01 October Sunday

ഒടുവിൽ കർഷകർക്കുമുന്നിൽ മോദി മുട്ടുമടക്കി

വെബ് ഡെസ്‌ക്‌Updated: Saturday Nov 20, 2021


സംഘടിതമായ പോരാട്ടങ്ങൾക്ക്‌ ഇളക്കാനാകാത്ത അധികാര കോട്ടകളില്ലെന്ന ചരിത്രം ഒരിക്കൽക്കൂടി അടയാളപ്പെടുത്തുകയാണ്‌. തീർച്ചയായും ഒരു ജനതയുടെ നിശ്‌ചയദാർഢ്യത്തിനുമുന്നിൽ അധികാരവർഗത്തിന്‌ മുട്ടുകുത്തേണ്ടി വന്നിരിക്കുന്നു. മഞ്ഞും വെയിലും മഴയും  തകർക്കാത്ത കർഷക പോരാട്ടത്തിന്റെ ഐതിഹാസിക വിജയം.

ഭരണകൂടത്തിന്റെ അടിച്ചമർത്തലുകളെ പ്രതിരോധിച്ചാണ്‌ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന്റെ വിജയം. ഇത്‌ ഭാവിയിലേക്കുള്ള പുതിയ പ്രതീക്ഷയാണ്‌.  രാജ്യത്തെ അന്നദാതാക്കൾ നൽകുന്ന പ്രതീക്ഷ. തല്ലിയാലും കൊന്നാലും പിൻമാറില്ലെന്ന്‌ കർഷകർ തീരുമാനിച്ചപ്പോൾ ബിജെപി സർക്കാരിന്‌ മറ്റ്‌ വഴികളില്ലാതെ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌ പ്രഖ്യാപിക്കേണ്ടിവന്നു. സംഘടിത സമരശക്തിക്കു മുന്നിൽ ഏത് ഭരണാധികാരിക്കും കീഴടങ്ങിയേ മതിയാകൂയെന്ന് കർഷകരും തെളിയിച്ചു. ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് എല്ലാ എതിർപ്പിനെയും അടിച്ചമർത്തി ഭരിക്കാമെന്ന് അഹങ്കരിച്ചിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണിത്‌. 1991ൽ കോൺഗ്രസ്‌ സർക്കാർ നടപ്പാക്കിത്തുടങ്ങിയ നവഉദാരവൽക്കരണ നയങ്ങളുടെ തുടർച്ചയായാണ്‌ കാർഷികമേഖലയെ കോർപറേറ്റുകളുടെ നിയന്ത്രണത്തിലാക്കാൻ കാർഷിക നിയമങ്ങൾ മോദി സർക്കാർ കൊണ്ടുവന്നത്‌.  2019ലെ പ്രകടനപത്രികയിൽ കാർഷിക നിയമങ്ങൾ നടപ്പാക്കുമെന്ന്‌ കോൺഗ്രസും വാഗ്‌ദാനം നൽകിയിരുന്നു.

നിൽക്കക്കള്ളിയില്ലാതെയാണ്‌ വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന്‌  പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്‌ച രാവിലെ പ്രഖ്യാപിച്ചത്‌. കഴിഞ്ഞ ഒരു വർഷമായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും സമരത്തെ അപഹസിക്കുകയായിരുന്നു. സമരം ചെയ്യുന്ന കർഷകസംഘടനാ പ്രതിനിധികളോട്‌ ഒരു തവണപോലും  സംസാരിക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. കർഷകരോടുള്ള സ്‌നേഹംകൊണ്ടല്ല  ഇപ്പോൾ മൂന്ന്‌ നിയമവും പിൻവലിക്കുമെന്ന്‌ പ്രഖ്യാപിച്ചതെന്ന്‌ വ്യക്തം. അടുത്ത്‌ നടക്കാനിരിക്കുന്ന യുപി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌ ഉൾപ്പെടെയുള്ള അഞ്ച്‌ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെടുമെന്ന തിരിച്ചറിവിൽനിന്നാണ് ഈ തീരുമാനം. വർഗീയത ഇളക്കിവിട്ട്‌ കർഷകസമരത്തെ രാഷ്ട്രീയമായി അതിജീവിക്കാൻ  കഴിയില്ലെന്ന്  മനസ്സിലായതോടെയാണ്‌  പിന്മാറ്റം. ഒരുവർഷത്തെ പോരാട്ടത്തിനിടയിൽ 750 ഓളം കർഷകർക്ക്‌ ജീവൻ നഷ്‌ടപ്പെട്ടു.


 

കേന്ദ്രസർക്കാരാണ്‌ ഈ മരണത്തിനെല്ലാം ഉത്തരവാദി. സമരം അടിച്ചമർത്താനാണ് സർക്കാർ തുടക്കംമുതൽ ശ്രമിച്ചത്. ഖാലിസ്ഥാൻ തീവ്രവാദികളാണ്, മാവോവാദികളാണ്, അർബൻ നക്‌സലൈറ്റുകളാണ് എന്നൊക്കെയുള്ള ആരോപണം ഉന്നയിച്ചു. സൈന്യത്തെയും  പൊലീസിനെയും ഉപയോഗിച്ച്  അടിച്ചമർത്താൻ ശ്രമിച്ചു. ഹരിയാനയിൽ പൊലീസ് അതിക്രമത്തിൽ കർഷകർ കൊല്ലപ്പെട്ടു. യുപിയിലെ ലഖിംപുരിൽ  ഒരുമാസംമുമ്പ്‌ സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്കുനേരെ കേന്ദ്രമന്ത്രി  അജയ്‌ കുമാർ മിശ്രയുടെ മകനും ഗുണ്ടകളും വാഹനം ഇടിച്ചുകയറ്റി നാല്‌ കർഷകരെ കൊന്നു. രാജ്യത്തെ സാധാരണ മരണത്തിൽപ്പോലും അനുശോചിക്കാറുള്ള പ്രധാനമന്ത്രി മോദി കർഷകരുടെ മരണത്തിൽ ഒരിക്കൽപ്പോലും അനുശോചിച്ചിട്ടില്ല.  കർഷകർ മരിച്ചുവീഴട്ടെയെന്ന സമീപനമാണ്‌ മോദി സ്വീകരിച്ചത്‌.

സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ഒരു വർഷംമുമ്പ്‌ ആരംഭിച്ച സമരം സമീപകാല ഇന്ത്യ കണ്ട ഏറ്റവും വലിയ ജനപിന്തുണ നേടിയ സമരമായിരുന്നു. ആത്മഹത്യയല്ല പോംവഴി, പോരാട്ടമാണ്‌  മുഖ്യ ആയുധമെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ടാണ്‌ കർഷകർ സമരത്തിനിറങ്ങിയത്‌. 2014ൽ മോദി സർക്കാർ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ ഓർഡിനൻസിനെതിരെ സമരം ചെയ്‌താണ്‌ കർഷകർ ഐക്യപ്പെട്ടുതുടങ്ങിയത്‌. അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ മൂന്ന്‌ വർഷംമുമ്പ്‌ മഹാരാഷ്ട്രയിൽ നടന്ന ലോങ്‌ മാർച്ച്‌ കർഷകർക്ക്‌ ആവേശം പകർന്നു.  കാർഷിക നിയമത്തിനെതിരെ തുടങ്ങിയ സമരം തൊഴിലാളി, കർഷക ഐക്യം ശക്തമാക്കാനും സഹായിച്ചു.

കർഷകർ കൂട്ടായി നടത്തുന്ന  സമരമെന്ന നിലയിൽനിന്ന്‌ തൊഴിലാളികളുടെയും കർഷകരുടെയും കൂട്ടായ നേതൃത്വത്തിൽ എല്ലാ വർഗ ബഹുജന വിഭാഗവും അണിനിരക്കുന്ന രീതിയിലേക്ക്‌ സമരത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞു. സെപ്‌തംബർ 27ന്‌ നടന്ന ഭാരത്‌ ബന്ദിന്റെ വിജയം ഇതാണ്‌ വ്യക്തമാക്കുന്നത്‌.  കർഷകരുടെ ഐക്യം ദേശീയതലത്തിൽ വികസിപ്പിക്കുന്നതിൽ അഖിലേന്ത്യാ കിസാൻസഭയും  കർഷകത്തൊഴിലാളി യൂണിയനും നിർണായക പങ്ക്‌ വഹിച്ചിരുന്നു. കാർഷികപ്രശ്‌നങ്ങൾ  പരിഹരിക്കാനുള്ള  രാഷ്ട്രീയ പ്രക്ഷോഭത്തിൽ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങൾ വഹിച്ച നേതൃത്വപരമായ പങ്ക്‌ ഏറെ വലുതാണ്‌. കർഷകരുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ ഇന്ത്യയാകെ ഐക്യപ്പെട്ട്‌ കോടിക്കണക്കിനാളുകളുടെ പിന്തുണയാണ്‌ ലഭിച്ചത്‌. കേരളത്തിലെ കർഷകർ ഡൽഹിയിലെത്തി സമരത്തിൽ പങ്കെടുത്തതോടൊപ്പം സംസ്ഥാനത്തെങ്ങും വർഗ, ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രക്ഷോഭങ്ങൾ തുടർച്ചയായി നടന്നു. നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭത്തിന് പിന്തുണ നൽകിയും കേരള നിയമസഭ പ്രമേയം പാസാക്കിയിരുന്നു.

നിയമങ്ങൾ പിൻവലിക്കാമെന്ന്‌ പ്രധാനമന്ത്രി സമ്മതിച്ചാലും  പാർലമെന്റിൽ നിയമനിർമാണത്തിലൂടെ പിൻവലിച്ചാൽമാത്രമേ സമരം പൂർണമായും അവസാനിപ്പിക്കുകയുള്ളൂവെന്ന്‌ സംയുക്ത സമരസമിതി അറിയിച്ചിട്ടുണ്ട്‌. വിളകൾക്ക്‌ താങ്ങുവില നൽകുന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുകയാണ്‌. വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കുന്നതും നടപ്പായിട്ടില്ല. മറ്റ്‌ ആവശ്യങ്ങളും നടപ്പാക്കേണ്ടതുണ്ട്‌. 12 മാസം നീണ്ടുനിന്ന ഇന്ത്യ കണ്ട ദൈർഘ്യമേറിയ സമരം വിജയിക്കുമ്പോൾ സമരങ്ങൾക്കൊന്നും മുന്നിൽ വഴങ്ങിക്കൊടുക്കില്ലെന്ന നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും ധാർഷ്ട്യമാണ് പരാജയപ്പെടുന്നത്. മോദി ഭരണത്തിന്റെ അടിത്തറയിളക്കുന്ന സമരമായി  ഈ കർഷകമുന്നേറ്റത്തെ ചരിത്രം അടയാളപ്പെടുത്തും. ഒന്നിച്ചുനിന്നാൽ ബിജെപിയുടെ ജനവിരുദ്ധനയങ്ങൾ പരാജയപ്പെടുത്താൻ കഴിയുമെന്ന സന്ദേശവും കർഷകസമരം നൽകുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top