14 July Sunday

ഫുട്‌ബോളിന്റെ ഹൃദയം മുറിപ്പെടുത്തരുത്‌‌

വെബ് ഡെസ്‌ക്‌Updated: Thursday Apr 22, 2021


മാനവരാശിയുടെ കായികാഭിനിവേശത്തിന്റെ പ്രതീകമായ ഫുട്‌ബോളിനെ മുതലാളിത്ത ലാഭക്കൊതിയുടെ ഭൂതം വിഴുങ്ങുന്നു. സർഗാത്മകതയും സൗന്ദര്യബോധവും ഹൃദയവികാരങ്ങളും ചാലിച്ചുചേർത്ത ഫുട്‌ബോൾ എന്ന കായികവിനോദത്തിന്റെ ഭാവിയെച്ചൊല്ലി ആശങ്കയാണ്‌ എങ്ങും. ഫുട്‌ബോളിലെ വമ്പൻ ക്ലബ്ബുകൾ സംഘടിപ്പിക്കാനൊരുങ്ങുന്ന യൂറോപ്യൻ സൂപ്പർ ലീഗ്‌ (ഇഎസ്‌എൽ) ടൂർണമെന്റിനെതിരെ ലോകമാകെ പ്രതിഷേധമുയർന്നു കഴിഞ്ഞു. കായികവിനോദങ്ങളെ പണം കൊയ്യാനുള്ള ഉപാധിയായി കാണുന്ന കോർപറേറ്റ്‌ ശക്തികൾ ഫുട്‌ബോളിനെ പിടിയിലൊതുക്കാനുള്ള ശ്രമത്തിലാണ്‌. ഫുട്‌ബോളിലെ മൂലധന അധിനിവേശം ചെറുത്തുതോൽപ്പിക്കാൻ മാനവികതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാകെ കായികപ്രേമികൾക്കൊപ്പം നിൽക്കേണ്ടതുണ്ട്‌.

റയൽ മാഡ്രിഡ്‌, ബാഴ്‌സലോണ, യുവന്റസ്‌ തുടങ്ങിയ 12 വൻകിട ഫുട്‌ബോൾ ക്ലബ്ബുകളാണ്‌ യൂറോപ്യൻ സൂപ്പർ ലീഗിന്‌ ചുക്കാൻപിടിക്കുന്നത്‌. യുവേഫ ചാമ്പ്യൻസ്‌ ലീഗിന്റെ മാറ്റ്‌ കുറച്ച്‌ പണം കൊയ്യുകയെന്ന മോഹമാണ്‌ റയൽ മാഡ്രിഡ് ക്ലബ് പ്രസിഡന്റ്‌ ഫ്ലൊറന്റിനോ പെരസിന്റെ നേതൃത്വത്തിലുള്ള സംഘാടകരെ നയിക്കുന്നത്‌. കോവിഡ്‌ കാരണം പ്രതിസന്ധിയിലായ ക്ലബ്ബുകളെ സഹായിക്കാനെന്ന ഭാവേന 12 സ്ഥാപക ക്ലബ്ബുകൾ രൂപംനൽകുന്ന കമ്പനിയാണ്‌ ഇഎസ്‌എൽ സംഘടിപ്പിക്കുന്നത്‌. സ്‌പോൺസർഷിപ്പിലൂടെയും ടെലിവിഷൻ സംപ്രേഷണത്തിലൂടെയും മറ്റും ലഭിക്കുന്ന കോടിക്കണക്കിന്‌ ഡോളറിൽ ഗണ്യമായ ഭാഗം വീതിച്ചെടുക്കാമെന്ന മോഹമാണ്‌ ഇതിനു പിന്നിൽ. ലോക, യൂറോപ്യൻ ഫുട്‌ബോൾ ഫെഡറേഷനുകളെ നോക്കുകുത്തിയാക്കി ക്ലബ് ഫുട്‌ബോൾ എന്ന അക്ഷയഖനി പിടിയിലാക്കുകയാണ്‌ ലക്ഷ്യം.

ഫുട്‌ബോൾ എന്ന കായികവിനോദത്തെയും സ്വന്തം രാജ്യത്തെയും വഞ്ചിച്ചാണ്‌ ക്ലബ്ബുകളുടെ കച്ചവടക്കളി. പ്രധാന ക്ലബ്ബുകൾ സൂപ്പർ ലീഗിലേക്ക്‌ മാറുന്നതോടെ ഇംഗ്ലണ്ടിലെയും സ്‌പെയിനിലെയും ഇറ്റലിയിലെയും ആഭ്യന്തര ഫുട്‌ബോൾ ലീഗുകൾ നിറംമങ്ങും. കോടിക്കണക്കിന്‌ ആരാധകരുള്ള സൂപ്പർ താരങ്ങൾ കൂറുമാറിയാൽ ദേശീയ ലീഗുകൾ സ്‌പോൺസർമാരെ കിട്ടാതെ തകരും. ചാമ്പ്യൻസ്‌ ലീഗ്‌ അടക്കമുള്ള ടൂർണമെന്റുകളെ തകർത്ത്‌ കാണികളെയും സ്‌പോൺസർമാരെയും ഒറ്റയടിക്ക്‌ റാഞ്ചുകയാണ്‌ ഇഎസ്‌എല്ലിന്റെ ഉന്നം. കോടിക്കണക്കിന്‌ യൂറോയും ഡോളറും ഒഴുകുന്ന ഫുട്‌ബോൾ വിപണി ഇതോടെ ഈ ക്ലബ്ബുകളുടെ പിടിയിലാകും. സൂപ്പർ ലീഗിലെ 20 ടീമുകളിൽ 15ഉം സ്ഥിരം ടീമുകളായിരിക്കുമെന്ന പ്രഖ്യാപനം കച്ചവടക്കളി തുറന്നുകാട്ടുന്നുണ്ട്‌. മികവ്‌ കാട്ടിയില്ലെങ്കിലും വമ്പൻ ക്ലബ്ബുകൾക്ക്‌ ലീഗിൽ സ്ഥാനം ഉറപ്പാണെന്നത്‌ മൽസരിക്കാതെ ജയിക്കുന്നതിന്‌ തുല്യമായിരിക്കും.

