28 March Tuesday

യൂറോപ്യൻ എംപിമാരുടെ കശ്മീർ സന്ദർശനം എന്തിന്?

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2019

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർടിയുടെയും എംപിമാരെയോ നേതാക്കളെയോ കശ്മീരിൽ കാലുകുത്താൻ അനുവദിക്കാത്ത മോഡി ഭരണം യൂറോപ്യൻ പാർലമെന്റിലെ തീവ്രവലതുപക്ഷ പാർടികളുടെ എംപിമാർക്ക് കശ്മീരിലേക്ക് പട്ടുപരവതാനി വിരിച്ചിരിക്കുന്നു. ആഗസ്ത് അഞ്ചിന് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടായി വിഭജിച്ചശേഷം ഇതാദ്യമായാണ് ഒരു വിദേശ പ്രതിനിധി സംഘം താഴ്‌വരയിലെത്തുന്നത്. യൂറോപ്യൻ എംപിമാരുടേത് സ്വകാര്യസന്ദർശനമെന്നൊക്കെ ഔദ്യോഗികമായി പറയുന്നുണ്ടെങ്കിലും അവർ വന്നതെങ്ങനെയെന്നും വരവിന്റെ ലക്ഷ്യമെന്തെന്നും തിങ്കളാഴ്ച ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചകൾ വ്യക്തമാക്കുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, വിദേശമന്ത്രി ജയ്ശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരൊക്കെയായി കുടിക്കാഴ്ച നടത്തിയ ശേഷമാണ് സംഘം കശ്മീരിലെത്തിയത്. മാത്രമല്ല, സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇവരുടെ സന്ദർശന പരിപാടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നു. അപ്പോൾ, ഇവർ കശ്മീരിൽ എന്തുകാണണമെന്നും എന്തു പറയണമെന്നും ഈ കൂടിക്കാഴ്‌ചകളിൽ തീരുമാനിച്ചെന്ന് ഉറപ്പിക്കാം. കശ്മീരിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് ഇന്ത്യയുടെ പാർലമെന്റിൽ ഒരു സംവാദത്തിനുപോലും തയ്യാറാകാത്തവർ, രാജ്യത്തെ എംപിമാർ താഴ്‌വരയിലേക്ക് കടക്കരുതെന്ന് വിലക്കിയവർ ഇപ്പോൾ ഇങ്ങനെയൊരു സന്ദർശനത്തിന് അനുമതി നൽകിയതിൽ  ചില അജൻഡകളുണ്ടാകണം.

 ഈ സന്ദർശനത്തിനെതിരെ സിപിഐ എമ്മും കോൺഗ്രസുമടക്കം പ്രതിപക്ഷ പാർടികൾ ശക്തമായ  പ്രതിഷേധമുയർത്തിയിട്ടുണ്ട്. ഇന്ത്യൻ പാർലമെന്റിനെയാണ് സർക്കാർ അവഹേളിക്കുന്നതെന്ന് പ്രതിപക്ഷത്തെ വിവിധ നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയശേഷം, സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മാത്രമാണ് അവിടെ എത്താൻ കഴിഞ്ഞത്. അതും സുപ്രീംകോടതിയുടെ അനുമതി ലഭിച്ചതുകൊണ്ടുമാത്രം. അതിനുമുമ്പേ, കശ്മീരിൽ എത്താൻ യെച്ചൂരി നടത്തിയ ശ്രമങ്ങളെല്ലാം സർക്കാർ തടയുകയായിരുന്നു.
ഇപ്പോൾ വന്നിട്ടുള്ള സംഘം ഏതെന്നും വരാനുണ്ടായ സാഹചര്യം എന്തെന്നും പ്രത്യേകം പരിശോധിക്കുമ്പോൾ വരവിന്റെ ലക്ഷ്യം സർക്കാരിന് ‘ജയ ജയ’പാടലാണെന്ന് ഊഹിക്കാം. തീവ്ര വലതുപക്ഷ നിലപാടുകളും ഫാസിസ്റ്റ് സ്വഭാവവും കുടിയേറ്റവിരുദ്ധ സമീപനവും കൈക്കൊള്ളുന്ന പാർടികളുടെ പ്രതിനിധികളായ 27 പേരാണ് സംഘത്തിലുള്ളത്.  ഇറ്റലിയിലെ ഫ്രോസാ ഇറ്റാലിയ, ഫ്രാൻസിലെ റിസംബിൾമെന്റ് നാഷണൽ, പോളണ്ടിലെ ജസ്റ്റിസ് ആൻഡ് ലോ പാർടി, ജർമനിയിലെ ആർട്ടർനേറ്റീവ് ഫർ ഡ്യൂഷ്‌ ലാൻഡ്‌ (എഎഫ്ഡി) എന്നീ പാർടികളുടെ പ്രതിനിധികൾ. മുസ്ലിംവിരുദ്ധത ഇവയിൽ പല പാർടികളുടെയും മുഖമുദ്രയാണ്. ഇവരുടെ രാഷ്ട്രീയ നിലപാടുകൾ എങ്ങനെയായിരിക്കുമെന്ന് വ്യക്തം. മനുഷ്യന് പുറത്തിറങ്ങാനോ വഴി നടക്കാനോ പരസ്പരം വർത്തമാനം പറയാനോ കഴിയാത്ത താഴ്‌വരയിൽ എല്ലാം ഭദ്രമെന്ന് ഇവർ പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. 

