09 December Saturday

പുതുസ്വപ് നങ്ങള്‍ പകര്‍ന്ന ചലച്ചിത്രകാരന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 25, 2023

മലയാളത്തിലെ എക്കാലത്തെയും മികച്ച ചലച്ചിത്രകാരനെയാണ്‌ കെ ജി ജോർജിന്റെ വിയോഗത്തിലൂടെ നഷ്ടമായത്‌. സിനിമാ സംവിധായകൻ, കഥ–- തിരക്കഥാകൃത്ത്‌, നിർമാതാവ്‌ എന്നീ നിലകളിൽ നാലുപതിറ്റാണ്ട്‌ നിറഞ്ഞുനിന്ന കെ ജി ജോർജ്‌ ഒന്നരപ്പതിറ്റാണ്ടിലേറെയായി രോഗബാധിതനായി ചികിത്സയിലായിരുന്നു. എറണാകുളത്ത്‌ കാക്കനാട്ടെ വയോജനമന്ദിരത്തിലായിരുന്നു, മലയാള സിനിമയിൽ സ്വന്തംപ്രതിഭകൊണ്ട് വേറിട്ട വഴികളിലൂടെ നടന്ന കെ ജി എന്ന്‌ അറിയപ്പെട്ട അദ്ദേഹത്തിന്റെ അന്ത്യം.

സമൂഹത്തെ ശക്തമായി സ്വാധീനിക്കുന്ന കലാസങ്കേതമെന്ന നിലയിൽ ജീവത്തായ പ്രമേയങ്ങൾ സംവേദനാത്മകവും കാലാതിവർത്തിയുമായി ആവിഷ്‌കരിക്കാനുള്ള ഉപാധിയായി സിനിമയെ പ്രയോജനപ്പെടുത്തിയ ചലച്ചിത്രകാരനാണ്‌ കെ ജി ജോർജ്‌. സൈക്കോ ഡ്രാമ വിഭാഗത്തിൽപ്പെടുത്താവുന്ന ‘സ്വപ്‌നാടന’മാണ്‌ ആദ്യ സിനിമ. 1975ൽ റിലീസ്‌ ചെയ്‌ത സ്വപ്‌നാടനം  അതുവരെ മലയാള സിനിമയ്‌ക്ക്‌ അജ്ഞാതമായിരുന്ന പ്രമേയവും സമീപനവുമാണ്‌ കാഴ്‌ചവച്ചത്‌. ദേശീയ–- സംസ്ഥാന അവാർഡുകൾ സ്വപ്‌നാടനം കരസ്ഥമാക്കി. ആകെ 19 സിനിമയാണ്‌ അദ്ദേഹം സംവിധാനംചെയ്‌തത്‌. ഓരോന്നും പ്രമേയത്തിന്റെയും സമീപനത്തിന്റെയും കാര്യത്തിൽ മറ്റൊന്നിൽനിന്ന്‌ വ്യത്യസ്‌തവും പുതുമയുള്ളതുമായിരുന്നു.

ക്യാമ്പസ്‌ പ്രണയം പശ്ചാത്തലമാക്കി ഉൾക്കടൽ, നാടകവേദിയിലെ മനുഷ്യരുടെ കഥയായി യവനിക, കോടാമ്പക്കം സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക്‌ കാമറ തുറന്ന ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്ക്‌, ഗ്രാമീണ പശ്ചാത്തലത്തിൽ കോലങ്ങൾ, തമ്പിലെ ജീവിതം പ്രമേയമാക്കിയ മേള, വ്യത്യസ്‌ത ജീവിതസാഹ Cartoon ചര്യങ്ങളിലുള്ള മൂന്നു സ്‌ത്രീകളുടെ കഥ പറഞ്ഞ ആദാമിന്റെ വാരിയെല്ല്‌, ആക്ഷേപഹാസ്യ സിനിമ പഞ്ചവടിപ്പാലം, ഹിംസയുടെ രാഷ്‌ട്രീയം ചർച്ചയാക്കിയ ഇരകൾ തുടങ്ങിയ സിനിമകൾ ഓരോന്നും അതിന്‌ ദൃഷ്ടാന്തം. തിരക്കഥാകൃത്ത്‌ എന്ന നിലയിലും കെ ജി ജോർജിന്റെ മികവ്‌ എടുത്തുപറയേണ്ടതാണ്‌. തിരുവല്ലയിലെ സാധാരണ കുടുംബത്തിൽ ജനിച്ച ജോർജ്‌ സ്വപ്രയത്നത്തിലൂടെയാണ്‌ സിനിമയുടെ ഉയരങ്ങൾ കീഴടക്കിയ ചലച്ചിത്രപ്രതിഭയായി ഉയർന്നത്‌. പെയിന്ററായിരുന്ന പിതാവിലൂടെ കുട്ടിക്കാലത്ത്‌ ചിത്രരചനയിൽ താൽപ്പര്യം വളർന്നു. വിദ്യാർഥിയായിരിക്കെ ചിത്രംവരച്ചു സമ്പാദിച്ചിരുന്ന പണം കോട്ടയത്തും കൊച്ചിയിലുമൊക്കെ പ്രദർശിപ്പിച്ചിരുന്ന മികച്ച സിനിമകൾ കാണാനാണ്‌ ചെലവഴിച്ചത്‌.

