15 July Monday

മോഡിഭരണം ആർക്കുവേണ്ടി

വെബ് ഡെസ്‌ക്‌Updated: Monday Oct 5, 2020


കോവിഡ്‌ മഹാമാരി മറയാക്കി എല്ലാ ജനവിരുദ്ധ നടപടികളും നടപ്പാക്കിവരികയാണ്‌ നരേന്ദ്ര മോഡി സർക്കാർ. കോർപറേറ്റുകൾക്ക്‌ സൗജന്യങ്ങൾ വാരിക്കോരി നൽകുന്നതിനുള്ള അവസരമായാണ്‌ മഹാമാരിക്കാലത്തെ മോഡി സർക്കാർ ഉപയോഗിച്ചത്‌.  എന്നാൽ, രോഗവ്യാപനം കാരണം ഉപജീവനം നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക്‌ നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിന്‌ കാര്യമായ സഹായമൊന്നും കേന്ദ്രത്തിൽനിന്ന്‌ ലഭിച്ചില്ല. രോഗം അതിവേഗം പടരുന്നതിനാൽ ജനങ്ങൾ പ്രതിഷേധിക്കാൻ തയ്യാറാകില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു ഒന്നിനുപുറകെ ഒന്നായി ഈ നടപടികളൊക്കെ കൈക്കൊണ്ടത്‌. എന്നാൽ, ജീവിതം വഴിമുട്ടിയ ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കാൻ തുടങ്ങിയതോടെ മോഡി സർക്കാരിന്റെ പ്രതിച്ഛായ കുത്തനെ ഇടിയാനും തുടങ്ങി.

പാർലമെന്റിൽ വേണ്ടത്ര ചർച്ചയൊന്നുമില്ലാതെ കാർഷികമേഖലയുമായി ബന്ധപ്പെട്ട മൂന്ന്‌ ബിൽ പാസാക്കപ്പെട്ടതോടെയാണ്‌ കർഷകർ സർക്കാരിനെതിരെ തിരിഞ്ഞത്‌. താങ്ങുവില അവസാനിപ്പിച്ച്, കരാർ കൃഷിക്ക്‌ പ്രോൽസാഹനം നൽകി,  കോർപറേറ്റുകൾക്ക്‌ കാർഷികരംഗവും അടിയറവയ്‌ക്കുന്ന ബില്ലുകളാണ്‌ പാർലമെന്ററി ജനാധിപത്യത്തെ കശക്കിയെറിഞ്ഞുകൊണ്ട്‌ മോഡി സർക്കാർ പാസാക്കിയെടുത്തത്‌. രാജ്യത്തെ 70 ശതമാനത്തോളം ജനങ്ങൾ ഉപജീവനം തേടുന്ന കാർഷികമേഖല ഏതാനും കോർപറേറ്റുകൾക്ക്‌ ലാഭംകൊയ്യാനുള്ള വിളനിലമായി മാറ്റുമ്പാൾ പുലർത്തേണ്ട പാർലമെന്ററി പരിശോധനപോലും നടത്താൻ മോഡിസർക്കാർ തയ്യാറായില്ല. ബില്ലുകൾ പാർലമെന്ററി സമിതിക്ക്‌ വിടണമെന്ന ആവശ്യംപോലും അംഗീകരിക്കാൻ കഴിയാത്ത തിടുക്കം എന്തിനായിരുന്നു എന്ന ചോദ്യമാണ്‌ ഉയരുന്നത്‌. ഈ പശ്‌ചാത്തലത്തിലാണ്‌ കർഷകർ പുതിയ ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ തെരുവിലിറങ്ങിയത്‌.


 

പഞ്ചാബിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും മാത്രമല്ല, മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും ദക്ഷിണേന്ത്യയിലെയും കർഷകർ സമരപതാകയുമായി തെരുവിലിറങ്ങി. പല സംസ്ഥാനങ്ങളിലും ബന്ദ്‌ ആചരിച്ചു. ഉത്തരേന്ത്യയിൽ ഇപ്പോഴും റെയിൽതടയൽ–-വഴിതടയൽ സമരവുമായി കർഷകർ മുന്നോട്ടുപോകുകയാണ്‌. വരുംദിവസങ്ങളിൽ സമരം ശക്തിപ്പെടുത്താനും കർഷകർ തീരുമാനിച്ചിട്ടുണ്ട്‌. കർഷകവിരുദ്ധ ബില്ലിനെ പിന്തുണയ്‌ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെ ബഹിഷ്‌കരിക്കാനും കർഷകർ ആഹ്വാനംചെയ്‌തു. 23 വർഷമായി ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായ അകാലിദൾ മുന്നണി വിട്ടത്‌ സമരത്തിന്റെ ശക്തിയും സ്വാധീനവുമാണ്‌ വിളിച്ചോതുന്നത്‌. ഹരിയാനയിലെ മനോഹർലാൽ ഖട്ടർ സർക്കാരും ആടിയുലയുകയാണ്‌.

