28 November Tuesday

ഐതിഹാസിക സമരത്തിന്റെ ഉജ്വല വിജയം

വെബ് ഡെസ്‌ക്‌Updated: Friday Dec 10, 2021ഇരുണ്ട കാലത്തെ വഴിവിളക്കായി ഇന്ത്യൻ കർഷകരുടെ ഐതിഹാസിക സമരത്തെ വിശേഷിപ്പിച്ചത് വിഖ്യാത അമേരിക്കൻ ചിന്തകൻ നോം ചോംസ്കിയാണ്. അടിച്ചമർത്തലുകൾ, അതിക്രമങ്ങൾ, കൊലപാതകങ്ങൾ, മാധ്യമങ്ങളുടെ പോർവിളി എന്നിവയെല്ലാം അതിജീവിച്ചുകൊണ്ട് കർഷകസമരം മുന്നേറുന്നതിനെ അത്ഭുതമായി കണ്ട ചോംസ്കിയടക്കം മനുഷ്യനന്മയിൽ വിശ്വസിക്കുന്ന കോടിക്കണക്കിനു മനുഷ്യരുടെ ശുഭാപ്തിവിശ്വാസത്തെ ശക്തിപ്പെടുത്തിയാണ് പ്രക്ഷോഭം സമ്പൂർണ വിജയം നേടിയത്. കർഷകരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കി. ഇതേത്തുടര്‍ന്ന് അതിര്‍ത്തിയിലെ ടെന്റുകള്‍ കര്‍ഷകര്‍  പൊളിച്ചുനീക്കാന്‍ ആരംഭിച്ചു.

വിവിധ രാജ്യങ്ങളിലെ വലതുപക്ഷ ഗവൺമെന്റുകളെ ആയുധമാക്കി  കോർപറേറ്റുകൾ നടത്തുന്ന ചൂഷണങ്ങൾക്കെതിരെ സംഘടിതപോരാട്ടങ്ങളല്ലാതെ മറ്റു പോംവഴികളില്ല. അധ്വാനിക്കുന്ന മനുഷ്യർ നയിക്കുന്ന ഇത്തരം പ്രക്ഷോഭങ്ങൾക്ക് നവലിബറലിസത്തിന്റെ ചൂഷണനയങ്ങളെ തിരുത്താൻ പ്രാപ്തിയുണ്ടെന്ന്‌ ലോകത്തെതന്നെ  ബോധ്യപ്പെടുത്തിയിരിക്കുന്നു ഇന്ത്യൻ കർഷകപ്രക്ഷോഭം. അസാധാരണമായ നിശ്ചയദാർഢ്യം കൈമുതലാക്കി, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയ പോരാട്ടത്തിന്റെ പട്ടികയിലേക്ക് ഈ സമരത്തെ നയിച്ച സംയുക്ത കിസാൻ മോർച്ചയെ ഞങ്ങൾ ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. രക്തസാക്ഷികളുടെ ഓർമകളെ  ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു. സംയുക്ത കിസാൻ മോർച്ചയ്ക്ക് രാഷ്ട്രീയവും സംഘടനാപരവുമായ ദിശാബോധം നൽകിയ അഖിലേന്ത്യ കിസാൻസഭയെ അഭിനന്ദിക്കുന്നു. 

