21 June Friday

അമേരിക്ക സാമ്പത്തിക സ്തംഭനത്തിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018അമേരിക്കൻ സർക്കാരിന്റെ ഖജനാവ് പൂട്ടിയതോടെ രാജ്യം സാമ്പത്തിക സ്തംഭനത്തിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരി 19 വരെ ഒരുമാസത്തെ ചെലവിനുള്ള ബജറ്റിന് അംഗീകാരം നൽകാൻ ഉപരിസഭയായ സെനറ്റ് വിസമ്മതിച്ചതിനെതുടർന്നാണ് പ്രതിസന്ധി ഉടലെടുത്തത്. സെനറ്റിൽ ബജറ്റ് പാസാകാൻ 60 പേരുടെ വോട്ട് വേണമായിരുന്നു. എന്നാൽ, 50 പേരുടെ പിന്തുണ നേടുന്നതിനുമാത്രമേ ഡോണൾഡ് ട്രംപ് സർക്കാരിന് കഴിഞ്ഞുള്ളൂ. 48 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. അധോസഭയായ ജനപ്രതിനിധിസഭ 197നെതിരെ 230 വോട്ടിന് ബജറ്റ് പാസാക്കിയെങ്കിലും ഉപരിസഭ കടക്കാനായില്ല. പാർലമെന്റിന്റെ ഇരുസഭകളിൽ ഭൂരിപക്ഷവും വൈറ്റ് ഹൗസിന്റെ നിയന്ത്രണവും ഉണ്ടായിട്ടും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർടിക്ക് ബജറ്റ് പാസാക്കാനായില്ല. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ഒരുവർഷം പൂർത്തിയാകുന്ന വേളയിലാണ് സാമ്പത്തികപ്രതിസന്ധി ഉടലെടുത്തത്. 

അമേരിക്കൻ ചരിത്രത്തിൽ ഇതാദ്യമായല്ല ധനബിൽ പാർലമെന്റിൽ പരാജയപ്പെടുന്നത്. 2013ൽ ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഒബാമ കെയർ എന്നു പ്രസിദ്ധമായ അേഫാഡബിൾ കെയർ ആക്ടിനെ അംഗീകരിക്കാൻ വിസമ്മതിച്ച് റിപ്പബ്ലിക്കന്മാർ ബജറ്റ് പാസാക്കുന്നത് തടഞ്ഞിരുന്നു. അന്ന് 16 ദിവസമാണ് നിത്യനിദാനച്ചെലവുകൾക്ക് പണമില്ലാതെ ഒബാമ സർക്കാർ വിഷമിച്ചത്. ബിൽ ക്ലിന്റൺ പ്രസിഡന്റായിരിക്കെ രണ്ടുഘട്ടങ്ങളിലായി 27 ദിവസവും ജോർജ് ബുഷിന്റെ കാലത്ത് 1990ൽ മൂന്നുദിവസവും സമാനമായ പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരുന്നു. 

ആവശ്യമായ രേഖകളില്ലാതെ അമേരിക്കയിൽ താമസിക്കുന്ന എട്ടുലക്ഷത്തോളംപേരെ കുടിയൊഴിപ്പിക്കുമെന്ന പ്രഖ്യാപനത്തിൽ പ്രസിഡന്റ് ട്രംപ് ഉറച്ചുനിൽക്കുന്നതാണ് പുതിയ പ്രതിസന്ധിക്ക് കാരണം. രക്ഷിതാക്കൾക്കൊപ്പം ആവശ്യമായ രേഖകളില്ലാതെ അമേരിക്കയിൽ കുടിയേറിപ്പാർത്ത ഇവരെ മാർച്ച് അഞ്ചിനകം കുടിയൊഴിപ്പിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. കുടിയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനുള്ള കാലാവധി നീട്ടിയാൽമാത്രമേ ബജറ്റിന് അംഗീകാരം നൽകാൻ കഴിയൂ എന്നായിരുന്നു ഡെമോക്രാറ്റുകളുടെ വാദം. എന്നാൽ, കുടിയേറ്റവിരുദ്ധ വെള്ളമേധാവിത്വ നയത്തിന്റെ ഉടമയായ ട്രംപ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല. സ്വാഭാവികമായും ഡെമോക്രാറ്റുകൾ ബില്ലിനെതിരെ വോട്ട് ചെയ്തു. കുടിയേറ്റ ബിൽ പരിഗണിക്കുന്ന വേളയിലേ കാലാവധി നീട്ടുന്ന കാര്യം പരിഗണിക്കാനാകൂ എന്ന കടുത്ത നിലപാടാണ് ട്രംപ് സ്വീകരിച്ചത്. വെള്ളിയാഴ്ച അർധരാത്രിയോടെ ബജറ്റ് ബിൽ സെനറ്റിൽ പരാജയപ്പെട്ടതോടെ ഖജനാവിൽ പണമുണ്ടെങ്കിലും അതെടുത്ത് ചെലവഴിക്കാൻ ട്രംപ് സർക്കാരിന് കഴിയാതായി. 