കശ്മീരിൽ ബിജെപിയുടെ  നടപടികൾക്കെതിരെ രാജ്യത്തിനകത്തും പുറത്തുമുയർന്ന വിമർശനങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് യൂറോപ്യൻ  പാർലമെന്റിലെ ഈ എംപിമാരുടെ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.  ഇയു രാജ്യങ്ങളിലും അമേരിക്കയിലും ഇന്ത്യാ ഗവൺമെന്റിനെതിരെ  കടുത്ത പ്രതിഷേധമുയർന്നിരുന്നു. ഒരു വിദേശ മാധ്യമപ്രവർത്തകനെ പോലും ഗവൺമെന്റ് താഴ്‌വരയിലേക്ക് വിട്ടിരുന്നില്ല. നയതന്ത്ര പ്രതിനിധികളെയും അനുവദിച്ചിരുന്നില്ല. കശ്മീരിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കുകയാണെന്ന് ലോകത്തെങ്ങുമുള്ള വിവിധ മനുഷ്യാവകാശ സംഘടനകൾ തുടർച്ചയായി ചൂണ്ടിക്കാട്ടി. അടുത്തിടെ ബ്രസൽസിൽ നടത്തിയ ഒരു ചർച്ചയിൽ വിദേശകാര്യങ്ങൾക്കായുള്ള യൂറോപ്യൻ പാർലമെന്ററി സമിതി കശ്മീർ കാര്യത്തിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു. യൂറോപ്യൻ പാർലമെന്റംഗങ്ങൾ സെപ്തംബറിൽ സ്ട്രാസ്ബർഗിൽ വിവിധ കശ്മീർ സൗഹൃദ സംഘടനകളുമായി ചർച്ച നടത്തി.

ഏതാനും ദിവസങ്ങൾക്കുമുമ്പ് യൂറോപ്യൻ യൂണിയൻ വിദേശമന്ത്രി ഫെഡറിക മൊഗേർനി കശ്മീർ സാഹചര്യങ്ങളിൽ കടുത്ത ഉൽക്കണ്ഠ പ്രകടിപ്പിക്കുകയുണ്ടായി. ബ്രസൽസിൽ ഇന്ത്യൻ വിദേശമന്ത്രി ജയ്ശങ്കറുമായുള്ള കൂടിക്കാഴ്ചയിൽ കശ്മീരിൽ ജനങ്ങളുടെ മൗലികസ്വാതന്ത്ര്യം ലംഘിക്കപ്പെടുകയാണെന്ന് അവർ പറഞ്ഞിരുന്നു. ഇത്തരത്തിൽ എവിടെയും മോഡി സർക്കാർ വിമർശിക്കപ്പെട്ട സാഹചര്യമാണ് ഇയു സംഘത്തിന്റെ സന്ദർശനത്തിന് പിന്നിൽ.

ബിജെപിയുടെ നിലപാടുകൾ രാജ്യം അംഗീകരിക്കുന്നില്ലെന്ന് അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്കുണ്ടായ തിരിച്ചടിയും വെളിപ്പെടുത്തുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാൽ, ബിജെപിയുടെ ദുർബലമായ ന്യായവാദങ്ങൾ രാജ്യത്തെയോ ലോകത്തെയോ ബോധ്യപ്പെടുത്താനാകുന്നില്ല.  ഇന്ത്യൻ റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗം തന്നെയാണ് കശ്മീർ നടപടികളെന്ന് കൂടുതൽ ആളുകൾ തിരിച്ചറിയുന്നു. ഈയൊരു സാഹചര്യത്തിലാണ് തങ്ങൾക്ക് പറ്റുന്നൊരു സംഘത്തെ സർക്കാർ കശ്മീരിലേക്ക് കൊണ്ടുവന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top