29 March Friday

യുദ്ധം കർഷകരോടോ

വെബ് ഡെസ്‌ക്‌Updated: Thursday Feb 4, 2021


ജനാധിപത്യത്തിന്റെ ആടയാഭരണങ്ങൾ എറിഞ്ഞുകളഞ്ഞ്‌ നരേന്ദ്ര മോഡി സർക്കാർ അതിന്റെ ഏറ്റവും അക്രമാസക്തമായ മുഖം കാട്ടുകയാണ്. ശത്രുരാജ്യത്തോട്‌ എന്നപോലെ കർഷകരോട് യുദ്ധം പ്രഖ്യാപിക്കുന്ന നടപടികളിൽ ഇതാണ് ദൃശ്യമാകുന്നത്. സമരങ്ങളെ നേരിടാൻ സർക്കാരുകൾ പലതും ചെയ്യാറുണ്ട്. പൊലീസിനെ നിയോഗിക്കുകയും സമരരംഗത്തുള്ളവരെ അറസ്റ്റുചെയ്തുനീക്കുകയും ഉണ്ടാകും. താൽക്കാലിക ബാരിക്കേഡുകളും ഉയർത്താറുണ്ട്. ഇവിടെ അതൊന്നുമല്ല. സംസ്ഥാന അതിർത്തികളിൽ കിടങ്ങുകൾ കുഴിക്കുന്നു. സിമന്റും കോൺക്രീറ്റുംകൊണ്ട് മതിലുകൾ പണിയുന്നു. കൂറ്റൻ കോൺക്രീറ്റ്‌ മിക്സറുകൾ കൊണ്ടുവന്ന്‌ അണക്കെട്ട് പണിയുന്ന മട്ടിലാണ് നിർമാണം. റോഡിൽ ആണികൾ പാകി സിമന്റിട്ട് ഉറപ്പിച്ചും വൈദ്യുതി-, ജല വിതരണം റദ്ദാക്കിയും ഇന്റർനെറ്റ് സേവനം  വിച്ഛേദിച്ചും കർഷകരെ തളർത്താൻ ശ്രമിക്കുന്നു. ഇതിനുപുറമെ പൊലീസിനും ദ്രുതകർമ സായുധസേനയ്ക്കും പുതിയ ആയുധങ്ങൾ കൈമാറുന്നു. തോക്കും കണ്ണീർവാതകവും ഗ്രനേഡും ഇപ്പോൾ വാൾ പിടിയുള്ള സ്റ്റീൽ ലാത്തികളും നൽകിയതായാണ് റിപ്പോർട്ടുകൾ.

ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ സ്വഭാവത്തിലേക്ക് കേന്ദ്ര സർക്കാർ നീങ്ങുകയാണ്. ലോകത്തെ ഏറ്റവും കിരാതമായ വലതുപക്ഷ സർക്കാരുകളാണ് അവർക്ക് മാതൃക. പലസ്തീൻ അതിർത്തിയിൽ ഇസ്രയേൽ പണിത അപ്പാർത്തീഡ് വാൾ പോലെയാണ് അവർ ഇവിടെ ഡൽഹി അതിർത്തികളിൽ വെറുപ്പിന്റെ കിടങ്ങുകൾ കുഴിക്കുന്നത്. അഭയാർഥികൾ കടന്നുവരാതിരിക്കാൻ മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുമെന്ന് തെരഞ്ഞെടുപ്പുവാഗ്ദാനം നൽകിയ ഡോണൾഡ് ട്രംപും മോഡിയുടെ ആരാധ്യപുരുഷനായിരുന്നല്ലോ.

ഇവിടെ മോഡിയുടെ യുദ്ധസന്നാഹം സ്വന്തം ജനതയോടാണെന്ന വ്യത്യാസമുണ്ട്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച്‌  രണ്ടുമാസത്തിലേറെയായി സമാധാനപരമായി സമരം ചെയ്യുന്ന കർഷകരോടാണ് ഈ അതിക്രമം. 90 പിന്നിട്ട വൃദ്ധ കർഷകർമുതൽ കൈക്കുഞ്ഞുങ്ങൾവരെയുള്ള സമരമുഖത്താണ് അങ്ങേയറ്റം മനുഷ്യവിരുദ്ധമായ പ്രതികാര നടപടിയുമായി സർക്കാർ പോരിനിറങ്ങുന്നത്.


 