അമേരിക്കൻ ഭരണത്തിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ് 'ഷട്ട്ഡൗൺ' എന്ന പേരിലുള്ള ഈ പ്രതിസന്ധി. തിങ്കളാഴ്ച ഓഫീസുകളും മറ്റും തുറക്കുന്നതോടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാകും. 20 ലക്ഷം വരുന്ന സർക്കാർ ഉദ്യോഗസ്ഥരിൽ 40 ശതമാനത്തിനും പണിയില്ലാതാകും. ഈ ദിവസങ്ങളിൽ അവർക്ക് ശമ്പളവും ഇല്ലാതാകും. വൈറ്റ് ഹൗസിലെ ജീവനക്കാർക്കുപോലും ഇക്കുറി തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. ആരോഗ്യ, പ്രതിരോധ, ഗതാഗത വകുപ്പിലെപ്പോലും പകുതിയോളം ജീവനക്കാർക്ക് തൊഴിലില്ലാതാകും. സൈനികർക്കുപോലും കൃത്യമായി ശമ്പളം ലഭിക്കില്ല. പ്രതിസന്ധി തുടർന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്കുള്ള വിമാനബന്ധംപോലും താറുമാറാകും. ഈ പ്രതിസന്ധി നീണ്ടാൽ അത് ലോകസമ്പദ്വ്യവസ്ഥയെയും ബാധിക്കും.

രണ്ടുദിവസം പിന്നിട്ടിട്ടും പ്രതിസന്ധി പരിഹരിക്കുന്ന ലക്ഷണമൊന്നും കാണുന്നില്ല. ഭരണ‐ പ്രതിപക്ഷ കക്ഷികൾ പരസ്പരം പഴിചാരി മുഖംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഷട്ട്ഡൗണിന് കാരണം ട്രംപാണെന്ന് ഡെമോക്രാറ്റുകൾ ആരോപിക്കുമ്പോൾ, സെനറ്റ് മെജോറിറ്റി ലീഡർ ചക്ക് ഷൂമറാണ് പ്രതിസന്ധിക്ക് കാരണമെന്ന് ട്രംപ് ആരോപിക്കുന്നു. എന്നാൽ, ഈ പ്രതിസന്ധിയും തന്റെ വംശീയമേധാവിത്വ രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനാണ് ട്രംപ് ഉപയോഗിക്കുന്നത്. തെക്കൻ അതിർത്തി സംരക്ഷിക്കുന്നതിന് മെക്സിക്കോ അതിർത്തിയിൽ ഭിത്തികെട്ടുന്നതിന് ആദ്യം പണം അനുവദിക്കണമെന്നാണ് ട്രംപിന്റെ വാദം.  നിയമവിരുദ്ധമായി താമസിക്കുന്ന കുടിയേറ്റക്കാർക്കുവേണ്ടിയാണ് അമേരിക്കയെ സാമ്പത്തികപ്രതിസന്ധിയിലേക്ക് ഡെമോക്രാറ്റുകൾ വലിച്ചിഴയ്ക്കുന്നതെന്ന് ട്രംപ് ആവർത്തിക്കുന്നത്, തന്റെ കുടിയേറ്റവിരുദ്ധ വെള്ളമേധാവിത്വ അജൻഡ മുന്നോട്ടുകൊണ്ടുപോകാനാണ്. ഈ പ്രചാരണത്തിനുമുമ്പിൽ ഡെമോക്രാറ്റുകൾ കീഴടങ്ങുമോ എന്ന് വരുംദിവസങ്ങളിൽ വ്യക്തമാകും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top