19 April Friday

ഫസൽവധം: കോടതി വിധി നീതിയിലേക്കുള്ള വെളിച്ചം

വെബ് ഡെസ്‌ക്‌Updated: Friday Jul 9, 2021


ഫസൽവധം തുടരന്വേഷണത്തിന്‌ ഉത്തരവിട്ട്‌ കേരള ഹൈക്കോടതി നീതിയിലേക്കുള്ള വഴി തുറന്നിരിക്കുന്നു. പ്രതിചേർക്കപ്പെട്ട്‌ പിറന്ന നാട്ടിൽനിന്ന്‌ നാടുകടത്തപ്പെട്ട സിപിഐ എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും രാഷ്‌ട്രീയ പകപോക്കലിന്റെ ഇരകളാണെന്ന്‌ നീതിപീഠം പറയാതെ പറയുന്നു. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ഇരുവർക്കും എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയിലാണ്‌ ജാമ്യം അനുവദിച്ചത്‌. കൊളോണിയൽ കാലത്തെ ശിക്ഷാവിധികളിൽമാത്രം കേട്ടുപരിചയിച്ച നാടുകടത്തലിന്റെ പുതിയകാലത്തിന്റെ ഇരകൾ, ചെയ്യാത്ത കുറ്റത്തിന്‌ അനുഭവിക്കുന്ന ശിക്ഷ പത്താം വർഷത്തിലേക്ക്‌ കടന്നിരിക്കയാണ്‌.

2006 ഒക്‌ടോബർ 22നാണ്‌ എൻഡിഎഫ്‌ പ്രവർത്തകനായ ഫസൽ തലശേരിയിൽ കൊല്ലപ്പെടുന്നത്‌. കൊലയ്‌ക്കുപിന്നിൽ ആർഎസ്‌എസ്‌ ആണെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഫസലിന്റെ സഹോദരൻ അബ്‌ദുൾ സത്താർ സമർപ്പിച്ച ഹർജിയിലാണ്‌ തുടരന്വേഷണ ഉത്തരവ്‌. സംഭവത്തിൽ ആർഎസ്‌എസിന്റെ പങ്ക്‌ വെളിവായിരുന്നു. കേസ്‌ സിബിഐ ഏറ്റെടുത്തതോടെ അന്വേഷണം വഴിതെറ്റി. 2012 ജൂൺ 12നാണ്‌ സിബിഐ കുറ്റപത്രത്തിൽ സിപിഐ എം നേതാക്കൾക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തുന്നത്‌. കൊലപാതകം നടത്തിയത്‌ ആർഎസ്‌എസ്‌ ആണെന്ന്‌ കൃത്യത്തിൽ പങ്കെടുത്ത മാഹി സ്വദേശി സുബീഷ്‌ പൊലീസിനോടും മജിസ്‌ട്രേട്ടിനോടും സമ്മതിച്ചിരുന്നു. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത ആർഎസ്‌എസ്‌ പ്രവർത്തകൻ ഷിനോജിന്റെ ഫോൺ സംഭാഷണ രേഖയും പുറത്തുവന്നു. പൊലീസിനു ലഭിച്ച ഡിജിറ്റൽ തെളിവടക്കമുള്ള രേഖകൾ സംസ്ഥാന പൊലീസ്‌ മേധാവി സിബിഐ ഡയറക്ടർക്ക്‌ സമർപ്പിച്ചു. ഇതെല്ലാം കൈവശമുള്ള സിബിഐ തുടരന്വേഷണത്തെ കോടതിയിൽ എതിർക്കുകയാണുണ്ടായത്‌.

