28 May Sunday

ഫെഡറലിസത്തിന്റെ സത്തയിലൂന്നി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 18, 2019

രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭ ചുമതലയേറ്റതിന‌് പിന്നാലെ  കേരളത്തിന്റെ ജീവൽപ്രശ‌്നങ്ങളുമായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിതി ആയോഗിലും കേന്ദ്രമന്ത്രാലയങ്ങളിലും നടത്തിയ ഇടപെടലുകൾ ദേശീയതലത്തിൽത്തന്നെ ചർച്ചാവിഷയമായിരിക്കുന്നു. കേരളത്തിൽ രാഷ്ട്രീയതിരിച്ചടി നേരിട്ട ബിജെപി, സംസ്ഥാനത്തിന്റെ വികസനപ്രശ‌്നങ്ങളിൽ മുഖംതിരിഞ്ഞു നിൽക്കുമെന്ന പ്രചാരണങ്ങൾക്കിടയിലാണ‌് മുഖ്യമന്ത്രിയും സഹപ്രവർത്തകരും തലസ്ഥാനത്തെത്തിയത‌്. കേരളത്തിന്റെ  സർവതോമുഖമായ വികസനത്തിന‌് മുൻഗണനാക്രമത്തിലുള്ള ഒരു പ്രവർത്തനപദ്ധതിയാണ‌് മുഖ്യമന്ത്രി കേന്ദ്രസർക്കാരിന‌് മുന്നിൽവച്ചത‌്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ക്രിയാത്മകമായാണ‌് ഇതിനോട‌് പ്രതികരിച്ചിട്ടുള്ളത‌്. കേന്ദ്രത്തിനുമുന്നിൽ മുട്ടിലിഴയുന്നതോ എല്ലായ‌്പോഴും ഏറ്റുമുട്ടുന്നതോ സംസ്ഥാനത്തിന‌് ഗുണകരമാകില്ലെന്ന‌് കേരളം തിരിച്ചറിയുന്നു. പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും കാണാനോ ആശയവിനിമയം നടത്താനോ തയ്യാറാകാത്ത ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സമീപനത്തിന്റെ പശ്ചാത്തലത്തിൽ ഇത‌് കൂടുതൽ പ്രസക്തമാണ‌്.  രാഷ്ട്രീയമായ അഭിപ്രായഭിന്നതകൾ നിലനിർത്തിക്കൊണ്ടുതന്നെ, സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങൾ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങൾ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന സന്ദേശമാണ‌്  കേരളം നൽകുന്നത‌്.
    
ദേശീയപാത വികസനം, തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തൽ, എയിംസ‌് തുടങ്ങിയവയാണ‌് മുഖ്യമന്ത്രി മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പരമപ്രധാനമായവ. നാലുവരി ദേശീയപാത പദ്ധതി നടപ്പാക്കുന്നതിന‌് ഭൂമി ഏറ്റെടുക്കൽ ഏറെക്കുറെ പൂർത്തിയായ സംസ്ഥാനമാണ‌് കേരളം. എന്നാൽ,  കേരളത്തെ മുൻഗണനാപട്ടികയിൽനിന്ന‌് ഒഴിവാക്കിക്കൊണ്ടുള്ള കേന്ദ്രതീരുമാനം വൻ തിരിച്ചടിയായി. ഇതു തിരുത്തുമെന്ന‌് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ‌്ഗരി ഉറപ്പുനൽകിയിട്ടുണ്ടെങ്കിലും കേരളത്തിൽ ഭൂ ഉടമകൾക്ക‌് നൽകിവരുന്ന ഉയർന്ന നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങള‌ിൽ തുടർചർച്ച ആവശ്യമായിവരും.
  തിരുവനന്തപുരം വിമാനത്താവളം നടത്തിപ്പ‌്  അദാനി ഗ്രൂപ്പിന‌് നൽകാനുള്ള തീരുമാനം ഉപേക്ഷിച്ച‌് സംസ്ഥാന സർക്കാരിന‌് വിട്ടുനൽകണമെന്നതാണ‌് പ്രധാനമന്ത്രിയുടെ മുന്നിൽവച്ച പ്രധാന ആവശ്യങ്ങളിലൊന്ന‌്.  ദേശീയതലത്തിൽ സ്വകാര്യവൽക്കരിക്കാൻ തീരുമാനിച്ച അഞ്ച‌് വിമാനത്താവളങ്ങളിൽ ഒന്നാണ‌് തിരുവനന്തപുരം. എന്നാൽ, പൊതുമേഖലയിൽ വിമാനത്താവളം നിലനിർത്താൻ ഫലപ്രദമായ ബദൽ നിർദേശംവച്ച മറ്റൊരു സംസ്ഥാനവും ഇല്ല.  കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വിജയകരമായി നടത്തിയ അനുഭവത്തിന്റെ കൂടി അടിസ്ഥാനത്തിലാണ‌് തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാനുള്ള സന്നദ്ധത കേരള സർക്കാർ അറിയിച്ചത‌്. സ്വകാര്യവൽക്കരണ നടപടികളുടെ ഭാഗമായി കേന്ദ്രം നടത്തിയ ലേലത്തിൽ കേരളം പങ്കെടുത്തെങ്കിലും അദാനിക്കാണ‌്  നറുക്ക‌് വീണത‌്.  തിരുവനന്തപുരം വിമാനത്താവളം വികസനത്തിന‌് സ്ഥലമെടുപ്പ‌് ഉൾപ്പെടെ ക്രിയാത്മകസംഭാവനകൾ നൽകിയ കേര‌ള സർക്കാരിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നിരാകരിക്കില്ലെന്ന പ്രതീക്ഷയാണ‌് ഉളവായിട്ടുള്ളത‌്.
 