ഇത്തരത്തിൽ കടുത്ത അടിച്ചമർത്തലിന്‌ അരങ്ങൊരുക്കാൻ ബിജെപി  സർക്കാർ മറയാക്കുന്നത് റിപ്പബ്ലിക് ദിനത്തിൽ കർഷകസമരത്തിനിടെ നടന്ന ഒറ്റപ്പെട്ട അക്രമങ്ങളാണ്. ഈ അക്രമങ്ങൾക്കു പിന്നിൽ സംഘപരിവാർ ബന്ധമുള്ളവർ എങ്ങനെ ഉണ്ടായിയെന്നതിന്റെ കാരണവും ഇപ്പോഴത്തെ സർക്കാർ നീക്കങ്ങളിൽ വ്യക്തമാണ്. കർഷകസമരം അക്രമാസക്തമാകേണ്ടത് സർക്കാരിന്റെ ആവശ്യമാണ്‌. എന്നാൽ, സമരസജ്ജരായി ലക്ഷങ്ങൾ ട്രാക്ടറുകളിൽ നിരത്തിൽ നിറഞ്ഞപ്പോൾപ്പോലും അക്രമമുണ്ടായില്ല. സമരസഖ്യവുമായി സഹകരിക്കാത്ത ചിലരാണ് മുൻധാരണകൾ ലംഘിച്ച്‌ ചെങ്കോട്ടയിലും മറ്റും അക്രമം കാട്ടിയത്. അവരിൽ പലരും സംഘപരിവാറുകാരും. ഒരുസംഘം അക്രമത്തിലേക്ക് തിരിഞ്ഞാൽ കൂടുതൽ അക്രമം ഉണ്ടാകുമെന്ന പ്രതീക്ഷ ഈ കുടില നീക്കങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചവർക്കുണ്ടായിരുന്നു. എന്നാൽ, ആ നീക്കം പാളി. വളരെ ചെറിയൊരു ന്യൂനപക്ഷം ഒഴികെയുള്ള സമരഭടന്മാർ നിശ്ചയിച്ച സമരപാതയിലൂടെ റാലി നടത്തി മടങ്ങി. അടുത്തതായി  സമരകേന്ദ്രങ്ങൾ ആക്രമിക്കുകയെന്ന പ്രകോപന തന്ത്രം പയറ്റി. അതും പിഴച്ചു. ‘നാട്ടുകാർ’എന്ന് സ്വയം വിളിപ്പേരിട്ടുവന്ന സംഘപരിവാറുകാരുടെ മുഖംമൂടി വേഗം വീണു. അക്രമമുണ്ടായാൽ കർഷകർ തിരിച്ചടിക്കുമെന്ന പ്രതീക്ഷ അവിടെയും വെറുതെയായി.

ഈ കുതന്ത്രങ്ങളിൽ അവരുടെ മാതൃകാ പ്രസ്ഥാനമായ നാസി പാർടി  തന്നെയാണ് ബിജെപിക്ക്‌ മാതൃക. കമ്യൂണിസ്റ്റുകാരെ അടിച്ചമർത്താനുള്ള മാർഗമെന്ന നിലയിൽ ജർമൻ പാർലമെന്റ്‌ മന്ദിരത്തിന്‌ തീവച്ച് അത് കമ്യൂണിസ്റ്റ് ആക്രമണമാണെന്ന്‌ വരുത്തിത്തീർത്ത ഹിറ്റ്‌ലറുടെ പാരമ്പര്യം തന്നെയാണല്ലോ അവരെ ആവേശം കൊള്ളിക്കുന്നത്. ഇന്ത്യാ ചരിത്രത്തിലും മോഡിക്ക്‌ മാതൃകാ പുരുഷന്മാരുണ്ടാകാം -ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയ കേണൽ ഡയറിനെപ്പോലെ.

അടിച്ചമർത്തിയും അരിഞ്ഞുതള്ളിയും ജനകീയപ്രക്ഷോഭങ്ങളെ ഒതുക്കി മുന്നേറാമെന്നു കരുതിയ വലതുപക്ഷ രാഷ്ട്രനായകരുടെ പിൽക്കാല ചരിത്രംകൂടി മോഡി ഓർക്കുന്നത് നന്ന്. അടുത്തിടെ ‘പ്രിയസുഹൃത്ത്’ ഡോണൾഡ് ട്രംപിന്റെ വീഴ്ചയിൽ നിന്നെങ്കിലും പാഠം പഠിക്കുന്നത് ഉചിതമാകും.സമരം തകർക്കാനുള്ള സർക്കാരിന്റെ ഓരോ നീക്കത്തിനും മറുപടിയായി സമരസമിതി കൂടുതൽ ജനങ്ങളിലേക്കിറങ്ങുകയാണ്. സമരം അടിച്ചമർത്താൻ കേന്ദ്രവും സംഘപരിവാറും നടത്തുന്ന ശ്രമങ്ങളും ദുഷ്‌പ്രചാരണങ്ങളും തുറന്നുകാട്ടി ബുധനാഴ്‌ചമുതൽ ഒരാഴ്ച നീളുന്ന പ്രചാരണപരിപാടിക്ക് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ–--ഓർഡിനേഷൻ കമ്മിറ്റി തുടക്കമിട്ടുകഴിഞ്ഞു. ശനിയാഴ്‌ച രാജ്യവ്യാപകമായി  വഴിതടയാനും തീരുമാനമുണ്ട്. തല്ലിക്കെടുത്താൻ നോക്കുംതോറും ആളിപ്പടരുന്ന സമരമാണ്‌ ഇത്. നീതിക്കുവേണ്ടിയാണ്‌ കർഷകർ പോരാടുന്നത്. കാർഷിക ബില്ലുകൾ പിൻവലിച്ചേ സമരം തീരൂവെന്ന് സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്. ആ ഒറ്റ ആവശ്യത്തിലാണ്  സമരം. ഇപ്പോൾ തുടരുന്ന പാർലമെന്റ് സമ്മേളനത്തിൽത്തന്നെ അതിനാവശ്യമായ നടപടി സ്വീകരിക്കുക മാത്രമാണ് സമരം ഒത്തുതീർക്കാനുള്ള മാർഗം. ആ തിരിച്ചറിവ് സർക്കാരിനുണ്ടായാൽ ജനങ്ങളിൽനിന്ന് കൂടുതൽ ഒറ്റപ്പെടാതെ  കരകയറാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top