23 June Sunday

കർഷകർ വീണ്ടും പോർമുഖം തുറക്കുമ്പോൾ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023


രാജ്യത്തെ കർഷകർ പുതിയ പോർമുഖം തുറക്കുകയാണ്‌. കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ കൂട്ടുനിൽക്കുന്ന മോദി സർക്കാർ നയങ്ങൾക്കെതിരെ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം) നേതൃത്വത്തിൽ ആയിരക്കണക്കിന്‌ കർഷകർ ഡൽഹി രാംലീല മൈതാനത്ത്‌ ഒത്തുചേർന്നു. ‘കിസാൻ ബച്ചാവോ, ദേശ്‌ ബച്ചാവോ, കോർപറേറ്റ്‌ ഭഗാവോ’(കർഷകനെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ, കോർപറേറ്റുകളെ ഓടിക്കൂ) എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ കർഷകപ്രക്ഷോഭം. രാജ്യത്തെ കർഷകരും കാർഷികമേഖലയിലെ തൊഴിലാളികളും ഏറ്റവും കൊടിയ ദുരിതം അനുഭവിച്ചത്‌ മോദി സർക്കാരിന്റെ കാലത്താണെന്ന്‌ ഔദ്യോഗിക കണക്കുകൾ ഉദ്ധരിച്ച്‌ എസ്‌കെഎം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ എട്ടുവർഷം രാജ്യത്ത്‌ ആത്മഹത്യ ചെയ്‌തത്‌ ലക്ഷത്തിൽപ്പരം കർഷകരാണ്‌. ദിവസക്കൂലിക്കാരായ രണ്ടരലക്ഷം തൊഴിലാളികളും സ്വയംജീവനൊടുക്കി. കടക്കെണിയും ദാരിദ്ര്യവുമാണ്‌ അവരെ ഇതിന്‌ പ്രേരിപ്പിച്ചത്‌. മറുവശത്ത്‌ സർക്കാർ പിന്തുണയിൽ കോർപറേറ്റുകൾ തടിച്ചുകൊഴുക്കുന്നു. ഹിൻഡൻബർഗ്‌ റിപ്പോർട്ട്‌ ഇതിന്റെ സ്ഥിരീകരണമാണ്‌.

ഈ സ്ഥിതി അവസാനിപ്പിക്കാൻ വേണ്ട രാഷ്‌ട്രീയമാറ്റത്തിനായി രാജ്യത്താകെ പ്രക്ഷോഭം വ്യാപിപ്പിക്കുമെന്ന്‌ എസ്‌കെഎം പ്രഖ്യാപിച്ചു. ഇതോടൊപ്പം 2020–-2021ൽ നാനൂറോളം ദിവസം നീണ്ട ഐതിഹാസിക കർഷകപ്രക്ഷോഭത്തെ തുടർന്ന്‌ കേന്ദ്രം നൽകിയ ഉറപ്പുകൾ പൂർണമായും പാലിക്കണമെന്ന്‌ എസ്‌കെഎം ആവശ്യപ്പെടുന്നു. എഴുന്നൂറിൽപ്പരം കർഷകരുടെ ജീവത്യാഗത്തിനുശേഷം മുട്ടുമടക്കിയ കേന്ദ്ര സർക്കാർ കോർപറേറ്റ്‌ പ്രീണന നയങ്ങളിൽ മാറ്റംവരുത്താൻ തയ്യാറല്ല. വിളകൾക്ക്‌ മിനിമംതാങ്ങുവില നിയമപരമാക്കണമെന്ന കർഷകരുടെ ആവശ്യം നടപ്പാക്കാൻ തയ്യാറാകാതെ സർക്കാർ ഉരുണ്ടുകളിക്കുകയാണ്‌. ഇതേക്കുറിച്ച്‌ പഠിക്കാനെന്ന പേരിൽ നിയോഗിച്ച സമിതിയുടെ അജൻഡ കർഷകരുടെ ആവശ്യത്തിന്‌ കടകവിരുദ്ധമാണ്‌. നിലവിലെ സമിതി പിരിച്ചുവിട്ട്‌ കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി, മിനിമം താങ്ങുവില വിഷയമാക്കി പുതിയ സമിതി രൂപീകരിക്കണമെന്ന്‌ എസ്‌കെഎം ആവശ്യപ്പെടുന്നു. കർഷകരെ വലിയ തോതിൽ പ്രതികൂലമായി ബാധിക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ പിൻവലിക്കണമെന്ന ആവശ്യവും സർക്കാർ നടപ്പാക്കിയിട്ടില്ല.

