25 April Thursday

ജ്വല്ലറി തട്ടിപ്പിന്‌ ലീഗ്‌ പച്ചക്കൊടിയോ?

വെബ് ഡെസ്‌ക്‌Updated: Saturday Sep 12, 2020



‘മല എലിയെ പ്രസവിച്ചു’ എന്ന നാടൻ പ്രയോഗം അന്വർഥമാക്കുംവിധമാണ്‌ മുസ്ലിംലീഗ്‌ നേതൃത്വം എം സി ഖമറുദ്ദീൻ മുഖ്യപ്രതിയായ ഫാഷൻ ഗോൾഡ്‌ തട്ടിപ്പ്‌ കേസ്‌ കൈകാര്യം ചെയ്‌തത്‌. രാഷ്ട്രീയ‐സാമുദായിക–-ആധ്യാത്മിക സ്വാധീനങ്ങൾ ആവോളം മറയാക്കി നൂറുകണക്കിനാളുകളിൽനിന്ന്‌ കോടിക്കണക്കിന്‌ രൂപയാണ്‌ ഒരു കോക്കസ്‌ പറ്റിച്ചത്‌. പരാതിക്കാരിൽ ബഹുഭൂരിപക്ഷവും സ്വന്തം പ്രവർത്തകരും അനുഭാവികളുമായിട്ടും ഇരകളെ ലീഗ്‌ നിർദാക്ഷിണ്യം കൈയൊഴിഞ്ഞു.

ഭർത്താവ്‌ ഉപേക്ഷിച്ചപ്പോൾ കോടതിവിധി പ്രകാരം ലഭിച്ച തുച്ഛമായ ജീവനാംശം നിക്ഷേപിച്ച്‌ പെരുവഴിയിലായ വീട്ടമ്മയ്‌ക്കുപോലും നീതി ലഭിച്ചില്ല. പകരം എംഎൽഎയ്‌ക്ക്‌ കവചം തീർക്കുന്ന നിലപാടാണ്‌ നേതൃത്വത്തിന്റേത്‌.150 കോടി തട്ടിയ കേസിൽ, ക്രമക്കേടോ വഞ്ചനയോ ഇല്ലെന്ന പി കെ കുഞ്ഞാലിക്കുട്ടിയുടെ തലോടൽ സാമ്പത്തിക ക്രിമിനൽവൽക്കരണത്തിന്‌ ന്യായീകരണമാകുകയാണ്‌. നാലു മാസത്തിനുള്ളിൽ  ബാധ്യത തീർക്കാമെന്ന്‌ പ്രതി പറയുമ്പോൾ നേതൃത്വം രണ്ടുമാസം നീട്ടിനൽകിയത്‌ വിചിത്രമാണല്ലോ.  കേസ്‌ തുടരുന്നവർക്ക്‌ അങ്ങനെയാകാം;  മറ്റുള്ളവർക്ക്‌ ഒത്തുതീർപ്പിന്റെ വഴി സ്വീകരിക്കാമെന്ന  നിലപാട്‌  എല്ലാം നഷ്ടപ്പെട്ടവരോടുള്ള   ഭീഷണിയായേ കണക്കാക്കാനാകൂ.

ചുരുക്കത്തിൽ ഫാഷൻ ഗോൾഡ്‌ തട്ടിപ്പിന്‌ ലീഗ്‌ പച്ചക്കൊടി വീശിയെന്ന്‌ ചുരുക്കം.  വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ അണികളെ അടക്കിയിരുത്താനുള്ള കുതന്ത്രമാണ്‌ നേതാക്കളുടെ ഇപ്പോഴത്തെ വിശദീകരണം. പണം ലഭിക്കാൻ നിയമത്തിന്റെ വഴി  മാത്രമാണ്‌ പോംവഴി.  നേതൃത്വം അവകാശപ്പെടുംപോലെ അത്‌ ബിസിനസ്‌ തകർച്ചയല്ലെന്നും പൊതുസമൂഹത്തിൽ വൻസ്വാധീനമുള്ള ചിലർ   നടത്തിയ മാപ്പർഹിക്കാത്ത  ക്രിമിനൽ കുറ്റകൃത്യമാണെന്നും വ്യക്തം. 

