25 April Thursday

രാജ്യസഭയിലെ നിയമനിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 22, 2020


കാലങ്ങളായി ജനമനസ്സിൽ അലയടിക്കുന്ന ജയ്‌ കിസാൻ എന്ന ആപ്തവാക്യം ഇനി ഇന്ത്യക്ക്‌ അന്യമാണ്‌. കാർഷികവൃത്തി ചെയ്‌തു ജീവിക്കുന്ന മഹാഭൂരിപക്ഷം ഇന്ത്യക്കാരെ വിസ്‌മരിച്ച്‌ വൻമൂലധനമുടക്കും ലാഭവും  ഉറപ്പാക്കുന്ന രണ്ട്‌ കരിനിയമമാണ്‌ ഞായറാഴ്‌ച പാർലമെന്റിൽ അടിച്ചേൽപ്പിച്ചത്‌. ഒപ്പം പാർലമെന്ററി ജനാധിപത്യ വ്യവസ്ഥയ്‌ക്കുതന്നെ ചരമക്കുറിപ്പെഴുതുന്ന അത്യപൂർവമായ അമിതാധികാര പ്രയോഗത്തിനും രാജ്യസഭ വേദിയായി. സർക്കാരിന്‌ ഭൂരിപക്ഷം ഇല്ലെന്ന്‌ ഉറപ്പായ രാജ്യസഭയിൽ വോട്ടെടുപ്പ്‌ അനുവദിക്കാതെ രണ്ട്‌ ബിൽ പാസായതായി പ്രഖ്യാപിച്ച ഉപാധ്യക്ഷൻ ഹരിവംശ്‌ നാരായൺസിങ്‌ ഭരണകക്ഷിയുടെ ചട്ടുകമായി അധഃപതിച്ചു. ഈ ഭരണഘടനാ ലംഘനത്തിനെതിരെ സർവതലങ്ങളിലും ഉയരുന്ന പ്രതിഷേധത്തിന്‌ വിലകൽപ്പിക്കാതെ, എട്ട്‌ അംഗങ്ങളെ  രാജ്യസഭയിൽനിന്ന്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌ കൂടുതൽ കടുത്ത നടപടികളിലേക്ക്‌ മോഡി സർക്കാർ കടക്കുകയാണെന്നതിന്റെ സൂചനയാണ്‌. 

കാർഷികോൽപ്പന്ന വ്യാപാര–-വാണിജ്യ  (പ്രോത്സാഹനവും സൗകര്യമൊരുക്കലും)ബിൽ, വില ഉറപ്പിനും കാർഷികസേവനങ്ങൾക്കും വേണ്ടിയുള്ള കർഷകശാക്തീകരണ, സംരക്ഷണ ബിൽ എന്നിവയാണ്‌ ഞായറാഴ്‌ചത്തെ അസാധാരണ സമ്മേളനത്തിൽ രാജ്യസഭ പാസാക്കിയതായി പ്രഖ്യാപിച്ചത്‌. ലോക്‌സഭയിൽ ഭൂരിപക്ഷമുള്ളതിനാൽ എതിർപ്പ്‌ വകവയ്‌ക്കാതെ പാസാക്കിയ ബിൽ രാജ്യസഭ കടക്കില്ലെന്ന്‌ ഉറപ്പായിരുന്നു. എന്നാൽ, രാജ്യസഭയെന്ന ജനങ്ങളുടെ രക്ഷാകവചം ബിജെപി സർക്കാർ അട്ടിമറിക്കുകയായിരുന്നു. ജനവികാരം തിരിച്ചറിഞ്ഞ്‌ അകാലിദൾ മന്ത്രിയെ പിൻവലിക്കുകയും എഐഎഡിഎംകെ എതിർപ്പറിയിക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌  സെലക്‌ട്‌ കമ്മിറ്റിക്ക്‌ വിടാനുള്ള ആവശ്യവും  നിരാകരണപ്രമേയവും പ്രതിപക്ഷം അവതരിപ്പിച്ചത്‌. ഇത്തരം എത്രയോ സന്ദർഭങ്ങൾ മുമ്പ്‌ രാജ്യസഭ നേരിട്ടിട്ടുണ്ട്‌. നിയമനിർമാണം മാറ്റിവയ്‌ക്കുകയോ പ്രതിപക്ഷ സഹകരണത്തിനായി ഭേദഗതി വരുത്തുകയോ ആണ്‌ സാധാരണ ചെയ്യാറുള്ളത്‌.  ഭരണകക്ഷി ഏകപക്ഷീയമായ നടപടികളിലേക്ക്‌ നീങ്ങുമ്പോൾ, ‌ സംസ്ഥാനങ്ങളുടെ സഭ എന്നും മുതിർന്നവരുടെ സഭ എന്നും അറിപ്പെടുന്ന രാജ്യസഭ ജനപക്ഷത്ത്‌ നിലയുറപ്പിച്ച പല ഘട്ടങ്ങളും ചരിത്രത്തിലുണ്ട്‌. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഈ പൂർണതയെയാണ്‌ ബിജെപി ഭരണം നശിപ്പിച്ചത്‌.