സൂപ്പർ ലീഗുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതമുണ്ടാകുമെന്ന്‌ ഫിഫ തലവൻ ജിയാനി ഇൻഫൻോ മുന്നറിയിപ്പു നൽകിയിട്ടുണ്ട്‌. ആരാധകരെ അണിനിരത്തി അട്ടിമറി നീക്കം തകർക്കാനുള്ള ശ്രമത്തിലാണ്‌ ഫിഫ. പാവപ്പെട്ടവന്റെ കളി മുതലാളിമാർ കൊള്ളയടിക്കുന്നുവെന്ന ബാനറുകളുമായി ഫുട്‌ബോൾ ആരാധകർ പ്രതിഷേധം ഉയർത്തിക്കഴിഞ്ഞു. പണത്തിനുവേണ്ടി മാത്രമാണ്‌ സൂപ്പർ ലീഗ്‌ നടത്തുന്നതെന്ന വിമർശം കൊടുങ്കാറ്റ്‌ പോലെ പടരുന്നു. പ്രതിഷേധം കനത്തതോടെ മാഞ്ചസ്റ്റർ യുണൈറ്റഡും മാഞ്ചസ്റ്റർ സിറ്റിയും അടക്കമുള്ള ആറ്‌ ഇംഗ്ലീഷ്‌ ക്ലബ്ബുകൾ ഇഎസ്‌എല്ലിൽനിന്ന്‌ പിന്മാറാൻ തീരുമാനിച്ചതായും സൂചനയുണ്ട്‌.

ഏറെക്കാലമായി കടുത്ത വാണിജ്യവൽക്കരണമാണ്‌ കായികലോകത്ത്‌ നടക്കുന്നത്‌. ഓസ്‌ട്രേലിയൻ ക്രിക്കറ്റിനെ പിടിച്ചുലച്ച കെറി പാക്കറുടെ വിമത ലോക സീരീസും ഇന്ത്യൻ ക്രിക്കറ്റിനെ വെല്ലുവിളിച്ച സീ ടിവിയുടെ ഐസിഎല്ലുമെല്ലാം ലാഭം ലക്ഷ്യമിട്ട നീക്കങ്ങളായിരുന്നു. ക്രിക്കറ്റ്‌  സംഘടനകളെ പുറന്തള്ളാനുള്ള സ്വകാര്യ കമ്പനികളുടെ ശ്രമം ചെറുക്കാൻ അന്ന്‌ കഴിഞ്ഞു. സമാന സാഹചര്യമാണ്‌ ഇപ്പോൾ ഫുട്‌ബോൾ അഭിമുഖീകരിക്കുന്നത്‌.

ക്രിക്കറ്റിന്റെയും ഫുട്‌ബോളിന്റെയും വാണിജ്യവൽക്കരണത്തിൽ ഐസിസിയും ഫിഫയും വഹിക്കുന്ന പങ്ക്‌ ചെറുതല്ല. കോർപറേറ്റ്‌ സ്ഥാപനങ്ങളുടെ സ്‌പോൺസർഷിപ്പാണ്‌ ഇവയെ നിലനിർത്തുന്നത്‌. കായികരംഗത്തെ ലാഭം തിരിച്ചറിഞ്ഞ മൂലധനശക്തികൾ അവിടെ ഇടപെടാൻ ശ്രമിക്കുന്നു. ഐപിഎല്ലും ഐഎസ്‌എല്ലും കളിക്കാർക്ക്‌ ഉയർന്ന വേതനവും സൗകര്യങ്ങളും നൽകുന്നത്‌ മറക്കുന്നില്ല. അതിനപ്പുറം ലാഭം മാത്രം ലക്ഷ്യമായാൽ കായികവിനോദത്തിന്റെ അടിസ്ഥാനമൂല്യങ്ങൾ നഷ്ടമാകും. പണം കൊയ്യുന്ന യന്ത്രങ്ങളായി കളിക്കാർ മാറും.

വിവാദങ്ങൾ‌ പരിഹരിക്കാൻ എല്ലാവരും കൂട്ടായി ശ്രമിക്കണം. ഇല്ലെങ്കിൽ ഫുട്‌ബോളിനുണ്ടാകുന്ന നഷ്ടം വലുതായിരിക്കും. സൂപ്പർ ലീഗിൽ കളിക്കുന്നവരെ വിലക്കാൻ ഇടയാകരുത്‌. മെസിയും ക്രിസ്‌റ്റ്യാനോ റൊണാൾഡോയും മറ്റും ഇല്ലാത്ത ലോക കപ്പ്‌ എത്ര വിരസമായിരിക്കും. ലാഭക്കൊതി വെടിഞ്ഞ്‌ ഫുട്‌ബോളിന്റെ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാൻ വമ്പൻ ക്ലബ്ബുകൾ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top