സുബീഷിന്റെ വെളിപ്പെടുത്തലടക്കമുള്ള വിഷയങ്ങളിൽ സിബിഐ അന്വേഷണം നടത്തിയിട്ടില്ലെന്ന്‌ പുനരന്വേഷണത്തിന്‌ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്‌. ലോക്കൽ പൊലീസ്‌ മറ്റൊരുകേസിൽ കണ്ടെത്തിയ കാര്യങ്ങളിൽ സിബിഐക്ക്‌ തൃപ്തിയുണ്ടാകണമെന്നില്ല. അതിനാൽ, പൊലീസ്‌ നൽകിയ തെളിവുകളുടെ വെളിച്ചത്തിൽ സിബിഐ തന്നെ തുടരന്വേഷിക്കണമെന്നാണ്‌ കോടതിവിധി. ഇതിന്‌ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്‌.
ഫസലിന്റെ ഭാര്യ 2007ൽ നൽകിയ റിട്ട്‌ ഹർജിയിലാണ്‌ ഹൈക്കോടതി സിബിഐയെ കേസ്‌ ഏൽപ്പിച്ചത്‌. 2006ൽത്തന്നെ സിപിഐ എമ്മിനെതിരെ യുഡിഎഫ്‌–-ബിജെപി വേട്ടയാടൽ തുടങ്ങിയിരുന്നു. കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ്‌ കൊലയ്‌ക്ക്‌ ഉത്തരവാദിയെന്ന മാധ്യമ വിചാരണയും രൂക്ഷമായിരുന്നു. സിബിഐ ഇരുവരെയും ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിയാക്കി. ഗൂഢാലോചന നടത്തിയെന്നതിന്‌ തെളിവുകളൊന്നും നൽകാതെയായിരുന്നു കുറ്റംചാർത്തൽ. ജയിലിലായിരുന്ന പ്രതിചേർക്കപ്പെട്ടവരിൽ ചിലരെ നുണപരിശോധനയ്‌ക്ക്‌ വിധേയരാക്കിയപ്പോൾ അവർ ഫസലിനെ ഒരിക്കൽപോലും കണ്ടിട്ടില്ലെന്ന്‌ വ്യക്തമായിരുന്നു. നുണ പരിശോധനയ്‌ക്ക്‌ തയ്യാറാണെന്ന്‌ കാരായി രാജനും കാരായി ചന്ദ്രശേഖരനും ആവശ്യപ്പെട്ടപ്പോൾ സിബിഐ അംഗീകരിച്ചില്ല.

സംഭവത്തിന്റെ തലേന്ന്‌ പ്രദേശത്ത്‌ ആർഎസ്‌എസ്‌–-എൻഡിഎഫ്‌ സംഘർഷം നടന്നതായി സിബിഐ കുറ്റപത്രത്തിലുണ്ട്‌. ഈ അക്രമത്തിൽ ആർഎസ്‌എസുകാരനായ ഷിനോജിന്‌ പരിക്കേറ്റിരുന്നു. ഫസലിന്റെ കൊലയിൽ തനിക്കും പങ്കുണ്ടെന്ന്‌ ഷിനോജും പൊലീസിനോട്‌ വെളിപ്പെടുത്തിയിരുന്നു. ഷിനോജിന്റെ പകരംവീട്ടലാണോ ഫസലിന്റെ കൊലപാതകമെന്ന്‌ അന്വേഷിക്കേണ്ടതുണ്ടെന്ന്‌ തുടരന്വേഷണ ഉത്തരവിൽ പറയുന്നുണ്ട്‌.ഫസൽ കൊല്ലപ്പെട്ടിട്ട്‌ 15 വർഷമാവുകയാണ്‌. സത്യസന്ധമായ അന്വേഷണം നടത്തിയാൽ യഥാർഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും നിരപരാധികളെ രക്ഷിക്കാനും കഴിയും.15 വർഷമെത്തിയ കേസിൽ വിചാരണപോലും തുടങ്ങിയിട്ടില്ല. നീതിനിഷേധത്തിന്റെ മറ്റൊരു മുഖംകൂടിയാണിത്‌. നിരപരാധികൾ ഇനിയും എത്രനാൾ നാടുകടത്തപ്പെടും?

