18 April Thursday

കർഷകരോഷം മോഡിക്ക്‌ തടയാനാകില്ല

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

മോഡി സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ഒറ്റക്കെട്ടായി തലസ്ഥാന നഗരിയിലേക്ക്‌ മാർച്ച്‌ ചെയ്‌തുവരികയാണ്‌. സർക്കാർ പാസാക്കിയ മൂന്നു നിയമത്തിനെതിരെ ഒരു കുടക്കീഴിൽ അണിനിരന്നുകൊണ്ടാണ്‌ അഞ്ഞൂറോളം കർഷകസംഘടനകൾ പോരാട്ട പാതയിൽ ഇറങ്ങിയിരിക്കുന്നത്‌. ബാരിക്കേഡ്‌ ഉയർത്തിയും റോഡുകൾ വെട്ടിപ്പൊളിച്ച്‌ വഴിതടഞ്ഞും ജലപീരങ്കിയും ലാത്തിച്ചാർജും നടത്തിയും കർഷകരെ പിന്തിരിപ്പിക്കാൻ  ഹരിയാനയിലെയും കേന്ദ്രത്തിലെയും ബിജെപി സർക്കാരുകൾ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടിരിക്കുന്നു.

ട്രാക്ടറുകളിലും ട്രക്കുകളിലും ബസിലും മറ്റുമായി കുടുംബസമേതമാണ്‌ കർഷകർ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യുന്നത്‌. ആറുമാസത്തേക്ക്‌ കഴിയാനുള്ള ഭക്ഷണ സാധനങ്ങളുമായാണ്‌ ഇവർ വരുന്നത്‌. ഗോതമ്പുപൊടിയും സവാളയും ഉരുളക്കിഴങ്ങും പാചകവാതക സിലിൻഡറുകളും കരുതിയിട്ടുള്ള ഈ കർഷകർ മോഡിസർക്കാർ കർഷകമാരണ ബിൽ പിൻവലിക്കുംവരെയും ഡൽഹിയിൽ സമരപ്പന്തൽ ഉയർത്താനാണ്‌ വരുന്നത്‌. കൃഷി പൂർണമായും കോർപറേറ്റുവൽക്കരിക്കുന്ന, കരാർവൽക്കരിക്കുന്ന, താങ്ങുവില എടുത്തുകളയുന്ന, മണ്ഡി സമ്പ്രദായം ഇല്ലാതാക്കുന്ന നിയമനിർമാണങ്ങൾ പിൻവലിക്കുന്നതുവരെയും സമരം ചെയ്യുമെന്ന നിശ്ചയദാർഢ്യമാണ്‌ കർഷകർ പ്രകടിപ്പിക്കുന്നത്‌.

കാൽക്കോടിയിലധികം വരുന്ന തൊഴിലാളികൾ പണിമുടക്ക്‌ നടത്തിയ നവംബർ 26നു തന്നെയാണ്‌ കർഷകരും പ്രതിഷേധത്തിനു തുടക്കമിട്ടത്‌. രാജ്യം ഭരണഘടനാദിനമായി ആചരിക്കുന്ന ദിവസം തന്നെയാണ്‌ ഇന്ത്യൻ തൊഴിലാളിവർഗവും കർഷകരും മോഡി സർക്കാരിന്റെ ഭരണഘടനാ വിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം കുറിച്ചത്‌. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ പുരോഗമനപരമായ മാറ്റത്തിനുള്ള നാന്ദികുറിക്കലായി ഈ സംഭവത്തെ വിലയിരുത്താം.

എന്നാൽ, രാജ്യത്തെ ജനങ്ങൾക്ക്‌ അന്നം നൽകുന്ന കർഷകർക്കെതിരെ കടുത്ത നടപടികളാണ്‌ മോഡി സർക്കാർ കൈക്കൊള്ളുന്നത്‌. അവരുടെ വേദനകളും ആവലാതികളും കേൾക്കാൻ പോലും മോഡി സർക്കാരിനു സമയമില്ല. കർഷകർക്ക്‌ ഡൽഹിയിലേക്ക്‌ പ്രവേശനം തടയാൻ പൊലീസിനെയും അർധസൈനിക സേനയെയും ഉപയോഗിച്ചു നടത്തിയ എല്ലാ ശ്രമവും ദയനീയമായി പരാജയപ്പെട്ടു.