കാർഷികോൽപ്പന്നങ്ങൾക്ക്‌ വിലനിയന്ത്രണവും താങ്ങുവിലയും ഇല്ലാതാകുന്ന നിയമം സ്വകാര്യകുത്തകകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളതാണ്‌.  കൃഷിക്കാർക്ക്‌ ലഭിച്ചുവന്ന നിയമപരിരക്ഷയാണ്‌ ഇല്ലാതാകുന്നത്‌. കരാർകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബിൽ വൻകിട കോർപറേറ്റ് കമ്പനികൾക്ക്‌ പരവതാനി വിരിക്കലാണ്‌. വൻകിട കോർപറേറ്റുകൾ പറയുന്ന വിലയ്ക്ക് ഭക്ഷ്യസാധനങ്ങൾ ഉൽപ്പാദിപ്പിച്ച് കൊടുക്കുന്നവരായി കർഷകരെ മാറ്റുന്നതിനുള്ള നിയമനിർമാണമാണിത്‌.  അവശ്യസാധന നിയന്ത്രണം എടുത്തുകളയുന്ന മൂന്നാമത്തെ നിയമംകൂടി അടുത്ത ദിവസം  രാജ്യസഭയിൽ കൊണ്ടുവരും. അവശ്യസാധനങ്ങൾ നിശ്‌ചിത പരിധിക്കപ്പുറം സൂക്ഷിക്കുന്നത്‌ തടയുന്ന നിയമം  ഇല്ലാതാകുന്നതോടെ രാജ്യാന്തര കുത്തകകൾ ഇന്ത്യൻ കാർഷികമേഖല കൈയടക്കും. ഉൽപ്പന്നങ്ങൾ എത്രകാലവും സുക്ഷിച്ചുവയ്‌ക്കാനുള്ള സാങ്കേതികവിദ്യയും സംഭരണശേഷിയുമുള്ള കോർപറേറ്റുകൾ കൃഷിയുടെ വിത, വിളവെടുപ്പ്‌ സീസൺ, ചാക്രിക വിലവ്യതിയാനം എന്നിവയെല്ലാം പഴങ്കഥയാക്കും. ഇനി കർഷകനുള്ള പ്രതിഫലവും ഉപഭോക്താവ്‌ നൽകേണ്ട വിലയുമെല്ലാം രാജ്യാന്തര കുത്തകകൾ നിശ്‌ചയിക്കും. അവരുടെ വെറും പാട്ടക്കാരായി ഇന്ത്യയിലെ ഭൂഉടമകൾ മാറും. സർക്കാർ വെറും കാഴ്‌ചക്കാരും.   സർക്കാർ ഭക്ഷ്യസംഭരണ രംഗത്തുനിന്ന്‌ പിൻമാറുന്നതോടെ പൊതുവിതരണവും എഫ്‌സിഐപോലുള്ള സംവിധാനങ്ങളും അപ്രത്യക്ഷമാകും. ഭക്ഷ്യസാധനങ്ങൾക്ക്‌ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന്‌ കടുത്ത ദുരിതങ്ങളായിരിക്കും ഈ നിയമങ്ങൾ സമ്മാനിക്കുക.


