20 April Saturday

ഫാത്തിമയെ മറക്കാതിരിക്കാം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 19, 2019

മദ്രാസ്‌ ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിന്റെ സംശയസാഹചര്യത്തിലുള്ള മരണം രാജ്യത്തെ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നടക്കുന്ന പീഡനങ്ങളും വിവേചനവും ചൂഷണവുമെല്ലാം ഒരിക്കൽക്കൂടി ചർച്ചാവിഷയമാക്കി. മുൻകാലത്ത്‌ ഇത്തരം പല സംഭവങ്ങളും വലിയ വിവാദങ്ങൾക്ക്‌ തിരികൊളുത്തിയെങ്കിലും അടിസ്‌ഥാന പ്രശ്‌നങ്ങൾക്ക്‌ പരിഹാരമില്ലാതെ കെട്ടടങ്ങുകയായിരുന്നു. ഹൈദരാബാദ്‌ കേന്ദ്ര സർവകലാശാലയിൽ ജീവനൊടുക്കിയ രോഹിത്‌ വെമുലയും ഡൽഹി ജെഎൻയുവിൽനിന്ന്‌ കാണാതായ നജീബുമെല്ലാം സമാന സംഭവങ്ങളിലെ ഇരകളാണ്‌. മദ്രാസ്‌ ഐഐടി ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ വിദ്യാർഥികളുടെ ദുരൂഹമരണങ്ങൾക്കും ആത്മഹത്യകൾക്കും തുടരെ സാക്ഷ്യം വഹിക്കുകയാണ്‌. ദുരന്തങ്ങളിലേക്ക്‌ നയിക്കുന്ന സാഹചര്യങ്ങൾ എന്തെന്ന്‌ കണ്ടെത്തി അത്‌ വേരോടെ പിഴുതുമാറ്റാനുള്ള ഗൗരവപൂർവമായ ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല.

കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രസർവകലാശാലകളിലും പ്രത്യേക പഠനവിഭാഗങ്ങളിലുമാണ്‌ തെറ്റായ പ്രവണതകൾ കൂടുതലായി കണ്ടുവരുന്നത്‌. ഇത്‌ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതിനുശേഷമുള്ള മാറ്റമാണുതാനും. അതുവരെ കലാശാലകളും ഉന്നതവിഭ്യാഭ്യാസ സ്ഥാപനങ്ങളും പൊതുവിൽ പുരോഗമന ചിന്തയുടെയും ഉൽപ്പതിഷ്‌ണുത്വത്തിന്റെയും വിളനിലമായാണ്‌ അറിയപ്പെട്ടിരുന്നത്‌. വിദ്യാർഥി യൂണിയനുകളും ഇതര സർഗാത്മകവേദികളും നവീന ആശയങ്ങളുടെ ഈറ്റില്ലമായി. എന്നാൽ, വാജ്‌പേയി പ്രധാനമന്ത്രിയായതോടെ സംഘപരിവാർ ക്യാമ്പസുകളിൽ കണ്ണുവച്ചു.

കേന്ദ്ര ഭരണാധികാരികളുടെ പാർശ്വവർത്തികളായി കലാശാലാഭരണം കൈയാളുന്നവരും ഒരു വിഭാഗം അധ്യാപകരും നീതിരഹിതമായും വിഭാഗീയമായും വിദ്യാർഥികളെ കൈകാര്യം ചെയ്‌തു