വിദേശങ്ങളിൽനിന്ന്‌ സിനിമാ മാസികകൾ തപാലിൽ വരുത്തി വായിച്ചിരുന്നു. ഇംഗ്ലീഷ്‌ ഭാഷയിൽ വ്യുൽപ്പത്തി നേടി സിനിമാ സംബന്ധമായ എഴുത്തും തുടങ്ങി. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സംവിധാനം പഠിക്കാൻ ചേർന്ന ജോർജ്‌ ഇന്ത്യൻ സിനിമയിലെ മുൻനിര ചലച്ചിത്രകാരന്മാരെയും അവരുടെ സിനിമകളെയും ഇക്കാലത്ത്‌ അടുത്തറിഞ്ഞു. ലോകോത്തര സിനിമകളുമായി കൂടുതൽ അടുത്തു പരിചരിക്കാനായത്‌ ജോർജിന്റെ കാഴ്‌ചപ്പാടുകളെ കൂടുതൽ തെളിച്ചമുള്ളതാക്കി. പുണെയിൽ പഠനം പൂർത്തിയാക്കിയ ജോർജ്‌ പ്രശസ്‌ത സംവിധായകൻ രാമു കാര്യാട്ടിന്റെ അസോസിയറ്റായാണ്‌ പ്രൊഫഷണൽ സിനിമാ ജീവിതം തുടങ്ങിയത്‌. മായ, നെല്ല്‌ തുടങ്ങിയ സിനിമകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു.

    ദേശീയ പ്രസ്ഥാനത്തിന്റെയും പുരോഗമനകലാ പ്രസ്ഥാനത്തിന്റെയും ഭാഗമായിരുന്ന സംഗീതസംവിധായകൻ എം ബി ശ്രീനിവാസനായിരുന്നു ജോർജിന്റെ പ്രിയപ്പെട്ട സംഗീതജ്ഞൻ. ജോർജിന്റെ  10 സിനിമയിൽ സംഗീതസംവിധാനം നിർവഹിച്ച എംബിഎസ്‌ എക്കാലത്തെയും മികച്ച  ഗാനങ്ങളാണ്‌ ജോർജിന്റെ ചിത്രങ്ങൾക്കായി ഒരുക്കിയത്‌.

‘ഇലവങ്കോട്‌ ദേശ’മാണ്‌ ജോർജ്‌ അവസാനം സംവിധാനംചെയ്‌ത സിനിമ. അതിന്റെ നിർമാതാക്കളുമായി ഉണ്ടായ തർക്കവും കോടതി കേസുകളും സജീവ സിനിമയിൽനിന്നുള്ള ജോർജിന്റെ പിന്മാറ്റത്തിനു പ്രധാന കാരണമായി. തുടർന്ന്‌ ഏതാനും സീരിയലും ടെലിഫിലിമുകളും അദ്ദേഹം സംവിധാനംചെയ്‌തു.  2006–-11 ൽ കെഎസ്‌എഫ്‌ഡിസി ചെയർമാനായി. 2015ൽ സമഗ്ര ചലച്ചിത്ര സംഭാവനകൾക്ക്‌ ജെ സി ഡാനിയേൽ പുരസ്‌കാരംനൽകി ആദരിച്ചു. ദേശീയ–- സംസ്ഥാന പുരസ്‌കാരങ്ങളടക്കം ഒട്ടേറെ പുരസ്കാരം അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കേരളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്രപ്രതിഭയ്‌ക്ക് ആദരാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
-----
-----
 Top