ലക്ഷക്കണക്കിനു കർഷകർ ഡൽഹി ലക്ഷ്യമാക്കി ഇരമ്പിയാർത്തതോടെ ചർച്ച നടത്താൻ തയ്യാറാണെന്ന്‌ കേന്ദ്ര കൃഷിമന്ത്രിയും ആഭ്യന്തര മന്ത്രിയും പറഞ്ഞു. എന്നാൽ, ഹരിയാന അതിർത്തിയിലെ ബുറാഡിയിലെ നിരങ്കാരി മൈതാനത്തേക്ക്‌ മാത്രമേ പ്രവേശിക്കാവൂ എന്നും എങ്കിലേ ചർച്ച നടത്താനാകൂ എന്നുമുള്ള ആഭ്യന്തര മന്ത്രി അമിത്‌ ഷായുടെ തീട്ടൂരവും കർഷകർ ചെവിക്കൊണ്ടില്ല. മൂന്ന്‌ കരിനിയമം പിൻവലിക്കുക മാത്രമാണ്‌ സമരം അവസാനിപ്പിക്കാനുള്ള എളുപ്പമാർഗമെന്നാണ്‌ കർഷകർ പറയുന്നത്‌. എന്നാൽ, കർഷകരുടെ രോഷത്തിന്റെ ആഴം മനസ്സിലാക്കാനും അതനുസരിച്ച്‌ പ്രതികരിക്കാനുമല്ല സ്വേച്ഛാധിപത്യ സ്വഭാവം പ്രകടിപ്പിക്കുന്ന മോഡി സർക്കാർ തയ്യാറാകുന്നത്‌. ഞായറാഴ്‌ച സംപ്രേഷണം ചെയ്‌ത ‘മൻകി ബാത്തിൽ’ മോഡി പറഞ്ഞത്‌ കർഷകർക്ക്‌ പുതിയ അവകാശങ്ങളും അവസരങ്ങളും പ്രദാനം ചെയ്യുന്നതാണ്‌ മൂന്ന്‌ ബില്ലും എന്നാണ്‌. കർഷകരുടെ പ്രശ്‌നങ്ങൾ എളുപ്പം പരിഹരിക്കാനുള്ള മാർഗമാണ്‌ പുതിയ മൂന്ന്‌ ബില്ലും എന്ന വാദവും മോഡി ആവർത്തിച്ചു.

കർഷകരുടെ സമരത്തെ ഇകഴ്‌ത്തിക്കാണിക്കാനും രാക്ഷസവൽക്കരിക്കാനും ബിജെപിയും കേന്ദ്ര സർക്കാരും തയ്യാറാകുകയാണ്‌. സമരത്തിനു പിന്നിൽ ഖാലിസ്ഥാൻ തീവ്രവാദികളും തീവ്ര ഇടതുപക്ഷ സംഘടനകളുമാണെന്ന പ്രസ്‌താവനകൾ ഇതിന്റെ ഭാഗമാണ്‌. സമാധാനപരമായി നടക്കുന്ന എല്ലാ ജനാധിപത്യ പോരാട്ടങ്ങളെയും മോഡി സർക്കാർ നേരിട്ട രീതിയാണിത്‌. പൗരാവകാശ ഭേദഗതി നിയമത്തെയും സർക്കാരിനെതിരെ ശബ്ദിക്കുന്ന എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും സർക്കാർ കൽത്തുറുങ്കിലടച്ചത്‌ ഇതേ വാദമുയർത്തിയാണ്‌. കർഷകരെയും ഭീകരവാദികളായും നഗര നക്‌സലുകളായും ചിത്രീകരിച്ച്‌ വേട്ടയാടാനാണ്‌ മോഡി സർക്കാർ തുനിയുന്നത്‌. ഇന്ത്യൻ കർഷകന്റെ പോരാട്ടവീറിനു മുമ്പിൽ മുൻഭരണാധികാരികൾ മുട്ടുമടക്കിയ ചരിത്രം മോഡി ഓർമിക്കുന്നത്‌ നല്ലതാണ്‌. ബിഹാറിലെ ചമ്പാരനിലെയും മോഡിയുടെ  നാടായ ഗുജറാത്തിലെ ബർദോളിയിലെയും കർഷകർ നടത്തിയ ഐതിഹാസികമായ പോരാട്ടമാണ്‌ ഇന്ത്യൻ ജനതയ്‌ക്ക്‌ ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനുള്ള കരുത്തുനൽകിയത്‌. അവർക്ക്‌ മോഡി സർക്കാരിനെതിരെയും പൊരുതാനുള്ള കരുത്തുണ്ട്‌.

മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം കർഷകർ രോഷത്തിലാണ്‌. 2017 മധ്യപ്രദേശിലെ മന്ദ്‌സോറിൽ ആറു‌ കർഷകരെയാണ്‌ വെടിയുണ്ടയ്‌ക്ക്‌ ഇരയാക്കിയത്‌. വായ്‌പകൾ എഴുതിത്തള്ളണമെന്ന്‌ ആവശ്യപ്പെട്ട കർഷകരെയാണ്‌ ശിവരാജ്‌സിങ് ചൗഹാൻ സർക്കാർ വെടിവച്ചിട്ടത്‌. അടുത്തവർഷം മാർച്ചിലാണ്‌ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌ കർഷകർ ഐതിഹാസികമായ ലോങ് മാർച്ച്‌ നടത്തിയത്‌. ഇപ്പോൾ കരിനിയമങ്ങൾക്കെതിരെ പഞ്ചാബ്,  ഹരിയാന, യുപി, മധ്യപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ഛത്തീസ്‌ഗഢ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകരാണ്‌ ഡൽഹിയിലേക്ക്‌ മാർച്ച്‌ ചെയ്യുന്നത്‌. അധികാരഗർവും അഹങ്കാരവും മാറ്റിവച്ച്‌ കർഷകരുടെ പ്രതിനിധികളുമായി ചർച്ച നടത്താനും കർഷകവിരുദ്ധമായ മൂന്ന്‌ ബില്ലും പിൻവലിക്കാനും മോഡി സർക്കാർ തയ്യാറാകണം. അതിനു തയ്യാറാകാത്തപക്ഷം ഈ മഹാമാരിക്കാലത്തും മാസങ്ങൾ നീണ്ട പോരാട്ടത്തിനായിരിക്കും രാജ്യം സാക്ഷ്യംവഹിക്കുക. ആ ജനരോഷത്തിന്റെ കുത്തൊഴുക്കിൽ മോഡിക്ക്‌ പരാജയം സമ്മതിക്കേണ്ടിവരികതന്നെ ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top