മോഡി പ്രധാനമന്ത്രിയായപ്പോൾ ക്യാമ്പസുകൾ കൈയടക്കാനുള്ള ബോധപൂർവമായ ഇടപെടലുകൾ ആരംഭിച്ചു. പാഠ്യപദ്ധതി കാവിവൽക്കരിക്കാനും ചരിത്രം തിരുത്തിയെഴുതാനും മാത്രമല്ല, യുക്തിചിന്തയും ശാസ്‌ത്രബോധവും ഇല്ലായ്‌മ ചെയ്യാനും ശ്രമം നടക്കുന്നു. വിദ്യാർഥി യൂണിയൻ പ്രവർത്തനത്തെ തകിടംമറിച്ച്‌ ക്യാമ്പസുകളിലും മത വർഗീയ ചേരിതിരിവുണ്ടാക്കാൻ കരുക്കൾ നീക്കി. ഇതിലേറെ അപകടകരമായിരുന്നു അധ്യാപന –- ഭരണ ശ്രേണികളിൽ സംഘപരിവാറുകാരെ തിരുകിക്കയറ്റൽ. ഒരു ഭാഗത്ത്‌ ആർഎസ്‌എസ്‌ അജൻഡ മുന്നേറുമ്പോൾ മറുവശത്ത്‌ ഇതര മതതീവ്രവാദ ശക്തികളും ക്യാമ്പസുകളിൽ പിടമുറുക്കാൻ ശ്രമം തുടർന്നു. ജെഎൻയു ഉൾപ്പെടെ രാജ്യത്തെ പ്രമുഖ കലാലയങ്ങളിൽ നടക്കുന്ന വിദ്യാർഥിവിരുദ്ധ നീക്കങ്ങൾ ഈ പശ്‌ചാത്തലത്തിൽ വേണം പരിശോധിക്കാൻ . കേന്ദ്ര ഭരണാധികാരികളുടെ പാർശ്വവർത്തികളായി കലാശാലാഭരണം കൈയാളുന്നവരും ഒരു വിഭാഗം അധ്യാപകരും നീതിരഹിതമായും വിഭാഗീയമായും വിദ്യാർഥികളെ കൈകാര്യം ചെയ്‌തു. ജാതിമത വിവേചനവും ലൈംഗിക, മാനസിക പീഡനങ്ങളും ഇന്ന്‌ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ വാർത്തയല്ലാതായിരിക്കുന്നു. ജൂനിയർ കുട്ടികളെ റാഗിങ്‌ നടത്തുന്ന മുതിർന്ന വിദ്യാർഥികളെ സംരക്ഷിക്കുകയും തങ്ങളുടെ കൈയാളുകളാക്കി കൊണ്ടുനടക്കുകയും ചെയ്യുന്ന അധ്യാപകരുമുണ്ട്‌. ഇന്റേണൽ മാർക്ക്‌ എന്ന വജ്രായുധം ഉപയോഗിച്ച്‌ വിദ്യാർഥികളെ വരുതിയിൽ നിർത്തുകയും മാനസിക –- ലൈംഗിക പീഡനങ്ങൾക്ക്‌ ഇരയാക്കുകയും ചെയ്യുന്നു. ഇത്തരം അധ്യാപകരെ കുറ്റവാളികളായി കണ്ട്‌ നിയമനടപടികൾക്ക്‌ വിധേയരാക്കേണ്ട സ്ഥിതിവിശേഷമാണ്‌ പല ക്യാമ്പസുകളിലും നിലനിൽക്കുന്നത്‌.

സിവിൽ സർവീസ്‌ ആയിരുന്നു ഫാത്തിമയുടെ ലക്ഷ്യം. പഠിക്കാനും ജീവിക്കാനും അനുവദിച്ചിരുന്നുവെങ്കിൽ ഫാത്തിമ നിഷ്‌പ്രയാസം ഐഎഎസ്‌ പാസാകുമായിരുന്നു. അത്ര മിടുക്കിയായിരുന്നു അവൾ. അഖിലേന്ത്യാ പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുനേടിയാണ്‌ ഐഐടിയിൽ ചേർന്നത്‌. എന്നാൽ, നാളെയുടെ വാഗ്‌ദാനമായ ആ പെൺകുട്ടിയെ കൊലയ്‌ക്ക്‌കൊടുത്തത്‌ അധ്യാപകവേഷമണിഞ്ഞ ഏതാനും ക്രിമിനലുകളാണെന്ന വിവരമാണ്‌ പുറത്തുവന്നിട്ടുള്ളത്‌.