കർഷകസമരത്തിനിടെ ഉത്തർപ്രദേശിലെ ലഖിംപുർഖേരിയിൽ നാല്‌ കർഷകരെ കാറിടിച്ച്‌ കൊന്ന സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്ന്‌ ആരോപണവിധേയനായ അജയ്‌ മിശ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായി തുടരുകയാണ്‌. ഇദ്ദേഹത്തിന്റെ മകൻ ആശിഷ്‌ മിശ്ര കേസിൽ പ്രതിയാണ്‌. അജയ്‌ മിശ്രയെ മന്ത്രിസ്ഥാനത്തുനിന്ന്‌ പുറത്താക്കി, അറസ്റ്റ്‌ ചെയ്യണമെന്നത്‌ എസ്‌കെഎമ്മിന്റെ ആവശ്യങ്ങളിൽ പ്രധാനമാണ്‌. കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുക, കള്ളക്കേസുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും എസ്‌കെഎം ഉന്നയിക്കുന്നു.

ജീവത്തായ ആവശ്യങ്ങൾ നേടിയെടുക്കാൻ സന്ധിയില്ലാസമരം എന്നത്‌ മാത്രമാണ്‌ വഴിയെന്ന അവസ്ഥയിലാണ്‌ രാജ്യത്തെ കർഷകർ. മഹാരാഷ്‌ട്രയിൽ നാസിക്കിലെ കർഷകർ കഴിഞ്ഞയാഴ്‌ച നടത്തിയ ലോങ്‌ മാർച്ചിന്റെ വിജയം ഇതിന്‌ ഉദാഹരണമാണ്‌. ഉള്ളി, പരുത്തി, തക്കാളി അടക്കമുള്ള വിളകൾക്ക്‌ മിനിമം താങ്ങുവില, വനാവകാശനിയമങ്ങൾ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി മുംബൈയിലേക്ക്‌ കാൽനടയായി പതിനായിരക്കണക്കിന്‌ കർഷകർ നീങ്ങിയപ്പോൾ മഹാരാഷ്‌ട്ര സർക്കാർ തിരക്കിട്ട്‌ ചർച്ച നടത്തുകയും ആവശ്യങ്ങൾ അംഗീകരിച്ച്‌ ഉത്തരവിറക്കുകയും ചെയ്‌തു. കടാശ്വാസവും കൈവശഭൂമിക്ക്‌ പട്ടയവും ആവശ്യപ്പെട്ട്‌ 2018ൽ നാസിക്കിലെ കർഷകർ നടത്തിയ ലോങ്‌ മാർച്ചും വിജയകരമായി. ഭൂമി  ഏറ്റെടുക്കൽ നിയമഭേദഗതി നീക്കത്തിനെതിരെ  2015ൽ ഭൂമി അധികാർ ആന്ദോളൻ സമിതി നേതൃത്വത്തിൽ നടത്തിയ പ്രക്ഷോഭത്തെത്തുടർന്ന്‌ മോദി സർക്കാർ ഓർഡിനൻസ്‌ പിൻവലിച്ചു. അതേസമയം, അദാനിയെയും അംബാനിയെയുംമാത്രം പോഷിപ്പിക്കുന്ന നയത്തിൽനിന്ന്‌ കേന്ദ്രം പിൻവാങ്ങാതെ കർഷകദുരിതത്തിന്‌ അന്ത്യംകുറിക്കാൻ കഴിയില്ല. ഇതിനുവേണ്ടത്‌ രാഷ്‌ട്രീയമാറ്റമാണ്‌. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബദൽനയങ്ങൾ ഉയർത്തിപ്പിടിക്കുന്ന സർക്കാർ രാജ്യത്ത്‌ രൂപംകൊള്ളേണ്ടത്‌ കർഷകരക്ഷയ്‌ക്ക്‌ അനിവാര്യമാണ്‌. ഇത്തരത്തിലുള്ള രാഷ്‌ട്രീയമാറ്റത്തിന്‌ രാജ്യത്തെ പരുവപ്പെടുത്താനുള്ള പോരാട്ടങ്ങളിലേക്കും പ്രചാരണത്തിലേക്കും എസ്‌കെഎം നീങ്ങുകയാണ്‌. സിഐടിയു, അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയൻ, അഖിലേന്ത്യ കിസാൻസഭ എന്നിവയുടെ നേതൃത്വത്തിൽ  ഏപ്രിൽ അഞ്ചിന്‌ ഡൽഹിയിൽ നടക്കുന്ന മസ്‌ദൂർ കിസാൻ സംഘർഷ്‌ റാലിയും ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top