കേരളമാകെ മാസങ്ങളായി ഏറെ  വിവാദമുയർത്തിയിട്ടും സംസ്ഥാന പ്രവർത്തകസമിതി അംഗമായ ഖമറുദ്ദീനെതിരെ സംഘടനാ  നടപടിയുണ്ടായില്ല. യുഡിഎഫ്‌ ജില്ലാ അധ്യക്ഷപദവിയിൽനിന്ന്‌ ഒഴിവാക്കിയെന്നാണ്‌ കഴിഞ്ഞ ദിവസത്തെ പാണക്കാട്ട്‌ പ്രഖ്യാപനം.  എംഎൽഎ ആയപ്പോഴേ ആ  സ്ഥാനം വിടാൻ  അദ്ദേഹം ഒരുങ്ങിയിരുന്നു.  മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിനുമുമ്പേ  ഖമറുദ്ദീന്റെ  വൻ നിക്ഷേപത്തട്ടിപ്പ്‌ സംബന്ധിച്ച ഒട്ടേറെ ഗുരുതര പരാതികൾ നേതൃത്വത്തിന് മുന്നിലെത്തി. ആ പശ്ചാത്തലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കരുതെന്ന ആവശ്യം പ്രവർത്തകർ ഉന്നയിക്കുകയും ചെയ്‌തു. കാര്യങ്ങൾ കൈയാങ്കളിയിലേക്കുവരെ എത്തി.  പ്രതിഷേധം മറികടന്ന്‌  പാണക്കാട്‌ തങ്ങളുടെ നോമിനിയെന്ന  നിലയ്‌ക്കാണ്‌ ഖമറുദ്ദീനെ അടിച്ചേൽപ്പിച്ചത്‌. അതൊരു പേമെന്റ്‌ സീറ്റായിരുന്നെന്ന വിമർശനവും അക്കാലത്ത്‌ ശക്തമായിരുന്നു.

കച്ചവടം  പൊളിഞ്ഞതിനാലാണ്‌‌  നിക്ഷേപകർക്ക്‌ കാശ്‌  മടക്കിക്കൊടുക്കാൻ കഴിയാതിരുന്നതെന്ന ലീഗ്‌ നേതാക്കളുടെ വാദം സത്യവിരുദ്ധമാണ്‌. നിക്ഷേപകരെ വഞ്ചിക്കുക എന്ന ഒറ്റ ലക്ഷ്യം മുൻനിർത്തിയാണ്‌  തുടക്കംമുതലുള്ള കാര്യങ്ങളുടെ പോക്ക്‌.  ഫാഷൻ ഗോൾഡിന്റെ  വിലാസത്തിൽ നാല്‌ കമ്പനികൂടി  രൂപീകരിച്ച്‌ പണം സമാഹരിച്ചെങ്കിലും നഷ്ടത്തിലാണെന്ന്‌ കമ്പനി രജിസ്‌ട്രാറെ അറിയിച്ചില്ല. അങ്ങനെയായാൽ  ലിക്വിഡേഷൻ അനിവാര്യമാകും.  അതിനുമുമ്പ്‌ ആസ്‌തി, ബാധ്യത,  ഡയറക്ടർമാരുടെ സമ്പാദ്യം എന്നിവ പരിശോധിച്ച്‌  കമ്പനി ആസ്‌തിയിൽ ചേർത്താണ്‌ നിക്ഷേപകർക്ക്‌ നൽകുക. അത്‌ മുൻകൂട്ടി കണ്ട എംഎൽഎ, ജ്വല്ലറി സ്വത്തുക്കൾ ആരുമറിയാതെ പെട്ടെന്ന്‌ കൈമാറി.  2019 ആഗസ്‌തിൽ ഇടപാടുകൾ  അവസാനിപ്പിച്ച്‌ രണ്ടു മാസത്തിനുശേഷം വിളിച്ചുകൂട്ടിയ നിക്ഷേപകയോഗത്തിൽ സ്ഥാപനം നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തിയെന്നാണ്‌ പറഞ്ഞത്‌.  അപ്പോഴും  ആളുകളെ  കബളിപ്പിച്ച്‌ ‌ എല്ലാ സ്ഥാപനങ്ങളുടെയും സ്വത്തുക്കളും ആസ്‌തിയും  ഒഴിവാക്കാൻ ഗൂഢ നീക്കങ്ങൾ നടത്തി.