രാജ്യതലസ്ഥാനത്തേക്കുള്ള മൂന്ന്‌ പ്രവേശനമാർഗത്തിൽ തമ്പടിച്ചുകൊണ്ട്‌ ഒരു വർഷത്തിലേറെ നടത്തിയ സമരം സംഭവബഹുലമായിരുന്നു. പഞ്ചാബ്, ഹരിയാന, യുപി, രാജസ്ഥാൻ തുടങ്ങി ഡൽഹിയുടെ സമീപസംസ്ഥാനങ്ങളിലെ കർഷകരാണ് സമരത്തിന്റെ മുന്നിലുണ്ടായിരുന്നത്.  രാജ്യത്തിന്റെ മുക്കിലും മൂലയിലും തൊഴിലാളികളും കർഷകരും ബഹുജനങ്ങളും പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യമേകി. 708 ജീവനുകൾ നഷ്‌ടമായ സമരമാണിത്. കർഷകരെ കാർ കയറ്റിക്കൊല്ലാൻ കേന്ദ്രമന്ത്രിയും കൂട്ടരുംതന്നെ തുനിഞ്ഞിറങ്ങിയ അനുഭവം. സമരം പൊളിക്കാൻ എത്രയെത്ര  നീചതന്ത്രങ്ങൾ.  ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരിൽ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം, ജാട്ട് എന്നും സിഖ് എന്നും വേർതിരിക്കാനുള്ള കുതന്ത്രങ്ങൾ, ദേശദ്രോഹക്കുറ്റം ചുമത്തുമെന്ന ഭീഷണി, ഖലിസ്ഥാൻവാദികൾ എന്ന ആക്ഷേപം. കിടങ്ങു കുഴിച്ചും ബാരിക്കേഡുകൾ നാട്ടിയും തടസ്സങ്ങൾ. മോദിയും അമിത് ഷായും നേരിട്ട് നടത്തിയ ഒരിടപെടലും കർഷകരുടെ ധീരതയ്ക്കു മുന്നിൽ വിലപ്പോയില്ല.

കാർഷികനിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിട്ടും നിയമങ്ങൾ പിൻവലിച്ചുകൊണ്ട് ബിൽ പാസാക്കിയിട്ടും കർഷകർ സമരം പിൻവലിക്കാൻ തയ്യാറായിരുന്നില്ല. ആർഎസ്എസ് നിയന്ത്രിക്കുന്ന മോദി സർക്കാരിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടുതന്നെയാണ് കർഷകർ പൂർണമായി പിരിഞ്ഞുപോകാതിരുന്നത്.  കഴിഞ്ഞ ദിവസം കർഷകരുടെ ഇതര ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടുള്ള കരട് നിർദേശങ്ങൾ ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാൻ മോർച്ചയ്ക്കു നൽകി. കേസുകൾ പിൻവലിക്കും,  ജീവൻ നഷ്ടപ്പെട്ട 708 പേരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കും, മിനിമം താങ്ങുവില പ്രശ്‌നം തീർക്കാനുള്ള കമ്മിറ്റിയിൽ കേന്ദ്ര–-സംസ്ഥാന സർക്കാരുകളുടെയും കർഷകരുടെയും കാർഷികവിദഗ്‌ധരുടെയും കിസാൻ മോർച്ചയുടെയും പ്രതിനിധികളെ ഉൾപ്പെടുത്തും, വൈദ്യുതിനിയമ ഭേദഗതി ബില്ലിന്റെ വിഷയത്തിൽ എല്ലാ വിഭാഗവുമായും കൂടുതൽ ചർച്ച നടത്തും. തലസ്ഥാനനഗര മലിനീകരണ നിയമത്തിൽനിന്ന്‌ കർഷകദ്രോഹപരമായ 14, 15  വകുപ്പുകൾ ഒഴിവാക്കും എന്നീ ഉറപ്പുകൾ നൽകി. 

വിരട്ടിയും ഭിന്നിപ്പിക്കൽതന്ത്രം പയറ്റിയും കർഷകരെ പിരിച്ചയക്കാമെന്ന് കരുതിയ  ഭരണാധികാരികൾ രേഖാമൂലം ഉറപ്പുകൾ നൽകിയിരിക്കുന്നു. ദയനീയമായ  കീഴടങ്ങൽ.  വിഡ്ഢികളുടെ വിജയാഘോഷം സ്വപ്നം കണ്ടവർക്കായി കടമ്മനിട്ടയുടെ ഈ വരികൾ സമർപ്പിക്കുന്നു;

"എല്ലാ കോട്ടകൊത്തളങ്ങളും പുരാവസ്തുവാകും
എല്ലാ പീരങ്കികളും നിശ്ശബ്ദമായി തുരുമ്പിക്കും
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും
ഉറക്കച്ചടവില്ലാത്ത എന്റെ കുട്ടികള്‍
ഇവയെല്ലാം കൗതുകപൂര്‍വം നോക്കിക്കാണും’


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top