 

അധികാരമുഷ്‌ക്കിൽ നിയമങ്ങൾ പാസാക്കാമെന്ന മോഡി ഭരണത്തിന്റെ ധാരണയെ തകിടംമറിക്കുന്ന കരുത്തുറ്റ പ്രക്ഷോഭമാണ്‌ രാജ്യത്തെമ്പാടും  അലയടിക്കുന്നത്‌. ഇത്‌ പഞ്ചാബിലും ഹരിയാനയിലും  രാഷ്‌ട്രീയ പ്രത്യാഘാതങ്ങളും സൃഷ്‌ടിച്ചേക്കും‌. കേന്ദ്രമന്ത്രിസഭയിലെ ശിരോമണി അകാലിദൾ പ്രതിനിധി ഹർസിമ്രത് കൗറിന്റെ  രാജി പഞ്ചാബിലെ പ്രക്ഷോഭത്തിന്‌ ഗതിവേഗമുണ്ടാക്കിയിട്ടുണ്ട്‌. ഹരിയാനയിൽ ബിജെപി മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിക്കുമെന്ന് ചൗതാലയും  വ്യക്തമാക്കി. എൻഡിഎ സഖ്യകക്ഷിയായ എഐഎഡിഎംകെയുടെ എതിർപ്പും ബിജെപിയെ അലോസരപ്പെടുത്തുന്നുണ്ട്‌.  പാർലമെന്റിൽ കാർഷിക ബില്ലുകളെ എതിർക്കാൻ തയ്യാറായെങ്കിലും കോൺഗ്രസിന്റെ പ്രകടനപത്രികയിലുള്ള വിഷയമാണിതെന്ന വാദമുയർത്തിയാണ്‌ ബിജെപി തിരിച്ചടിക്കുന്നത്‌. ഇതിന്‌ വിശ്വാസ യോഗ്യമായ മറുപടി നൽകാൻ കോൺഗ്രസിനായിട്ടില്ല. പാർലമെന്റിനകത്തെന്നപോലെ, രാജ്യവ്യാപകമായി ഉയരുന്ന  പ്രക്ഷോഭത്തിലും ഇടതുകക്ഷികളുടെ നേതൃത്വത്തിലുള്ള കർഷകമുന്നണിയാണ്‌ നിർണായക പങ്കുവഹിക്കുന്നത്‌. ഇത്‌ ആശാവഹമാണ്‌. ഇരുനൂറിലധികം കർഷക സംഘടനകളുടെ കൂട്ടായ്മയായ ഓൾ ഇന്ത്യാ കിസാൻ സംഘർഷ്‌ കോ–-ഓർഡിനേഷൻ കമ്മിറ്റിയും ഭാരതീയ കിസാൻ യൂണിയനും കരിനിയമങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭനിര പടുത്തുയർത്തുന്നുണ്ട്‌.

ലോകത്ത്‌ കോവിഡിന്റെ ഏറ്റവും ഭീഷണമായ അവസ്ഥ നേരിടുന്ന രാജ്യമാണ്‌ ഇന്ത്യ. ഇത്‌ മറയാക്കി ജനവിരുദ്ധനടപടികൾ ഒന്നൊന്നായി നടപ്പാക്കുകയാണ്‌ ബിജെപി ഭരണം. 11 ഓർഡിനൻസാണ്‌ സുപ്രധാന വിഷയങ്ങളിൽ പാസാക്കിയത്‌. ഒടുവിൽ പാർലമെന്റിനെ മറികടക്കാനും ബിജെപി‌ മടിക്കില്ലെന്ന്‌ തെളിയിച്ചു. ഭൂരിപക്ഷമില്ലെന്ന്‌ ഉറപ്പായിട്ടും എല്ലാ നടപടിക്രമങ്ങളും  കാറ്റിൽ പറത്തി ശബ്ദവോട്ടോടെ ബിൽ പാസായതായി പ്രഖ്യാപിച്ചതിന്‌ നിയമപ്രാബല്യമില്ല. രാഷ്‌ട്രപതിയുടെയും സുപ്രീംകോടതിയുടെയും ഇടപെടൽ ഇക്കാര്യത്തിൽ അനിവാര്യമാണ്‌.

സംസ്ഥാന വിഷയമായ കൃഷി കോർപറേറ്റുകൾക്ക്‌ അടിയറവയ്‌ക്കുന്നതിനുള്ള കേന്ദ്രനിയമം ഫെഡറൽ തത്വങ്ങളുടെ ലംഘനംകൂടിയാണ്‌. ഇതെല്ലാം പാർലമെന്റിനെ നോക്കുകുത്തിയാക്കിക്കൊണ്ടാണെന്നതും ഏറെ ഗൗരവതരം. ഈ നിലപാടുകൾ തിരുത്തിച്ച്‌ ഭരണഘടനയും ജീവിതവും സംരക്ഷിക്കാൻ കൂടുതൽ ശക്തമായ ബഹുജനപ്രക്ഷോഭം  രാജ്യവ്യാപകമായി വളർന്നുവരണം.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top