കേരളത്തിന‌് എയിംസ‌്(ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട‌് ഓഫ‌് മെഡിക്കൽ സയൻസ‌്), രാജ്യാന്തര ആയുർവേദഗവേഷണ കേന്ദ്രം, ചെന്നൈ –- ബംഗളൂരു വ്യവസായ  ഇടനാഴി കോയമ്പത്തൂർവഴി കൊച്ചിവരെ നീട്ടൽ തുടങ്ങി നിരവധി  പദ്ധതികൾ കേന്ദ്ര അംഗീകാരത്തിനും ധനസഹായത്തിനുമായി സമർപ്പിച്ചിട്ടുണ്ട‌്. നാലാംവർഷത്തിലേക്ക‌് കടന്ന  പിണറായി സർക്കാർ അടിസ്ഥാനസൗകര്യ വികസന രംഗത്തും വിഭ്യാഭ്യാസ, ആരോഗ്യ, ക്ഷേമരംഗങ്ങളിലും കൈവരിച്ച നേട്ടങ്ങൾ ചെറുതല്ല. ദേശീയപാത, മലയോര, തീരദേശ, ജല പാതകൾ, അതിവേഗ റെയിൽ, ഗെയിൽ പൈപ്പ‌് ലൈൻ , കൊച്ചി മെട്രോ രണ്ടും മൂന്നും ഘട്ടങ്ങൾ, ജല മെട്രോ തുടങ്ങിയ പദ്ധതികൾ യാഥാർഥ്യത്തോട‌് അടുക്കുകയാണ‌്. കിഫ‌്ബി വഴി നടപ്പാക്കുന്ന അസംഖ്യം പ്രാദേശിക വികസനപദ്ധതികൾ വേറെയും. പ്രളയം തകർത്ത കേരളത്തെ പുനർ നിർമിക്കുന്നതിനുള്ള ബൃഹത‌് പദ്ധതിയും പുരോഗമിക്കുന്നു. കേന്ദ്രത്തിൽനിന്ന‌് ന്യായമായ പരിഗണനയും സഹായവും ലഭിച്ചാൽ മാത്രമേ സംസ്ഥാന സർക്കാരിന‌് ശക്തമായി മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ.
 
കേന്ദ്രത്തോട‌് കലവറയില്ലാതെ സഹായം അഭ്യർഥിക്കുമ്പോഴും, അത‌് നമ്മുടെ അവകാശമാണെന്ന അടിത്തറയിൽ ഉറച്ചാണ‌് കേരളസർക്കാർ നിലക്കൊള്ളുന്നതെന്ന‌് വെളിവാക്കുന്നതായിരുന്നു മുഖ്യമന്ത്രി നിതി ആയോഗിൽ നടത്തിയ പ്രസംഗം. വിധേയത്വവും ആശ്രിതത്വവുമല്ല, അർഹതപ്പെട്ടത‌്  ചോദിച്ചുവാങ്ങാനുള്ള ആർജവമാണ‌് സംസ്ഥാനങ്ങൾ കാണിക്കേണ്ടതെന്ന‌് കേരളം ഓർമിപ്പിച്ചു. ഇന്ത്യയുടെ യശസ്സുയർത്തിയ പഞ്ചവത്സര പദ്ധതിയും ആസൂത്രണ കമീഷനും ഇല്ലാതാക്കിയതിന്റെ ദുരന്തഫലങ്ങൾ മുഖ്യമന്ത്രി വരച്ചുകാട്ടി.  നിതി ആയോഗിന്റെ  ഇന്നത്തെ ഘടന  പ്രതീക്ഷകൾ നിറവേറ്റാൻ പര്യാപ‌്തമല്ല. പതിനഞ്ചാം ധനകമീഷന്റെ പരിഗണനാവിഷയങ്ങളിൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ പ്രകടിപ്പിച്ച ആശങ്ക ഗൗരവമുള്ളതാണ‌്. അത‌്‌ പരിഹരിക്കാൻ  നടപടി ഉണ്ടാകണം. സഹകരണ ഫെഡറലിസം എന്ന  കാഴ‌്ചപ്പാട‌് കഴിഞ്ഞ സർക്കാരിന്റെ കാലത്ത‌് ആശയതലത്തിൽമാത്രം അവശേഷിച്ചെന്ന‌ മുഖ്യമന്ത്രിയുടെ വിമർശനം അനിവാര്യമായ മാറ്റങ്ങളിലേക്ക‌് വിരൽചൂണ്ടി.  മഴ‌വെള്ളക്കൊയ‌്ത്ത‌് പദ്ധതി, വരൾച്ചാ ദുരിതാശ്വാസം, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ജില്ലകളുടെ വികസനത്തിനുള്ള പദ്ധതികൾ, കാർഷികോൽപ്പന്നങ്ങളുടെ വിപണനം, സുരക്ഷ എന്നീ വിഷയങ്ങളിൽ  മുഖ്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളും ഗൗരവപൂർണമായ ചർച്ചയ‌്ക്കും നടപടികൾക്കും വഴിതെ‌ളിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top