മാറേണ്ടത്‌ മോഡിയും ഷായും
പഞ്ചറായ പ്രതിച്ഛായക്ക്‌ ഓട്ടയടയ്ക്കാൻ മന്ത്രിസഭ പുനഃസംഘടിപ്പിച്ചിരിക്കയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ്‌ കൈകാര്യം ചെയ്തതിലെ വൻവീഴ്‌ച രാജ്യത്തെ നാണം കെടുത്തിയ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി ഹർഷ്‌വർധനനെ പുറത്താക്കിയത്‌ പ്രതീക്ഷിച്ചതാണ്‌. സർക്കാരിന്റെ വക്താക്കളായ പ്രമുഖരെയും ഒഴിവാക്കിയിട്ടുണ്ട്‌. നിയമമന്ത്രി ഹരിശങ്കർ പ്രസാദ്‌, വനം–-പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവ്‌ദേക്കർ, രാസവസ്തുമന്ത്രി സദാനന്ദഗൗഡ, വിദ്യാഭ്യാസമന്ത്രി രമേശ്‌ പൊഖ്‌റിയാൽ, സാമൂഹ്യനീതിമന്ത്രി തവർചന്ദ്‌ ഗെലോട്ട്‌ എന്നീ ക്യാബിനറ്റ്‌ മന്ത്രിമാരും പുറത്തായി. പുതുതായി രൂപീകരിച്ച സഹകരണ വകുപ്പ്‌ അമിത്‌ ഷായ്‌ക്ക്‌ നൽകിയത്‌ ആപൽസൂചന നൽകുന്നുണ്ട്‌. സഹകരണ പ്രസ്ഥാനങ്ങളെ ചവിട്ടിമെതിക്കാൻ ഈ ഫെഡറൽതത്വ ലംഘനം ഉപയോഗിച്ചേക്കാം.

കൂറുമാറ്റക്കാർക്ക്‌ വലിയ പ്രാതിനിധ്യമുണ്ട്‌. കോൺഗ്രസിൽനിന്ന്‌ പലപ്പോഴായി ബിജെപിയിലെത്തിയ ഡസനോളം പേർ മന്ത്രിസഭയിൽ ഇടംപിടിച്ചു. ഇതിൽ പ്രമുഖനാണ്‌ പുതിയ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനത്തേക്കുപോലും പരിഗണിക്കപ്പെട്ട സിന്ധ്യ കഴിഞ്ഞവർഷമാണ്‌ ബിജെപിയിൽ ചേർന്നത്‌.
ഉത്തർ പ്രദേശ്‌, ഗുജറാത്ത്‌ ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ അടുത്തവർഷം തെരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതിൽ അഞ്ചിലും ബിജെപിയാണ്‌ അധികാരത്തിൽ. കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ ഗുരുതര വീഴ്‌ച, ഏഴുമാസം പിന്നിട്ട കർഷകപ്രക്ഷോഭം, കണ്ണിൽ ചോരയില്ലാത്ത ഇന്ധന വിലവർധന തുടങ്ങി നിരവധി കാരണങ്ങളാൽ വൻ ജനരോഷം നേരിടുകയാണ്‌ ബിജെപി സർക്കാർ. ഇത്‌ തണുപ്പിക്കാൻ ഒരു മന്ത്രിസഭാ പുനഃസംഘടനയ്‌ക്കും കഴിയില്ല. ഭരണപരാജയത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ആഭ്യന്തരമന്ത്രി അമിത്‌ ഷായ്‌ക്കും തന്നെയാണ്‌. ഒന്നാം കോവിഡ്‌ തരംഗത്തിൽ അതിഥിത്തൊഴിലാളികളുടെ പലായനത്തിനിടെ നൂറുകണക്കിനുപേർ വഴിമധ്യേ മരിച്ചുവീണു. രണ്ടാംതരംഗത്തിൽ ഓക്‌സിജൻ കിട്ടാതെ അനേകംപേരുടെ ജീവൻ പൊലിഞ്ഞു. ഗംഗാനദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്നു. വാക്‌സിൻ കയറ്റുമതി ചെയ്‌ത്‌ ലോകത്തിനുമുന്നിൽ മേനി നടിച്ച മോഡിഭരണത്തിന്റെ മുഖംമൂടി അഴിഞ്ഞുവീണു. സമ്പദ്‌ വ്യവസ്ഥയുടെ നട്ടെല്ലൊടിഞ്ഞു. ലക്ഷങ്ങൾക്ക്‌ തൊഴിൽ നഷ്ടമായി. മോഡി–-ഷാ കൂട്ടുകെട്ടിന്റെ കെട്ട നയമാണ്‌ ഇതിന്‌ ഉത്തരവാദി. മാറേണ്ടത്‌ മോഡിയും അമിത്‌ ഷായുമാണ്‌. അവരെ മാറ്റാൻ ജനരോഷത്തിന്‌ കഴിയണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top