അർഹതപ്പെട്ടെ മാർക്ക്‌ നിഷേധിച്ചതും ദുഃസൂചനയോടെ സംസാരിച്ചതും ഉൾപ്പെടെ ഒരുപാട്‌ ദുരനുഭവങ്ങൾ ആ കുട്ടി ഫോണിലും ലാപ്‌ടോപ്പിലും രേഖപ്പെടുത്തിവച്ചിട്ടുണ്ട്‌. മദ്രാസ്‌ ഐഐടിയിൽ ഫാത്തിമ നേരിട്ട മതവിവേചനം അവൾ വളർന്ന ചുറ്റുപാടുകളിൽ എവിടെയും അനുഭവിച്ചതല്ല. ഹോസ്‌റ്റൽ മുറിയിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയ നവംബർ ഒമ്പതിനൂ തൊട്ടുമുമ്പുള്ള ഏതാനും ദിവസങ്ങളിൽ കടുത്ത മാനസിക പീഡനത്തിന്‌ ഫാത്തിമ വിധേയമായിരുന്നുവെന്ന്‌ ഒപ്പമുണ്ടായിരുന്നവരെല്ലാം മൊഴിനൽകിയിട്ടുണ്ട്‌. എന്നാൽ, ഐഐടി അധികൃതരുടെയോ അധ്യാപകരുടെയോ ഭാഗത്തുനിന്ന്‌ അനുഭാവപൂർണമായ ഒരു ഇടപെടലും ഉണ്ടായില്ല. മരണശേഷം അവർ പൊലീസിൽ നൽകിയ പ്രസ്‌താവനയിലും ഈ ശത്രുതാ മനോഭാവം തെളിഞ്ഞുനിൽക്കുന്നു.

കേരള സർക്കാരും പൊലീസും ഇതിനകംതന്നെ പ്രശ്‌നത്തിൽ ഗൗരവപൂർവം ഇടപെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‌ എല്ലാസഹായവും ഉറപ്പുനൽകി

ഇനിയൊരു കുട്ടിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടാകാതിരിക്കാനും ഫാത്തിമയ്‌ക്കും കുടുംബത്തിനും നീതികിട്ടാനും കുറ്റവാളികളുടെ കൈകളിൽ വിലങ്ങുവീഴണം. ഫാത്തിമയുടെ പിതാവ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയെയും പൊലീസ്‌ അധികൃതരെയും നേരിൽക്കണ്ട്‌ അന്വേഷണം കുറ്റമറ്റതാക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. കേരള സർക്കാരും പൊലീസും ഇതിനകംതന്നെ പ്രശ്‌നത്തിൽ ഗൗരവപൂർവം ഇടപെട്ടിട്ടുണ്ട്‌. മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‌ എല്ലാസഹായവും ഉറപ്പുനൽകി. ലോക്‌സഭയിൽ കേരള, തമിഴ്‌നാട്‌ എംപിമാർ പ്രശ്‌നം ഉന്നയിച്ചു. പ്രത്യേക ചർച്ചയ്‌ക്കും കേന്ദ്രസർക്കാർ സന്നദ്ധതയറിയിച്ചു. ഇതിനൊക്കെ ശേഷമാണ്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാൻ മൂന്ന്‌ അധ്യാപകർക്ക്‌ തമിഴ്‌നാട്‌ ക്രൈംബ്രാഞ്ച്‌ നോട്ടീസ്‌ നൽകിയത്‌. ഐഐടി അധികൃതരാകട്ടെ, ആഭ്യന്തര അന്വേഷണത്തിനുപോലും തയ്യാറല്ല. എന്തുകൊണ്ട്‌ ഇത്തരം സംഭവങ്ങൾ തുടർച്ചയായി ഉണ്ടാകുന്നു എന്ന ചോദ്യത്തിന്‌ ഉത്തരം അധികൃതരുടെ മനോഭാവം എന്നതാണ്‌. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ എത്രയുംപെട്ടെന്ന്‌ നടപടികൾ ഉണ്ടാകണം . അതിനുള്ള ശക്തമായ ഇടപെടലാണ്‌ കേന്ദ്ര, തമിഴ്‌നാട്‌ സർക്കാരുകളുടെ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top