സംസ്ഥാന സർക്കാരിനെ അവഹേളിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കാനുള്ള ഒരു ഗൂഢാലോചനകൂടി ദയനീയമായി പരാജയപ്പെട്ടു. ആയുഷ് മിഷൻ നിയമനത്തിന് ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിന് ഒരു ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്ന ഞെട്ടിക്കുന്ന വാർത്ത കെട്ടിച്ചമച്ചതാണെന്ന് ആരോപണം ഉന്നയിച്ചയാൾതന്നെ സമ്മതിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇനി ഈ ഗൂഢാലോചനയിൽ ആരൊക്കെ പങ്കാളികളാണെന്ന വിവരമാണ് പുറത്തുവരാനുള്ളത്.
ഗൂഢാലോചനക്കാരെല്ലാം കുടുങ്ങുമെന്നാണ് അന്വേഷണ പുരോഗതി നൽകുന്ന സൂചന. തട്ടിപ്പു നടത്തുന്ന റാക്കറ്റും അതൊക്കെ സംസ്ഥാന സർക്കാരിന്റെ അഴിമതിയാണെന്ന് വരുത്തിത്തീർക്കാനുള്ള കൊണ്ടുപിടിച്ച ശ്രമവുമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഈ സംഭവം തെളിയിക്കുന്നു.
ഹരിദാസൻ എന്ന റിട്ട. സ്‌കൂൾ മാസ്റ്ററുടെ നിഷ്കളങ്കമായ വെളിപ്പെടുത്തലാണെന്ന മട്ടിലാണ് സംഭവം അവതരിപ്പിച്ചത്. പുതുതായി തുടങ്ങിയ വാർത്താചാനൽ അന്വേഷണാത്മക റിപ്പോർട്ട് എന്ന പേരിൽ ആരോഗ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തിലാണ് വാർത്ത പുറത്തുവിട്ടത്. അത് മറ്റെല്ലാ മാധ്യമങ്ങളും ഏറ്റുപിടിക്കുകയായിരുന്നു. ഒന്നിലധികം ദിവസം ചാനലുകളിൽ അന്തിച്ചർച്ചയ്‌ക്കും പ്രധാന പത്രങ്ങളുടെ മുൻപേജ് വാർത്തകൾക്കും വിഷയമായ സംഭവം വ്യാജമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചർച്ചയുമില്ല; മുൻപേജ് വാർത്തയുമില്ല. മാധ്യമങ്ങളുടെ കാപട്യംകൂടിയാണ് ഇതിലൂടെ പുറത്താകുന്നത്.
ഏത് വിധത്തിലൂടെയും സംസ്ഥാന സർക്കാരിനെ അവഹേളിക്കാനുള്ള അജൻഡയുമായാണ് മലയാളത്തിലെ വലതുപക്ഷ മാധ്യമങ്ങളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത്. ജനങ്ങൾക്കിടയിൽ ഭരണവിരുദ്ധവികാരം ഉൽപ്പാദിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇക്കൂട്ടർ നടത്തുന്നത്. അതിനായി കഥകൾ മെനയുകയാണ്. ആരോഗ്യമന്ത്രിയുടെ ഓഫീസിനുനേരെ ഉന്നയിച്ച ആരോപണം വ്യക്തമായ ഗൂഢാലോചനയാണ്. അതിനായി അവർ തെരഞ്ഞെടുത്ത സമയവും വളരെ പ്രസക്തമാണ്. കേരളത്തിൽ നിപായെന്ന മഹാമാരിയെ വീണ്ടും പിടിച്ചുകെട്ടിയ മഹത്തായ നേട്ടം കേരളത്തിന്റെ ആരോഗ്യമേഖല കൈവരിച്ച സമയത്താണ് മന്ത്രിയെത്തന്നെ പ്രതിക്കൂട്ടിലാക്കി അഴിമതി ആരോപണ കഥകളുമായി മാധ്യമങ്ങൾ രംഗത്തുവന്നത്. അത് ഏറ്റുപിടിച്ച് പ്രതിപക്ഷവും. കേന്ദ്ര ആരോഗ്യമന്ത്രാലയവും ലോക രാജ്യങ്ങളും കേരളത്തിന്റെ മികവിനെ പ്രശംസിക്കുമ്പോഴാണ് ആരോഗ്യമന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കാനും കേരളത്തിന്റെ നേട്ടത്തെ ജനങ്ങൾക്കിടയിൽനിന്ന് മറച്ചുവയ്‌ക്കാനുമുള്ള ബോധപൂർവമായ ശ്രമം നടന്നത്.
എൽഡിഎഫ് സർക്കാരിന്റെ നേട്ടങ്ങളൊന്നും ജനങ്ങൾക്കിടയിൽ എത്താതിരിക്കാൻ വിവാദങ്ങളും വ്യാജ ആരോപണങ്ങളും സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. സർക്കാരിനെയും അതിനു നേതൃത്വം നൽകുന്ന പാർടിയെയും കരിവാരിതേയ്‌ക്കാൻ ഏത് ഹീനമാർഗവും സ്വീകരിക്കുമെന്നതിന് തെളിവാണ് ഇപ്പോഴത്തെ കോഴ ആരോപണം. ഒരു സംശയവുമില്ലാതെയാണ് ഹരിദാസൻ ആദ്യം, മന്ത്രിയുടെ പേഴ്‌ണൽ സ്റ്റാഫ് അഖിൽ മാത്യുവിന് ഒരു ലക്ഷം രൂപ നേരിട്ട് നൽകിയെന്ന് പറഞ്ഞത്. അത് സെക്രട്ടറിയറ്റിൽ മന്ത്രിയുടെ ഓഫീസ് പരിസരത്തുവച്ചാണെന്നും കൊടുത്ത തീയതി അടക്കം കൃത്യമായി പറഞ്ഞു. പറഞ്ഞ ഹരിദാസനോ വാർത്ത കൊടുത്ത ചാനലിനോ അതിൽ സംശയമേ ഉണ്ടായില്ല. പിന്നീട് മന്ത്രിയുടെ അറിവോടെയാണെന്നും പണം വാങ്ങിയയാൾ മന്ത്രിയുടെ ബന്ധുവാണെന്നുവരെ മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ, പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ ഹരിദാസൻ പറഞ്ഞതെല്ലാം കളവാണെന്നും എല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചായിരുന്നുവെന്നും വ്യക്തമായി.
തട്ടിപ്പു കേസുകളിൽ പ്രതിയായ ഹരിദാസനെ ഉപയോഗിച്ച് ഇത്തരം ആരോപണത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരൊക്കെയാണെന്നും അത് ഒരു ചാനലിന്റെ അന്വേഷണാത്മക റിപ്പോർട്ട് ആയതെങ്ങനെയെന്നുമൊക്കെ പുറത്തുവരേണ്ടുന്ന വിവരങ്ങളാണ്. വലിയ ഗൂഢാലോചന ഇതിനുപിന്നിലുണ്ടെന്ന് പകൽപോലെ വ്യക്തം. ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് പിആർ ഏജൻസിയിൽ അഭയംതേടിയ കാലത്ത് ഇനിയും ഇതുപോലുള്ള വ്യാജ ആരോപണങ്ങൾ സൃഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട്. കെപിസിസിയുടെ ഉന്നതാധികാരി സമിതി യോഗംപോലും കോർപറേറ്റ് പിആർ ഏജൻസി നിയന്ത്രിക്കുമ്പോൾ മലയാളികൾ ഇതുവരെ കാണാത്തതും കേൾക്കാത്തതുമായ പലതും കാണേണ്ടിവരും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..