽകിയതിന്റെ വിശദാംശങ്ങൾ വാൾസ്ട്രീറ്റ് ജേർണലാണ് വെളിപ്പെടുത്തിയത്.  2013ലാണ് ഭാരതി എന്റർപ്രൈസസുമായി ചേർന്ന് വാൾമാർട്ട് ഇന്ത്യയിൽ റീട്ടെയിൽ വിപണനശൃംഖല തുടങ്ങിയത‌്. ഈ ഘട്ടത്തിൽ ഉയർന്ന വിവാദത്തിൽ രൂക്ഷമായി പ്രതികരിച്ച പാർടിയാണ് ബിജെപി. ഇപ്പോൾ അതെല്ലാം മറന്നിരിക്കുന്നു.

ഭൂരിഭാഗം  ഓഹരികളും വാൾമാർട്ട് കരസ്ഥമാക്കിയതോടെ  ഫ്‌ളിപ‌്കാർട്ടിന്റെ നല്ലൊരു ശതമാനം ചരക്ക് സമാഹരണവും അന്താരാഷ്ട്ര വിപണിയിൽനിന്നാണ‌് ഉണ്ടാവുക. വാൾമാർട്ട് അതാണ് ചെയ്യുന്നത്. ഇത് ഇന്ത്യയിൽ രൂക്ഷമായ പ്രത്യാഘാതമുണ്ടാക്കും. ഇന്നാട്ടിലെ ചെറുകിട ഇടത്തരം ഉൽപ്പാദകർ വിപണി കിട്ടാതെ തകർച്ചയിലെത്തും. കാർഷികത്തകർച്ചപോലുള്ള ദുരന്തം സംഭവിക്കും. കാർഷികമേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്നത‌്  ചെറുകിട ഇടത്തരം ഉൽപ്പാദനമേഖലയാണ്.

വിദേശമൂലധനം ആ മേഖലയെ തകർത്ത‌്  വരുമ്പോൾ, എവിടെയാണ് ‘മേക‌് ഇൻ ഇന്ത്യ'യുടെ സ്ഥാനം?  വൻ പ്രചാരണത്തിന്റെ അകമ്പടിയോടെ  പ്രഖ്യാപിച്ച ‘മേക‌് ഇൻ ഇന്ത്യ'   കൊടും വഞ്ചനയാണെന്ന് പ്രധാനമന്ത്രിക്കുതന്നെ സമ്മതിക്കേണ്ടിവരുന്ന അവസ്ഥയാണിത്.  ആഭ്യന്തര ഉൽപ്പാദനമികവ് വർധിപ്പിക്കുമെന്ന അവകാശവാദം  നരേന്ദ്ര മോഡി സ്വയം വിഴുങ്ങേണ്ടിവരും. ഒറ്റരാത്രിയിൽ കോടീശ്വരന്മരായ  ഫ്ലിപ‌്കാർട്ട് ഓഹരി ഉടമകളെക്കുറിച്ച‌് കഥകളെഴുതുന്ന തിരക്കിൽ രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഈ കൈമാറ്റത്തിന്റെ ഗൗരവം കണ്ടിട്ടില്ല. നോട്ട് നിരോധനത്തിന്റെയും ജിഎസ്ടിയുടെയും വഴിയിലുള്ള  ഒന്നാണ് ഈ ഏറ്റെടുക്കൽ. ഇത് വലിയ അപകടത്തിന്റെയും രോഗത്തിന്റെയും ലക്ഷണമാണ്. ആ യാഥാർഥ്യം തിരിച്ചറിഞ്ഞ‌് പ്രതികരണമുയരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top