കർഷകർ മാത്രമല്ല, തൊഴിലാളികളും മോഡിസർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. നവംബർ 26ന്‌ രാജ്യവ്യാപകമായി പണിമുടക്കാൻ കേന്ദ്ര ട്രേഡ്‌യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും ആഹ്വാനം ചെയ്‌തിരിക്കുകയാണ്‌. പത്തോളം കേന്ദ്ര ട്രേഡ്‌യൂണിയനുകളും ജീവനക്കാരുടെ ദേശീയ ഫെഡറേഷനുകളും അസോസിയേഷനുകളുമാണ്‌ പണിമുടക്കിന്‌ ആഹ്വാനം ചെയ്‌തിട്ടുള്ളത്‌. തൊഴിൽസുരക്ഷ ഇല്ലാതാക്കി, ജോലിസമയം വർധിപ്പിച്ച്,‌ വേതനം വെട്ടിക്കുറയ്‌ക്കാനാണ്‌ പുതിയ മൂന്ന്‌ കോഡിലൂടെ മോഡി സർക്കാർ ശ്രമിക്കുന്നത്‌. സ്വാതന്ത്ര്യസമരകാലത്തോളം നീണ്ട  പോരാട്ടങ്ങളുടെയും സമരങ്ങളുടെയും ഫലമായി ഇന്ത്യൻ തൊഴിലാളിവർഗം നേടിയ അവകാശങ്ങളും ആനുകൂല്യങ്ങളുമാണ്‌ കോർപറേറ്റ്‌ കൊള്ളയ്‌ക്ക്‌ അവസരം ഒരുക്കുന്നതിന്റെ ഭാഗമായി മോഡി സർക്കാർ എടുത്തുകളയുന്നത്‌. സംഘടിക്കാനും പണിമുടക്കാനുമുള്ള തൊഴിലാളികളുടെ അവകാശങ്ങൾക്കും പുതിയ നിയമനിർമാണങ്ങൾ തടയിടുന്നു. ഈ പശ്‌ചാത്തലത്തിലാണ്‌ തൊഴിലാളികൾ പണിമുടക്കിലേക്ക്‌ നീങ്ങുന്നത്‌. കർഷകർക്കും തൊഴിലാളികൾക്കുമെതിരെയുള്ള മോഡി സർക്കാരിന്റെ ആക്രമണമാണ്‌ ഇരുവിഭാഗത്തെയും സമരപാതയിലേക്ക്‌ നയിച്ചിട്ടുള്ളത്‌. വർധിച്ചുവരുന്ന ഈ കർഷക–-തൊഴിലാളി ഐക്യവും സമരവും മോഡി സർക്കാരിന്റെ ഉറക്കം കെടുത്തും. 

ഉത്തർപ്രദേശിലെ ഹാഥ്‌രസിലെ പത്തൊമ്പതുകാരിയായ ദളിത്‌ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത്‌ കൊന്നുവെന്ന ആരോപണവും അതിനോട്‌ യോഗി ആദിത്യനാഥ്‌ സർക്കാർ കൈക്കൊണ്ട സമീപനവും വൻ ജനകീയ പ്രതിഷേധമാണ്‌ ഉയർത്തിയിട്ടുള്ളത്‌. മൃതദേഹം പെറ്റമ്മയെപ്പോലും കാണിക്കാതെ അവരുടെ സ്വന്തം വീട്ടിലേക്ക്‌  കയറ്റാതെ അർധരാത്രിക്കുശേഷം പെട്രോൾ ഒഴിച്ച്‌ കത്തിച്ചത്‌‌ വൻ പ്രതിഷേധമാണ്‌ ഉയർത്തിയത്‌. രാമരാജ്യത്തെക്കുറിച്ചും മതപരമായ ആചാരങ്ങളെക്കുറിച്ചും പറയുന്ന മോഡി–-യോഗി കൂട്ടുകെട്ടാണ്‌ മൃതദേഹത്തോടുപോലും കടുത്ത  അനാദരവ്‌ കാട്ടിയത്‌. ബിജെപിയുടെ സവർണാഭിമുഖ്യവും ദളിതരോടുള്ള അവഗണനയും പകൽപോലെ വ്യക്തമാക്കുന്ന സംഭവങ്ങളാണ്‌ ഹാഥ്‌രസിലേത്‌.

മോഡി സർക്കാരിനെതിരെ എല്ലാ വിഭാഗം ജനങ്ങളും സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു. സാമ്പത്തികപ്രതിസന്ധിയും മഹാമാരിയും നേരിടുന്നതിൽ ഒരുപോലെ പരാജയപ്പെട്ട മോഡി സർക്കാർ അതിർത്തിയിൽ സമാധാനം സ്ഥാപിക്കുന്നതിലും വിജയിച്ചില്ല. മോഡി ഭരണത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുന്നു. അതിനെതിരെ കർഷകരും തൊഴിലാളികളും നിസ്വവർഗവും ഒന്നിച്ച്‌ അണിനിരക്കുന്ന കാഴ്‌ചയാണ്‌ കാണാനാകുന്നത്‌. എല്ലാ അധികാരങ്ങളും കൈപ്പിടിയിലൊതുക്കി ആരാലും ചോദ്യം ചെയ്യപ്പെടാതെ ഭരിക്കാമെന്ന മോഡിയുടെയും ഹിന്ദുത്വശക്തികളുടെയും മോഹത്തിനാണ്‌ കനത്ത പ്രഹരമേറ്റിരിക്കുന്നത്‌. വരുംദിവസങ്ങളിൽ ഈ ജനകീയരോഷം പതിന്മടങ്ങ്‌ വർധിക്കാനാണ്‌ സാധ്യത. പാർലമെന്റിൽ തനിച്ച്‌ ഭൂരിപക്ഷമുള്ളതുകൊണ്ടുമാത്രം ജനവിരുദ്ധഭരണം ദീർഘകാലം തുടരാനാകില്ലെന്ന സന്ദേശമാണ്‌ രാജ്യത്തിന്റെ പലകോണുകളിൽനിന്നും വന്നുകൊണ്ടിരിക്കുന്നത്‌.


 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top