ഉന്നത ലീഗ്‌  ഭാരവാഹികളും പാർടിയുമായി ഉറ്റബന്ധമുള്ളവരും ചേർന്ന് നടത്തുന്ന സ്ഥാപനമെന്ന്  തെറ്റിദ്ധരിപ്പിച്ചാണ്‌  പലരെയും വലയിലാക്കിയത്‌.  മതം മറയാക്കി  മഹല്ല് കമ്മിറ്റികളെവരെ അതിന്റെ ഭാഗമാക്കി. ജ്വല്ലറി തട്ടിപ്പിൽ പുറത്തുവന്ന പരാതികൾ ഏറെ ഗൗരവമുള്ളതാണ്. വ്യക്തമായ ആസൂത്രണത്തോടെ നിക്ഷേപകരെ കബളിപ്പിക്കുകയായിരുന്നു. ലീഗ്‌ സംസ്ഥാന നേതൃത്വത്തിന്റെ ആശിർവാദത്തോടെയാണ്‌ ഇവയെല്ലാമെന്നാണ്‌ സാഹചര്യത്തെളിവുകൾ നിസ്സംശയം അടിവരയിടുന്നത്‌. സ്വർണക്കടത്തും കൊള്ളയും ബിനാമി ഇടപാടുകൾ, വണ്ടിച്ചെക്കുകൾ, വ്യാജ ഒപ്പ്‌, കൃത്രിമരേഖ ചമയ്‌ക്കൽ, വഖഫ് ഭൂമി തട്ടിയെടുക്കൽ എന്നിങ്ങനെ ദീർഘമായ ചങ്ങലപോലെ കോർക്കപ്പെട്ട മാഫിയാ മൂലധനത്തിന്റെ അഴിമതി പരമ്പരകളാണ്‌  തെളിയുന്നത്‌.

മൂടാടി സ്വദേശിയും മർജാൻ ഗോൾഡ്‌ ഉടമയുമായ കെ കെ ഹനീഫയുടെ വെളിപ്പെടുത്തലും  നിസ്സാരമല്ല. തലശേരിയിലെ ജ്വല്ലറിയിൽനിന്ന്‌ 2008ൽ കാൽ ക്വിന്റൽ സ്വർണം  ഖമറുദ്ദീനും സംഘവും  കൊള്ളയടിച്ചെന്നാണ്‌ പറഞ്ഞത്‌.  ഫാഷൻ ഗോൾഡ്‌ ആരംഭിക്കുന്ന വേളയിൽ മർജാനുമായി സഹകരിക്കാൻ ഖമറുദ്ദീൻ എത്തി. താൽപ്പര്യമില്ലെന്ന്‌ അറിയിച്ചപ്പോൾ  നേതാക്കളെ ഇടപെടുവിച്ചതിനാൽ കരാറുണ്ടാക്കി. അരക്കോടിയുടെ  രണ്ട്‌ ചെക്ക്‌  നൽകി. അവ വണ്ടിച്ചെക്കായിരുന്നതിനാൽ ഇടപാടിൽനിന്ന്‌ പിന്മാറി. തുടർന്ന്‌,  ഖമറുദ്ദീനും കൂട്ടാളികളും സ്വർണം  കവർന്നതായും  ഹനീഫ വെളിപ്പെടുത്തി. സാധാരണക്കാർ അധ്വാനിച്ച്‌ സ്വരുക്കൂട്ടുന്ന പണം കബളിപ്പിച്ച് തട്ടിപ്പു നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി അനിവാര്യമാണ്‌. ഖമറുദ്ദീന്റെ  നേതൃത്വത്തിൽ നടന്ന ജ്വല്ലറി തട്ടിപ്പും  ഉയർന്നുവന്ന മറ്റ് ആക്ഷേപങ്ങളും സംബന്ധിച്ച വിശദാംശങ്ങളിൽ ഉന്നതതല  അന്വേഷണം നടത്തേണ്ടതുമുണ്ട്‌.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top